Monday of week 32 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹

07 Nov 2022

Monday of week 32 in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും കാരുണ്യവാനുമായ ദൈവമേ,
സകല വിപത്തുകളും ഞങ്ങളില്‍നിന്ന് ദയാപൂര്‍വം അകറ്റണമേ.
അങ്ങനെ, മനസ്സിലും ശരീരത്തിലും ഒന്നുപോലെ മോചിതരായി
അങ്ങേക്കുള്ളവ സ്വതന്ത്രമനസ്സോടെ ഞങ്ങള്‍ പിഞ്ചെല്ലുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

തീത്തോ 1:1-9
ഞാന്‍ നിര്‍ദേശിച്ചവിധം ശ്രേഷ്ഠന്മാരെ നിയമിക്കുക.

ദൈവത്തിന്റെ ദാസനും യേശുക്രിസ്തുവിന്റെ അപ്പോസ്തലനുമായ പൗലോസില്‍ നിന്ന്: ദൈവം തെരഞ്ഞെടുത്തവരുടെ വിശ്വാസത്തെയും ദൈവഭക്തിക്കുചേര്‍ന്ന സത്യത്തിന്റെ ജ്ഞാനത്തെയും നിത്യജീവന്റെ പ്രത്യാശയില്‍ വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു. ഈ പ്രത്യാശ, വ്യാജം പറയാത്തവനായ ദൈവം യുഗങ്ങള്‍ക്കുമുമ്പു വാഗ്ദാനം ചെയ്തിട്ടുള്ളതും തക്കസമയത്ത് തന്റെ വചനത്തിന്റെ പ്രഘോഷണംവഴി വെളിപ്പെടുത്തിയിട്ടുള്ളതുമാണ്. നമ്മുടെ രക്ഷകനായ ദൈവത്തിന്റെ കല്‍പനയാല്‍ ഈ പ്രഘോഷണത്തിനു നിയുക്തനായിരിക്കുന്ന ഞാന്‍, നാം പങ്കുചേരുന്ന വിശ്വാസംവഴി യഥാര്‍ഥത്തില്‍ എന്റെ പുത്രനായ തീത്തോസിന് എഴുതുന്നത്. പിതാവായ ദൈവത്തില്‍ നിന്നും നമ്മുടെ രക്ഷകനായ യേശുക്രിസ്തുവില്‍ നിന്നും കൃപയും കാരുണ്യവും സമാധാനവും.
ഞാന്‍ നിന്നെ ക്രേത്തേയില്‍ വിട്ടിട്ടുപോന്നത്, നീ അവിടത്തെ കുറവുകളെല്ലാം പരിഹരിക്കുന്നതിനും ഞാന്‍ നിര്‍ദേശിച്ചവിധം എല്ലാ പട്ടണങ്ങളിലും ശ്രേഷ്ഠന്മാരെ നിയമിക്കുന്നതിനും വേണ്ടിയാണ്. ശ്രേഷ്ഠന്‍ കുറ്റമറ്റ സ്വഭാവമുള്ളവനും ഏകഭാര്യയുടെ ഭര്‍ത്താവുമായിരിക്കണം. അവന്റെ സന്താനങ്ങള്‍ വിശ്വാസികളും, ദുര്‍വൃത്തരെന്നോ അനുസരണമില്ലാത്തവരെന്നോ ദുഷ്‌കീര്‍ത്തി സമ്പാദിച്ചിട്ടില്ലാത്തവരും, ആയിരിക്കണം. മെത്രാന്‍ ദൈവത്തിന്റെ കാര്യസ്ഥന്‍ എന്ന നിലയ്ക്കു കുറ്റമറ്റവനായിരിക്കണം. അഹങ്കാരിയോ ക്ഷിപ്രകോപിയോ മദ്യപനോ അക്രമാസക്തനോ ലാഭക്കൊതിയനോ ആയിരിക്കരുത്; മറിച്ച്, അവന്‍ അതിഥിസത്കാരപ്രിയനും നന്മയോടു പ്രതിപത്തി ഉള്ളവനും വിവേകിയും നീതിനിഷ്ഠനും പുണ്യശീലനും ആത്മനിയന്ത്രണം പാലിക്കുന്നവനും ആയിരിക്കണം. അന്യൂനമായ വിശ്വാസസംഹിതയില്‍ പ്രബോധനം നല്‍കാനും അതിനെ എതിര്‍ക്കുന്നവരില്‍ ബോധ്യം ജനിപ്പിക്കാനും കഴിയേണ്ടതിന് അവന്‍, താന്‍ പഠിച്ചറിഞ്ഞ സത്യവചനത്തെ മുറുകെപ്പിടിക്കണം.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 24:1bc-2,3-4ab,5-6

ദൈവമേ, അങ്ങയെ അന്വേഷിക്കുന്നവരുടെ തലമുറയാണിത്.

ഭൂമിയും അതിലെ സമസ്ത വസ്തുക്കളും
ഭൂതലവും അതിലെ നിവാസികളും കര്‍ത്താവിന്റെതാണ്.
സമുദ്രങ്ങള്‍ക്കു മുകളില്‍ അതിന്റെ അടിസ്ഥാനമുറപ്പിച്ചതും
നദിക്കു മുകളില്‍ അതിനെ സ്ഥാപിച്ചതും അവിടുന്നാണ്.

ദൈവമേ, അങ്ങയെ അന്വേഷിക്കുന്നവരുടെ തലമുറയാണിത്.

