ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ ദിവംഗതനായി

വത്തിക്കാൻ സിറ്റി: പോപ്പ് എമിരറ്റസ് ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ (95) ദിവംഗതനായി. വത്തിക്കാനിലെ മേറ്റർ എക്ലീസിയാ മൊണാസ്ട്രിയിൽ വച്ചായിരുന്നു അന്ത്യം. പ്രാദേശിക സമയം 9.34 നാണ് അദ്ദേഹം അന്തരിച്ചതെന്ന് വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചു.

കുറച്ചുകാലമായി അസുഖബാധിതനായി കിടപ്പിലായിരുന്നു. ജോണ്‍ പോള്‍ രണ്ടാമൻ മാർപാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28 ന് സ്ഥാനത്യാഗം ചെയ്തിരുന്നു.

തുടര്‍ന്ന് പോപ് എമെരിറ്റസ് എന്ന പദവിയില്‍ വത്തിക്കാന്‍ ഗാര്‍ഡന്‍സിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു. ജർമൻ പൗരനായ കർദിനാൾ ജോസഫ് റാറ്റ്‌സിങ്ങറാണ് ബനഡിക്‌ട് പതിനാറാമൻ എന്ന സ്ഥാനപ്പേരിൽ മാര്‍പാപ്പയായത്.

1927 ഏപ്രില്‍ 16-ന് ജര്‍മനിയിലെ ബവേറിയിലാണ് ജോസഫ് റാറ്റ്‌സിങ്ങറിന്‍റെ ജനനം. പോലീസുകാരനായിരുന്ന ജോസഫ് റാറ്റ്സിംങ്ങര്‍ സീനിയറിന്‍റെയും മരിയയുടെയും മൂന്നാമത്തെ മകനായിരുന്നു ജോസഫ് റാറ്റ്സിംഗര്‍.

സാല്‍സ്ബര്‍ഗില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ ഓസ്ട്രിയന്‍ അതിര്‍ത്തിയിലെ ട്രോണ്‍സ്റ്റീന്‍ ഗ്രാമത്തിലാണ് ജോസഫ് റാറ്റ്‌സിങ്ങറിന്‍റെ ബാല്യ, കൗമാരങ്ങള്‍ ചെലവഴിച്ചത്. 1941-ല്‍ പതിനാലാം വയസില്‍, ജോസഫ് റാറ്റ്‌സിംങ്ങര്‍, നാസി യുവ സംഘടനയായ ഹിറ്റ്ലര്‍ യൂത്തില്‍ അംഗമായി. അക്കാലത്ത് ജര്‍മനിയില്‍ 14 വയസു കഴിഞ്ഞ എല്ലാ കുട്ടികളും ഹിറ്റ്ലര്‍ യൂത്തില്‍ പ്രവര്‍ത്തിച്ചിരിക്കണമെന്ന് നിബന്ധനയുണ്ടായിരുന്നു.

കുര്‍ബാന അര്‍പ്പിച്ചതിന് വൈദികനെ നാസികള്‍ ആക്രമിക്കുന്നത് ഉള്‍പ്പെടെ കത്തോലിക്കാ സഭക്കെതിരായ ഒട്ടേറെ പീഡനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു വളര്‍ന്ന ജോസഫ്,1945 ൽ സഹോദരൻ ജോർജ് റാറ്റ്‌സിങ്ങറിനൊപ്പം കത്തോലിക്കാ സെമിനാരിയിൽ ചേർന്നു. 1951 ജൂൺ 29 നു വൈദികനായി. 1977 ൽ മ്യൂണിക്കിലെ ആർച്ച്‌ബിഷപ്പായി.

എണ്‍പതു വര്‍ഷത്തിനിടെ ബവേറിയയിലെ ഏറ്റവും വിഖ്യാതമായ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പാകുന്ന ആദ്യ സ്വദേശിയായിരുന്നു അദേഹം. അതേ വര്‍ഷം ജൂണ്‍ 27-ന് പോള്‍ ആറാമന്‍ മാര്‍പ്പാപ്പ ആര്‍ച്ച് ബിഷപ്പ് ജോസഫ് റാറ്റ്‌സിംങ്ങറെ കര്‍ദിനാളായി ഉയര്‍ത്തി.

1981 നവംബര്‍ 25-ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ കര്‍ദിനാള്‍ റാറ്റ്‌സിംങ്ങറെ വിശ്വാസ തിരുസംഘത്തിന്‍റെ പ്രീഫെക്ട് ആയും രാജ്യാന്തര ദൈവശാസ്ത്ര കമ്മീഷന്‍റെയും പൊന്തിഫിക്കല്‍ ബൈബിള്‍ കമ്മീഷന്‍റെയും പ്രസിഡന്‍റായും നിയമിച്ചു.

1998 നവംബര്‍ ആറിന് കര്‍ദിനാള്‍ സംഘത്തിന്‍റെ വൈസ് ഡീനായും 2002 നവംബര്‍ 30ന് ഡീനായും ഉയര്‍ത്തി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മരണത്തെത്തുടര്‍ന്ന് 2005 ഏപ്രില്‍ 19 ന് എഴുപത്തെട്ടാം വയസില്‍ 265-ാമത് മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു. 2013 ഫെബ്രുവരി 28-ന് മാർപാപ്പ പദവി ഒഴിഞ്ഞ് പോപ്പ് എമിരറ്റ്സായി.

അദ്ദേഹത്തിന്‍റെ അവിവാഹിതയായിരുന്ന സഹോദരി മരിയ 1991 ലും സഹോദരന്‍ ഫാ. ജോര്‍ജ് റാറ്റ്സിംങ്ങർ 2020 ജൂലൈ ഒന്നിനും അന്തരിച്ചു.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment