വീട് വെഞ്ചരിപ്പ്‌ (സാധാരണ ക്രമം) | Housewarming Prayers Malayalam (Simple Form)

Advertisements

പ്രാർത്ഥനക്കായി ഒരുമിച്ചു ചേരുന്നിടത്തുനിന്നോ, രൂപക്കൂടിന്റെ മുൻപിൽനിന്നോ അല്ലെങ്കിൽ തിരുഹൃദയ രൂപം സ്ഥാപിച്ചിരിക്കുന്നിടത്തു നിന്നോ ആരംഭിക്കുന്നു.

കാർമ്മി: പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും + നാമത്തിൽ

സമൂ: ആമ്മേൻ

കാർമ്മി \ സമൂ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.

ഞങ്ങൾക്ക് ആവശ്യമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങൾ  പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്ടാ രൂപയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേൻ

ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ.

കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, ഈ ഭവനത്തേയും ഇതിലെ നിവാസികളെയും + ആശീർവദിക്കണമേ. ആത്മീയവും ശാരീരികവുമായ എല്ലാ അപകടങ്ങളിൽ നിന്നും ഇവരെ കാത്തുരക്ഷിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.

സമൂ: ആമ്മേൻ

സങ്കീർത്തനം

കാർമ്മി: സൈന്യങ്ങളുടെ ദൈവമായ കർത്താവേ, അങ്ങയുടെ ഭവനം എത്ര മനോഹരമാകുന്നു.

സമൂ: അങ്ങയുടെ ഭവനത്തിൽ വസിക്കുന്നവർ എത്ര ഭാഗ്യവാന്മാരാകുന്നു.

കാർമ്മി: അന്യസ്ഥലത്തു ആയിരം ദിവസത്തേക്കാൾ അങ്ങയുടെ അങ്കണത്തിൽ ഒരുദിവസം കൂടുതൽ അഭികാമ്യമാണല്ലോ.

സമൂ: ദുഷ്ടന്മാരുടെ കൂടാരങ്ങളേക്കാൾ ദൈവഭവനത്തിന്റെ വാതിൽപ്പടി ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നു.

കാർമ്മി: പതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

സമൂ: ആദിമുതൽ എന്നേക്കും, ആമ്മേൻ

ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ.

കാർമ്മി: ഈജിപ്തിലെ അടിമത്തത്തിൽ വച്ച് ഇസ്രായേൽക്കാരുടെ കുടുംബങ്ങളെ അപകടങ്ങളിൽനിന്നും രക്ഷിച്ച കാരുണ്യവാനായ കർത്താവേ, ഈ കുടുംബത്തെ + ആശീർവദിക്കണമേ.
അങ്ങയുടെ തിരുസഭയിൽ സജീവമായി പ്രവർത്തിക്കുന്ന പ്രധാന ഘടകം കുടുംബമാകയാൽ പൈതൃകമായ അനുഗ്രഹം നൽകി ഇതിനെ കാത്തുരക്ഷിക്കണമേ. ഞങ്ങളുടെ ഈ ഭവനം അങ്ങയുടെ ആലയമായി സ്വീകരിക്കേണമേ. നസ്രസ്സിലെ തിരുകുടുംബം പോലെ ഇത് സമാധാനത്തിന്റെയും പ്രാർത്ഥനയുടെയും ഒരു ഭവനമായി തീരട്ടെ. സന്തോഷത്തിലും സന്താപത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും അങ്ങയുടെ തിരുമനസ്സ് നിറവേറ്റുവാൻ ഞങ്ങളെ സഹായിക്കണമേ. ശിശുക്കളെ സംരക്ഷിക്കുകയും പരിശുദ്ധരായി വളർന്നുവരുവാൻ അവരെ അനുഗ്രഹിക്കുകയും ചെയ്യണമേ.
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ.

സമൂ: ആമ്മേൻ

(താഴെവരുന്ന പ്രാർത്ഥന ചൊല്ലിക്കൊണ്ട് കാർമ്മികൻ പ്രധാന വാതിലിന്റെ മുകൾ ഭാഗത്തു കുരിശുവരക്കുന്നു.)

കാർമ്മി: പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും + നാമത്തിൽ വിശുദ്ധകുരിശിന്റെ അടയാളത്താൽ മുദ്രയിടപ്പെടുന്ന ഈ ഭവനം എന്നേക്കും അനുഗൃഹീതമാകട്ടെ.

സമൂ: ആമ്മേൻ

(കുടുംബങ്ങളുടെ നേരെ തിരിഞ്ഞു കാരമുയർത്തി)

കാർമ്മി: നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിനെ സഹവാസവും നാം എല്ലാവരോടും കൂടി ഉണ്ടായിരിക്കട്ടെ. ഇപ്പോഴും + എപ്പോഴും എന്നേക്കും.

