The Holy Innocents, Martyrs – Feast 

🌹 🔥 🌹 🔥 🌹 🔥 🌹

28 Dec 2022

The Holy Innocents, Martyrs – Feast 

Liturgical Colour: Red.

സമിതിപ്രാര്‍ത്ഥന

ദൈവമേ, ഈ ദിനത്തില്‍ രക്തസാക്ഷികളായ പൈതങ്ങള്‍
വാക്കുകളാലല്ല, മരണംകൊണ്ടാണല്ലോ
അങ്ങയെ പ്രഘോഷിക്കുകയും ഏറ്റുപറയുകയും ചെയ്തത്.
ഞങ്ങളുടെ അധരങ്ങള്‍ കൊണ്ടു പ്രഘോഷിക്കുന്ന അങ്ങേ വിശ്വാസം,
ഞങ്ങളുടെ ജീവിതശൈലികള്‍ വഴിയും ഏറ്റുപറയാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 യോഹ 1:5a-2:2
അവിടുത്തെ പുത്രനായ യേശുവിന്റെ രക്തം എല്ലാ പാപങ്ങളിലും നിന്നു നമ്മെ ശുദ്ധീകരിക്കുന്നു.

ഇതാണ് ഞങ്ങള്‍ അവനില്‍ നിന്നു കേള്‍ക്കുകയും
നിങ്ങളോടു പ്രഖ്യാപിക്കുകയും ചെയ്യുന്ന സന്‌ദേശം:
ദൈവം പ്രകാശമാണ്.
ദൈവത്തില്‍ അന്ധകാരമില്ല.
അവിടുത്തോടു കൂട്ടായ്മയുണ്ടെന്നു പറയുകയും
അതേ സമയം അന്ധകാരത്തില്‍ നടക്കുകയും ചെയ്താല്‍
നാം വ്യാജം പറയുന്നവരാകും;
സത്യം പ്രവര്‍ത്തിക്കുന്നുമില്ല.
അവിടുന്നു പ്രകാശത്തില്‍ ആയിരിക്കുന്നതുപോലെ,
നമ്മളും പ്രകാശത്തില്‍ സഞ്ചരിക്കുന്നെങ്കില്‍
നമുക്കു പരസ്പരം കൂട്ടായ്മയുണ്ടാകും.
അവിടുത്തെ പുത്രനായ യേശുവിന്റെ രക്തം
എല്ലാ പാപങ്ങളിലും നിന്നു നമ്മെ ശുദ്ധീകരിക്കുന്നു.

നമുക്കു പാപമില്ലെന്നു നാം പറഞ്ഞാല്‍ അത് ആത്മവഞ്ചനയാകും;
അപ്പോള്‍ നമ്മില്‍ സത്യമില്ലെന്നു വരും.
എന്നാല്‍, നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍,
അവന്‍ വിശ്വസ്തനും നീതിമാനുമാകയാല്‍,
പാപങ്ങള്‍ ക്ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു
നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും.
നാം പാപം ചെയ്തിട്ടില്ല എന്നു പറഞ്ഞാല്‍
നാം അവനെ വ്യാജം പറയുന്നവനാക്കുന്നു.
അവന്റെ വചനം നമ്മില്‍ ഉണ്ടായിരിക്കുകയുമില്ല.

എന്റെ കുഞ്ഞുമക്കളേ,
നിങ്ങള്‍ പാപം ചെയ്യാതിരിക്കേണ്ടതിനാണ്
ഞാന്‍ ഇവ നിങ്ങള്‍ക്കെഴുതുന്നത്.
എന്നാല്‍, ആരെങ്കിലും പാപം ചെയ്യാന്‍ ഇടയായാല്‍ത്തന്നെ
പിതാവിന്റെ സന്നിധിയില്‍ നമുക്ക് ഒരു മധ്യസ്ഥനുണ്ട് – നീതിമാനായ യേശുക്രിസ്തു.
അവന്‍ നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയാണ്;
നമ്മുടെ മാത്രമല്ല ലോകം മുഴുവന്റെയും പാപങ്ങള്‍ക്ക്.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 124:2-3,4-5,7cd-8

വേടന്റെ കെണിയില്‍ നിന്നു പക്ഷിയെന്ന പോലെ നമ്മള്‍ രക്ഷപെട്ടു.

ജനങ്ങള്‍ നമുക്കെതിരേ ഉയര്‍ന്നപ്പോള്‍,
കര്‍ത്താവു നമ്മോടുകൂടെ ഇല്ലായിരുന്നെങ്കില്‍,
അവരുടെ കോപം നമുക്കെതിരേ ജ്വലിച്ചപ്പോള്‍,
അവര്‍ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു.

വേടന്റെ കെണിയില്‍ നിന്നു പക്ഷിയെന്ന പോലെ നമ്മള്‍ രക്ഷപെട്ടു.

ജലപ്രവാഹം നമ്മെ ഒഴുക്കിക്കളയുമായിരുന്നു;
മലവെള്ളം നമ്മെ മൂടിക്കളയുമായിരുന്നു.
ആര്‍ത്തിരമ്പുന്ന പ്രവാഹം
നമ്മുടെമേല്‍ കവിഞ്ഞൊഴുകുമായിരുന്നു.

