⚜️⚜️⚜️ November 1️⃣7️⃣⚜️⚜️⚜️
ഹംഗറിയിലെ വിശുദ്ധ എലിസബത്ത്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
ഹംഗറിയിലെ രാജാവായ ആന്‍ഡ്ര്യു രണ്ടാമന്റെ മകളായാണ് വിശുദ്ധ എലിസബത്ത് ജനിച്ചത്. തന്റെ നാലാമത്തെ വയസ്സില്‍ എലിസബത്തിനെ അവളുടെ ഭാവിവരനായ തുറുങ്ങിയയിലെ ലുഡ്വിഗ് ലാന്‍ഡ്ഗ്രേവിന്റെ രാജധാനിയില്‍ എത്തിച്ചു. 1221-ല്‍ അവരുടെ വിവാഹം നടന്നു. വിവാഹത്തിന് ശേഷം വിശുദ്ധ ഭര്‍ത്താവിനോടുള്ള തന്റെ കടമയും അതുപോലെ തന്നെ ഒരു ദൈവദാസി എന്ന നിലയിലുള്ള തന്റെ ചുമതലകളും വളരെ ഭംഗിയായി നിര്‍വഹിച്ചു പോന്നു.
രാത്രികാലങ്ങളില്‍ വിശുദ്ധ വളരെയേറെ നേരം ഉറക്കമില്ലാതെ പ്രാര്‍ത്ഥനകളില്‍ മുഴുകുമായിരുന്നു. എല്ലാ തരത്തിലുള്ള കാരുണ്യ പ്രവര്‍ത്തികളും വിശുദ്ധ വളരെ ഉത്സാഹപൂര്‍വ്വം ചെയ്തു വന്നു. വിധവകളെയും, അനാഥരേയും, രോഗികളെയും, പാവപ്പെട്ടവരേയും വിശുദ്ധ അകമഴിഞ്ഞ് സഹായിച്ചു. ഒരു ക്ഷാമകാലത്ത് വിശുദ്ധ തന്റെ ശേഖരത്തിലുണ്ടായിരുന്ന മുഴുവന്‍ ധാന്യങ്ങളും പാവങ്ങള്‍ക്ക് വിതരണം ചെയ്തു.
കൂടാതെ, താന്‍ സ്ഥാപിച്ച ആശുപത്രിയിലെ കുഷ്ഠരോഗികളെ പരിചരിക്കുകയും അവരുടെ പാദങ്ങള്‍ കഴുകുകയും പാദങ്ങളിലും കരങ്ങളിലും ചുംബിക്കുകയും ചെയ്യുമായിരുന്നു. അഗതികളായവര്‍ക്ക് അനുയോജ്യമായ താമസ സൌകര്യവും വിശുദ്ധ നല്‍കിയിരുന്നു. 1227-ല്‍ ഫ്രെഡറിക്ക് ചക്രവര്‍ത്തിയുടെ നേതൃത്വത്തിലുള്ള കുരിശുയുദ്ധത്തിനിടക്ക് വിശുദ്ധയുടെ ഭര്‍ത്താവ് മരണപ്പെട്ടു. തുടര്‍ന്ന്‍ വിശുദ്ധ തന്റെ രാജകീയ പദവികളെല്ലാം ഉപേക്ഷിക്കുകയും കൂടുതല്‍ സ്വത്രന്തമായി ദൈവീകകാര്യങ്ങളില്‍ മുഴുകുകയും ചെയ്തു.
ലളിതമായ വസ്ത്രങ്ങള്‍ ധരിച്ച വിശുദ്ധ പിന്നീട് വിശുദ്ധ ഫ്രാന്‍സീസിന്റെ സഭയില്‍ ചേര്‍ന്ന്‍ എളിമ നിറഞ്ഞ ജീവിതം നയിച്ചു. സഹനം നിറഞ്ഞതായിരുന്നു വിശുദ്ധയുടെ തുടര്‍ന്നുള്ള ജീവിതം. ശത്രുക്കളുടെ ഇടപെടല്‍ മൂലം ഒരു വിധവ എന്ന നിലയില്‍ വിശുദ്ധക്കുണ്ടായിരുന്ന വസ്തുവകകള്‍ തിരിച്ചെടുക്കപ്പെട്ടു. അങ്ങിനെ വാര്‍ട്ട്ബര്‍ഗ് ഉപേക്ഷിക്കുവാന്‍ വിശുദ്ധ നിര്‍ബന്ധിതയായി. വിശുദ്ധയുടെ ശത്രുക്കളെ പ്രതിയുള്ള ഭയം നിമിത്തം ഐസ്നാച്ചിലെ ആരും വിശുദ്ധയെ സ്വീകരിക്കുവാന്‍ തയ്യാറായില്ല.
