🌹 🔥 🌹 🔥 🌹 🔥 🌹
04 Dec 2022
2nd Sunday of Advent
Liturgical Colour: Violet.
സമിതിപ്രാര്‍ത്ഥന
സര്‍വശക്തനും കാരുണ്യവാനുമായ ദൈവമേ,
അങ്ങേ പുത്രനെ എതിരേല്ക്കാന്‍
തിടുക്കത്തില്‍ ഓടിയണയുന്നവര്‍ക്ക്
ലൗകികമായ ഒന്നുംതന്നെ പ്രതിബന്ധമാകരുതേ.
എന്നാല്‍ സ്വര്‍ഗീയ ജ്ഞാനസമ്പാദനം
ഞങ്ങളെ അവിടന്നില്‍ പങ്കാളികളാക്കാന്‍ ഇടവരുത്തട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ഏശ 11:1-10
ജസ്സെയുടെ വേര് ജനങ്ങള്‍ക്ക് ഒരു അടയാളമായി നിലകൊള്ളും.
ജസ്സെയുടെ കുറ്റിയില്‍ നിന്ന് ഒരു മുള കിളിര്‍ത്തുവരും;
അവന്റെ വേരില്‍ നിന്ന് ഒരു ശാഖ പൊട്ടിക്കിളിര്‍ക്കും.
കര്‍ത്താവിന്റെ ആത്മാവ് അവന്റെ മേല്‍ ആവസിക്കും.
ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്,
ഉപദേശത്തിന്റെയും ശക്തിയുടെയും ആത്മാവ്,
അറിവിന്റെയും ദൈവഭക്തിയുടെയും ആത്മാവ്.
അവന്‍ ദൈവഭക്തിയില്‍ ആനന്ദം കൊള്ളും.
കണ്ണുകൊണ്ടു കാണുന്നതു കൊണ്ടോ
ചെവികൊണ്ടു കേള്‍ക്കുന്നതു കൊണ്ടോ മാത്രം
അവന്‍ വിധി നടത്തുകയില്ല.
ദരിദ്രരെ അവന്‍ ധര്‍മനിഷ്ഠയോടെ വിധിക്കും.
ഭൂമിയിലെ എളിയവരോട് അവന്‍ നീതിപൂര്‍വം വര്‍ത്തിക്കും.
ആജ്ഞാദണ്ഡു കൊണ്ട് അവന്‍ ഭൂമിയെ പ്രഹരിക്കും.
അവന്റെ മൊഴി ദുഷ്ടരെ നിഗ്രഹിക്കും.
നീതിയും വിശ്വസ്തതയും കൊണ്ട് അവന്‍ അരമുറുക്കും.
ചെന്നായും ആട്ടിന്‍കുട്ടിയും ഒന്നിച്ചു വസിക്കും.
പുള്ളിപ്പുലി കോലാട്ടിന്‍കുട്ടിയോടു കൂടെ കിടക്കും.
പശുക്കിടാവും സിംഹക്കുട്ടിയും ഒന്നിച്ചു മേയും.
ഒരു ശിശു അവയെ നയിക്കും.
പശുവും കരടിയും ഒരിടത്തു മേയും.
അവയുടെ കുട്ടികള്‍ ഒന്നിച്ചു കിടക്കും.
സിംഹം കാളയെപ്പോലെ വൈക്കോല്‍ തിന്നും.
മുലകുടിക്കുന്ന ശിശു സര്‍പ്പപ്പൊത്തിനു മുകളില്‍ കളിക്കും.
മുലകുടിമാറിയ കുട്ടി അണലിയുടെ അളയില്‍ കൈയിടും.
എന്റെ വിശുദ്ധഗിരിയില്‍ ആരും ദ്രോഹമോ നാശമോ ചെയ്യുകയില്ല.
സമുദ്രം ജലം കൊണ്ടെന്നപോലെ
ഭൂമി കര്‍ത്താവിനെക്കുറിച്ചുള്ള ജ്ഞാനം കൊണ്ടു നിറയും.
അന്ന് ജസ്സെയുടെ വേര്
ജനങ്ങള്‍ക്ക് ഒരു അടയാളമായി നിലകൊള്ളും.
ജനതകള്‍ അവനെ അന്വേഷിക്കും.
അവന്റെ ഭവനം മഹത്വപൂര്‍ണമായിരിക്കും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 72:1-2,7-8,12-13,17
അവന്റെ കാലത്തു നീതി തഴച്ചുവളരട്ടെ! ചന്ദ്രനുള്ളിടത്തോളം കാലം സമാധാനം പുലരട്ടെ!
ദൈവമേ, രാജാവിന് അങ്ങേ നീതിബോധവും
രാജകുമാരന് അങ്ങേ ധര്‍മനിഷ്ഠയും നല്‍കണമേ!