കര്‍ത്താവിന്റെ മലയില്‍ ആരു കയറും?
അവിടുത്തെ വിശുദ്ധസ്ഥലത്ത് ആരു നില്‍ക്കും?
കളങ്കമറ്റ കൈകളും നിര്‍മലമായ ഹൃദയവും ഉള്ളവന്‍,
മിഥ്യയുടെമേല്‍ മനസ്സു പതിക്കാത്തവനും.

ദൈവമേ, അങ്ങയെ അന്വേഷിക്കുന്നവരുടെ തലമുറയാണിത്.

അവന്റെമേല്‍ കര്‍ത്താവ് അനുഗ്രഹം ചൊരിയും;
രക്ഷകനായ ദൈവം അവനു നീതി നടത്തിക്കൊടുക്കും.
ഇപ്രകാരമുള്ളവരാണ് അവിടുത്തെ അന്വേഷിക്കുന്നവരുടെ തലമുറ;
അവരാണു യാക്കോബിന്റെ ദൈവത്തെ തേടുന്നത്.

ദൈവമേ, അങ്ങയെ അന്വേഷിക്കുന്നവരുടെ തലമുറയാണിത്.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ!അല്ലേലൂയ!

ലോകത്തിൽ നിങ്ങൾ വെളിച്ചമായി പ്രകാശിക്കുകയും ജീവൻ്റെ വചനത്തെ മുറുകെപ്പിടിക്കുകയും ചെയ്യുവിൻ.

അല്ലേലൂയ!

സുവിശേഷം

ലൂക്കാ 17:1-6
ഏഴു പ്രാവശ്യവും നിന്റെ അടുക്കല്‍ വന്ന് ഞാന്‍ പശ്ചാത്തപിക്കുന്നു എന്നു പറയുന്നവനോടു ക്ഷമിക്കുക.

അക്കാലത്ത്, യേശു ശിഷ്യരോടു പറഞ്ഞു: ദുഷ്‌പ്രേരണകള്‍ ഉണ്ടാകാതിരിക്കുക അസാധ്യം. എന്നാല്‍, ആരുമൂലം അവ ഉണ്ടാകുന്നുവോ അവനു ദുരിതം! ഈ ചെറിയവരില്‍ ഒരുവനു ദുഷ്‌പ്രേരണ നല്‍കുന്നതിനെക്കാള്‍ നല്ലത് കഴുത്തില്‍ തിരികല്ലു കെട്ടി കടലില്‍ എറിയപ്പെടുന്നതാണ്. നിങ്ങള്‍ ശ്രദ്ധയുള്ളവരായിരിക്കുവിന്‍. നിന്റെ സഹോദരന്‍ തെറ്റു ചെയ്താല്‍ അവനെ ശാസിക്കുക; പശ്ചാത്തപിച്ചാല്‍ അവനോടു ക്ഷമിക്കുക. ദിവസത്തില്‍ ഏഴുപ്രാവശ്യം അവന്‍ നിനക്കെതിരായി പാപംചെയ്യുകയും ഏഴു പ്രാവശ്യവും തിരിച്ചുവന്ന്, ഞാന്‍ പശ്ചാത്തപിക്കുന്നു എന്നു പറയുകയും ചെയ്താല്‍ നീ അവനോടു ക്ഷമിക്കണം.
അപ്പോള്‍ അപ്പോസ്തലന്മാര്‍ കര്‍ത്താവിനോടു പറഞ്ഞു: ഞങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കണമേ! കര്‍ത്താവു പറഞ്ഞു: നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്ക്കുക എന്നു പറഞ്ഞാല്‍ അതു നിങ്ങളെ അനുസരിക്കും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അര്‍പ്പിക്കപ്പെട്ട ഈ ബലിവസ്തുക്കള്‍
സംപ്രീതിയോടെ അങ്ങ് കടാക്ഷിക്കണമേ.
അങ്ങേ പുത്രന്റെ പീഡാസഹന രഹസ്യത്താല്‍
ഞങ്ങള്‍ ആഘോഷിക്കുന്നത്
ഭക്തിസ്‌നേഹത്തോടെ ഞങ്ങള്‍ പിഞ്ചെല്ലുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 23:1-2

കര്‍ത്താവ് എന്നെ നയിക്കുന്നു,
എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
പച്ചയായ പുല്ത്തകിടിയില്‍ അവിടന്ന് എനിക്ക് വിശ്രമമരുളുന്നു.
പ്രശാന്തമായ ജലാശയത്തിലേക്ക് അവിടന്ന് എന്നെ വഴിനടത്തുന്നു.

Or:
cf. ലൂക്കാ 24:35

അപ്പം മുറിക്കലില്‍ കര്‍ത്താവായ യേശുവിനെ ശിഷ്യന്മാര്‍ തിരിച്ചറിഞ്ഞു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ദിവ്യദാനത്താല്‍ പരിപോഷിതരായി,
അങ്ങേ കാരുണ്യം കേണപേക്ഷിക്കുന്ന ഞങ്ങള്‍
അങ്ങേക്ക് കൃതജ്ഞതയര്‍പ്പിക്കുന്നു.
അങ്ങേ ആത്മാവിന്റെ വര്‍ഷത്താല്‍,
സ്വര്‍ഗീയശക്തി പ്രവേശിച്ചവരിലെല്ലാം
നിഷ്‌കളങ്കതയുടെ കൃപ നിലനില്ക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s