Saint Albert the Great / Tuesday of week 33 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹

15 Nov 2022

Saint Albert the Great, Bishop, Doctor 
or Tuesday of week 33 in Ordinary Time 

Liturgical Colour:White.

സമിതിപ്രാര്‍ത്ഥന

ദൈവമേ, ദൈവികവിശ്വാസത്തോട്
മാനുഷികവിജ്ഞാനം സമന്വയിപ്പിക്കുന്നതിലൂടെ
മെത്രാനായ വിശുദ്ധ ആല്‍ബര്‍ട്ടിനെ
അങ്ങു മഹാനാക്കി തീര്‍ത്തുവല്ലോ.
അദ്ദേഹം പഠിപ്പിച്ച ദിവ്യസത്യങ്ങള്‍ അനുവര്‍ത്തിച്ച്,
ശാസ്ത്രപുരോഗതിയിലൂടെ,
അങ്ങയെപ്പറ്റിയുള്ള അഗാധമായ അറിവിലും സ്‌നേഹത്തിലും
എത്തിച്ചേരാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

വെളി 3:1-6,14-22
ആരെങ്കിലും എന്റെ സ്വരം കേട്ടു വാതില്‍ തുറന്നുതന്നാല്‍ ഞാന്‍ അവന്റെ അടുത്തേക്കു വരും. ഞങ്ങള്‍ ഒരുമിച്ചു ഭക്ഷിക്കുകയും ചെയ്യും.

ഞാന്‍, യോഹന്നാന്‍, കര്‍ത്താവ് എന്നോട് ഇപ്രകാരം പറയുന്നതു കേട്ടു: സാര്‍ദീസിലെ സഭയുടെ ദൂതന് എഴുതുക: ദൈവത്തിന്റെ സപ്താത്മാക്കളും സപ്തതാരങ്ങളുമുള്ളവന്‍ പറയുന്നു: നിന്റെ ചെയ്തികള്‍ ഞാനറിയുന്നു. ജീവിച്ചിരിക്കുന്നവന്‍ എന്നാണു നിന്നെക്കുറിച്ചു പറയുന്നത്; പക്‌ഷേ, നീ മൃതനാണ്. ഉണരുക, നിന്നില്‍ ആസന്നമരണമായി അവശേഷിക്കുന്നതിനെ ഉത്തേജിപ്പിക്കുക. എന്തെന്നാല്‍, എന്റെ ദൈവത്തിന്റെ മുമ്പില്‍ നിന്റെ പ്രവൃത്തികള്‍ പൂര്‍ണമായും നിര്‍വഹിക്കപ്പെട്ടതായി ഞാന്‍ കാണുന്നില്ല. അതുകൊണ്ടു നീ സ്വീകരിച്ചതും കേട്ടതും എന്തെന്നനുസ്മരിച്ച് അതു കാത്തുസൂക്ഷിക്കുകയും അനുതപിക്കുകയും ചെയ്യുക. നീ ഉണരുന്നില്ലെങ്കില്‍ ഞാന്‍ കള്ളനെപ്പോലെ വരും. ഏതു സമയത്താണു ഞാന്‍ നിന്നെ പിടികൂടുകയെന്നു നീ അറിയുകയില്ല. എന്നാല്‍, വസ്ത്രങ്ങള്‍ മലിനമാക്കിയിട്ടില്ലാത്തവരായി കുറെപ്പേര്‍ സാര്‍ദീസില്‍ നിനക്കുണ്ട്. അവര്‍ ധവളവസ്ത്രധാരികളായി എന്റെ കൂടെ നടക്കും. അവര്‍ അതിനു യോഗ്യരാണ്. വിജയം വരിക്കുന്നവനെ വെള്ളവസ്ത്രം ധരിപ്പിക്കും; ജീവന്റെ പുസ്തകത്തില്‍ നിന്ന് അവന്റെ നാമം ഞാന്‍ ഒരിക്കലും മായിച്ചുകളയുകയില്ല. എന്റെ പിതാവിന്റെയും അവിടുത്തെ ദൂതന്മാരുടെയും സന്നിധിയില്‍ അവന്റെ നാമം ഞാന്‍ ഏറ്റുപറയും. ആത്മാവ് സഭകളോടു പറയുന്നതെന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
ലവൊദീക്യായിലെ സഭയുടെ ദൂതന് എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയും ദൈവത്തിന്റെ സൃഷ്ടികര്‍മത്തിന്റെ ആരംഭവുമായിരിക്കുന്ന ആമേന്‍ അരുളിചെയ്യുന്നു: നിന്റെ പ്രവൃത്തികള്‍ ഞാനറിയുന്നു; നീ തണുപ്പോ ചൂടോ ഉള്ളവനല്ല; തണുപ്പോ ചൂടോ ഉള്ളവനായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. ചൂടോ തണുപ്പോ ഇല്ലാതെ മന്‌ദോഷ്ണനാകയാല്‍ നിന്നെ ഞാന്‍ എന്റെ വായില്‍ നിന്നു തുപ്പിക്കളയും. എന്തെന്നാല്‍, ഞാന്‍ ധനവാനാണ്, എനിക്ക് സമ്പത്തുണ്ട്, ഒന്നിനും കുറവില്ല, എന്നു നീ പറയുന്നു. എന്നാല്‍, നീ നികൃഷ്ടനും ദയനീയനും ദരിദ്രനും അന്ധനും നഗ്നനും ആണെന്ന് നീ അറിയുന്നില്ല. ഞാന്‍ നിന്നെ ഉപദേശിക്കുന്നു; നീ ധനികനാകാന്‍ അഗ്നിശുദ്ധി വരുത്തിയ സ്വര്‍ണം എന്നോടു വാങ്ങുക; നിന്റെ നഗ്നത മറ്റുള്ളവര്‍ കണ്ട് നീ ലജ്ജിക്കാതിരിക്കുവാന്‍ ശുഭ്രവസ്ത്രങ്ങള്‍ എന്നോട് വാങ്ങുക. കാഴ്ച ലഭിക്കുന്നതിനു കണ്ണിലെഴുതാനുള്ള അഞ്ജനവും എന്നോടു വാങ്ങുക. ഞാന്‍ സ്‌നേഹിക്കുന്നവരെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തീക്ഷ്ണതയുള്ളവനാകുക. അനുതപിക്കുക. ഇതാ, ഞാന്‍ വാതിലില്‍ മുട്ടുന്നു. ആരെങ്കിലും എന്റെ സ്വരം കേട്ടു വാതില്‍ തുറന്നു തന്നാല്‍ ഞാന്‍ അവന്റെ അടുത്തേക്കു വരും. ഞങ്ങള്‍ ഒരുമിച്ചു ഭക്ഷിക്കുകയും ചെയ്യും. ഞാന്‍ വിജയം വരിച്ച് എന്റെ പിതാവിനോടൊത്ത് അവിടുത്തെ സിംഹാസനത്തില്‍ ഇരിക്കുന്നതുപോലെ, വിജയം വരിക്കുന്നവനെ എന്നോടൊത്ത് എന്റെ സിംഹാസനത്തില്‍ ഞാന്‍ ഇരുത്തും. ആത്മാവ് സഭകളോട് അരുളിച്ചെയ്യുന്നതെന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ!

