Rev. Fr Abraham Thazhayil (1859-1943)

മൺമറഞ്ഞ മഹാരഥൻമാർ…

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ
ആചാര്യന്മാരെ അനുസ്മരിക്കുന്നു…

പുളിന്തിട്ട പ്രദേശത്ത് മലങ്കര സുറിയാനി കത്തോലിക്കാ സഭക്ക് തുടക്കം കുറിച്ച ഏബ്രഹാം താഴയിൽ അച്ചൻ…

Fr Abraham Thazhayil (1859-1943)

മാർത്തോമ്മാ സഭാ വിശ്വാസികളായിരുന്നതാഴയിൽ ചാണ്ടപ്പിള്ള, കുഞ്ഞാണ്ടമ്മ ദമ്പതികളുടെ പത്തു മക്കളിൽ ഏക ആൺതരിയായി 1859ൽ ഏബ്രഹാം ജനിച്ചു. ആൺമക്കളിലൂടെയാണ് കുടുംബത്തിന്റെ തലമുറകൾ രൂപപ്പെടുക എന്നതായിരുന്നു അന്നത്തെ നാട്ടുനടപ്പ്, ആദ്യമുണ്ടായവരെല്ലാം പെൺകുഞ്ഞുങ്ങളായിരുന്നതിനാൽ കുടുംബം നിലനിർത്താനായി ഒരു മകനെ നൽകണമെന്ന് മാതാപിതാക്കൾ ദൈവസന്നിധിയിൽ കണ്ണുനീരോടെ പ്രാർത്ഥിച്ചു. വിശുദ്ധ ഗ്രന്ഥത്തിൽ സാമുവേൽ പ്രവാചകന്റെ മാതാപിതാക്കൾ തങ്ങൾക്കൊരു പുത്രനെ നൽകിയാൽ അവനെ അങ്ങേക്കായി പ്രതിഷ്ഠിക്കുമെന്ന് ദൈവസന്നിധിയിൽ പ്രാർത്ഥിച്ചതു (1 സാമു 1,10 -11) മാതൃകയാക്കി അവരും പ്രാർത്‌ഥിച്ചു. അങ്ങനെ ഒമ്പത് പെൺമക്കൾക്കുമായി ലഭിച്ച ഏക സഹോദരനെ ദൈവസന്നിധിയിൽ പ്രീതികരമായവിധം വളർത്തി. ബാല്യം മുതലെ പള്ളിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും മുൻ നിരയിൽ ഏബ്രഹാമുണ്ടായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം വൈദികനാകണമെന്നുള്ള ആഗ്രഹത്താൽ അന്നത്തെ രീതിയനുസരിച്ചുള്ള സെമിനാരി പരിശീലനം ആരംഭിച്ചു. സുറിയാനി പരിശീലനവും ആരാധനക്രമവും പ്രാർത്ഥനകളും സ്വായത്തമാക്കി. പരിശീലനം പൂർത്തിയാക്കി തീത്തൂസ് ദ്വിതീയൻ മാർത്തോമ മെത്രാപ്പൊലീത്തയിൽ നിന്ന് വൈദികപട്ടം സ്വീകരിക്കുകയും ചെയ്തു.

ഇലന്തൂർ (പുളിന്തിട്ട) സെന്റ് തോമസ് മാർത്തോമ ഇടവകയിൽ നിന്നുള്ള ആദ്യത്തെ വൈദികനാണ് ഏബ്രഹാം അച്ചൻ. 1915 മുതൽ 1934 വരെ മാതൃ ഇടവകയിൽ തന്നെ വികാരിയായി. 1917 – 1924 വരെയുള്ള കാലത്ത് പുന്നയ്ക്കാട് ഇമ്മാനുവേൽ മാർത്തോമാ ഇടവകയിലും വികാരിയായിരുന്നു.