ഒരുപാട് അപേക്ഷിച്ചതിനു ശേഷം ലാന്‍ഡ്ഗ്രേവിലെ ഒരു ആട്ടിടയന്‍ ഉപേക്ഷിക്കപ്പെട്ട ഒരു പന്നികൂട് ഉപയോഗിച്ചുകൊള്ളുവാന്‍ വിശുദ്ധക്ക് അനുവാദം നല്‍കി. അവളെ സന്ദര്‍ശിക്കുവാനോ, സഹായിക്കുവാനോ ആര്‍ക്കും അനുവാദം ഉണ്ടായിരുന്നില്ല. മാസങ്ങള്‍ മാത്രം പ്രായമുള്ള ഇളയ കുട്ടി ഉള്‍പ്പെടെ തന്റെ മൂന്ന്‍ മക്കളുമായി കൊടും ശൈത്യത്തില്‍ അലയുവാനായിരുന്നു വിശുദ്ധയുടെ വിധി.
1228-ല്‍ മാര്‍ബര്‍ഗില്‍ വെച്ച് വിശുദ്ധ ഫ്രാന്‍സീസിന്റെ സന്യാസിനീ സഭയില്‍ ചേര്‍ന്ന്‍ സന്യാസിനീ വസ്ത്രം സ്വീകരിച്ചു. അപ്പോളും തന്റെ കൈവശമുണ്ടായിരുന്ന കുറച്ച് ഭൂമിയില്‍ ഒരു ആശുപത്രി പണിയുകയും സ്വയം ഒരു മണ്‍കുടിലില്‍ താമസിക്കുകയും ചെയ്തു. തന്റെ കഴിവും ആരോഗ്യവും മുഴുവനും പാവങ്ങളെയും രോഗികളെയും സഹായിക്കുന്നതിലും ദൈവീക കാര്യങ്ങളിലും മുഴുകി ജീവിച്ച വിശുദ്ധ, തന്റെ നിത്യവൃത്തിക്കുള്ളത് തുന്നല്‍ പണിയില്‍ നിന്നും സ്വരൂപിച്ചു. പ്രായത്തില്‍ ചെറിയവളും നന്മപ്രവര്‍ത്തികളില്‍ വലിയവളുമായ ഈ വിശുദ്ധ 1231-ല്‍ വെറും 24 വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു.
ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️
- സ്പെയിനിലെ അചിക്ലൂസും സഹോദരി വിക്ടോറിയയും
- പാലെസ്റ്റയിനിലെ അല്‍ഫേയൂസും
- ഓര്‍ലിന്‍സു ബിഷപ്പായിരുന്ന അനിയാനൂസ്
- അലക്സാണ്ട്രിയായിലെ ഡിയണീഷ്യസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
ക്രിസ്‌തുവിനോടൊപ്പം നിങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടെങ്കില്‍ ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്‌ടനായിരിക്കുന്ന ക്രിസ്‌തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിന്‍.
കൊളോസോസ് 3 : 1
ഭൂമിയിലുള്ള വസ്‌തുക്കളിലല്ല, പ്രത്യുത, ഉന്നതത്തിലുള്ളവയില്‍ ശ്രദ്‌ധിക്കുവിന്‍.
കൊളോസോസ് 3 : 2
എന്തെന്നാല്‍, നിങ്ങള്‍ മൃതരായിരിക്കുന്നു. നിങ്ങളുടെ ജീവന്‍ ക്രിസ്‌തുവിനോടൊപ്പം ദൈവത്തില്‍ നിഗൂഢമായി സ്‌ഥിതിചെയ്യുന്നു.
കൊളോസോസ് 3 : 3
നമ്മുടെ ജീവനായ ക്രിസ്‌തുപ്രത്യക്‌ഷനാകുമ്പോള്‍ അവനോടുകൂടെ നിങ്ങളും മഹത്വത്തില്‍ പ്രത്യക്‌ഷപ്പെടും.
കൊളോസോസ് 3 : 4
കര്‍ത്താവു കൃപാലുവും കരുണാമയനും
ക്‌ഷമാശീലനും സ്‌നേഹസമ്പന്നനുമാണ്.
സങ്കീര്‍ത്തനങ്ങള്‍ 145 : 8
കര്‍ത്താവ് എല്ലാവര്‍ക്കും നല്ലവനാണ്;
തന്റെ സര്‍വസൃഷ്‌ടിയുടെയുംമേല്‍അവിടുന്നു കരുണ ചൊരിയുന്നു.
സങ്കീര്‍ത്തനങ്ങള്‍ 145 : 9
കര്‍ത്താവേ, അവിടുത്തെ എല്ലാ സൃഷ്‌ടികളും
അവിടുത്തേക്കു കൃതജ്‌ഞതയര്‍പ്പിക്കും;
അങ്ങയുടെ വിശുദ്‌ധര്‍ അങ്ങയെ വാഴ്‌ത്തും.
സങ്കീര്‍ത്തനങ്ങള്‍ 145 : 10
അവിടുത്തെ രാജ്യത്തിന്റെ മഹത്വ ത്തെപ്പറ്റി അവര്‍ സംസാരിക്കും;
അവിടുത്തെ ശക്‌തിയെ അവര്‍ വര്‍ണിക്കും.
