🌹 🔥 🌹 🔥 🌹 🔥 🌹
08 Feb 2023
Saint Josephine Bakhita, Virgin
or Wednesday of week 5 in Ordinary Time
or Saint Jerome Emilian
Liturgical Colour: White.
സമിതിപ്രാര്‍ത്ഥന
ദൈവമേ, വിശുദ്ധ ജോസഫൈന്‍ ബക്കിത്തയെ
ഹീനമായ അടിമത്തത്തില്‍നിന്ന്
അങ്ങേ പുത്രിയുടെയും ക്രിസ്തുവിന്റെ മണവാട്ടിയുടെയും
പദവിയിലേക്ക് അങ്ങ് നയിച്ചുവല്ലോ.
ഈ പുണ്യവതിയുടെ മാതൃകയാല്‍,
ക്രൂശിതനും കര്‍ത്താവുമായ യേശുവിനെ
നിരന്തര സ്‌നേഹത്തോടെ പിഞ്ചെല്ലാനും
അനുകമ്പ കാണിക്കുന്നതില്‍ തീക്ഷ്ണതയുള്ളവരായി
സ്‌നേഹത്തില്‍ നിലനില്ക്കാനും അനുഗ്രഹം നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ഉത്പ 2:4b-9,15-17
അവിടുന്നു കിഴക്ക് ഏദനില്‍ ഒരു തോട്ടം ഉണ്ടാക്കി, താന്‍ രൂപംകൊടുത്ത മനുഷ്യനെ അവിടെ താമസിപ്പിച്ചു.
ദൈവമായ കര്‍ത്താവ് ആകാശവും ഭൂമിയും സൃഷ്ടിച്ച നാളില്‍ ഭൂമിയില്‍ പുല്ലോ ചെടിയോ മുളച്ചിരുന്നില്ല. കാരണം, അവിടുന്നു ഭൂമിയില്‍ മഴ പെയ്യിച്ചിരുന്നില്ല. കൃഷിചെയ്യാന്‍ മനുഷ്യനുണ്ടായിരുന്നുമില്ല. എന്നാല്‍, ഭൂമിയില്‍ നിന്ന് ഒരു മൂടല്‍മഞ്ഞ് ഉയര്‍ന്നു ഭൂതലമെല്ലാം നനച്ചു. ദൈവമായ കര്‍ത്താവ് ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്ധ്രങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യന്‍ ജീവനുള്ളവനായി തീര്‍ന്നു.
അവിടുന്നു കിഴക്ക് ഏദനില്‍ ഒരു തോട്ടം ഉണ്ടാക്കി, താന്‍ രൂപംകൊടുത്ത മനുഷ്യനെ അവിടെ താമസിപ്പിച്ചു. കാഴ്ചയ്ക്കു കൗതുകവും ഭക്ഷിക്കാന്‍ സ്വാദുമുള്ള പഴങ്ങള്‍ കായ്ക്കുന്ന എല്ലാത്തരം വൃക്ഷങ്ങളും അവിടുന്നു മണ്ണില്‍ നിന്നു പുറപ്പെടുവിച്ചു. ജീവന്റെ വൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും തോട്ടത്തിന്റെ നടുവില്‍ അവിടുന്നു വളര്‍ത്തി.
ഏദന്‍തോട്ടം കൃഷിചെയ്യാനും സംരക്ഷിക്കാനും ദൈവമായ കര്‍ത്താവ് മനുഷ്യനെ അവിടെയാക്കി. അവിടുന്ന് അവനോടു കല്‍പിച്ചു: തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളുടെയും ഫലം ഭക്ഷിച്ചുകൊള്ളുക. എന്നാല്‍, നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്; തിന്നുന്ന ദിവസം നീ മരിക്കും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 104:1-2a,27-28,29bc-30
എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക.
എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക.;
എന്റെ ദൈവമായ കര്‍ത്താവേ, അങ്ങ് അത്യുന്നതനാണ്;
അവിടുന്നു മഹത്വവും തേജസ്സും ധരിച്ചിരിക്കുന്നു.
വസ്ത്രമെന്നപോലെ അങ്ങു പ്രകാശമണിഞ്ഞിരിക്കുന്നു.
എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക.
യഥാസമയം ഭക്ഷണം ലഭിക്കാന്‍
അവ അങ്ങയെ നോക്കിയിരിക്കുന്നു.
അങ്ങു നല്‍കുമ്പോള്‍ അവ ഭക്ഷിക്കുന്നു;
അങ്ങു കൈ തുറന്നുകൊടുക്കുമ്പോള്‍
അവ നന്മകളാല്‍ സംതൃപ്തരാകുന്നു.
എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക.
അങ്ങ് അവയുടെ ശ്വാസം പിന്‍വലിക്കുമ്പോള്‍
അവ മരിച്ചു പൂഴിയിലേക്കു മടങ്ങുന്നു.
അങ്ങ് ജീവശ്വാസമയയ്ക്കുമ്പോള്‍ അവ സൃഷ്ടിക്കപ്പെടുന്നു;
അങ്ങു ഭൂമുഖം നവീകരിക്കുന്നു.
എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ! അല്ലേലൂയ!
