Saint Luke, Evangelist – Feast 

*🔵🟣🔵🟣🔵🟣🔵🟣🔵_

🌺🕯🕯 ✝🍛🍸🕯🕯🌺

ദിവ്യബലി വായനകളും പ്രാർത്ഥനകളും. റോമൻ കത്തോലിക്കാ – (ലത്തീൻ) ക്രമം


🔵 ബുധൻ, 18 ഒക്ടോബർ-2022

Saint Luke, Evangelist – Feast 

Liturgical Colour: Red.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവായ ദൈവമേ, സുവിശേഷ രചനയും
സുവിശേഷ പ്രഘോഷണവും വഴി
അങ്ങേ സ്‌നേഹത്തിന്റെ രഹസ്യം
ദരിദ്രര്‍ക്ക് വെളിപ്പെടുത്താന്‍
വിശുദ്ധ ലൂക്കായെ അങ്ങ് തിരഞ്ഞെടുത്തുവല്ലോ.
അങ്ങേ നാമത്തില്‍
ഇതിനകംതന്നെ അഭിമാനം കൊള്ളുന്നവര്‍,
ഒരേ ഹൃദയവും ഒരേ മനസ്സുമായി നിലനില്ക്കാനും
എല്ലാ ജനതകളും അങ്ങേ രക്ഷ കാണാന്‍
അര്‍ഹരാകാനും അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

2 തിമോ 4:10-17
ലൂക്കാ മാത്രമേ എന്നോടുകൂടെയുള്ളു.

വാത്സല്യമുള്ളവനേ, ഈ ലോകത്തോടുള്ള ആസക്തിമൂലം ദേമാസ് എന്നെവിട്ട് തെസലോനിക്കായിലേക്കു പോയിരിക്കുന്നു. ക്രെസ്‌കെസ് ഗലാത്തിയായിലേക്കും തീത്തോസ് ദല്‍മാത്തിയായിലേക്കും പോയിക്കഴിഞ്ഞു. ലൂക്കാ മാത്രമേ എന്നോടുകൂടെയുള്ളു. മര്‍ക്കോസിനെ കൂടെ നീ കൂട്ടികൊണ്ടുവരണം. ശുശ്രുഷയില്‍ അവന്‍ എനിക്കു വളരെ പ്രയോജനപ്പെടും. തിക്കിക്കോസിനെ ഞാന്‍ എഫേസോസിലേക്കയച്ചിരിക്കുകയാണ്. നീ വരുമ്പോള്‍ ഞാന്‍ ത്രോവാസില്‍ കാര്‍പോസ്സിന്റെ പക്കല്‍ ഏല്‍പിച്ചിട്ടുപോന്ന എന്റെ പൂറംകുപ്പായവും പുസ്തകങ്ങളും, പ്രത്യേകിച്ച്, തുകല്‍ച്ചുരുളുകളും കൊണ്ടുപോരണം. ചെമ്പുപണിക്കാരനായ അലക്‌സാണ്ടര്‍ എനിക്കു വലിയ ദ്രോഹം ചെയ്തു. കര്‍ത്താവ് അവന്റെ പ്രവൃത്തികള്‍ക്കു പ്രതിഫലം നല്കും. നീയും അവനെക്കുറിച്ചു കരുതലോടെയിരിക്കണം. കാരണം, അവന്‍ നമ്മുടെ വാക്കുകളെ ശക്തിപൂര്‍വ്വം എതിര്‍ത്തവനാണ്. എന്റെ ന്യായവാദങ്ങള്‍ ഞാന്‍ ആദ്യം അവതരിപ്പിച്ചപ്പോള്‍ ആരും എന്റെ ഭാഗത്തല്ലായിരുന്നു. എല്ലാവരും എന്നെ ഉപേക്ഷിച്ചു. ആ കുറ്റം അവരുടെമേല്‍ ആരോപിക്കപ്പെടാതിരിക്കട്ടെ. എന്നാല്‍, കര്‍ത്താവ് എന്റെ ഭാഗത്തുണ്ടായിരുന്നു. എല്ലാ വിജാതീയരും കേള്‍ക്കത്തക്കവിധം വചനം പൂര്‍ണ്ണമായി പ്രഖ്യാപിക്കുന്നതിനു വേണ്ട ശക്തി അവിടുന്ന് എനിക്കു നല്കി. അങ്ങനെ ഞാന്‍ സിംഹത്തിന്റെ വായില്‍ നിന്നും രക്ഷിക്കപ്പെട്ടു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 145:10-11,12-13,17-18

കര്‍ത്താവേ, അങ്ങേ വിശുദ്ധര്‍ അവിടുത്തെ രാജ്യത്തിന്റെ മഹത്വത്തെപ്പറ്റി വര്‍ണ്ണിക്കും.

കര്‍ത്താവേ, അവിടുത്തെ എല്ലാ സൃഷ്ടികളും
അവിടുത്തേക്കു കൃതജ്ഞതയര്‍പ്പിക്കും;
അങ്ങേ വിശുദ്ധര്‍ അങ്ങയെ വാഴ്ത്തും.
അവിടുത്തെ രാജ്യത്തിന്റെ മഹത്വത്തെപ്പറ്റി അവര്‍ സംസാരിക്കും;
അവിടുത്തെ ശക്തിയെ അവര്‍ വര്‍ണിക്കും.

കര്‍ത്താവേ, അങ്ങേ വിശുദ്ധര്‍ അവിടുത്തെ രാജ്യത്തിന്റെ മഹത്വത്തെപ്പറ്റി വര്‍ണ്ണിക്കും.