സങ്കീര്‍ത്തനങ്ങള്‍ 145 : 11
അവിടുത്തെ ശക്‌തമായ പ്രവൃത്തികളും
അവിടുത്തെ രാജ്യത്തിന്റെ മഹത്വപൂര്‍ണമായ പ്രതാപവും
മനുഷ്യമക്കളെ അവര്‍ അറിയിക്കും.
സങ്കീര്‍ത്തനങ്ങള്‍ 145 : 12
ഞാന്‍ നിനക്കു വീണ്ടും ആരോഗ്യം നല്‍കും; നിന്റെ മുറിവുകള്‍ സുഖപ്പെടുത്തും. കര്‍ത്താവ് അരുളിച്ചെയ്യുന്നു: അവര്‍ നിന്നെ ഭ്രഷ്‌ട എന്നും ആരും തിരിഞ്ഞു നോക്കാത്ത സീയോന്‍ എന്നും വിളിച്ചില്ലേ?
ജറെമിയാ 30 : 17
കര്‍ത്താവ് അരുളിച്ചെയ്യുന്നു: യാക്കോബിന്റെ കൂടാരങ്ങളുടെ ഭാഗധേയം ഞാന്‍ പുനഃസ്‌ഥാപിക്കും. അവരുടെ വാസസ്‌ഥലങ്ങളോടു ഞാന്‍ കാരുണ്യം പ്രകടിപ്പിക്കും. നഗരം നാശക്കൂമ്പാരത്തില്‍നിന്നു വീണ്ടും പണിയപ്പെടും; കൊട്ടാരം അതിന്റെ സ്‌ഥാനത്തുതന്നെ വീണ്ടും ഉയര്‍ന്നു നില്‍ക്കും.
ജറെമിയാ 30 : 18
അവയില്‍നിന്നു കൃതജ്‌ഞതാഗീതങ്ങളും സന്തുഷ്‌ടരുടെ ആഹ്ലാദാരവവും ഉയരും: ഞാന്‍ അവരെ വര്‍ധിപ്പിക്കും; അവര്‍ കുറഞ്ഞു പോവുകയില്ല. ഞാന്‍ അവരെ മഹത്വമണിയിക്കും; അവര്‍ നിസ്‌സാരരാവുകയില്ല.
ജറെമിയാ 30 : 19
അവരുടെ മക്കള്‍ പൂര്‍വകാലത്തേതുപോലെയാകും; അവരുടെ സമൂഹം എന്റെ മുന്‍പില്‍ സുസ്‌ഥാപിതമാകും; അവരെ ദ്രോഹിക്കുന്നവരെ ഞാന്‍ ശിക്‌ഷിക്കും.
ജറെമിയാ 30 : 20
അവരുടെ രാജാവ് അവരില്‍ ഒരാള്‍തന്നെയായിരിക്കും; അവരുടെ ഭരണാധിപന്‍ അവരുടെയിടയില്‍ നിന്നുതന്നെവരും. എന്റെ സന്നിധിയില്‍ വരാന്‍ ഞാന്‍ അവനെ അനുവദിക്കും; അപ്പോള്‍ അവന്‍ എന്റെ അടുക്കല്‍ വരും. അല്ലാതെ എന്നെ സമീപിക്കാന്‍ ആരാണുധൈര്യപ്പെടുക- കര്‍ത്താവ് അരുളിച്ചെയ്യുന്നു.
ജറെമിയാ 30 : 21
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനേഴാം തീയതി
ജപം
ദയാശീലനും കാരുണ്യവാനുമായ ഈശോയേ, ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ ആത്മാക്കളെ കൃപാകടാക്ഷത്തോടുകൂടെ തൃക്കണ്‍പാര്‍ത്ത്, അവരുടെ സകല പാപങ്ങളെയും പൊറുത്തു കൊള്ളണമേ. ഈ ആത്മാക്കളെല്ലാം ശുദ്ധീകരണസ്ഥലത്തില്‍ നിന്നും പുറപ്പെട്ടു നിത്യായുസ്സായ അങ്ങേപ്പക്കല്‍ വന്നു ചേരുവാന്‍ കൃപ ചെയ്യണമേ.
മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ.
നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ.
സൂചന
(മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക)
മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ
നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
സുകൃതജപം
ഈശോ മിശിഹായുടെ ദിവ്യ ഹൃദയമേ! ഞങ്ങളുടെമേല്‍ അലിവായിരിക്കണമേ.
സല്‍ക്രിയ
നമ്മള്‍ അറിയുന്നതോ അറിയാത്തതോ ആയ അനേകരുടെ മരണദിവസമാണ് ഇന്ന്‍. അവര്‍ക്കുവേണ്ടി 5 സ്വര്‍ഗ്ഗ. 5 നന്മ. 5 ത്രിത്വ. ചൊല്ലി സമര്‍പ്പിക്കുക.

Leave a comment