Saint Charles Borromeo / Friday of week 31 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹

04 Nov 2022

Saint Charles Borromeo, Bishop 
on Friday of week 31 in Ordinary Time

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, മെത്രാനായ വിശുദ്ധ ചാള്‍സിനെ
സംപൂരിതനാക്കിയ ചൈതന്യം
അങ്ങേ ജനത്തില്‍ കാത്തുപാലിക്കണമേ.
അങ്ങനെ, സഭ അനവരതം നവീകരിക്കപ്പെട്ട്,
ക്രിസ്തുവിന്റെ സാദൃശ്യത്തില്‍ അനുരൂപയായി,
അവിടത്തെ മുഖം ലോകത്തിനു കാണിക്കാന്‍ പ്രാപ്തയാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഫിലി 3:17-4:1
നമ്മുടെ പൗരത്വം സ്വര്‍ഗത്തിലാണ്.

സഹോദരരേ, നിങ്ങള്‍ എന്നെ അനുകരിക്കുന്നവരുടെ കൂടെ ചേരുവിന്‍. ഞങ്ങളുടെ മാതൃകയനുസരിച്ചു ജീവിക്കുന്നവരെ കണ്ടുപഠിക്കുവിന്‍. എന്നാല്‍, പലരും ക്രിസ്തുവിന്റെ കുരിശിന്റെ ശത്രുക്കളായി ജീവിക്കുന്നു എന്ന് പലപ്പോഴും നിങ്ങളോടു ഞാന്‍ പറഞ്ഞിട്ടുള്ളതുതന്നെ ഇപ്പോള്‍ കണ്ണീരോടെ ആവര്‍ത്തിക്കുന്നു. നാശമാണ് അവരുടെ അവസാനം; ഉദരമാണ് അവരുടെ ദൈവം. ലജ്ജാകരമായതില്‍ അവര്‍ അഭിമാനംകൊള്ളുന്നു. ഭൗമികമായതു മാത്രം അവര്‍ ചിന്തിക്കുന്നു.
എന്നാല്‍, നമ്മുടെ പൗരത്വം സ്വര്‍ഗത്തിലാണ്; അവിടെനിന്ന് ഒരു രക്ഷകനെ, കര്‍ത്താവായ യേശുക്രിസ്തുവിനെ, നാം കാത്തിരിക്കുന്നു. സകലത്തെയും തനിക്കു കീഴ്‌പ്പെടുത്താന്‍ കഴിയുന്ന ശക്തിവഴി അവന്‍ നമ്മുടെ ദുര്‍ബലശരീരത്തെ തന്റെ മഹത്വമുള്ള ശരീരംപോലെ രൂപാന്തരപ്പെടുത്തും. ആകയാല്‍ പ്രിയപ്പെട്ടവരേ, ഞാന്‍ കാണാനാഗ്രഹിക്കുന്ന, എന്റെ സന്തോഷവും കിരീടവുമായ വത്സലസഹോദരരേ, നിങ്ങള്‍ കര്‍ത്താവില്‍ ഉറച്ചുനില്‍ക്കുവിന്‍.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 122:1-2,3-4ab,4cd-5

കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.

കര്‍ത്താവിന്റെ ആലയത്തിലേക്കു
നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍
ഞാന്‍ സന്തോഷിച്ചു.
ജറുസലെമേ, ഇതാ ഞങ്ങള്‍
നിന്റെ കവാടത്തിനുള്ളില്‍ എത്തിയിരിക്കുന്നു.

കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.

നന്നായി പണിതിണക്കിയ നഗരമാണു ജറുസലെം.
അതിലേക്കു ഗോത്രങ്ങള്‍ വരുന്നു,
കര്‍ത്താവിന്റെ ഗോത്രങ്ങള്‍.

കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.

ഇസ്രായേലിനോടു കല്‍പിച്ചതുപോലെ,
കര്‍ത്താവിന്റെ നാമത്തിനു
കൃതജ്ഞതയര്‍പ്പിക്കാന്‍ അവര്‍ വരുന്നു.
അവിടെ ന്യായാസനങ്ങള്‍ ഒരുക്കിയിരുന്നു;
ദാവീദ് ഭവനത്തിന്റെ ന്യായാസനങ്ങള്‍.

കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

ദൈവത്തിന്റെ വചനം സജീവവും ഊർജ്ജസ്വലവും ആണ്; അത് ഇരുതലവാളിനേക്കാളും മൂർച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളേയും നിയോഗങ്ങളേയും വിവേചിക്കുന്നതുമാണ്.

അല്ലേലൂയ!

സുവിശേഷം

ലൂക്കാ 16:1-8
ഈ യുഗത്തിന്റെ മക്കള്‍ തങ്ങളുടെ തലമുറയില്‍ വെളിച്ചത്തിന്റെ മക്കളെക്കാള്‍ ബുദ്ധിശാലികളാണ്.