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 15:1-2,3-4ab,4c-5

വിജയം വരിക്കുന്നവനെ എന്നോടൊത്ത് എന്റെ സിംഹാസനത്തില്‍ ഞാന്‍ ഇരുത്തും.

കര്‍ത്താവേ, അങ്ങേ കൂടാരത്തില്‍ ആരു വസിക്കും?
അങ്ങേ വിശുദ്ധഗിരിയില്‍ ആരു വാസമുറപ്പിക്കും?
നിഷ്‌കളങ്കനായി ജീവിക്കുകയും നീതിമാത്രം പ്രവര്‍ത്തിക്കുകയും
ഹൃദയം തുറന്നു സത്യം പറയുകയും ചെയ്യുന്നവന്‍.

വിജയം വരിക്കുന്നവനെ എന്നോടൊത്ത് എന്റെ സിംഹാസനത്തില്‍ ഞാന്‍ ഇരുത്തും.

പരദൂഷണം പറയുകയോ സ്‌നേഹിതനെ ദ്രോഹിക്കുകയോ
അയല്‍ക്കാരനെതിരേ അപവാദം പരത്തുകയോ ചെയ്യാത്തവന്‍;
ദുഷ്ടനെ പരിഹാസ്യനായി കരുതുകയും
ദൈവഭക്തനോട് ആദരം കാണിക്കുകയും ചെയ്യുന്നവന്‍.

വിജയം വരിക്കുന്നവനെ എന്നോടൊത്ത് എന്റെ സിംഹാസനത്തില്‍ ഞാന്‍ ഇരുത്തും.

നഷ്ടം സഹിച്ചും പ്രതിജ്ഞ നിറവേറ്റുകയും,
കടത്തിനു പലിശ ഈടാക്കുകയോ
നിര്‍ദോഷനെതിരേ കൈക്കൂലി വാങ്ങുകയോ
ചെയ്യാത്തവന്‍; ഇങ്ങനെയുള്ളവന്‍ നിര്‍ഭയനായിരിക്കും.

വിജയം വരിക്കുന്നവനെ എന്നോടൊത്ത് എന്റെ സിംഹാസനത്തില്‍ ഞാന്‍ ഇരുത്തും.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

നാം ദൈവത്തെ സ്നേഹിച്ചു എന്നതിലല്ല, അവിടുന്നു നമ്മെ സ്‌നേഹിക്കുകയും നമ്മുടെ പാപങ്ങൾക്കു പാപ പരിഹാര ബലിയായി സ്വപുത്രനെ അയക്കുകയും ചെയ്തു എന്നതിലാണ് സ്നേഹം.

അല്ലേലൂയ!

സുവിശേഷം

ലൂക്കാ 19:1-10
നഷ്ടപ്പെട്ടുപോയതിനെ കണ്ടെത്തി രക്ഷിക്കാനാണ് മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്.

അക്കാലത്ത്, യേശു ജറീക്കോയില്‍ പ്രവേശിച്ച് അതിലൂടെ കടന്നുപോവുകയായിരുന്നു. അവിടെ സക്കേവൂസ് എന്നു പേരായ ഒരാളുണ്ടായിരുന്നു. അവന്‍ ചുങ്കക്കാരില്‍ പ്രധാനനും ധനികനുമായിരുന്നു. യേശു ആരെന്നു കാണാന്‍ അവന്‍ ആഗ്രഹിച്ചു. പൊക്കം കുറവായിരുന്നതിനാല്‍ ജനക്കൂട്ടത്തില്‍ നിന്നുകൊണ്ട് അതു സാധ്യമായിരുന്നില്ല. യേശുവിനെ കാണാന്‍വേണ്ടി അവന്‍ മുമ്പേ ഓടി, ഒരു സിക്കമൂര്‍ മരത്തില്‍ കയറിയിരുന്നു. യേശു അതിലേയാണ് കടന്നുപോകാനിരുന്നത്. അവിടെയെത്തിയപ്പോള്‍ അവന്‍ മുകളിലേക്കു നോക്കിപ്പറഞ്ഞു: സക്കേവൂസ്, വേഗം ഇറങ്ങിവരുക. ഇന്ന് എനിക്കു നിന്റെ വീട്ടില്‍ താമസിക്കേണ്ടിയിരിക്കുന്നു. അവന്‍ തിടുക്കത്തില്‍ ഇറങ്ങിച്ചെന്ന് സന്തോഷത്തോടെ അവനെ സ്വീകരിച്ചു. ഇതുകണ്ടപ്പോള്‍ അവരെല്ലാവരും പിറുപിറുത്തു: ഇവന്‍ പാപിയുടെ വീട്ടില്‍ അതിഥിയായി താമസിക്കുന്നല്ലോ. സക്കേവൂസ് എഴുന്നേറ്റു പറഞ്ഞു: കര്‍ത്താവേ, ഇതാ, എന്റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍, നാലിരട്ടിയായി തിരിച്ചു കൊടുക്കുന്നു. യേശു അവനോടു പറഞ്ഞു: ഇന്ന് ഈ ഭവനത്തിനു രക്ഷ ലഭിച്ചിരിക്കുന്നു. ഇവനും അബ്രാഹത്തിന്റെ പുത്രനാണ്. നഷ്ടപ്പെട്ടുപോയതിനെ കണ്ടെത്തി രക്ഷിക്കാനാണ് മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

ദൈവമേ, വിശുദ്ധ N ന്റെ തിരുനാളില്‍
സന്തോഷത്തോടെ അര്‍പ്പിക്കുന്ന ഈ ബലി
അങ്ങയെ പ്രസാദിപ്പിക്കുമാറാകട്ടെ.
അദ്ദേഹത്തിന്റെ ഉദ്‌ബോധനത്താല്‍,
അങ്ങയെ പ്രകീര്‍ത്തിച്ചുകൊണ്ട്
ഞങ്ങളെയും പൂര്‍ണമായി അങ്ങേക്ക് സമര്‍പ്പിക്കുന്നു.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. ലൂക്കാ 12:42

യഥാസമയം ആവശ്യമായ ഭക്ഷണം കൊടുക്കേണ്ടതിന്
കര്‍ത്താവ് തന്റെ കുടുംബത്തിനുമേല്‍ നിയമിച്ചവന്‍
വിശ്വസ്തനും വിവേകിയുമായ ഭൃത്യനാണ്.

Or:
cf. സങ്കീ 1:2-3

രാവും പകലും കര്‍ത്താവിന്റെ നിയമം ധ്യാനിക്കുന്നവന്‍,
അതിന്റെ ഫലം യഥാകാലം പുറപ്പെടുവിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ജീവന്റെ അപ്പമായ ക്രിസ്തുവാല്‍
അങ്ങ് പരിപോഷിപ്പിക്കുന്ന ഇവരെ,
ഗുരുനാഥനായ ക്രിസ്തുവഴി പഠിപ്പിക്കണമേ.
അങ്ങനെ, വിശുദ്ധ N ന്റെ തിരുനാളില്‍,
അങ്ങേ സത്യം അവര്‍ ഗ്രഹിക്കുകയും
സ്‌നേഹത്തില്‍ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s