Wednesday of week 33 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹

*16 Nov 2022*

*Wednesday of week 33 in Ordinary Time* 
*or Saint Margaret of Scotland* 
*or Saint Gertrude, Virgin* 

*Liturgical Colour: Green.*

*സമിതിപ്രാര്‍ത്ഥന*

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
അങ്ങയോടുള്ള ഭക്തിയില്‍ എപ്പോഴും ആനന്ദിക്കാന്‍
ഞങ്ങളെ അനുഗ്രഹിക്കണമേ.
എന്തെന്നാല്‍, നിലനില്ക്കുന്നതും സമ്പൂര്‍ണവുമായ ആനന്ദം
സകല നന്മകളുടെയും ഉടയവന്
നിരന്തരം ഞങ്ങള്‍ ശുശ്രൂഷ ചെയ്യുന്നതിലാണല്ലോ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

*ഒന്നാം വായന*

വെളി 4:1-11
ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സര്‍വശക്തനും ദൈവവുമായ കര്‍ത്താവ് പരിശുദ്ധന്‍.

ഞാന്‍, യോഹന്നാന്‍, സ്വര്‍ഗത്തില്‍ ഒരു തുറന്ന വാതില്‍ കണ്ടു. കാഹളധ്വനിപോലെ ഞാന്‍ ആദ്യം കേട്ട സ്വരം എന്നോടു പറഞ്ഞു: ഇങ്ങോട്ടു കയറി വരൂ; ഇനിയും സംഭവിക്കേണ്ടവ നിനക്കു ഞാന്‍ കാണിച്ചുതരാം. പെട്ടെന്ന് ഞാന്‍ ആത്മീയാനുഭൂതിയില്‍ ലയിച്ചു. അതാ, സ്വര്‍ഗത്തില്‍ ഒരു സിംഹാസനം ഒരുക്കപ്പെട്ടിരിക്കുന്നു. സിംഹാസനത്തില്‍ ഒരുവന്‍ ഇരിക്കുന്നു. സിംഹാസനസ്ഥന്‍ കാഴ്ചയില്‍ സൂര്യകാന്തം പോലെയും മാണിക്യം പോലെയും ആയിരുന്നു. സിംഹാസനത്തിനു ചുറ്റും മരതകം പോലെയുള്ള ഒരു മഴവില്ലും കാണപ്പെട്ടു. ആ സിംഹാസനത്തിനു ചുറ്റും ഇരുപത്തിനാലു സിംഹാസനങ്ങള്‍. അവയില്‍ ധവളവസ്ത്രധാരികളായ ഇരുപത്തിനാലു ശ്രേഷ്ഠന്മാര്‍. അവരുടെ ശിരസ്സില്‍ സ്വര്‍ണകിരീടങ്ങള്‍. സിംഹാസനത്തില്‍ നിന്നു മിന്നല്‍പിണരുകളും ശബ്ദങ്ങളും ഇടിമുഴക്കങ്ങളും പുറപ്പെടുന്നു. സിംഹാസനത്തിനു മുമ്പില്‍ ജ്വലിക്കുന്ന ഏഴു തീപ്പന്തങ്ങള്‍; ഇവ ദൈവത്തിന്റെ സപ്താത്മാക്കളാണ്. സിംഹാസനത്തിനു മുമ്പില്‍ ഒരു പളുങ്കുകടല്‍.
സിംഹാസനത്തിന്റെ മധ്യത്തിലും ചുററിലുമായി നാലു ജീവികള്‍; അവയ്ക്കു മുമ്പിലും പിമ്പിലും നിറയെ കണ്ണുകള്‍. ഒന്നാമത്തെ ജീവി സിംഹത്തെപ്പോലെ; രണ്ടാമത്തേതു കാളയെപ്പോലെ; മൂന്നാമത്തേതിനു മനുഷ്യന്റെതുപോലുള്ള മുഖം. നാലാമത്തേതു പറക്കുന്ന കഴുകനെപ്പോലെ. ഈ നാലു ജീവികള്‍ക്കും ആറു ചിറകുകള്‍ വീതം. ചുറ്റിലും ഉള്ളിലും നിറയെ കണ്ണുകള്‍, രാപകല്‍ ഇടവിടാതെ അവ ഉദ്‌ഘോഷിക്കുന്നു: ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സര്‍വശക്തനും ദൈവവുമായ കര്‍ത്താവ് പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍. ആ ജീവികള്‍ സിംഹാസനസ്ഥന്, നിത്യം ജീവിക്കുന്നവന്, മഹത്വവും ബഹുമാനവും സ്തുതിയും നല്‍കിയപ്പോഴെല്ലാം ആ ഇരുപത്തിനാലു ശ്രേഷ്ഠന്മാര്‍ സിംഹാസനസ്ഥന്റെ മുമ്പില്‍ വീണ്, നിത്യം ജീവിക്കുന്നവനെ സാഷ്ടാംഗം പ്രണമിക്കുകയും തങ്ങളുടെ കിരീടങ്ങള്‍ സിംഹാസനത്തിനു മുമ്പില്‍ സമര്‍പ്പിച്ചുകൊണ്ട് ഇങ്ങനെ പറയുകയും ചെയ്തിരുന്നു: ഞങ്ങളുടെ ദൈവവും കര്‍ത്താവുമായ അവിടുന്നു മഹത്വവും ബഹുമാനവും ശക്തിയും സ്വീകരിക്കാന്‍ അര്‍ഹനാണ്. അങ്ങു സര്‍വ്വവും സൃഷ്ടിച്ചു. അങ്ങേ ഹിതമനുസരിച്ച് അവയ്ക്ക് അസ്തിത്വം ലഭിക്കുകയും അവ സൃഷ്ടിക്കപ്പെടുകയും ചെയ്തു.