അക്കാലത്ത്, യേശു ശിഷ്യരോടു പറഞ്ഞു: ഒരു ധനവാന് ഒരു കാര്യസ്ഥന്‍ ഉണ്ടായിരുന്നു. അവന്‍ സ്വത്ത് ദുര്‍വ്യയം ചെയ്യുന്നുവെന്ന് യജമാനനു പരാതി ലഭിച്ചു. യജമാനന്‍ അവനെ വിളിച്ചു ചോദിച്ചു: നിന്നെപ്പറ്റി ഞാന്‍ കേള്‍ക്കുന്നത് എന്താണ്? നിന്റെ കാര്യസ്ഥതയുടെ കണക്കു ബോധിപ്പിക്കുക. മേലില്‍ നീ കാര്യസ്ഥനായിരിക്കാന്‍ പാടില്ല. ആ കാര്യസ്ഥന്‍ ആത്മഗതം ചെയ്തു: യജമാനന്‍ കാര്യസ്ഥത എന്നില്‍ നിന്ന് എടുത്തുകളയുന്നതിനാല്‍ ഞാന്‍ ഇനി എന്തുചെയ്യും? കിളയ്ക്കാന്‍ എനിക്കു ശക്തിയില്ല. ഭിക്ഷയാചിക്കാന്‍ ലജ്ജ തോന്നുന്നു. എന്നാല്‍, യജമാനന്‍ കാര്യസ്ഥത എന്നില്‍ നിന്ന് എടുത്തുകളയുമ്പോള്‍ ആളുകള്‍ തങ്ങളുടെ വീടുകളില്‍ എന്നെ സ്വീകരിക്കേണ്ടതിന് എന്തു ചെയ്യണമെന്ന് എനിക്കറിയാം. യജമാനനില്‍ നിന്നു കടം വാങ്ങിയവര്‍ ഓരോരുത്തരെ അവന്‍ വിളിച്ചു. ഒന്നാമനോട് അവന്‍ ചോദിച്ചു: നീ എന്റെ യജമാനന് എന്തു കൊടുക്കാനുണ്ട്? അവന്‍ പറഞ്ഞു: നൂറു ബത്ത് എണ്ണ. അവന്‍ പറഞ്ഞു: ഇതാ, നിന്റെ പ്രമാണം, എടുത്ത് അമ്പതു ബത്ത് എന്നു തിരുത്തിയെഴുതുക. അനന്തരം അവന്‍ മറ്റൊരുവനോടു ചോദിച്ചു: നീ എന്തു കടപ്പെട്ടിരിക്കുന്നു? അവന്‍ പറഞ്ഞു: നൂറു കോര്‍ ഗോതമ്പ്. അവന്‍ പറഞ്ഞു: നിന്റെ പ്രമാണം എടുത്ത് എണ്‍പതുകോര്‍ എന്നു തിരുത്തിയെഴുതുക. കൗശലപൂര്‍വം പ്രവര്‍ത്തിച്ചതിനാല്‍ നീതിരഹിതനായ കാര്യസ്ഥനെ യജമാനന്‍ പ്രശംസിച്ചു. എന്തെന്നാല്‍, ഈ യുഗത്തിന്റെ മക്കള്‍ തങ്ങളുടെ തലമുറയില്‍ വെളിച്ചത്തിന്റെ മക്കളെക്കാള്‍ ബുദ്ധിശാലികളാണ്.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധ ചാള്‍സിന്റെ സ്മരണയ്ക്കായി,
അങ്ങേ അള്‍ത്താരയില്‍ അര്‍പ്പിക്കപ്പെട്ട
കാഴ്ചദ്രവ്യങ്ങള്‍ കടാക്ഷിക്കണമേ.
അദ്ദേഹത്തെ അജപാലനധര്‍മത്തില്‍ ശ്രദ്ധയുള്ളവനും
പുണ്യയോഗ്യതകളില്‍ നിസ്തുലനുമാക്കിയപോലെ,
ഈ ബലിയുടെ ശക്തിയാല്‍,
പ്രവൃത്തികളുടെ സദ്ഫലങ്ങള്‍കൊണ്ട്,
ഞങ്ങളും അഭിവൃദ്ധിപ്പെടാന്‍ അങ്ങ് ഇടയാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. യോഹ 10:11

നല്ലിടയന്‍ തന്റെ ആടുകള്‍വേണ്ടി
തന്റെ ജീവനര്‍പ്പിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ശുശ്രൂഷയില്‍ വിശ്വസ്തനും
സ്‌നേഹത്തില്‍ തീക്ഷ്ണതയുള്ളവനുമാകാന്‍
വിശുദ്ധ ചാള്‍സിനെ ഇടയാക്കിയ അതേ ആത്മധൈര്യം,
ഞങ്ങള്‍ സ്വീകരിച്ച ദിവ്യരഹസ്യങ്ങള്‍ ഞങ്ങള്‍ക്കും നല്കട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s