Thursday of the Fourth Week of Advent

🌹 🔥 🌹 🔥 🌹 🔥 🌹

22 Dec 2022

Liturgical Colour: Violet.

സമിതിപ്രാര്‍ത്ഥന

മരണത്തില്‍ നിപതിച്ചിരുന്ന മനുഷ്യരെ കടാക്ഷിച്ച്
അങ്ങേ ഏകജാതന്റെ ആഗമനത്താല്‍
അവരെ വീണ്ടെടുക്കാന്‍ തിരുവുള്ളമായ ദൈവമേ,
അങ്ങയോടു ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു:
അവിടത്തെ മനുഷ്യാവതാരം
ഭക്തിവിനയത്തോടെ ഏറ്റുപറയുന്നവരെ
അതേ രക്ഷകന്റെ സഹവാസത്തിന് യോഗ്യരാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 സാമു 1:24-28
ഹന്നാ സാമുവലിന്റെ ജനനത്തിന് നന്ദി അര്‍പ്പിക്കുന്നു.

സാമുവലിന്റെ മുലകുടി മാറിയപ്പോള്‍, മൂന്നുവയസ്സുള്ള ഒരു കാളക്കുട്ടി, ഒരു ഏഫാ മാവ്, ഒരു കുടം വീഞ്ഞ് എന്നിവയോടുകൂടെ ഹന്നാ അവനെ ഷീലോയില്‍ കര്‍ത്താവിന്റെ ആലയത്തിലേക്കു കൊണ്ടുവന്നു; സാമുവല്‍ അപ്പോള്‍ ബാലനായിരുന്നു. അവര്‍ കാളക്കുട്ടിയെ ബലിയര്‍പ്പിച്ചു; അനന്തരം, ശിശുവിനെ ഏലിയുടെ അടുക്കല്‍ കൊണ്ടുവന്നു. അവള്‍ പറഞ്ഞു: ഗുരോ, ഇവിടെ അങ്ങേ മുമ്പില്‍ നിന്ന് കര്‍ത്താവിനോടു പ്രാര്‍ഥിച്ച സ്ത്രീ തന്നെയാണ് ഞാന്‍. ഈ കുഞ്ഞിനു വേണ്ടിയാണു ഞാന്‍ പ്രാര്‍ഥിച്ചത്; എന്റെ പ്രാര്‍ഥന കര്‍ത്താവ് കേട്ടു. ആകയാല്‍, ഞാന്‍ അവനെ കര്‍ത്താവിനു സമര്‍പ്പിച്ചിരിക്കുന്നു. ആജീവനാന്തം അവന്‍ കര്‍ത്താവിനുള്ളവനായിരിക്കും. അവര്‍ കര്‍ത്താവിനെ ആരാധിച്ചു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

1 സാമു 2:1,4-8

എന്റെ ഹൃദയം കര്‍ത്താവില്‍ ആനന്ദിക്കുന്നു.

എന്റെ ഹൃദയം കര്‍ത്താവില്‍ ആനന്ദിക്കുന്നു.
എന്റെ ശിരസ്സ് കര്‍ത്താവില്‍ ഉയര്‍ന്നിരിക്കുന്നു.
എന്റെ അധരം ശത്രുക്കളെ പരിഹസിക്കുന്നു.
എന്തെന്നാല്‍, അവിടുത്തെ രക്ഷയില്‍ ഞാന്‍ ആനന്ദിക്കുന്നു.

എന്റെ ഹൃദയം കര്‍ത്താവില്‍ ആനന്ദിക്കുന്നു.

വീരന്മാരുടെ വില്ലുകള്‍ തകരുന്നു.
ബലഹീനരാകട്ടെ ശക്തിപ്രാപിക്കുന്നു.
സുഭിക്ഷം അനുഭവിച്ചിരുന്നവര്‍
ആഹാരത്തിനായി കൂലിപ്പണി ചെയ്യുന്നു.
വിശപ്പ് അനുഭവിച്ചിരുന്നവര്‍ സംതൃപ്തി അടയുന്നു,
വന്ധ്യ ഏഴു പ്രസവിക്കുന്നു.
സന്താന സമ്പത്തുള്ളവള്‍ നിരാലംബയാകുന്നു.

എന്റെ ഹൃദയം കര്‍ത്താവില്‍ ആനന്ദിക്കുന്നു.

കര്‍ത്താവ് ജീവന്‍ എടുക്കുകയും കൊടുക്കുകയും ചെയ്യുന്നു.
അവിടുന്നു പാതാളത്തിലേക്കിറക്കുകയും
അവിടെനിന്നു കയറ്റുകയും ചെയ്യുന്നു.
ദരിദ്രനും ധനികനും ആക്കുന്നത് കര്‍ത്താവാണ്.
താഴ്ത്തുന്നതും ഉയര്‍ത്തുന്നതും അവിടുന്നു തന്നെ.