വേടന്റെ കെണിയില്‍ നിന്നു പക്ഷിയെന്ന പോലെ നമ്മള്‍ രക്ഷപെട്ടു.

വേടന്റെ കെണിയില്‍ നിന്നു പക്ഷിയെന്ന പോലെ
നമ്മള്‍ രക്ഷപെട്ടു;
ആകാശവും ഭൂമിയും സൃഷ്ടിച്ച
കര്‍ത്താവിന്റെ നാമത്തിലാണു നമ്മുടെ ആശ്രയം.

വേടന്റെ കെണിയില്‍ നിന്നു പക്ഷിയെന്ന പോലെ നമ്മള്‍ രക്ഷപെട്ടു.

cf Te Deum

അല്ലേലൂയ! അല്ലേലൂയ!

ദൈവമേ, ഞങ്ങൾ അങ്ങയെ സ്തുതിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നു. അവിടുത്തെ, രക്തസാക്ഷികളുടെ ഗണം അങ്ങയെ പ്രകീർത്തിക്കുന്നു.

അല്ലേലൂയ!

സുവിശേഷം

മത്താ 2:13-18
ബേത്‌ലെഹെമിലെയും സമീപപ്രദേശങ്ങളിലെയും രണ്ടും അതില്‍ താഴെയും വയസ്സുള്ള എല്ലാ ആണ്‍കുട്ടികളെയും വധിച്ചു.

ജ്ഞാനികള്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു ജോസഫിനോടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്കു പലായനം ചെയ്യുക. ഞാന്‍ പറയുന്നതുവരെ അവിടെ താമസിക്കുക. ഹേറോദേസ് ശിശുവിനെ വധിക്കാന്‍ വേണ്ടി ഉടനെ അന്വേഷണം തുടങ്ങും. അവന്‍ ഉണര്‍ന്ന്, ശിശുവിനെയും അമ്മയെയും കൂട്ടി, ആ രാത്രിതന്നെ ഈജിപ്തിലേക്കുപോയി; ഹേറോദേസിന്റെ മരണംവരെ അവിടെ വസിച്ചു. ഈജിപ്തില്‍ നിന്നു ഞാന്‍ എന്റെ പുത്രനെ വിളിച്ചു എന്നു പ്രവാചകനിലൂടെ കര്‍ത്താവ് അരുളിച്ചെയ്തതു പൂര്‍ത്തിയാകാനാണ് ഇതു സംഭവിച്ചത്. ജ്ഞാനികള്‍ തന്നെ കബളിപ്പിച്ചെന്നു മനസ്സിലാക്കിയ ഹേറോദേസ് രോഷാകുലനായി. അവരില്‍ നിന്നു മനസ്സിലാക്കിയ സമയമനുസരിച്ച് അവന്‍ ബേത്‌ലെഹെമിലെയും സമീപപ്രദേശങ്ങളിലെയും രണ്ടും അതില്‍ താഴെയും വയസ്സുള്ള എല്ലാ ആണ്‍കുട്ടികളെയും ആളയച്ചു വധിച്ചു. ഇങ്ങനെ, ജറെമിയാ പ്രവാചകന്‍ വഴി അരുളിച്ചെയ്യപ്പെട്ടതു പൂര്‍ത്തിയായി: റാമായില്‍ ഒരുസ്വരം, വലിയ കരച്ചിലും മുറവിളിയും. റാഹേല്‍ സന്താനങ്ങളെക്കുറിച്ചു കരയുന്നു. അവളെ സാന്ത്വനപ്പെടുത്തുക അസാധ്യം. എന്തെന്നാല്‍, അവള്‍ക്കു സന്താനങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഭക്തരായ ദാസരുടെ കാണിക്കകള്‍ സ്വീകരിക്കുകയും
അങ്ങേ രഹസ്യങ്ങള്‍ ഭക്തിയോടെ ശുശ്രൂഷിക്കുന്ന
ഇവരെ ശുദ്ധീകരിക്കുകയും ചെയ്യണമേ.
ഈ രഹസ്യങ്ങള്‍ വഴിയാണല്ലോ
അറിവില്ലാത്തവരെപ്പോലും അങ്ങ് നീതീകരിക്കുന്നത്.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. വെളി 14:4

അവര്‍ ദൈവത്തിനും കുഞ്ഞാടിനുമുള്ള ആദ്യഫലങ്ങളായി,
മനുഷ്യരില്‍നിന്നു വിലയ്ക്കു വാങ്ങപ്പെട്ടവരാണ്.
കുഞ്ഞാട് പോകുന്നേടത്തെല്ലാം അവര്‍ അനുഗമിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ പുത്രനെ
വാക്കാല്‍ ഏറ്റുപറയാന്‍ കഴിയാത്ത പൈതങ്ങളെ,
അങ്ങേ പിറവിയെപ്രതി,
സ്വര്‍ഗീയകൃപയാല്‍ അങ്ങ് കിരീടമണിയിച്ചുവല്ലോ.
അവരുടെ തിരുനാളില്‍
അങ്ങേ വിശുദ്ധ വസ്തുക്കള്‍ സ്വീകരിക്കുന്ന വിശ്വാസികള്‍ക്ക്
രക്ഷയുടെ സമൃദ്ധി പ്രദാനംചെയ്യണമേ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Leave a comment