Saint Martin of Tours / Friday of week 32 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹

11 Nov 2022

Saint Martin of Tours, Bishop 
on Friday of week 32 in Ordinary Time

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

ദൈവമേ, മെത്രാനായ വിശുദ്ധ മാര്‍ട്ടിനില്‍,
ജീവിതം വഴിയും മരണംവഴിയും
അങ്ങ് മഹത്ത്വീകൃതനായല്ലോ.
അങ്ങേ കൃപയുടെ അദ്ഭുതങ്ങള്‍
ഞങ്ങളുടെ ഹൃദയങ്ങളില്‍ നവീകരിക്കണമേ.
അങ്ങനെ, മരണമോ ജീവിതമോ
ഞങ്ങളെ അങ്ങേ സ്‌നേഹത്തില്‍ നിന്ന്
ഒരിക്കലും വേര്‍പെടുത്താതിരിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

2 യോഹ 1:4-9
അവന്റെ പ്രബോധനത്തില്‍ നിലനില്‍ക്കുന്നവനു പിതാവും പുത്രനും ഉണ്ട്.

പിതാവില്‍ നിന്നു നാം സ്വീകരിച്ച കല്‍പനയ്ക്കനുസൃതമായി നിന്റെ മക്കളില്‍ ചിലര്‍ സത്യത്തില്‍ വ്യാപരിക്കുന്നതു കണ്ടു ഞാന്‍ അത്യന്തം സന്തോഷിച്ചു. അല്ലയോ മഹതീ, ഞാന്‍ നിന്നോടഭ്യര്‍ഥിക്കുന്നു. ഒരു പുതിയ കല്‍പനയായിട്ടല്ല, ആരംഭംമുതലേ നമുക്കു ലഭിച്ചിരിക്കുന്ന ഒന്നായിട്ടാണു ഞാന്‍ ഇത് എഴുതുന്നത്: നാം പരസ്പരം സ്‌നേഹിക്കണം. ഇതാണു സ്‌നേഹം: നാം അവിടുത്തെ കല്‍പനകളനുസരിച്ചു നടക്കുക. കല്‍പനയാകട്ടെ, ആരംഭംമുതലേ നിങ്ങള്‍ ശ്രവിച്ചിരിക്കുന്നതുപോലെ സ്‌നേഹത്തില്‍ വ്യാപരിക്കുക എന്നതും. വളരെയധികം വഞ്ചകര്‍ ലോകത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്. യേശുക്രിസ്തു മനുഷ്യശരീരം ധരിച്ചു വന്നു എന്നു സമ്മതിക്കാത്തവരാണ് അവര്‍. ഇങ്ങനെയുള്ളവനാണു വഞ്ചകനും അന്തിക്രിസ്തുവും. ഞങ്ങളുടെ അധ്വാനഫലം നിങ്ങള്‍ നഷ്ടമാക്കാതെ അതു പൂര്‍ണമായി നേടാന്‍ ശ്രദ്ധിക്കുവിന്‍. ക്രിസ്തുവിന്റെപ്രബോധനത്തില്‍ നിലനില്‍ക്കാതെ അതിനെ അതിലംഘിച്ചു മുമ്പോട്ടുപോകുന്ന ഒരുവനു ദൈവമില്ല. അവന്റെ പ്രബോധനത്തില്‍ നിലനില്‍ക്കുന്നവനു പിതാവും പുത്രനും ഉണ്ട്.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 119:1,2,10,11,17,18

അപങ്കിലമായ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍ ഭാഗ്യവാന്മാര്‍

അപങ്കിലമായ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍,
കര്‍ത്താവിന്റെ നിയമം അനുസരിക്കുന്നവര്‍, ഭാഗ്യവാന്മാര്‍.
അവിടുത്തെ കല്‍പനകള്‍ പാലിക്കുന്നവര്‍,
പൂര്‍ണഹൃദയത്തോടെ അവിടുത്തെ തേടുന്നവര്‍, ഭാഗ്യവാന്മാര്‍.

അപങ്കിലമായ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍ ഭാഗ്യവാന്മാര്‍

പൂര്‍ണഹൃദയത്തോടെ ഞാന്‍ അങ്ങയെ തേടുന്നു;
അങ്ങേ കല്‍പന വിട്ടുനടക്കാന്‍
എനിക്ക് ഇടയാകാതിരിക്കട്ടെ!
അങ്ങേക്കെതിരേ പാപം ചെയ്യാതിരിക്കേണ്ടതിനു
ഞാന്‍ അങ്ങേ വചനം ഹൃദയത്തില്‍ സൂക്ഷിച്ചിരിക്കുന്നു.

അപങ്കിലമായ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍ ഭാഗ്യവാന്മാര്‍

ഞാന്‍ ജീവിച്ചിരിക്കാനും അങ്ങേ വചനം അനുസരിക്കാനും
ഈ ദാസന്റെമേല്‍ കൃപ ചൊരിയണമേ!
അങ്ങേ പ്രമാണങ്ങളുടെ വൈശിഷ്ട്യം ദര്‍ശിക്കാന്‍
എന്റെ കണ്ണുകള്‍ തുറക്കണമേ!

അപങ്കിലമായ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍ ഭാഗ്യവാന്മാര്‍

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

ദൈവത്തിന്റെ വചനം സജീവവും ഊർജ്ജസ്വലവും ആണ്; അത് ഇരുതലവാളിനേക്കാളും മൂർച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളേയും നിയോഗങ്ങളേയും വിവേചിക്കുന്നതുമാണ്.

അല്ലേലൂയ!

സുവിശേഷം

ലൂക്കാ 17:26-37
ഇപ്രകാരം തന്നെയായിരിക്കും മനുഷ്യപുത്രന്‍ വെളിപ്പെടുന്ന ദിവസത്തിലും.

അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു: നോഹയുടെ ദിവസങ്ങളില്‍ സംഭവിച്ചത് എങ്ങനെയോ അങ്ങനെയായിരിക്കും മനുഷ്യപുത്രന്റെ ദിവസങ്ങളിലും. നോഹ പെട്ടകത്തില്‍ പ്രവേശിക്കുകയും ജലപ്രളയം വന്ന് സകലതും നശിപ്പിക്കുകയും ചെയ്തതുവരെ അവര്‍ തിന്നും കുടിച്ചും വിവാഹം ചെയ്തും ചെയ്തുകൊടുത്തും കഴിഞ്ഞിരുന്നു. ലോത്തിന്റെ നാളുകളിലും അങ്ങനെതന്നെ ആയിരുന്നു – അവര്‍ തിന്നുകയും കുടിക്കുകയും വാങ്ങുകയും വില്‍ക്കുകയും നടുകയും വീടു പണിയുകയും ചെയ്തുകൊണ്ടിരുന്നു. പക്‌ഷേ, ലോത്ത് സോദോമില്‍ നിന്ന് ഓടിപ്പോയ ദിവസം സ്വര്‍ഗത്തില്‍ നിന്നു തീയും ഗന്ധകവും പെയ്ത് അവരെയെല്ലാം നശിപ്പിച്ചു. ഇപ്രകാരം തന്നെയായിരിക്കും മനുഷ്യപുത്രന്‍ വെളിപ്പെടുന്ന ദിവസത്തിലും. ആ ദിവസം പുരമുകളില്‍ ആയിരിക്കുന്നവന്‍ വീട്ടിനകത്തുള്ള തന്റെ സാധനങ്ങള്‍ എടുക്കാന്‍ താഴേക്ക് ഇറങ്ങിപ്പോകരുത്. അതുപോലെതന്നെ വയലില്‍ ആയിരിക്കുന്നവനും പിന്നിലുള്ളവയിലേക്കു തിരിയരുത്. ലോത്തിന്റെ ഭാര്യയ്ക്കു സംഭവിച്ചത് ഓര്‍മിക്കുക. തന്റെ ജീവന്‍ നിലനിര്‍ത്താന്‍ പരിശ്രമിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും. എന്നാല്‍, തന്റെ ജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍ അതു നിലനിര്‍ത്തും. ഞാന്‍ നിങ്ങളോടു പറയുന്നു: അന്നു രാത്രി ഒരു കട്ടിലില്‍ രണ്ടുപേര്‍ ഉണ്ടായിരിക്കും. ഒരാള്‍ എടുക്കപ്പെടും; മറ്റേയാള്‍ അവശേഷിക്കും. രണ്ടു സ്ത്രീകള്‍ ഒരുമിച്ചു ധാന്യം പൊടിച്ചുകൊണ്ടിരിക്കും. ഒരുവള്‍ എടുക്കപ്പെടും; മറ്റവള്‍ അവശേഷിക്കും. കര്‍ത്താവേ, എവിടേക്ക് എന്ന് അവര്‍ ചോദിച്ചു. അവന്‍ പറഞ്ഞു: ശവം എവിടെയോ അവിടെ കഴുകന്മാര്‍ വന്നു കൂടും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവായ ദൈവമേ, വിശുദ്ധ മാര്‍ട്ടിന്റെ ബഹുമാനാര്‍ഥം
സന്തോഷപൂര്‍വം സമര്‍പ്പിക്കുന്ന
ഈ കാണിക്കകള്‍ പവിത്രീകരിക്കണമേ.
ഇവവഴി, അരിഷ്ടതയിലും ഐശ്വര്യത്തിലും
ഞങ്ങളുടെ ജീവിതം സദാ നയിക്കപ്പെടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

മത്താ 16:16,18

പത്രോസ് യേശുവിനോടു പറഞ്ഞു:
നീ ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്.
യേശു പ്രതിവചിച്ചു: നീ പത്രോസാണ്
ഈ പാറമേല്‍ എന്റെ സഭ ഞാന്‍ പണിയും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ദിവ്യഭോജനത്താല്‍ പരിപോഷിപ്പിച്ച
അങ്ങേ സഭയെ സംപ്രീതിയോടെ നയിക്കണമേ.
അങ്ങനെ, ശക്തമായ പരിപാലനത്താല്‍ നയിക്കപ്പെട്ട്,
സഭ വര്‍ധമാനമായ സ്വാതന്ത്ര്യം അനുഭവിക്കുകയും
ക്രൈസ്തവവിശ്വാസത്തിന്റെ സമഗ്രതയില്‍
ഉറച്ചുനില്ക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s