എന്റെ ഹൃദയം കര്‍ത്താവില്‍ ആനന്ദിക്കുന്നു.

ദരിദ്രനെ അവിടുന്നു ധൂളിയില്‍ നിന്ന് ഉയര്‍ത്തുന്നു.
അഗതിയെ കുപ്പയില്‍ നിന്നു സമുദ്ധരിക്കുന്നു.
അങ്ങനെ അവരെ പ്രഭുക്കന്മാരോടൊപ്പം ഇരുത്തി,
ഉന്നതസ്ഥാനങ്ങള്‍ക്ക് അവകാശികളാക്കുന്നു.

എന്റെ ഹൃദയം കര്‍ത്താവില്‍ ആനന്ദിക്കുന്നു.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

ജനതകൾക്ക് അടയാളമായ, ജെസ്സെയുടെ വേരാകുന്ന കർത്താവേ, വൈകാതെ ഞങ്ങളെ രക്ഷിക്കാൻ വരിക.

അല്ലേലൂയ!

Or

അല്ലേലൂയ! അല്ലേലൂയ!

ജനങ്ങളുടെ രാജാവും സഭയുടെ മൂലക്കല്ലുമായ കർത്താവേ, മണ്ണുകൊണ്ട് അങ്ങ് ചമച്ച മനുഷ്യനെ രക്ഷിക്കാൻ വരിക.

അല്ലേലൂയ!

സുവിശേഷം

ലൂക്കാ 1:46-56
ശക്തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്തിരിക്കുന്നു.

മറിയം പറഞ്ഞു:

എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.
എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു.
അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു.
ഇപ്പോള്‍ മുതല്‍ സകല തലമുറകളും
എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും.
ശക്തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്തിരിക്കുന്നു,
അവിടുത്തെനാമം പരിശുദ്ധമാണ്.
അവിടുത്തെ ഭക്തരുടെമേല്‍ തലമുറകള്‍ തോറും
അവിടുന്ന് കരുണ വര്‍ഷിക്കും.
അവിടുന്ന് തന്റെ ഭുജംകൊണ്ട് ശക്തി പ്രകടിപ്പിച്ചു;
ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചു.
ശക്തന്മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു;
എളിയവരെ ഉയര്‍ത്തി.
വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങള്‍ കൊണ്ട് സംതൃപ്തരാക്കി;
സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു.
തന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട്
അവിടുന്ന് തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു.
നമ്മുടെ പിതാക്കന്മാരായ അബ്രാഹത്തോടും അവന്റെ സന്തതികളോടും
എന്നേക്കുമായി ചെയ്ത വാഗ്ദാനം അനുസരിച്ചുതന്നെ.

മറിയം അവളുടെകൂടെ മൂന്നു മാസത്തോളം താമസിച്ചു. പിന്നെ വീട്ടിലേക്കു മടങ്ങി.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കാരുണ്യത്തില്‍ ആശ്രയിച്ചുകൊണ്ട്
സംപൂജ്യമായ അള്‍ത്താരയിലേക്ക് കാഴ്ചകളുമായി
ഞങ്ങള്‍ ഓടി അണയുന്നു.
ഞങ്ങളെ ശുദ്ധീകരിക്കുന്ന അങ്ങേ കൃപയാല്‍,
ഞങ്ങള്‍ ശുശ്രൂഷചെയ്യുന്ന അതേ രഹസ്യങ്ങളാല്‍
ഞങ്ങള്‍ സംശുദ്ധരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

ലൂക്കാ 1:46,49

എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്ത്വപ്പെടുത്തുന്നു.
എന്തെന്നാല്‍, ശക്തനായവന്‍ എനിക്ക് വലിയകാര്യങ്ങള്‍ ചെയ്തിരിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കൂദാശയുടെ സ്വീകരണം
ഞങ്ങളെ ശക്തിപ്പെടുത്തുമാറാകട്ടെ.
അങ്ങനെ, രക്ഷകന്‍ വരുമ്പോള്‍
അവിടത്തേക്ക് ഉചിതമായ പ്രവൃത്തികളാല്‍
അവിടത്തെ കണ്ടുമുട്ടാനും
അനുഗൃഹീതരുടെ സമ്മാനങ്ങള്‍ നേടാനും
ഞങ്ങളെ യോഗ്യരാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment