ജപമാല ധ്യാനം 24

ജപമാല ധ്യാനം – 24

പൗലോ കൊയ് ലോയുടെ ഫിഫ്ത്ത് മൗണ്ടൻ, ഏലിയാ എന്ന ചെറുപ്പക്കാരന്റെ കഥ പറയുന്നു. തന്റെ രാജാവിനെ ദൈവത്തിന്റെ താക്കീത് അറിയിച്ചു ഏലിയാ. അന്യദൈവങ്ങൾക്ക് ആരാധനയർപ്പിക്കുവോളം നാട്ടിൽ മഞ്ഞോ മഴയോ പെയ്കയില്ലെന്ന്. പറഞ്ഞതിനു ശേഷം നാടു വിടേണ്ടി വന്നു. വരണ്ടുണങ്ങിപ്പോയ നാട്ടിൽ 3 വർഷങ്ങൾക്കു ശേഷം രാജാവും ഏലിയായും കണ്ടു മുട്ടുന്നു. ആരുടെ ദൈവമാണ് ശക്തൻ എന്ന വാഗ്വാദങ്ങൾക്ക് ശേഷം, രാജാവിന്റെ പുരോഹിത ഗണം മുഴുവൻ പ്രാർത്ഥിച്ചും ബലിയർപ്പിച്ചും പരാജയപ്പെട്ടതിനു ശേഷം, ഏലിയ മലമുകളിലേക്ക് കയറുന്നു, മഴയ്ക്കു വേണ്ടി  പ്രാർത്ഥിക്കുന്നു. 

ഓരോ തവണയും എന്തെങ്കിലും കാണുന്നുണ്ടോ എന്നു നോക്കാൻ ഏലിയാ ഭൃത്യനെ അയക്കും. അവനൊന്നും കാണുന്നില്ല. ഏഴാം തവണ അവൻ വന്നിട്ടു പറയും, കൈമുഷ്ടിയോളം വലുപ്പത്തിൽ ഒരു മേഘം കാണുന്നുവെന്ന്. അതു മതി, ഏലിയാ പറയുന്നു, ദൈവത്തിന് അതു മതി. അന്ന് മഴ പെയ്ത് നാടു കുതിർന്നു. പ്രതീക്ഷയുടെ ഒറ്റ മേഘത്തുണ്ടിൽ നിന്ന്.

വി.ഗ്രന്ഥത്തിൽ മലമുകളിന് വലിയ പ്രാധാന്യമുണ്ട്. സീനായ് മലമുകളിലാണ് മോശ ദൈവത്തെ കണ്ടു സംസാരിക്കുന്നത്. ഇന്ന് നാം ധ്യാനിക്കുന്ന പ്രകാശത്തിന്റെ നാലാം രഹസ്യത്തിലാകട്ടെ താബോർ മലയിൽ പ്രകാശിതനായി ക്രിസ്തു നിൽക്കുന്നു. സംഭ്രമിച്ച ശിഷ്യൻമാരും. മലമുകളിൽ, കയറ്റങ്ങൾക്കൊടുവിൽ, ദൈവമുണ്ട്. സർവമഹത്വത്തിലും നാം ദൈവത്തെക്കാണാനിരിക്കുന്നത് ഈ കയറ്റങ്ങൾക്കൊടുവിലാണ്. പ്രതീക്ഷയുടെ ഒറ്റമേഘത്തുണ്ടായി.

ഇടുപ്പെല്ല് തകരുന്ന വേദനയിൽ ഈറ്റുനോവു കൊണ്ട് നിലവിളിക്കുന്നതിനിടയിൽ … കടം വന്നു കയറി അവസാന പ്രതീക്ഷയും അസ്തമിച്ചു എന്നു കരുതുന്ന നിരാശയുടെ കൊടുമുടിയിൽ… അഡ്മിഷൻ … ജോലിയന്വേഷണം.. വിവാഹാലോചനകൾ … ആശുപത്രിക്കിടക്ക… പ്രിയമുള്ള ആരെയോ മരണം കൊണ്ടു പോകൽ …  ജീവിതത്തിന്റെ മലകയറ്റങ്ങൾ ..! കൂടെ നടന്നിട്ടും മനസിലാക്കാതെ പോയ ദൈവത്തിന്റെ ഗരിമ, വേദനയുടെയും നിസഹായതയുടെയും ആ മലമുകളിൽ വച്ചാണ് നാം തിരിച്ചറിയുക. താബോർ മലയിൽ പകച്ചു പോയ ശിഷ്യൻമാരെപ്പോലെ. ദൈവം കൂടെത്തന്നെയുണ്ടായിരുന്നു എന്നതു തന്നെയാണ് വാസ്തവം. തിരിച്ചറിയാൻ നാം വൈകിപ്പോകുന്നുവെന്നു മാത്രം. 

ദൈവം കൂടെയുണ്ട്.ഇരുട്ടിൽ അഗ്നിത്തൂണായും, വെയിലിൽ മേഘത്തൂണായും തുണ നിന്ന അതേ ദൈവം.  അവനെ നോക്കിയവർ പ്രകാശിതരായി എന്നാണല്ലോ വചനം. ആ പ്രകാശം നമ്മിൽ നിന്നും പ്രസരിക്കട്ടെ. ധ്യാനിക്കുന്നത് പ്രകാശ രഹസ്യങ്ങളാണല്ലോ.

Source: WhatsApp

Author: Unknown

Advertisements
Advertisements

Leave a comment