3rd Sunday in Ordinary Time (Sunday of the Word of God) 

🌹 🔥 🌹 🔥 🌹 🔥 🌹

22 Jan 2023

3rd Sunday in Ordinary Time (Sunday of the Word of God) 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
ഞങ്ങളുടെ പ്രവൃത്തികള്‍
അങ്ങേ ഇഷ്ടാനുസരണം നയിക്കണമേ.
അങ്ങനെ, അങ്ങേ പ്രിയപുത്രന്റെ നാമത്തില്‍
സത്പ്രവൃത്തികളാല്‍ അഭിവൃദ്ധിപ്രാപിക്കാന്‍
ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഏശ 8:23-9:3
അന്ധകാരത്തില്‍ കഴിഞ്ഞ ജനം മഹത്തായ ഒരു പ്രകാശം കണ്ടു.

ആദ്യകാലങ്ങളില്‍ സെബുലൂണിന്റെയും നഫ്താലിയുടെയും ദേശങ്ങളെ അവിടുന്ന് നിന്ദനത്തിന് ഇരയാക്കി. എന്നാല്‍, അവസാനനാളുകളില്‍ സമുദ്രത്തിലേക്കുള്ള പാതയെ, ജോര്‍ദാനക്കരെയുള്ള ദേശത്തെ, ജനതകളുടെ ഗലീലിയെ അവിടുന്ന് മഹത്വപൂര്‍ണമാക്കും.

അന്ധകാരത്തില്‍ കഴിഞ്ഞ ജനം മഹത്തായ ഒരു പ്രകാശം കണ്ടു;
കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേല്‍ പ്രകാശം ഉദിച്ചു.
അങ്ങ് ജനതയെ വര്‍ധിപ്പിച്ചു; അവര്‍ക്ക് അത്യധികമായ ആനന്ദം നല്‍കി.
വിളവെടുപ്പില്‍ സന്തോഷിക്കുന്നവരെ പോലെയും
കവര്‍ച്ചവസ്തു പങ്കുവയ്ക്കുമ്പോള്‍ ആനന്ദിക്കുന്നവരെ പോലെയും
അവര്‍ അങ്ങേ മുന്‍പില്‍ ആഹ്‌ളാദിക്കുന്നു.
അവന്‍ വഹിച്ചിരുന്ന നുകവും
അവന്റെ ചുമലിലെ ദണ്ഡും മര്‍ദകന്റെ വടിയും
മിദിയാന്റെ നാളിലെന്നപോലെ അങ്ങ് തകര്‍ത്തുകളഞ്ഞിരിക്കുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 27:1,4,13-14

കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്.

കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്,
ഞാന്‍ ആരെ ഭയപ്പെടണം?
കര്‍ത്താവ് എന്റെ ജീവിതത്തിനു കോട്ടയാണ്,
ഞാന്‍ ആരെ പേടിക്കണം?

കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്.

ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു;
ഒരു കാര്യം മാത്രം ഞാന്‍ തേടുന്നു;
കര്‍ത്താവിന്റെ മാധുര്യം ആസ്വദിക്കാനും
കര്‍ത്താവിന്റെ ആലയത്തില്‍
അവിടുത്തെ ഹിതം ആരായാനും വേണ്ടി
ജീവിതകാലം മുഴുവന്‍
അവിടുത്തെ ആലയത്തില്‍ വസിക്കാന്‍തന്നെ.

കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്.

ജീവിക്കുന്നവരുടെ ദേശത്തു
കര്‍ത്താവിന്റെ നന്മ കാണാമെന്നു ഞാന്‍ വിശ്വസിക്കുന്നു.
കര്‍ത്താവില്‍ പ്രത്യാശയര്‍പ്പിക്കുവിന്‍,
ദുര്‍ബലരാകാതെ ധൈര്യമവലംബിക്കുവിന്‍;
കര്‍ത്താവിനുവേണ്ടി കാത്തിരിക്കുവിന്‍.

കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്.

രണ്ടാം വായന

1 കോറി 1:10-13,17
എല്ലാവരും സ്വരച്ചേര്‍ച്ചയോടും ഐക്യത്തോടും ഏകമനസ്സോടും ഏകാഭിപ്രായത്തോടും കൂടെ വര്‍ത്തിക്കണം.

സഹോദരരേ, നിങ്ങള്‍ എല്ലാവരും സ്വരച്ചേര്‍ച്ചയോടും ഐക്യത്തോടും ഏകമനസ്സോടും ഏകാഭിപ്രായത്തോടും കൂടെ വര്‍ത്തിക്കണമെന്നു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു. എന്റെ സഹോദരരേ, നിങ്ങളുടെയിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടെന്നു ക്‌ളോയെയുടെ ബന്ധുക്കള്‍ എന്നെ അറിയിച്ചിരിക്കുന്നു. ഞാന്‍ പൗലോസിന്റെതാണ്, ഞാന്‍ അപ്പോളോസിന്റെതാണ്, ഞാന്‍ കേപ്പായുടേതാണ്, ഞാന്‍ ക്രിസ്തുവിന്റെതാണ് എന്നിങ്ങനെ നിങ്ങളോരോരുത്തരും പറയുന്നതിനെയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ക്രിസ്തു വിഭജിക്കപ്പെട്ടിരിക്കുന്നുവോ? നിങ്ങള്‍ക്കുവേണ്ടി ക്രൂശിതനായതു പൗലോസാണോ? പൗലോസിന്റെ നാമത്തിലാണോ നിങ്ങള്‍ ജ്ഞാനസ്നാനം സ്വീകരിച്ചത്?
എന്തെന്നാല്‍, ക്രിസ്തു എന്നെ അയച്ചത് സ്നാനം നല്‍കുവാനല്ല, സുവിശേഷം പ്രസംഗിക്കാനാണ്. എന്നാല്‍, വാഗ്വിലാസത്തോടെയല്ല; ആയിരുന്നെങ്കില്‍ ക്രിസ്തുവിന്റെ കുരിശു വ്യര്‍ഥമാകുമായിരുന്നു.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

യേശു സിനഗോകളിൽ പഠിപ്പിച്ചും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചും ജനങ്ങളുടെ എല്ലാ രോഗങ്ങളും സുഖപ്പെടുത്തിയും ഗലീലി മുഴുവൻ ചുറ്റിസഞ്ചരിച്ചു.

അല്ലേലൂയ!

സുവിശേഷം

മത്താ 4:12-23
ഏശയ്യാ പ്രവാചകന്‍ വഴി അരുളിച്ചെയ്യപ്പെട്ടത് നിവൃത്തിയാകാന്‍ വേണ്ടി യേശു കഫര്‍ണാമില്‍ ചെന്നു പാര്‍ത്തു.

യോഹന്നാന്‍ ബന്ധനസ്ഥനായെന്നു കേട്ടപ്പോള്‍ യേശു ഗലീലിയിലേക്കു പിന്‍വാങ്ങി. അവന്‍ നസറത്തുവിട്ടു സെബുലൂണിന്റെയും നഫ്ത്താലിയുടെയും അതിര്‍ത്തിയില്‍, സമുദ്രതീരത്തുള്ള കഫര്‍ണാമില്‍ ചെന്നു പാര്‍ത്തു. ഇത് ഏശയ്യാ പ്രവാചകന്‍ വഴി അരുളിച്ചെയ്യപ്പെട്ടത് നിവൃത്തിയാകാന്‍ വേണ്ടിയാണ്:

സമുദ്രത്തിലേക്കുള്ള വഴിയില്‍,
ജോര്‍ദാന്റെ മറുകരയില്‍,
സെബുലൂണ്‍, നഫ്ത്താലി പ്രദേശങ്ങള്‍ – വിജാതീയരുടെ ഗലീലി!
അന്ധകാരത്തില്‍ സ്ഥിതിചെയ്തിരുന്ന ജനങ്ങള്‍
വലിയ പ്രകാശം കണ്ടു.
മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവര്‍ക്കായി
ഒരു ദീപ്തി ഉദയം ചെയ്തു.

അപ്പോള്‍ മുതല്‍ യേശു പ്രസംഗിക്കാന്‍ തുടങ്ങി: മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു.
അവന്‍ ഗലീലിക്കടല്‍ത്തീരത്തു നടക്കുമ്പോള്‍, കടലില്‍ വലവീശിക്കൊണ്ടിരുന്ന രണ്ടു സഹോദരന്മാരെ കണ്ടു – പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോനെയും സഹോദരന്‍ അന്ത്രയോസിനെയും. അവര്‍ മീന്‍പിടിത്തക്കാരായിരുന്നു. അവന്‍ അവരോടു പറഞ്ഞു: എന്നെ അനുഗമിക്കുക; ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും. തത്ക്ഷണം അവര്‍ വലകളുപേക്ഷിച്ച് അവനെ അനുഗമിച്ചു. അവര്‍ അവിടെ നിന്നു മുന്നോട്ടു നീങ്ങിയപ്പോള്‍ വേറെ രണ്ടു സഹോദരന്മാരെ കണ്ടു – സെബദീപുത്രനായ യാക്കോബും സഹോദരന്‍ യോഹന്നാനും. അവര്‍ പിതാവുമൊത്ത് വഞ്ചിയിലിരുന്നു വല നന്നാക്കുകയായിരുന്നു. അവരെയും അവന്‍ വിളിച്ചു. തത്ക്ഷണം അവര്‍ വഞ്ചി ഉപേക്ഷിച്ച്, പിതാവിനെയും വിട്ട്, അവനെ അനുഗമിച്ചു.
അവന്‍ അവരുടെ സിനഗോഗുകളില്‍ പഠിപ്പിച്ചും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചും ജനങ്ങളുടെ എല്ലാരോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും ഗലീലി മുഴുവന്‍ ചുറ്റിസഞ്ചരിച്ചു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളുടെ കാഴ്ചദ്രവ്യങ്ങള്‍
പ്രീതിയോടെ സ്വീകരിക്കണമേ.
അവ വിശുദ്ധീകരിച്ച്,
ഞങ്ങള്‍ക്ക് രക്ഷയായി ഭവിക്കാന്‍ കനിയണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 34:6

കര്‍ത്താവിലേക്കു വരുകയും പ്രകാശിതരാകുകയും ചെയ്യുവിന്‍,
നിങ്ങളുടെ മുഖം ലജ്ജിക്കാതിരിക്കട്ടെ.

Or:
യോഹ 8:12

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്;
എന്നെ അനുഗമിക്കുന്നവന്‍
ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല,
അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
അങ്ങേ ജീവദായകമായ കൃപ സ്വീകരിച്ചുകൊണ്ട്,
അങ്ങേ ദാനത്തില്‍ എപ്പോഴും ഞങ്ങള്‍
അഭിമാനം കൊള്ളാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s