Saint Martin de Porres / Thursday of week 31 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹

03 Nov 2022

Saint Martin de Porres, Religious 
or Thursday of week 31 in Ordinary Time 

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

ദൈവമേ, എളിമയുടെ പാതയിലൂടെ
വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസിനെ
സ്വര്‍ഗീയമഹത്ത്വത്തിലേക്ക് അങ്ങ് ആനയിച്ചുവല്ലോ.
അദ്ദേഹത്തിന്റെ ഉജ്ജ്വലിക്കുന്ന മാതൃക
ഇപ്പോള്‍ ഞങ്ങള്‍ പിന്തുടരുന്നപോലെ,
സ്വര്‍ഗത്തില്‍ അദ്ദേഹത്തോടൊപ്പം
ഉയര്‍ത്തപ്പെടാനുമുള്ള അര്‍ഹത ഞങ്ങള്‍ക്കു നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഫിലി 3:3-8
എനിക്കു ലാഭമായിരുന്നവയെല്ലാം ക്രിസ്തുവിനെ പ്രതി നഷ്ടമായി ഞാന്‍ കണക്കാക്കി.

സഹോദരരേ, നമ്മളാണ് യഥാര്‍ഥ പരിച്‌ഛേദിതര്‍ – ദൈവത്തെ ആത്മാവില്‍ ആരാധിക്കുകയും യേശുക്രിസ്തുവില്‍ അഭിമാനം കൊള്ളുകയും ജഡത്തില്‍ ശരണം വയ്ക്കാതിരിക്കുകയും ചെയ്യുന്ന നമ്മള്‍. എന്നാല്‍, എനിക്കു ശരീരത്തിലും പ്രത്യാശവയ്ക്കാന്‍ കഴിയും. ശരീരത്തില്‍ പ്രത്യാശയുണ്ട് എന്നു വിചാരിക്കുന്ന ആരെയുംകാള്‍ കൂടുതലായി അതിനുള്ള അവകാശം എനിക്കുണ്ട്. കാരണം, എട്ടാംദിവസം പരിച്‌ഛേദനം ചെയ്യപ്പെട്ടവനാണു ഞാന്‍; ഇസ്രായേല്‍ വംശത്തിലും ബഞ്ചമിന്‍ ഗോത്രത്തിലും പിറന്നവന്‍; ഹെബ്രായരില്‍ നിന്നു ജനിച്ച ഹെബ്രായന്‍; നിയമപ്രകാരം ഫരിസേയന്‍. തീക്ഷ്ണതകൊണ്ട് സഭയെ പീഡിപ്പിച്ചവന്‍; നീതിയുടെ കാര്യത്തില്‍ നിയമത്തിന്റെ മുമ്പില്‍ കുറ്റമില്ലാത്തവന്‍. എന്നാല്‍, എനിക്കു ലാഭമായിരുന്ന ഇവയെല്ലാം ക്രിസ്തുവിനെപ്രതി നഷ്ടമായി ഞാന്‍ കണക്കാക്കി. ഇവ മാത്രമല്ല, എന്റെ കര്‍ത്താവായ യേശുക്രിസ്തുവിനെപ്പറ്റിയുള്ള ജ്ഞാനം കൂടുതല്‍ വിലയുള്ളതാകയാല്‍, സര്‍വവും നഷ്ടമായിത്തന്നെ ഞാന്‍ പരിഗണിക്കുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 105:2-3,4-5,6-7

കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്‌ളാദിക്കട്ടെ.
or
അല്ലേലൂയ!

അവിടുത്തേക്കു ഗാനമാലപിക്കുവിന്‍;
സ്തുതിഗീതങ്ങള്‍ ആലപിക്കുവിന്‍;
അവിടുത്തെ അദ്ഭുതങ്ങള്‍ വര്‍ണിക്കുവിന്‍.
അവിടുത്തെ വിശുദ്ധനാമത്തില്‍ അഭിമാനം കൊള്ളുവിന്‍;
കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്‌ളാദിക്കട്ടെ!

കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്‌ളാദിക്കട്ടെ.
or
അല്ലേലൂയ!

കര്‍ത്താവിനെയും അവിടുത്തെ ബലത്തെയും അന്വേഷിക്കുവിന്‍;
നിരന്തരം അവിടുത്തെ സാന്നിധ്യം തേടുവിന്‍.
അവിടുന്നു ചെയ്ത വിസ്മയാവഹങ്ങളായ പ്രവൃത്തികളെ ഓര്‍ക്കുവിന്‍;
അവിടുത്തെ അദ്ഭുതങ്ങളെയും ന്യായവിധികളെയും തന്നെ.

കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്‌ളാദിക്കട്ടെ.
or
അല്ലേലൂയ!

അവിടുത്തെ ദാസനായ അബ്രാഹത്തിന്റെ സന്തതികളേ,
അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവനായ
യാക്കോബിന്റെ മക്കളേ, ഓര്‍മിക്കുവിന്‍.
അവിടുന്നാണു നമ്മുടെ ദൈവമായ കര്‍ത്താവ്;
അവിടുത്തെ ന്യായവിധികള്‍ ഭൂമിക്കു മുഴുവന്‍ ബാധകമാകുന്നു.

കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്‌ളാദിക്കട്ടെ.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങൾ എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം.

അല്ലേലൂയ!

സുവിശേഷം

ലൂക്കാ 15:1-10
അനുതപിക്കുന്ന പാപിയെക്കുറിച്ച് സ്വര്‍ഗത്തില്‍ സന്തോഷമുണ്ടാകും.

അക്കാലത്ത്, ചുങ്കക്കാരും പാപികളുമെല്ലാം യേശുവിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ അടുത്തു വന്നുകൊണ്ടിരുന്നു. ഫരിസേയരും നിയമജ്ഞരും പിറുപിറുത്തു: ഇവന്‍ പാപികളെ സ്വീകരിക്കുകയും അവരോടുകൂടെ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. അവന്‍ അവരോട് ഈ ഉപമ പറഞ്ഞു: നിങ്ങളിലാരാണ്, തനിക്കു നൂറ് ആടുകള്‍ ഉണ്ടായിരിക്കേ അവയില്‍ ഒന്നു നഷ്ടപ്പെട്ടാല്‍ തൊണ്ണൂറ്റൊന്‍പതിനെയും മരുഭൂമിയില്‍ വിട്ടിട്ട്, നഷ്ടപ്പെട്ടതിനെ കണ്ടുകിട്ടുവോളം തേടിപ്പോകാത്തത്? കണ്ടുകിട്ടുമ്പോള്‍ സന്തോഷിച്ച് അതിനെ തോളിലേറ്റുന്നു. വീട്ടില്‍ എത്തുമ്പോള്‍ അവന്‍ കൂട്ടുകാരെയും അയല്‍വാസികളെയും വിളിച്ചുകൂട്ടിപ്പറയും: നിങ്ങള്‍ എന്നോടുകൂടെ സന്തോഷിക്കുവിന്‍. എന്റെ നഷ്ടപ്പെട്ട ആടിനെ കണ്ടുകിട്ടിയിരിക്കുന്നു. അതുപോലെ തന്നെ, അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊന്‍പതു നീതിമാന്മാരെക്കുറിച്ച് എന്നതിനെക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വര്‍ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും എന്ന് ഞാന്‍ നിങ്ങളോടു പറയുന്നു.
ഏതു സ്ത്രീയാണ്, തനിക്കു പത്തു നാണയം ഉണ്ടായിരിക്കേ, അതില്‍ ഒന്നു നഷ്ടപ്പെട്ടാല്‍ വിളക്കുകൊളുത്തി വീട് അടിച്ചുവാരി, അത് കണ്ടുകിട്ടുവോളം ഉത്സാഹത്തോടെ അന്വേഷിക്കാത്തത്? കണ്ടുകിട്ടുമ്പോള്‍ അവള്‍ കൂട്ടുകാരെയും അയല്‍വാസികളെയും വിളിച്ചുകൂട്ടിപ്പറയും: എന്നോടുകൂടെ സന്തോഷിക്കുവിന്‍. എന്റെ നഷ്ടപ്പെട്ട നാണയം വീണ്ടുകിട്ടിയിരിക്കുന്നു. അതുപോലെതന്നെ, അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് ദൈവത്തിന്റെ ദൂതന്മാരുടെ മുമ്പില്‍ സന്തോഷമുണ്ടാകും എന്ന് ഞാന്‍ നിങ്ങളോടു പറയുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ജനത്തിന്റെ രക്ഷയ്ക്കുവേണ്ടി
അര്‍പ്പിക്കപ്പെട്ട ബലിവസ്തുക്കള്‍ സ്വീകരിക്കണമേ.
അതുവഴി, വിശുദ്ധ N ന്റെ മാധ്യസ്ഥ്യത്താല്‍,
ഞങ്ങള്‍ പാപവശീകരണങ്ങളില്‍ നിന്ന് ഓടിയകലാനും
സ്വര്‍ഗീയസമൂഹത്തിലേക്ക് നടന്നടുക്കാനും
പ്രാപ്തരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. ലൂക്കാ 8:15

ദൈവത്തിന്റെ വചനം കേട്ട്
ഉത്കൃഷ്ടവും നിര്‍മ്മലവുമായ ഹൃദയത്തില്‍ അതു സംഗ്രഹിച്ച്,
ക്ഷമയോടെ ഫലം പുറപ്പെടുവിക്കുന്നവര്‍ അനുഗ്രഹീതര്‍..

Or:
cf. സങ്കീ 84:4

കര്‍ത്താവേ, എന്നേക്കും അങ്ങയെ സ്തുതിച്ചുകൊണ്ട്,
അങ്ങേ ഭവനത്തില്‍ വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.

ദിവ്യഭോജനപ്രാര്‍ത്ഥന

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
വിശുദ്ധ N ന്റെ ആണ്ടുതോറുമുള്ള സ്മരണാഘോഷത്തില്‍
അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍ സംരക്ഷിക്കപ്പെട്ട്,
അങ്ങേ ജ്ഞാനത്തിന്റെ ഈ കൂദാശവഴി,
സ്വസ്ഥമായി സംയമനത്തോടെ ജീവിക്കാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements
Advertisements

Leave a comment