അവിടുത്തെ ശക്തമായ പ്രവൃത്തികളും
അവിടുത്തെ രാജ്യത്തിന്റെ മഹത്വപൂര്‍ണമായ പ്രതാപവും
മനുഷ്യമക്കളെ അവര്‍ അറിയിക്കും.
അവിടുത്തെ രാജത്വം ശാശ്വതമാണ്;
അവിടുത്തെ ആധിപത്യം തലമുറകളോളം നിലനില്‍ക്കുന്നു;

കര്‍ത്താവേ, അങ്ങേ വിശുദ്ധര്‍ അവിടുത്തെ രാജ്യത്തിന്റെ മഹത്വത്തെപ്പറ്റി വര്‍ണ്ണിക്കും.

കര്‍ത്താവിന്റെ വഴികള്‍ നീതിനിഷ്ഠവും
അവിടുത്തെ പ്രവൃത്തികള്‍ കൃപാപൂര്‍ണവുമാണ്.
തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്,
ഹൃദയപരമാര്‍ഥതയോടെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്,
കര്‍ത്താവു സമീപസ്ഥനാണ്.

കര്‍ത്താവേ, അങ്ങേ വിശുദ്ധര്‍ അവിടുത്തെ രാജ്യത്തിന്റെ മഹത്വത്തെപ്പറ്റി വര്‍ണ്ണിക്കും.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

കർത്താവ് അരുൾ ചെയ്യുന്നു: നിങ്ങൾ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനിൽക്കുന്നതിനും വേണ്ടി ഞാൻ നിങ്ങളെ നിയോഗിച്ചിരിക്കുന്നു.

അല്ലേലൂയ!

സുവിശേഷം

ലൂക്കാ 10:1-9
കൊയ്ത്തു വളരെ; വേലക്കാരോ ചുരുക്കം.

അക്കാലത്ത്, കര്‍ത്താവ് വേറെ എഴുപത്തിരണ്ടു പേരെ തെരഞ്ഞെടുത്ത്, താന്‍ പോകാനിരുന്ന എല്ലാ പട്ടണങ്ങളിലേക്കും നാട്ടിന്‍ പുറങ്ങളിലേക്കും ഈരണ്ടുപേരായി അവരെ തനിക്കു മുമ്പേ അയച്ചു. അവന്‍ അവരോടു പറഞ്ഞു: കൊയ്ത്തു വളരെ; വേലക്കാരോ ചുരുക്കം. അതിനാല്‍ കൊയ്ത്തിനു വേലക്കാരെ അയയ്ക്കുവാന്‍ കൊയ്ത്തിന്റെ നാഥനോടു നിങ്ങള്‍ പ്രാര്‍ഥിക്കുവിന്‍. പോകുവിന്‍, ഇതാ, ചെന്നായ്ക്കളുടെ ഇടയിലേക്കു കുഞ്ഞാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു. മടിശ്ശീലയോ സഞ്ചിയോ ചെരിപ്പോ നിങ്ങള്‍ കൊണ്ടുപോകരുത്. വഴിയില്‍വച്ച് ആരെയും അഭിവാദനം ചെയ്യുകയും അരുത്. നിങ്ങള്‍ ഏതു വീട്ടില്‍ പ്രവേശിച്ചാലും, ഈ വീടിന് സമാധാനം എന്ന് ആദ്യമേ ആശംസിക്കണം. സമാധാനത്തിന്റെ പുത്രന്‍ അവിടെയുണ്ടെങ്കില്‍ നിങ്ങളുടെ സമാധാനം അവനില്‍ കുടികൊള്ളും. ഇല്ലെങ്കില്‍ അതു നിങ്ങളിലേക്കു തിരിച്ചുപോരും. അവരോടൊപ്പം ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തുകൊണ്ട് ആ വീട്ടില്‍ തന്നെ വസിക്കുവിന്‍. വേലക്കാരന്‍ തന്റെ കൂലിക്ക് അര്‍ഹനാണല്ലോ. നിങ്ങള്‍ വീടുതോറും ചുറ്റിനടക്കരുത്. ഏതെങ്കിലും നഗരത്തില്‍ നിങ്ങള്‍ പ്രവേശിക്കുകയും അവര്‍ നിങ്ങളെ സ്വീകരിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ക്കു വിളമ്പുന്നതു ഭക്ഷിക്കുവിന്‍. അവിടെയുള്ള രോഗികളെ സുഖപ്പെടുത്തുവിന്‍. ദൈവരാജ്യം നിങ്ങളെ സമീപിച്ചിരിക്കുന്നുവെന്ന് അവരോടു പറയുകയും ചെയ്യുവിന്‍.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയദാനങ്ങളാല്‍ സ്വതന്ത്രമനസ്സോടെ
അങ്ങയെ ശുശ്രൂഷിക്കാന്‍ അനുഗ്രഹിക്കണമേ.
വിശുദ്ധ ലൂക്കായുടെ തിരുനാളില്‍
ഞങ്ങള്‍ സമര്‍പ്പിക്കുന്ന കാണിക്കകള്‍
ഞങ്ങള്‍ക്ക് സൗഖ്യവും മഹത്ത്വവും
പ്രദാനം ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. ലൂക്കാ 10:1,9

ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന്
പട്ടണങ്ങളില്‍ അറിയിക്കാന്‍ കര്‍ത്താവ് ശിഷ്യന്മാരെ അയച്ചു.

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
അങ്ങേ വിശുദ്ധ അള്‍ത്താരയില്‍ നിന്ന്
ഞങ്ങള്‍ സ്വീകരിച്ചത്
ഞങ്ങളെ വിശുദ്ധീകരിക്കുകയും
വിശുദ്ധ ലൂക്കാ പ്രഘോഷിച്ച
സുവിശേഷത്തിന്റെ വിശ്വാസത്തില്‍
ഞങ്ങളെ ശക്തരാക്കി തീര്‍ക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵🟣

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s