അവന്‍ അങ്ങേ ജനത്തെ ധര്‍മനിഷ്ഠയോടും
അങ്ങേ ദരിദ്രരെ നീതിയോടും കൂടെ ഭരിക്കട്ടെ!
അവന്റെ കാലത്തു നീതി തഴച്ചുവളരട്ടെ! ചന്ദ്രനുള്ളിടത്തോളം കാലം സമാധാനം പുലരട്ടെ!
അവന്റെ കാലത്തു നീതി തഴച്ചുവളരട്ടെ!
ചന്ദ്രനുള്ളിടത്തോളം കാലം സമാധാനം പുലരട്ടെ!
സമുദ്രം മുതല്‍ സമുദ്രം വരെയും
നദി മുതല്‍ ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും
അവന്റെ ആധിപത്യം നിലനില്‍ക്കട്ടെ!
അവന്റെ കാലത്തു നീതി തഴച്ചുവളരട്ടെ! ചന്ദ്രനുള്ളിടത്തോളം കാലം സമാധാനം പുലരട്ടെ!
നിലവിളിക്കുന്ന പാവപ്പെട്ടവനെയും
നിസ്സഹായനായ ദരിദ്രനെയും അവന്‍ മോചിപ്പിക്കും.
ദുര്‍ബലനോടും പാവപ്പെട്ടവനോടും അവന്‍ കരുണ കാണിക്കുന്നു;
അഗതികളുടെ ജീവന്‍ അവന്‍ രക്ഷിക്കും.
അവന്റെ കാലത്തു നീതി തഴച്ചുവളരട്ടെ! ചന്ദ്രനുള്ളിടത്തോളം കാലം സമാധാനം പുലരട്ടെ!
അവന്റെ നാമം നിത്യം നിലനില്‍ക്കട്ടെ!
സൂര്യനുള്ളിടത്തോളം കാലം
അവന്റെ കീര്‍ത്തി നിലനില്‍ക്കട്ടെ!
അവനെപ്പോലെ അനുഗൃഹീതരാകട്ടെ
എന്നു ജനം പരസ്പരം ആശംസിക്കട്ടെ!
ജനതകള്‍ അവനെ അനുഗൃഹീതനെന്നു വിളിക്കട്ടെ.
അവന്റെ കാലത്തു നീതി തഴച്ചുവളരട്ടെ! ചന്ദ്രനുള്ളിടത്തോളം കാലം സമാധാനം പുലരട്ടെ!
രണ്ടാം വായന
റോമാ 15:4-9
ക്രിസ്തു എല്ലാവരെയും രക്ഷിക്കുന്നു.
മുമ്പ് എഴുതപ്പെട്ടവയെല്ലാം നമ്മുടെ പ്രബോധനത്തിനു വേണ്ടിയാണ് – സ്‌ഥൈര്യത്താലും വിശുദ്ധ ലിഖിതങ്ങളില്‍ നിന്നു ലഭിക്കുന്ന സമാശ്വാസത്താലും നമുക്കു പ്രത്യാശയുളവാക്കുവാന്‍ വേണ്ടി. സ്‌ഥൈര്യവും സമാശ്വാസവും നല്‍കുന്ന ദൈവം പരസ്പരൈക്യത്തില്‍ യേശുക്രിസ്തുവിനോടു ചേര്‍ന്നു ജീവിക്കാന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ! അങ്ങനെ നിങ്ങളൊത്തൊരുമിച്ച് ഏകസ്വരത്തില്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവനെ മഹത്വപ്പെടുത്താനിടയാകട്ടെ.
ആകയാല്‍, ദൈവമഹത്വത്തിനായി ക്രിസ്തു നിങ്ങളെ സ്വീകരിച്ചതുപോലെ നിങ്ങള്‍ അന്യോന്യം സ്വീകരിക്കുവിന്‍. ദൈവത്തിന്റെ സത്യനിഷ്ഠ വെളിപ്പെടുത്താന്‍വേണ്ടി ക്രിസ്തു പരിച്‌ഛേദിതര്‍ക്കു ശുശ്രൂഷകനായി എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. അങ്ങനെ പിതാക്കന്മാരോടു ചെയ്ത വാഗ്ദാനം സ്ഥിരീകരിക്കപ്പെട്ടു. കൂടാതെ, ദൈവകാരുണ്യത്തെക്കുറിച്ചു വിജാതീയര്‍ അവിടുത്തെ പ്രകീര്‍ത്തിക്കുന്നതിന് ഇടയാവുകയും ചെയ്തു. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ആകയാല്‍, വിജാതീയരുടെയിടയില്‍ ഞാന്‍ അങ്ങയെ സ്തുതിക്കും. അങ്ങേ നാമത്തിനു കീര്‍ത്തനം പാടും.
കർത്താവിന്റെ വചനം.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ! അല്ലേലൂയ!