സമൂ: ആമ്മേൻ

മുറികളിലും പരിസരങ്ങളിലും വെഞ്ചരിച്ച പനിനീർ തളിക്കുന്നു.
ഈ സമയം സമൂഹം കർത്താവിന്റെയോ മാതാവിന്റെയോ ലുത്തിനിയ പാടുന്നു.

കുടുംബ പ്രതിഷ്ഠാ ജപം / തിരുഹൃദയ പ്രതിഷ്‌ഠാ ജപം

(കാർമ്മികൻ സമൂഹത്തിനു ചൊല്ലിക്കൊടുക്കുന്നു)

കാർമ്മി: ഈശോയുടെ തിരുഹൃദയമേ, / ഈ കുടുംബത്തെയും, / ഞങ്ങളെ ഓരോരുത്തരേയും / ഞങ്ങള്‍ അങ്ങേക്ക് പ്രതിഷ്ഠിക്കുന്നു. / ഞങ്ങളുടെ ഈ കുടുംബത്തില്‍ / അങ്ങ് രാജാവായി വാഴേണമേ. / ഞങ്ങളുടെ പ്രവര്‍ത്തികളെല്ലാം / അങ്ങ് തന്നെ നിയന്ത്രിക്കേണമേ. / ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം / ആശീര്‍വദിക്കയും, / ഞങ്ങളുടെ സന്തോഷങ്ങള്‍ / വിശുദ്ധീകരിക്കയും, / സങ്കടങ്ങളില്‍ / ആശ്വാസം നല്കുകയും ചെയ്യേണമേ. / ഞങ്ങളില്‍ ആരെങ്കിലും / അങ്ങയെ ഉപദ്രവിക്കാന്‍ ഇടയായാല്‍, / ഞങ്ങളോടു ക്ഷമിക്കേണമേ. / ഈ കുടുംബത്തിലുള്ളവരെയും, / ഇവിടെ നിന്ന് അകന്നിരിക്കുന്നവരെയും, / സമൃദ്ധമായി അനുഗ്രഹിക്കേണമേ. / ഞങ്ങളുടെ മരിച്ചുപോയ കുടുംബാംഗങ്ങളെ / നിത്യഭാഗ്യത്തിലേക്ക് പ്രവേശിപ്പിക്കേണമേ. / ആല്‍മീയവും ശാരീരികവുമായ / എല്ലാ വിപത്തുകളിലും നിന്ന്, / ഞങ്ങളെ കാത്തുകൊള്ളേണമേ. / സ്വര്‍ഗത്തില്‍ അങ്ങയെ കണ്ടാനന്ദിക്കുവാന്‍ / ഞങ്ങല്‍ക്കെല്ലാവര്‍ക്കും / അനുഗ്രഹം നല്‍കണമേ. / മറിയത്തിന്‍റ് വിമല ഹൃദയവും, / മാര്‍ യൌസേപ്പ് പിതാവും, / ഞങ്ങളുടെ പ്രതിഷ്ടയെ / അങ്ങേക്ക് സമര്‍പ്പിക്കുകയും / ജീവിതകാലം മുഴുവനും / ഇതിന്‍റെ സജീവസ്മരണ / ഞങ്ങളില്‍ നിലനിര്‍ത്തുകയും ചെയ്യട്ടെ. / ആമ്മേൻ

ഈശോയുടെ തിരുഹൃദയമേ, / ഞങ്ങളെ അനുഗ്രഹിക്കണമേ.

മറിയത്തിന്‍റ് വിമല ഹൃദയമേ, / ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ.

വി. യൌസേപ്പ് പിതാവേ, / ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ.

വി. മാര്‍ഗരീത്തമറിയമേ, / ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ.

അവസാനം കാപ്പി / ഭക്ഷണം ഉണ്ടെങ്കിൽ അത് ആശീർവദിച്ചു വിതരണം ചെയ്യുന്നു.

കാർമ്മി: അനന്തമായ കാരുണ്യത്താൽ ഞങ്ങളെ അനുദിനം പരിപാലിച്ചുകൊണ്ടിരിക്കുന്ന ദൈവമേ, ഈ ഭക്ഷണപാനീയങ്ങൾ ആശീർവദിക്കണമേ. ഇവ ഞങ്ങൾക്ക് ആരോഗ്യവും ബലവും പ്രധാനം ചെയ്യട്ടേ. ഇവയെല്ലാം അങ്ങയുടെ മഹത്വത്തിന് ഉപകരിക്കത്തക്കവിധം ഉപയോഗിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ.

സമൂ: ആമ്മേൻ

വെഞ്ചരിച്ച പനിനീർ തളിക്കുന്നു

Advertisements
Advertisements
Advertisements

Leave a comment