കർത്താവേ, അങ്ങയുടെ വചനമാണ് സത്യം; സത്യത്താൽ അങ്ങ് ഞങ്ങളെ വിശുദ്ധീകരിക്കണമേ.
അല്ലേലൂയ!
സുവിശേഷം
മാര്‍ക്കോ 7:14-23
ഒരുവന്റെ ഉള്ളില്‍ നിന്നു പുറപ്പെടുന്ന കാര്യങ്ങളാണ് അവനെ അശുദ്ധനാക്കുന്നത്.
അക്കാലത്ത്, ജനങ്ങളെ വീണ്ടും അടുത്തേക്കു വിളിച്ച് യേശു പറഞ്ഞു: നിങ്ങളെല്ലാവരും എന്റെ വാക്കു കേട്ടു മനസ്സിലാക്കുവിന്‍. പുറമേനിന്ന് ഉള്ളിലേക്കു കടന്ന്, ഒരുവനെ അശുദ്ധനാക്കാന്‍ ഒന്നിനും കഴിയുകയില്ല. എന്നാല്‍, ഉള്ളില്‍ നിന്നു പുറപ്പെടുന്നവയാണ് അവനെ അശുദ്ധനാക്കുന്നത്. കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
അവന്‍ ജനങ്ങളെ വിട്ട് ഭവനത്തിലെത്തിയപ്പോള്‍ ഈ ഉപമയെക്കുറിച്ച് ശിഷ്യന്മാര്‍ ചോദിച്ചു. അവന്‍ പറഞ്ഞു: നിങ്ങളും വിവേചനാശക്തി ഇല്ലാത്തവരാണോ? പുറമേനിന്നു മനുഷ്യന്റെ ഉള്ളില്‍ പ്രവേശിക്കുന്ന ഒന്നിനും അവനെ അശുദ്ധനാക്കാന്‍ സാധിക്കയില്ലെന്നു നിങ്ങള്‍ മനസ്സിലാക്കുന്നില്ലേ? കാരണം, അവ മനുഷ്യന്റെ ഹൃദയത്തില്‍ പ്രവേശിക്കുന്നില്ല. പിന്നെയോ ഉദരത്തിലേക്കു കടക്കുകയും വിസര്‍ജിക്കപ്പെടുകയും ചെയ്യുന്നു. എല്ലാ ഭക്ഷണപദാര്‍ഥങ്ങളും ശുദ്ധമാണെന്ന് അങ്ങനെ അവന്‍ പ്രഖ്യാപിച്ചു. അവന്‍ തുടര്‍ന്നു: ഒരുവന്റെ ഉള്ളില്‍ നിന്നു പുറപ്പെടുന്ന കാര്യങ്ങളാണ് അവനെ അശുദ്ധനാക്കുന്നത്. എന്തെന്നാല്‍, ഉള്ളില്‍ നിന്നാണ്, മനുഷ്യന്റെ ഹൃദയത്തില്‍ നിന്നാണ് ദുശ്ചിന്ത, പരസംഗം, മോഷണം, കൊലപാതകം, വ്യഭിചാരം, ദുരാഗ്രഹം, ദുഷ്ടത, വഞ്ചന, ഭോഗാസക്തി, അസൂയ, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നത്. ഈ തിന്മകളെല്ലാം ഉള്ളില്‍ നിന്നുവരുന്നു. അവ മനുഷ്യനെ അശുദ്ധനാക്കുകയും ചെയ്യുന്നു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, കന്യകയായ വിശുദ്ധ N യില്‍
അങ്ങേ വിസ്മയനീയകര്‍മങ്ങള്‍ പ്രഘോഷിച്ചുകൊണ്ട്,
അങ്ങേ മഹിമയ്ക്കായി ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
ഈ വിശുദ്ധയുടെ പുണ്യയോഗ്യതകള്‍
അങ്ങേക്ക് സ്വീകാര്യമായപോലെ,
ഞങ്ങളുടെ ശുശ്രൂഷാ ദൗത്യവും
അങ്ങേക്ക് സ്വീകാര്യമായി തീരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. മത്താ 25:6
ഇതാ, മണവാളന്‍ വരുന്നു;
കര്‍ത്താവായ ക്രിസ്തുവിനെ എതിരേല്ക്കാന്‍ പുറപ്പെടുവിന്‍.
Or:
cf. സങ്കീ 27:4
ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു,
ഒരു കാര്യം മാത്രം ഞാന്‍ തേടുന്നു:
എന്റെ ജീവിതകാലം മുഴുവനും
കര്‍ത്താവിന്റെ ആലയത്തില്‍ വസിക്കാന്‍തന്നെ.
ദിവ്യഭോജനപ്രാര്‍ത്ഥന
ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
ദിവ്യദാനങ്ങളില്‍ പങ്കുചേര്‍ന്നു പരിപോഷിതരായി,
ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
വിശുദ്ധ N യുടെ മാതൃകയാല്‍,
യേശുവിന്റെ പരിത്യാഗം
ഞങ്ങളുടെ ശരീരത്തില്‍ വഹിച്ചുകൊണ്ട്,
അങ്ങയോടു മാത്രം ചേര്‍ന്നുനില്ക്കാന്‍
ഞങ്ങള്‍ പരിശ്രമിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