Saint Elizabeth of Hungary, Religious on Thursday of week 33 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹

17 Nov 2022

Saint Elizabeth of Hungary, Religious 
on Thursday of week 33 in Ordinary Time

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

ദൈവമേ, ദരിദ്രരില്‍ ക്രിസ്തുവിനെ തിരിച്ചറിയാനും ആദരിക്കാനും
വിശുദ്ധ എലിസബത്തിനെ അങ്ങ് അനുഗ്രഹിച്ചുവല്ലോ.
ഈ വിശുദ്ധയുടെ മാധ്യസ്ഥ്യംവഴി,
അവശരെയും ക്ലേശിതരെയും സ്‌നേഹത്തോടെ
അനവരതം ശുശ്രൂഷിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

വെളി 5:1-10
കുഞ്ഞാടു വധിക്കപ്പെടുകയും അതിന്റെ രക്തത്താല്‍ സര്‍വജാതികളിലും നിന്നുള്ളവരെ വിലയ്ക്കു വാങ്ങുകയും ചെയ്തു.

ഞാന്‍, യോഹന്നാന്‍, സിംഹാസനസ്ഥന്റെ വലത്തുകൈയില്‍, അകത്തും പുറത്തും എഴുതപ്പെട്ടതും സപ്തമുദ്രകള്‍ പതിച്ചതുമായ ഒരു പുസ്തകച്ചുരുള്‍ കണ്ടു. ശക്തനായ ഒരു ദൂതനെയും ഞാന്‍ കണ്ടു. അവന്‍ ഉച്ചസ്വരത്തില്‍ വിളിച്ചുപറഞ്ഞു: ഈ ചുരുള്‍ നിവര്‍ത്താനും അതിന്റെ മുദ്രകള്‍ പൊട്ടിക്കാനും അര്‍ഹതയുള്ള ആരുണ്ട്? എന്നാല്‍, സ്വര്‍ഗത്തിലോ ഭൂമിയിലോ ഭൂമിക്കടിയിലോ ഉള്ള ആര്‍ക്കും ഈ ചുരുള്‍ നിവര്‍ത്താനോ അതിലേക്കു നോക്കാനോ കഴിഞ്ഞില്ല. ചുരുള്‍ നിവര്‍ത്താനോ അതിലേക്കു നോക്കാനോ യോഗ്യനായി ആരെയും കണ്ടെത്താഞ്ഞതിനാല്‍ ഞാന്‍ വളരെയേറെ കരഞ്ഞു. അപ്പോള്‍ ശ്രേഷ്ഠന്മാരിലൊരാള്‍ എന്നോടു പറഞ്ഞു: കരയാതിരിക്കൂ; ഇതാ, യൂദാവംശത്തില്‍ നിന്നുള്ള സിംഹവും ദാവീദിന്റെ വേരും ആയവന്‍ വിജയിച്ചിരിക്കുന്നു. അവനു ചുരുള്‍ നിവര്‍ത്താനും സപ്തമുദ്രകള്‍ പൊട്ടിക്കാനും കഴിയും. അപ്പോള്‍, സിംഹാസനത്തിന്റെയും നാലു ജീവികളുടെയും മധ്യേ, ശ്രേഷ്ഠന്മാരുടെ നടുവില്‍, കൊല്ലപ്പെട്ടതായി തോന്നുന്ന ഒരു കുഞ്ഞാടു നില്‍ക്കുന്നതു ഞാന്‍ കണ്ടു. അവന് ഏഴു കൊമ്പുകളും ഏഴു കണ്ണുകളും ഉണ്ട്; ഈ കണ്ണുകള്‍ ലോകമെമ്പാടും അയയ്ക്കപ്പെട്ട ദൈവത്തിന്റെ സപ്താത്മാക്കളാണ്. അവന്‍ ചെന്നു സിംഹാസനസ്ഥന്റെ വലത്തുകൈയില്‍ നിന്നു ചുരുള്‍വാങ്ങി. അവന്‍ അതു സ്വീകരിച്ചപ്പോള്‍ നാലു ജീവികളും ഇരുപത്തിനാലു ശ്രേഷ്ഠന്മാരും കുഞ്ഞാടിന്റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചു. ഓരോരുത്തരും വീണയും വിശുദ്ധരുടെ പ്രാര്‍ഥനകളാകുന്ന പരിമളദ്രവ്യം നിറഞ്ഞ സ്വര്‍ണകലശങ്ങളും കൈയിലേന്തിയിരുന്നു. അവര്‍ ഒരു നവ്യഗാനം ആലപിച്ചു: പുസ്‌കതകച്ചുരുള്‍ സ്വീകരിക്കാനും അതിന്റെ മുദ്രകള്‍ തുറക്കാനും നീ യോഗ്യനാണ്. കാരണം, നീ വധിക്കപ്പെടുകയും നിന്റെ രക്തംകൊണ്ട് എല്ലാ ഗോത്രത്തിലും ഭാഷയിലും ജനതകളിലും രാജ്യങ്ങളിലും നിന്നുള്ളവരെ ദൈവത്തിനുവേണ്ടി വിലയ്ക്കുവാങ്ങുകയും ചെയ്തു. നീ അവരെ നമ്മുടെ ദൈവത്തിന് ഒരു രാജ്യവും പുരോഹിതന്മാരും ആക്കി. അവന്‍ ഭൂമിയുടെമേല്‍ ഭരണം നടത്തും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 149:1b-2,3-4,5-6a,9b

അങ്ങു ഞങ്ങളെ ഒരു രാജ്യവും പുരോഹിതന്മാരുമാക്കി.
or
അല്ലേലൂയ!

കര്‍ത്താവിനു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍;
വിശുദ്ധരുടെ സമൂഹത്തില്‍ അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.
ഇസ്രായേല്‍ തന്റെ സ്രഷ്ടാവില്‍ സന്തോഷിക്കട്ടെ!
സീയോന്റെ മക്കള്‍ തങ്ങളുടെ രാജാവില്‍ ആനന്ദിക്കട്ടെ!

അങ്ങു ഞങ്ങളെ ഒരു രാജ്യവും പുരോഹിതന്മാരുമാക്കി.
or
അല്ലേലൂയ!

നൃത്തംചെയ്തുകൊണ്ട് അവര്‍ അവിടുത്തെ നാമത്തെ സ്തുതിക്കട്ടെ!
തപ്പുകൊട്ടിയും കിന്നരംമീട്ടിയും അവര്‍ അവിടുത്തെ സ്തുതിക്കട്ടെ!
എന്തെന്നാല്‍, കര്‍ത്താവു തന്റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു,
എളിയവരെ അവിടുന്നു വിജയമണിയിക്കുന്നു.

അങ്ങു ഞങ്ങളെ ഒരു രാജ്യവും പുരോഹിതന്മാരുമാക്കി.
or
അല്ലേലൂയ!

വിശ്വസ്തജനം ജയഘോഷം മുഴക്കട്ടെ!
അവര്‍ തങ്ങളുടെ കിടക്കകളില്‍ ആനന്ദംകൊണ്ടു പാടട്ടെ!
അവരുടെ കണ്ഠങ്ങളില്‍ ദൈവത്തിന്റെ സ്തുതി ഉയരട്ടെ,
അവിടുത്തെ വിശ്വസ്തര്‍ക്ക് ഇതു മഹത്വമാണ്.

അങ്ങു ഞങ്ങളെ ഒരു രാജ്യവും പുരോഹിതന്മാരുമാക്കി.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ!അല്ലേലൂയ!

ഇന്നു നിങ്ങൾ ഹൃദയം കഠിനമാക്കാതെ അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കിൽ!

അല്ലേലൂയ!

സുവിശേഷം

ലൂക്കാ 19:41-44
സമാധാനത്തിനുള്ള മാര്‍ഗങ്ങള്‍ ഈ ദിവസത്തിലെങ്കിലും നീ അറിഞ്ഞിരുന്നെങ്കില്‍!

അക്കാലത്ത്, യേശു ജറുസലെമിന് അടുത്തുവന്ന് പട്ടണം കണ്ടപ്പോള്‍ അതിനെക്കുറിച്ചു വിലപിച്ചുകൊണ്ടു പറഞ്ഞു: സമാധാനത്തിനുള്ള മാര്‍ഗങ്ങള്‍ ഈ ദിവസത്തിലെങ്കിലും നീ അറിഞ്ഞിരുന്നെങ്കില്‍! എന്നാല്‍, അവ ഇപ്പോള്‍ നിന്റെ ദൃഷ്ടിയില്‍ നിന്നു മറയ്ക്കപ്പെട്ടിരിക്കുന്നു. ശത്രുക്കള്‍ നിനക്കു ചുറ്റും പാളയമടിച്ചു നിന്നെ വളയുകയും, എല്ലാ ഭാഗത്തും നിന്നു നിന്നെ ഞെരുക്കുകയും ചെയ്യുന്ന ദിവസങ്ങള്‍ വരും. നിന്നെയും നിന്റെ മക്കളെയും നശിപ്പിക്കുകയും നിന്നില്‍ കല്ലിന്മേല്‍ കല്ലു ശേഷിപ്പിക്കാതിരിക്കുകയും ചെയ്യും. എന്തെന്നാല്‍, നിന്റെ സന്ദര്‍ശന ദിനം നീ അറിഞ്ഞില്ല.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, നിത്യമായ വാഗ്ദാനങ്ങളിലുള്ള
ഞങ്ങളുടെ പ്രത്യാശ കൈവെടിയാതിരിക്കാന്‍
ലൗകിക അടയാളങ്ങള്‍ കൊണ്ട്
അങ്ങ് ഞങ്ങളെ സമാശ്വസിപ്പിക്കുന്നുവല്ലോ.
വിശുദ്ധ N യുടെ സ്മരണ ആചരിച്ചുകൊണ്ട്
വിശുദ്ധീകരിക്കപ്പെടേണ്ട ഞങ്ങളുടെ ഭക്തകാണിക്കകള്‍
അങ്ങേക്കു ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

സങ്കീ 45:1

എന്റെ ഹൃദയത്തില്‍ ഉദാത്തമായ വാക്ക് തുടിച്ചുനില്ക്കുന്നു.
ഞാന്‍ എന്റെ പ്രവര്‍ത്തനങ്ങള്‍ രാജാവിനോടു പറയും.

Or:
ലൂക്കാ10:42

ഒന്നുമാത്രമേ ആവശ്യമുള്ളൂ.
ഇവള്‍ നല്ല ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു,
അത് അവളില്‍ നിന്ന് എടുക്കപ്പെടുകയില്ല.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, രക്ഷാകരമായ സ്രോതസ്സാല്‍ നവീകൃതരായി,
അങ്ങയോട് ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
വിശുദ്ധ N യുടെ മാധ്യസ്ഥ്യത്താല്‍,
ക്രിസ്തുവിനോട് ദിനം പ്രതി കൂടുതല്‍ ഗാഢമായി
ഒന്നുചേര്‍ന്നുകൊണ്ട്,
അവിടത്തെ കൃപയുടെ രാജ്യത്തില്‍
പങ്കാളികളായിത്തീരാന്‍ ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment