ദിവ്യബലി വായനകൾ Wednesday of week 4 in Ordinary Time

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ദിവ്യബലി വായനകൾ

03-Feb-2021, ബുധൻ

Wednesday of week 4 in Ordinary Time or Saint Ansgar (Oscar), Bishop or Saint Blaise, Bishop, Martyr 

Liturgical Colour: Green.
____

ഒന്നാം വായന

ഹെബ്രാ 12:4-7,11-15

താന്‍ സ്‌നേഹിക്കുന്നവന് കര്‍ത്താവ് ശിക്ഷണം നല്‍കുന്നു.

സഹോദരരേ, പാപത്തിനെതിരായുള്ള സമരത്തില്‍ നിങ്ങള്‍ക്ക് ഇനിയും രക്തം ചൊരിയേണ്ടി വന്നിട്ടില്ല. നിങ്ങളെ പുത്രന്മാരെന്ന് അഭിസംബോധന ചെയ്തു കൊണ്ടുള്ള ആ ഉപദേശം നിങ്ങള്‍ മറന്നു പോയോ? എന്റെ മകനേ, കര്‍ത്താവിന്റെ ശിക്ഷണത്തെ നീ നിസ്സാരമാക്കരുത്. അവന്‍ ശാസിക്കുമ്പോള്‍ നീ നഷ്ടധൈര്യനാകയുമരുത്. താന്‍ സ്‌നേഹിക്കുന്നവന് കര്‍ത്താവു ശിക്ഷണം നല്‍കുന്നു; മക്കളായി സ്വീകരിക്കുന്നവരെ പ്രഹരിക്കുകയും ചെയ്യുന്നു. ശിക്ഷണത്തിനു വേണ്ടിയാണു നിങ്ങള്‍ സഹിക്കേണ്ടത്. മക്കളോടെന്ന പോലെ ദൈവം നിങ്ങളോടു പെരുമാറുന്നു. പിതാവിന്റെ ശിക്ഷണം ലഭിക്കാത്ത ഏതു മകനാണുള്ളത്? എല്ലാ ശിക്ഷണവും സന്തോഷപ്രദമെന്നതിനെക്കാള്‍ വേദനാജനകമായി തത്കാലത്തേക്കു തോന്നുന്നു. എന്നാല്‍, അതില്‍ പരിശീലിപ്പിക്കപ്പെട്ടവര്‍ക്കു കാലാന്തരത്തില്‍ നീതിയുടെ സമാധാനപൂര്‍വകമായ ഫലം ലഭിക്കുന്നു.
അതിനാല്‍, തളര്‍ന്ന കൈകളെയും ബലമില്ലാത്ത കാല്‍മുട്ടുകളെയും ശക്തിപ്പെടുത്തുവിന്‍. മുടന്തുള്ള പാദങ്ങള്‍ സന്ധിവിട്ട് ഇടറിപ്പോകാതെ സുഖപ്പെടാന്‍ തക്കവിധം അവയ്ക്ക് നേര്‍വഴി ഒരുക്കുവിന്‍. എല്ലാവരോടും സമാധാനത്തില്‍ വര്‍ത്തിച്ച് വിശുദ്ധിക്കു വേണ്ടി പരിശ്രമിക്കുവിന്‍. വിശുദ്ധി കൂടാതെ ആര്‍ക്കും കര്‍ത്താവിനെ ദര്‍ശിക്കാന്‍ സാധിക്കുകയില്ല. ദൈവകൃപ ആര്‍ക്കും നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. വിദ്വേഷത്തിന്റെ വേരു വളര്‍ന്ന് ഉപദ്രവം ചെയ്യാതിരിക്കാന്‍ സൂക്ഷിക്കുവിന്‍. വിദ്വേഷം മൂലം പലരും അശുദ്ധരായിത്തീരുന്നു.

കർത്താവിന്റെ വചനം.
____

പ്രതിവചന സങ്കീര്‍ത്തനം

സങ്കീ 103:1-2,13-14,17-18a

R. കര്‍ത്താവിന്റെ കാരുണ്യം അവിടുത്തെ ഭക്തരുടെ മേല്‍ എന്നേക്കുമുണ്ടായിരിക്കും

എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക! എന്റെ അന്തരംഗമേ, അവിടുത്തെ വിശുദ്ധനാമത്തെ പുകഴ്ത്തുക. എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക; അവിടുന്നു നല്‍കിയ അനുഗ്രഹമൊന്നും മറക്കരുത്.

