ഡെഹ്‌റാഡൂണ്‍: ജോഷിമഠിലെ ദുരന്തബാധിത മേഖലയിൽ സഹായമെത്തിച്ച ശേഷം തിരികെ വരുന്നതിനിടെ വാഹനാപകടത്തില്‍ മലയാളി വൈദികന്‍ മരിച്ചു. കോഴിക്കോട് ചക്കിട്ടപാറ സ്വദേശി ഫാ. മെല്‍വിന്‍ പി. എബ്രഹാം ആണ് മരിച്ചത്. അപകടത്തില്‍ മറ്റു രണ്ടു വൈദികര്‍ക്കു പരിക്കേറ്റെന്നും വിവരമുണ്ട്.
വ്യാഴാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ദുരിത മേഖലയില്‍ ഭക്ഷണം എത്തിച്ചു മടങ്ങുംവഴി ഇവര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്കു മറിയുകയായിരുന്നു. ഇന്നു പുലര്‍ച്ചെയോടെ സൈനികരാണ് മൃതദേഹം പുറത്തേക്കെടുത്തത്. ജോഷിമഠിലെ കുടുംബങ്ങൾക്കുള്ള അരിയും മറ്റും സാധനങ്ങളുമായി ഒറ്റയ്ക്കാണ് അദ്ദേഹം മുന്നൂറിലേറെ കിലോമീറ്ററുകൾ താണ്ടി ജോഷിമഠിലെത്തിയത്. യാത്ര തുടങ്ങുന്നതിനു മുന്പും പോകുന്ന വഴിക്കും ചെന്നതിനു ശേഷവുമുള്ള വീഡിയോകൾ അദ്ദേഹം പങ്കുവച്ചിരുന്നു. ദുരിതാശ്വാസ പ്രവർത്തനത്തിനു ശേഷം മടങ്ങുംവഴിയാണ് അപകടമുണ്ടായത്.
മൂടല്‍മഞ്ഞു മൂലം കാഴ്ച മറഞ്ഞതാണ് അപകട കാരണമെന്നാണ് വിവരം. ബിജിനോര്‍ രൂപതയുടെ പ്രതിനിധിയായാണ് ഫാ. എബ്രഹാം ഇവിടെ ശുശ്രൂഷ ചെയ്തു വന്നിരുന്നത്. സംസ്കാര ചടങ്ങുകള്‍ ഞായറാഴ്ച നടക്കും.
Source: Deepika News