കർത്താവിന്റെ വഴി ഒരുക്കുവിൻ; അവന്റെ പാത നേരെയാക്കുവിൻ. സകല മനുഷ്യരും ദൈവത്തിന്റെ രക്ഷ കാണും.
അല്ലേലൂയ!
സുവിശേഷം
മത്താ 3:1-12
മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു.
അക്കാലത്ത് സ്‌നാപകയോഹന്നാന്‍ യൂദയായിലെ മരുഭൂമിയില്‍ വന്നു പ്രസംഗിച്ചു:
മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു.
ഇവനെപ്പറ്റിയാണ് ഏശയ്യാ പ്രവാചകന്‍ വഴി ഇങ്ങനെ അരുളിച്ചെയ്യപ്പെട്ടത്:
മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദം
കര്‍ത്താവിന്റെ വഴിയൊരുക്കുവിന്‍;
അവന്റെ പാതകള്‍ നേരേയാക്കുവിന്‍.
യോഹന്നാന്‍ ഒട്ടകരോമം കൊണ്ടുള്ള വസ്ത്രവും അരയില്‍ തോല്‍വാറും ധരിച്ചിരുന്നു. വെട്ടുകിളിയും കാട്ടുതേനുമായിരുന്നു അവന്റെ ഭക്ഷണം. ജറുസലെമിലും യൂദയാ മുഴുവനിലും ജോര്‍ദാന്റെ പരിസരപ്രദേശങ്ങളിലും നിന്നുള്ള ജനം അവന്റെ അടുത്തെത്തി. അവര്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞ്, ജോര്‍ദാന്‍ നദിയില്‍വച്ച് അവനില്‍ നിന്നു സ്‌നാനം സ്വീകരിച്ചു.
അനേകം ഫരിസേയരും സദുക്കായരും സ്‌നാനമേല്‍ക്കാന്‍ വരുന്നതുകണ്ട്, യോഹന്നാന്‍ അവരോടു പറഞ്ഞു: അണലിസന്തതികളേ, ആസന്നമായ ക്രോധത്തില്‍ നിന്ന് ഓടിയകലാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയതാരാണ്? മാനസാന്തരത്തിനു യോജിച്ച ഫലം പുറപ്പെടുവിക്കുവിന്‍. ഞങ്ങള്‍ക്കു പിതാവായി അബ്രാഹം ഉണ്ട് എന്നുപറഞ്ഞ് അഭിമാനിക്കേണ്ടാ. ഈ കല്ലുകളില്‍ നിന്ന് അബ്രാഹത്തിനു സന്താനങ്ങളെ പുറപ്പെടുവിക്കാന്‍ ദൈവത്തിനു കഴിയുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു. വൃക്ഷങ്ങളുടെ വേരിനു കോടാലി വച്ചുകഴിഞ്ഞു. നല്ല ഫലം കായ്ക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിലെറിയും. മാനസാന്തരത്തിനായി ഞാന്‍ ജലംകൊണ്ടു നിങ്ങളെ സ്‌നാനപ്പെടുത്തി. എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ ശക്തന്‍; അവന്റെ ചെരിപ്പു വഹിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല; അവന്‍ പരിശുദ്ധാത്മാവിനാലും അഗ്നിയാലും നിങ്ങളെ സ്‌നാനപ്പെടുത്തും. വീശുമുറം അവന്റെ കൈയിലുണ്ട്. അവന്‍ കളം വെടിപ്പാക്കി, ഗോതമ്പ് അറപ്പുരയില്‍ ശേഖരിക്കും; പതിര് കെടാത്ത തീയില്‍ കത്തിച്ചു കളയുകയുംചെയ്യും.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ഞങ്ങളുടെ എളിയ പ്രാര്‍ഥനകളും കാണിക്കകളുംവഴി
ഞങ്ങളില്‍ സംപ്രീതനാകണമേ.
ഒന്നും അവകാശപ്പെടാനില്ലാത്ത ഞങ്ങള്‍ക്ക്
അങ്ങേ കരുണയുടെ സംരക്ഷണം സഹായമായി നല്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
ബാറൂ 5:5; 4:36
ജറുസലേമേ, ഉണരുക; ഉന്നതത്തില്‍ നിലകൊള്ളുക.
നിന്റെ ദൈവത്തില്‍ നിന്ന് നിന്റെ പക്കലേക്കു വരുന്ന ആനന്ദം കണ്ടാലും.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, ആത്മീയപോഷണമാകുന്ന ഭോജനത്താല്‍ നിറഞ്ഞ്
ഞങ്ങള്‍ അങ്ങയോട് പ്രാര്‍ഥിക്കുന്നു.
ഈ രഹസ്യത്തിലെ പങ്കാളിത്തം വഴി
ലൗകികമായവ ശരിയായി വിലയിരുത്താനും
സ്വര്‍ഗീയമായവ മുറുകെപ്പിടിക്കാനും
ഞങ്ങളെ പഠിപ്പിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ..
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