🌹 🔥 🌹 🔥 🌹 🔥 🌹
24 Jan 2023
Saint Francis de Sales, Bishop, Doctor
on Tuesday of week 3 in Ordinary Time
Liturgical Colour: White.
സമിതിപ്രാര്‍ത്ഥന
ദൈവമേ, മെത്രാനായ വിശുദ്ധ ഫ്രാന്‍സിസ് സാലസ്
ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി,
എല്ലാവര്‍ക്കും എല്ലാമായിത്തീരാന്‍ അങ്ങ് തിരുവുള്ളമായല്ലോ.
അദ്ദേഹത്തിന്റെ മാതൃകയാല്‍ ഞങ്ങള്‍ എപ്പോഴും
ഞങ്ങളുടെ സഹോദരങ്ങളുടെ സേവനത്തില്‍
അങ്ങേ സ്‌നേഹത്തിന്റെ സൗമ്യശീലം പ്രകടമാക്കാന്‍
കാരുണ്യപൂര്‍വം അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ഹെബ്രാ 10:1-10
ദൈവമേ, അവിടുത്തെ ഇഷ്ടം നിറവേറ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു.
സഹോദരരേ, നിയമം വരാനിരിക്കുന്ന നന്മകളുടെ നിഴല്‍ മാത്രമാണ്, അവയുടെ തനിരൂപമല്ല. അതിനാല്‍ ആണ്ടുതോറും ഒരേ ബലി തന്നെ അര്‍പ്പിക്കപ്പെടുന്നെങ്കിലും അവയില്‍ സംബന്ധിക്കുന്നവരെ പൂര്‍ണരാക്കാന്‍ അവയ്ക്ക് ഒരിക്കലും കഴിയുന്നില്ല; അവയ്ക്കു കഴിഞ്ഞിരുന്നെങ്കില്‍, ബലിയര്‍പ്പണം തന്നെ നിന്നു പോകുമായിരുന്നില്ലേ? ആരാധകര്‍ ഒരിക്കല്‍ ശുദ്ധീകരിക്കപ്പെട്ടിരുന്നെങ്കില്‍, പിന്നെ പാപത്തെക്കുറിച്ചു യാതൊരു അവബോധവും അവര്‍ക്കുണ്ടാകുമായിരുന്നില്ല. എന്നാല്‍, ഈ ബലികള്‍മൂലം അവര്‍ ആണ്ടുതോറും തങ്ങളുടെ പാപങ്ങള്‍ ഓര്‍ക്കുന്നു. കാരണം, കാളകളുടെയും കോലാടുകളുടെയും രക്തത്തിനു പാപങ്ങള്‍ നീക്കിക്കളയാന്‍ സാധിക്കുകയില്ല.
ഇതിനാല്‍, അവന്‍ ലോകത്തിലേക്കു പ്രവേശിച്ചപ്പോള്‍ ഇങ്ങനെ അരുളിച്ചെയ്തു: ബലികളും കാഴ്ചകളും അവിടുന്ന് ആഗ്രഹിച്ചില്ല. എന്നാല്‍, അവിടുന്ന് എനിക്കൊരു ശരീരം സജ്ജമാക്കിയിരിക്കുന്നു; ദഹനബലികളിലും പാപപരിഹാരബലികളിലും അവിടുന്നു സംപ്രീതനായില്ല. അപ്പോള്‍, പുസ്തകത്തിന്റെ ആരംഭത്തില്‍ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതുപോലെ, ഞാന്‍ പറഞ്ഞു: ദൈവമേ, അവിടുത്തെ ഇഷ്ടം നിറവേറ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു. നിയമപ്രകാരം അര്‍പ്പിക്കപ്പെട്ടിരുന്ന ബലികളും കാഴ്ചകളും ദഹനബലികളും പാപപരിഹാരബലികളും അവിടുന്ന് ആഗ്രഹിക്കുകയോ ഇഷ്ടപ്പെടുകയോ ചെയ്തില്ല എന്നു പറഞ്ഞപ്പോള്‍ത്തന്നെ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: അവിടുത്തെ ഹിതം നിറവേറ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു. രണ്ടാമത്തേതു സ്ഥാപിക്കാനായി ഒന്നാമത്തേത് അവന്‍ നീക്കിക്കളയുന്നു. ആ ഹിതമനുസരിച്ച് യേശുക്രിസ്തുവിന്റെ ശരീരം എന്നേക്കുമായി ഒരിക്കല്‍ സമര്‍പ്പിക്കപ്പെട്ടതുവഴി നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 40:1,3ab,6-7a,9,10
എന്റെ ദൈവമേ, അങ്ങേ ഹിതം നിറവേറ്റുവാന്‍ ഇതാ ഞാന്‍ വരുന്നു.
ഞാന്‍ ക്ഷമാപൂര്‍വം കര്‍ത്താവിനെ കാത്തിരുന്നു;
അവിടുന്നു ചെവി ചായിച്ച് എന്റെ നിലവിളി കേട്ടു.
അവിടുന്ന് ഒരു പുതിയ ഗാനം
എന്റെ അധരങ്ങളില്‍ നിക്‌ഷേപിച്ചു,
നമ്മുടെ ദൈവത്തിന് ഒരു സ്‌തോത്രഗീതം.
എന്റെ ദൈവമേ, അങ്ങേ ഹിതം നിറവേറ്റുവാന്‍ ഇതാ ഞാന്‍ വരുന്നു.