R. കര്‍ത്താവിന്റെ കാരുണ്യം അവിടുത്തെ ഭക്തരുടെ മേല്‍ എന്നേക്കുമുണ്ടായിരിക്കും

പിതാവിനു മക്കളോടെന്ന പോലെ കര്‍ത്താവിനു തന്റെ ഭക്തരോട് അലിവു തോന്നുന്നു. എന്തില്‍ നിന്നാണു നമ്മെ മെനഞ്ഞെടുത്തതെന്ന് അവിടുന്ന് അറിയുന്നു; നാം വെറും ധൂളിയാണെന്ന് അവിടുന്ന് ഓര്‍മിക്കുന്നു.

R. കര്‍ത്താവിന്റെ കാരുണ്യം അവിടുത്തെ ഭക്തരുടെ മേല്‍ എന്നേക്കുമുണ്ടായിരിക്കും

കര്‍ത്താവിന്റെ കാരുണ്യം അവിടുത്തെ ഭക്തരുടെ മേല്‍ എന്നേക്കുമുണ്ടായിരിക്കും.അവിടുത്തെ നീതി തലമുറകളോളം.നിലനില്‍ക്കും. അവിടുത്തെ ഉടമ്പടി പാലിക്കുന്നവരുടെ മേല്‍ത്തന്നെ.

R. കര്‍ത്താവിന്റെ കാരുണ്യം അവിടുത്തെ ഭക്തരുടെമേല്‍ എന്നേക്കുമുണ്ടായിരിക്കും

____

സുവിശേഷ പ്രഘോഷണവാക്യം

മത്താ 4:4

അല്ലേലൂയാ, അല്ലേലൂയാ!

മനുഷ്യന്‍ അപ്പം കൊണ്ടു മാത്രമല്ല, ദൈവത്തിന്റെ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കു കൊണ്ടുമാണു ജീവിക്കുന്നത്.

അല്ലേലൂയാ!

Or:

യോഹ 10:27

അല്ലേലൂയാ, അല്ലേലൂയാ!

കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ ആടുകള്‍ എന്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു.

അല്ലേലൂയാ!

____

സുവിശേഷം

മാര്‍ക്കോ 6:1-6

സ്വദേശത്തും ബന്ധുജനങ്ങളുടെയിടയിലും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും പ്രവാചകന്‍ അവമതിക്കപ്പെടുന്നില്ല.

അക്കാലത്ത്, യേശു സ്വന്തം നാട്ടിലെത്തി. ശിഷ്യന്മാര്‍ അവനെ അനുഗമിച്ചു. സാബത്തു ദിവസം സിനഗോഗില്‍ അവന്‍ പഠിപ്പിക്കാനാരംഭിച്ചു. അവന്റെ വാക്കു കേട്ടു പലരും ആശ്ചര്യപ്പെട്ടു പറഞ്ഞു: ഇവന് ഇതെല്ലാം എവിടെ നിന്ന്? ഇവനു കിട്ടിയ ഈ ജ്ഞാനം എന്ത്? എത്ര വലിയ കാര്യങ്ങളാണ് ഇവന്റെ കരങ്ങള്‍ വഴി സംഭവിക്കുന്നത്! ഇവന്‍ മറിയത്തിന്റെ മകനും യാക്കോബ്, യോസെ, യൂദാസ്, ശിമയോന്‍ എന്നിവരുടെ സഹോദരനുമായ മരപ്പണിക്കാരനല്ലേ? ഇവന്റെ സഹോദരിമാരും ഇവിടെ നമ്മുടെ കൂടെയില്ലേ? ഇങ്ങനെ പറഞ്ഞ് അവര്‍ അവനില്‍ ഇടറി. യേശു അവരോടു പറഞ്ഞു: സ്വദേശത്തും ബന്ധുജനങ്ങളുടെയിടയിലും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും പ്രവാചകന്‍ അവമതിക്കപ്പെടുന്നില്ല. ഏതാനും രോഗികളുടെ മേല്‍ കൈകള്‍ വച്ചു സുഖപ്പെടുത്തുവാനല്ലാതെ മറ്റ് അദ്ഭുതമൊന്നും അവിടെ ചെയ്യാന്‍ അവനു സാധിച്ചില്ല. അവരുടെ വിശ്വാസരാഹിത്യത്തെക്കുറിച്ച് അവന്‍ വിസ്മയിച്ചു. അവന്‍ ഗ്രാമപ്രദേശങ്ങളില്‍ ചുറ്റി സഞ്ചരിച്ച് പഠിപ്പിച്ചു കൊണ്ടിരുന്നു.

കർത്താവിന്റെ സുവിശേഷം.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Leave a comment