പുളിന്തിട്ട മാർത്തോമ പള്ളി വികാരിയായി താഴയിൽ അച്ചൻ ശുശ്രൂഷ ചെയ്തു വരവെ ഒരു ശവസംസ്കാരവുമായി ബന്ധപ്പെട്ട് പള്ളിയിലുണ്ടായ നിരന്തര തർക്കങ്ങളെ തുടർന്ന് മനസ്സുമടുത്തു. ഞായല്ലൂർ ജോൺ സാറുമായി (ജോസഫ് ഞായല്ലൂർ റമ്പാച്ചന്റെ പിതാവ്) ഈ കാലയളവിൽ അടുത്ത ബന്ധമുണ്ടായിരുന്നു. ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ നേതൃത്വത്തിലാരംഭിച്ച പുനരൈക്യ ശുശ്രൂഷകളിലൂടെ കത്തോലിക്കാ സഭയിലേക്ക് കടന്നുവന്ന ജോൺ സാർ ക്രിസ്തു സ്ഥാപിച്ച ഏക സത്യസഭ കത്തോലിക്കാ സഭയാണെന്നും പത്രോസിന്റെ പിൻഗാമിയായ മാർപാപ്പയാൽ നയിക്കപ്പെടുന്നത് സത്യസഭയാണെന്നതും തന്റെ ചുറ്റുപാടുകളിൽ സധൈര്യം പ്രഘോഷിക്കുന്ന ഒരു മിഷണറിയായിരുന്നു, അങ്ങനെ താഴയിൽ അച്ചനും കത്തോലിക്കാ സഭയെക്കുറിച്ച് പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തു. 1934ൽ ദൈവദാസൻ മാർ ഈവാനിയോസ് പിതാവിനെ പോയി കാണുകയും പട്ടം സെന്റ് അലോഷ്യസ് സെമിനാരിയുടെ ചാപ്പലിൽ വെച്ച് പുനരൈക്യപ്പെടുകയും സഭാംഗമായി തീരുകയും ചെയ്തു. അച്ചന്റെ കുടുംബാംഗങ്ങളും സമീപമുള്ള ഏതാനം കുടുംബങ്ങളും മലങ്കര കത്തോലിക്കാ സഭാംഗങ്ങളായി, അങ്ങനെ പുളിന്തിട്ട പ്രദേശത്ത് മലങ്കര സുറിയാനി കത്തോലിക്കാ ഇടവക കൂട്ടായ്മ രൂപപ്പെട്ടു.

1935ൽ (1110 ഇടവം 23) പുളിന്തിട്ട പ്രദേശത്ത് മാർ ഈവാനിയോസ് പിതാവ് വസ്തു വാങ്ങി. ഭാരത മണ്ണിൽ സുവിശേഷം അറിയിച്ച ക്രിസ്തു ശിഷ്യനായ മാർ തോമാ ശ്ലീഹായുടെ നാമത്തിൽ അവിടെ ഒരു ചെറിയ പള്ളി പണിതു, ഇടവകയുടെ ആദ്യ വികാരിയും താഴയിൽ അച്ചൻ തന്നെയാണ്. പിന്നീട് 1936ൽ (1111 വൃശ്ചികം 13) സെമിത്തേരിക്കും സ്ഥലം വാങ്ങി, രണ്ട് സ്ഥലവും മാർ ഈവാനിയോസ് പിതാവിന്റെ പേരിലാണ് വാങ്ങിയിരിക്കുന്നത്.

മാർ ഈവാനിയോസ് പിതാവുമായി അടുത്ത ബന്ധം അച്ചനുണ്ടായിരുന്നു. പല പ്രാവശ്യം അച്ചനെ കാണുവാനായി പിതാവ് പുളിന്തിട്ടയിലെത്തിയിട്ടുണ്ട്. തിരുമേനിക്ക് വിശ്രമിക്കുവാനായി പള്ളിയോടു ചേർന്ന് ചെറിയ ഒരു മുറി പണി കഴിപ്പിച്ചിരുന്നു. അച്ചന്റെ യാത്രകൾക്കായി ഒരു കുതിര വണ്ടി പിതാവ് നൽകിയിരുന്നു.

താഴയിൽ അച്ചന്റെ ശുശ്രൂഷകളിലും സഭാത്മക പ്രവർത്തനങ്ങളിലും താങ്ങും തണലുമായി സഹധർമ്മിണി അന്നമ്മ എന്നും കൂടെയുണ്ടായിരുന്നു.
അച്ചന്റെ 4 ആൺമക്കൾ റ്റി. എ ചാണ്ടപ്പിള്ള (ഉണ്ണൂണ്ണി), റ്റി.എ ഏബ്രഹാം, റ്റി.എ വർഗ്ഗീസ്, റ്റി.എ തോമസ് എന്നിവരാണ്.
മക്കളിൽ ഏറ്റവും മൂത്ത മകൻ ചാണ്ടപ്പിള്ളയോടൊപ്പമായിരുന്നു വാർദ്ധക്യ ജീവിതം. തികഞ്ഞ ശാന്തപ്രകൃതക്കാരനായിരുന്ന അച്ചൻ സമാധാനപ്രിയനും മിതഭാഷിയുമായിരുന്നു. പ്രതിബന്ധങ്ങളെ അവഗണിച്ചു സ്വന്തം തീരുമാനങ്ങളിൽ ഉറച്ചു നിൽക്കാനുള്ള മനോബലവും കരഗതമായുണ്ടായിരുന്നു.

അച്ചന്റെ മരണത്തിന് വർഷങ്ങൾക്ക് മുമ്പു തന്നെ സഹധർമ്മിണി അന്നമ്മ ഇഹലോകവാസം വെടിഞ്ഞു. ശാരീരികമായ അസ്വസ്ഥതകളാലും പ്രായത്തിന്റെ അവശതകളാലും അച്ചൻ ഏറെ ഭാരപ്പെട്ടു കുറെക്കാലം രോഗബാധിതനായി ശയ്യാവലംബനായിരുന്നു.

1943 ജൂൺ 18ന് സ്വർഗ്ഗീയ സമ്മാനത്തിനായി അച്ചൻ യാത്രയായി, പള്ളിക്കുള്ളിൽ തന്നെ അച്ചന്റെ ഭൗതീകശരീരം യഥോചിതം സംസ്കരിച്ചു.

സിറിൾ ബസേലിയോസ് കാതോലിക്കാ ബാവയുടെ കാലത്ത് പുളിന്തിട്ടയിൽ ഇപ്പോഴുള്ള പുതിയ പള്ളി പണിയുകയും അച്ചന്റെ ഭൗതീകശരീരം പള്ളിയുടെ ഒരു വശത്ത് പുതിയ കല്ലറയുണ്ടാക്കി അവിടേക്ക് മാറ്റുകയും ചെയ്തു. അച്ചന്റെ ഓർമ്മക്കായി കൊച്ചു മക്കൾ പളളിക്കായി ഒരു കുരിശടി നിർമ്മിച്ചു നൽകി. താഴയിൽ കുടുംബത്തിൽ നിന്ന് മാർത്തോമാ, ഓർത്തഡോക്സ്, കത്തോലിക്കാ സഭകളിലായി നിരവധി വൈദികർ വിവിധ കാലങ്ങളിലുണ്ടായിട്ടുണ്ട്. തിരുവനന്തപുരം അതിരൂപതാംഗമായിരുന്ന പരേതനായ ഫാ. ജോൺ താഴയിൽ ഏബ്രഹാം അച്ചന്റെ കൊച്ചുമകനായിരുന്നു.

പുളിന്തിട്ട ഇടവകയുടെ സ്ഥാപകനും ആദ്യ വികാരിയുമായ താഴയിൽ ഏബ്രഹാം അച്ചൻ ചരിത്രത്തിൽ ഇന്നും ജീവിക്കുന്നു. അച്ചന്റെ അനുഗ്രഹദായകമായ ജീവിതത്തിന്റെ മാതൃകകൾ സ്വീകരിച്ചു പിൻതലമുറകൾ ഇന്നും സജീവമായി സഭാ ശുശ്രൂഷകളിൽ ഭാഗഭാഗക്കുകളാകുന്നു.

കടപ്പാട് : മാത്തുക്കുട്ടി താഴയിൽ, കരവാളൂർ കൊല്ലം; ജ്യോതി ഫിലിപ്പ് താഴയിൽ, തിരുവല്ല; അനിൽ ജോൺ എബ്രഹാം, താഴയിൽ (കുടുംബാംഗങ്ങൾ)

✍️ ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

Advertisements
സിബി അച്ചൻ

Fr Sebastian John Kizhakkethil – Email: fr.sebastiankizhakkethil@gmail.com

Advertisements
Advertisements
Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s