കർത്താവിന്റെ വചനം.

*പ്രതിവചനസങ്കീർത്തനം*

സങ്കീ 150:1b-2,3-4,5-6

സര്‍വ്വശക്തനും കര്‍ത്താവുമായ ദൈവം പരിശുദ്ധന്‍, പരിശുദ്ധന്‍.
or
അല്ലേലൂയ!

കര്‍ത്താവിനെ സ്തുതിക്കുവിന്‍;
ദൈവത്തിന്റെ വിശുദ്ധമന്ദിരത്തില്‍
അവിടുത്തെ സ്തുതിക്കുവിന്‍;
പ്രതാപപൂര്‍ണമായ ആകാശവിതാനത്തില്‍
അവിടുത്തെ സ്തുതിക്കുവിന്‍.
ശക്തമായ പ്രവൃത്തികളെപ്രതി
അവിടുത്തെ സ്തുതിക്കുവിന്‍;
അവിടുത്തെ മഹിമാതിശയത്തിനു ചേര്‍ന്നവിധം
അവിടുത്തെ സ്തുതിക്കുവിന്‍.

സര്‍വ്വശക്തനും കര്‍ത്താവുമായ ദൈവം പരിശുദ്ധന്‍, പരിശുദ്ധന്‍.
or
അല്ലേലൂയ!

കാഹളനാദത്തോടെ അവിടുത്തെ സ്തുതിക്കുവിന്‍;
വീണയും കിന്നരവും മീട്ടി അവിടുത്തെ സ്തുതിക്കുവിന്‍.
തപ്പുകൊട്ടിയും നൃത്തമാടിയും അവിടുത്തെ സ്തുതിക്കുവിന്‍;
തന്ത്രികളും കുഴലുകളും കൊണ്ട് അവിടുത്തെ സ്തുതിക്കുവിന്‍.

സര്‍വ്വശക്തനും കര്‍ത്താവുമായ ദൈവം പരിശുദ്ധന്‍, പരിശുദ്ധന്‍.
or
അല്ലേലൂയ!

കൈത്താളം കൊട്ടി അവിടുത്തെ സ്തുതിക്കുവിന്‍;
ഉച്ചത്തില്‍ മുഴങ്ങുന്ന കൈത്താളം കൊട്ടി
അവിടുത്തെ സ്തുതിക്കുവിന്‍.
സര്‍വ ജീവജാലങ്ങളും കര്‍ത്താവിനെ സ്തുതിക്കട്ടെ!
കര്‍ത്താവിനെ സ്തുതിക്കുവിന്‍.

സര്‍വ്വശക്തനും കര്‍ത്താവുമായ ദൈവം പരിശുദ്ധന്‍, പരിശുദ്ധന്‍.
or
അല്ലേലൂയ!

*സുവിശേഷ പ്രഘോഷണവാക്യം*

അല്ലേലൂയ! അല്ലേലൂയ!

കർത്താവ് അരുൾ ചെയ്യുന്നു: നിങ്ങൾ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനിൽക്കുന്നതിനും വേണ്ടി ഞാൻ നിങ്ങളെ നിയോഗിച്ചിരിക്കുന്നു.

അല്ലേലൂയ!

*സുവിശേഷം*

ലൂക്കാ 19:11-28
നീ എന്തുകൊണ്ട് പണമിടപാടുകാരെ എന്റെ പണം ഏല്‍പിച്ചില്ല?

അക്കാലത്ത്, ജറുസലെമിനു സമീപത്തായി ജനങ്ങള്‍ യേശുവിനെ കേട്ടുകൊണ്ടിരിക്കുമ്പോള്‍, അവന്‍ ഒരു ഉപമ പറഞ്ഞു. കാരണം, ദൈവരാജ്യം ഉടന്‍ വന്നുചേരുമെന്ന് അവര്‍ വിചാരിക്കുകയും ചെയ്തിരുന്നു. അവന്‍ പറഞ്ഞു: ഒരു പ്രഭു രാജപദവി സ്വീകരിച്ചു തിരിച്ചുവരാന്‍ വേണ്ടി ദൂരദേശത്തേക്കു പോയി. അവന്‍ ഭൃത്യന്മാരില്‍ പത്തുപേരെ വിളിച്ച്, പത്തു നാണയം അവരെ ഏല്‍പിച്ചുകൊണ്ടു പറഞ്ഞു: ഞാന്‍ തിരിച്ചുവരുന്നതുവരെ നിങ്ങള്‍ ഇതുകൊണ്ടു വ്യാപാരം ചെയ്യുവിന്‍. അവന്റെ പൗരന്മാര്‍ അവനെ വെറുത്തിരുന്നു. ഈ മനുഷ്യന്‍ ഞങ്ങളെ ഭരിക്കുവാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല എന്ന നിവേദനവുമായി അവര്‍ ഒരു പ്രതിനിധിസംഘത്തെ അവന്റെ പിന്നാലെ അയച്ചു.
എന്നാല്‍, അവന്‍ രാജപദവി സ്വീകരിച്ചു തിരിച്ചുവന്നു. താന്‍ പണം ഏല്‍പിച്ചിരുന്ന ഭൃത്യന്മാര്‍ വ്യാപാരം ചെയ്ത് എന്തു സമ്പാദിച്ചുവെന്ന് അറിയുന്നതിന് അവരെ വിളിക്കാന്‍ അവന്‍ കല്‍പിച്ചു. ഒന്നാമന്‍ വന്നുപറഞ്ഞു: യജമാനനേ, നീ തന്ന നാണയം പത്തുകൂടി നേടിയിരിക്കുന്നു. അവന്‍ പറഞ്ഞു: കൊള്ളാം, നല്ലവനായ ഭൃത്യാ, ചെറിയ കാര്യത്തില്‍ വിശ്വസ്തനായിരുന്നതുകൊണ്ട് പത്തു നഗരങ്ങളുടെമേല്‍ നീ അധികാരിയായിരിക്കും. രണ്ടാമന്‍ വന്നു പറഞ്ഞു: യജമാനനേ, നീ തന്ന നാണയം അഞ്ചുകൂടി നേടിയിരിക്കുന്നു. യജമാനന്‍ അവനോടു പറഞ്ഞു: അഞ്ചു നഗരങ്ങളുടെമേല്‍ നീ അധികാരിയായിരിക്കും. വേറൊരുവന്‍ വന്നു പറഞ്ഞു: യജമാനനേ, ഞാന്‍ തുണിയില്‍ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന നിന്റെ നാണയം ഇതാ. നിന്നെ എനിക്കു ഭയമായിരുന്നു. കാരണം, നീ കര്‍ക്കശനും വയ്ക്കാത്തത് എടുക്കുന്നവനും വിതയ്ക്കാത്തതു കൊയ്യുന്നവനുമാണ്. അവന്‍ പറഞ്ഞു: ദുഷ്ടഭൃത്യാ, നിന്റെ വാക്കുകൊണ്ടുതന്നെ നിന്നെ ഞാന്‍ വിധിക്കും. ഞാന്‍ കര്‍ക്കശനും വയ്ക്കാത്തത് എടുക്കുന്നവനും വിതയ്ക്കാത്തതു കൊയ്യുന്നവനും ആണെന്നു നീ അറിഞ്ഞിരുന്നല്ലോ. പിന്നെ നീ എന്തുകൊണ്ടു പണമിടപാടുകാരെ എന്റെ പണം ഏല്‍പിച്ചില്ല? എങ്കില്‍, ഞാന്‍ മടങ്ങിവന്നപ്പോള്‍ പലിശയോടുകൂടി അതു തിരിച്ചു വാങ്ങുമായിരുന്നില്ലേ? അവന്‍ ചുറ്റും നിന്നിരുന്നവരോടു പറഞ്ഞു: അവനില്‍ നിന്ന് ആ നാണയം എടുത്ത് പത്തു നാണയമുള്ളവനു കൊടുക്കുക. അവര്‍ അവനോട്, യജമാനനേ, അവനു പത്തു നാണയം ഉണ്ടല്ലോ എന്നുപറഞ്ഞു. ഞാന്‍ നിങ്ങളോടു പറയുന്നു, ഉള്ളവനു കൊടുക്കപ്പെടും; ഇല്ലാത്തവനില്‍ നിന്ന് ഉള്ളതുപോലും എടുക്കപ്പെടും. ഞാന്‍ ഭരിക്കുന്നത് ഇഷ്ടമില്ലാതിരുന്ന എന്റെ ശത്രുക്കളെ ഇവിടെ കൊണ്ടുവന്ന് എന്റെ മുമ്പില്‍വച്ചു കൊന്നുകളയുവിന്‍. അവന്‍ ഇതു പറഞ്ഞതിനു ശേഷം ജറുസലെമിലേക്കുള്ള യാത്ര തുടര്‍ന്നു.

കർത്താവിന്റെ സുവിശേഷം.

*നൈവേദ്യപ്രാര്‍ത്ഥന*

കര്‍ത്താവേ, അങ്ങേ മഹിമപ്രഭാവത്തിനു മുമ്പില്‍
സമര്‍പ്പിക്കുന്ന കാഴ്ചദ്രവ്യങ്ങള്‍
ഭക്ത്യാദരത്തിന്റെ കൃപ ഞങ്ങള്‍ക്ക് നേടിത്തരുകയും
നിത്യാനന്ദത്തിന്റെ ഫലം ഞങ്ങള്‍ക്ക്
കരഗതമാക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

*ദിവ്യകാരുണ്യപ്രഭണിതം*

സങ്കീ 73:28

ദൈവത്തോട് ചേര്‍ന്നുനില്ക്കുന്നതും
ദൈവമായ കര്‍ത്താവില്‍ പ്രത്യാശ വയ്ക്കുന്നതുമാണ് എന്റെ ആനന്ദം.


Or:
മര്‍ക്കോ 11:23-24

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു:
പ്രാര്‍ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും
ലഭിക്കുമെന്നു വിശ്വസിക്കുവിന്‍;
അത് നിങ്ങള്‍ക്ക് സാധിച്ചുകിട്ടും.

*ദിവ്യഭോജനപ്രാര്‍ത്ഥന*

കര്‍ത്താവേ, എളിമയോടെ പ്രാര്‍ഥിച്ചുകൊണ്ട്,
ദിവ്യരഹസ്യങ്ങളുടെ ദാനങ്ങള്‍ ഞങ്ങള്‍ സ്വീകരിച്ചുവല്ലോ.
അങ്ങനെ, അങ്ങേ പുത്രന്‍
തന്റെ ഓര്‍മയ്ക്കായി അനുഷ്ഠിക്കാന്‍
ഞങ്ങളോടു കല്പിച്ചവ
ഞങ്ങളുടെ സ്‌നേഹത്തിന്റെ വര്‍ധനയ്ക്ക് ഉപകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s