ബലികളും കാഴ്ചകളും അവിടുന്ന് ആഗ്രഹിക്കുന്നില്ല;
എന്നാല്‍, അവിടുന്ന് എന്റെ കാതുകള്‍ തുറന്നുതന്നു.
ദഹനബലിയും പാപപരിഹാരബലിയും
അവിടുന്ന് ആവശ്യപ്പെട്ടില്ല.
അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ ഞാന്‍ വരുന്നു.
എന്റെ ദൈവമേ, അങ്ങേ ഹിതം നിറവേറ്റുവാന്‍ ഇതാ ഞാന്‍ വരുന്നു.
ഞാന്‍ മഹാസഭയില്‍ വിമോചനത്തിന്റെ
സന്തോഷവാര്‍ത്ത അറിയിച്ചു;
കര്‍ത്താവേ, അങ്ങേക്കറിയാവുന്നതുപോലെ
ഞാന്‍ എന്റെ അധരങ്ങളെ അടക്കിനിര്‍ത്തിയില്ല.
എന്റെ ദൈവമേ, അങ്ങേ ഹിതം നിറവേറ്റുവാന്‍ ഇതാ ഞാന്‍ വരുന്നു.
അവിടുത്തെ രക്ഷാകരമായ സഹായത്തെ
ഞാന്‍ ഹൃദയത്തില്‍ ഒളിച്ചുവച്ചിട്ടില്ല;
അങ്ങേ വിശ്വസ്തതയെയും
രക്ഷയെയും പറ്റി ഞാന്‍ സംസാരിച്ചു;
അവിടുത്തെ കാരുണ്യവും വിശ്വസ്തതയും
മഹാസഭയില്‍ ഞാന്‍ മറച്ചുവച്ചില്ല.
എന്റെ ദൈവമേ, അങ്ങേ ഹിതം നിറവേറ്റുവാന്‍ ഇതാ ഞാന്‍ വരുന്നു.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ!അല്ലേലൂയ!
യേശു ഉദ്‌ഘോഷിച്ചു: സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടേയും നാഥനായ പിതാവേ, നീ ഈ കാര്യങ്ങൾ ബുദ്ധിമാൻമാരിൽ നിന്നും വിവേകികളിൽ നിന്നും മറച്ച് ശിശുക്കൾക്ക് വെളിപ്പെടുത്തിയതിനാൽ ഞാൻ നിന്നെ സ്തുതിക്കുന്നു.
അല്ലേലൂയ!
സുവിശേഷം
മാര്‍ക്കോ 3:31-35
ദൈവത്തിന്റെ ഹിതം നിര്‍വഹിക്കുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും.
അക്കാലത്ത്, യേശുവിന്റെ അമ്മയും സഹോദരന്മാരും വന്നു പുറത്തുനിന്നുകൊണ്ട് അവനെ വിളിക്കാന്‍ ആളയച്ചു. ജനക്കൂട്ടം അവനുചുറ്റും ഇരിക്കുകയായിരുന്നു. അവര്‍ പറഞ്ഞു: നിന്റെ അമ്മയും സഹോദരന്മാരും സഹോദരിമാരും നിന്നെക്കാണാന്‍ പുറത്തു നില്‍ക്കുന്നു. അവന്‍ ചോദിച്ചു: ആരാണ് എന്റെ അമ്മയും സഹോദരങ്ങളും? ചുറ്റും ഇരിക്കുന്നവരെ നോക്കിക്കൊണ്ട് അവന്‍ പറഞ്ഞു: ഇതാ, എന്റെ അമ്മയും എന്റെ സഹോദരങ്ങളും! ദൈവത്തിന്റെ ഹിതം നിര്‍വഹിക്കുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, വിശുദ്ധ ഫ്രാന്‍സിസിന്റെ മനസ്സിനെ
പരിശുദ്ധാത്മാവിന്റെ ദിവ്യാഗ്നിയാല്‍
അദ്ഭുതകരമായ വിധത്തില്‍
ഏറ്റവും സൗമ്യശീലമുള്ളതായി അങ്ങ് ജ്വലിപ്പിച്ചുവല്ലോ.
അതേ അഗ്നിയാല്‍ അങ്ങേക്ക് ഞങ്ങള്‍ സമര്‍പ്പിക്കുന്ന
ഈ രക്ഷാകര ബലിയിലൂടെ ഞങ്ങളുടെ ഹൃദയങ്ങളെയും ജ്വലിപ്പിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. ലൂക്കാ 12:42
യഥാസമയം ആവശ്യമായ ഭക്ഷണം കൊടുക്കേണ്ടതിന്
കര്‍ത്താവ് തന്റെ കുടുംബത്തിനുമേല്‍ നിയമിച്ചവന്‍
വിശ്വസ്തനും വിവേകിയുമായ ഭൃത്യനാണ്.
Or:
cf. സങ്കീ 1:2-3
രാവും പകലും കര്‍ത്താവിന്റെ നിയമം ധ്യാനിക്കുന്നവന്‍,
അതിന്റെ ഫലം യഥാകാലം പുറപ്പെടുവിക്കും.
ദിവ്യഭോജനപ്രാര്‍ത്ഥന
സര്‍വശക്തനായ ദൈവമേ,
ഇഹത്തില്‍ വിശുദ്ധ ഫ്രാന്‍സിസ് സാലസിന്റെ
സ്‌നേഹവും സൗമ്യശീലവും അനുകരിച്ച്,
ഞങ്ങള്‍ സ്വീകരിച്ച കൂദാശ വഴി
സ്വര്‍ഗത്തില്‍ മഹത്ത്വം പ്രാപിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹


Leave a comment