🌹 🔥 🌹 🔥 🌹 🔥 🌹
28 Jan 2023
Saint Thomas Aquinas, Priest, Doctor
on Saturday of week 3 in Ordinary Time
Liturgical Colour: White.
സമിതിപ്രാര്‍ത്ഥന
ദൈവമേ, വിശുദ്ധ തോമസ് അക്വിനാസിനെ
വിശുദ്ധിയുടെ തീക്ഷ്ണതയാലും ദിവ്യസത്യങ്ങളുടെ പഠനത്താലും
അങ്ങ് ഉത്കൃഷ്ടനാക്കിയല്ലോ.
അദ്ദേഹം പഠിപ്പിച്ചത് ബുദ്ധിശക്തിവഴി ഗ്രഹിക്കാനും
അദ്ദേഹം ചെയ്തത് അനുകരണത്തിലൂടെ പൂര്‍ത്തിയാക്കാനും വേണ്ട
കൃപാവരം ഞങ്ങള്‍ക്ക് നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ഹെബ്രാ 11:1-2,8-19
ദൈവം സംവിധാനം ചെയ്ത നഗരത്തെ അബ്രാഹം പ്രതീക്ഷിച്ചിരുന്നു.
സഹോദരരേ, വിശ്വാസം എന്നതു പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്. ഇതുമൂലമാണ് പൂര്‍വികന്മാര്‍ അംഗീകാരത്തിന് അര്‍ഹരായത്.
വിശ്വാസം മൂലം അബ്രാഹം തനിക്ക് അവകാശമായി ലഭിക്കാനുള്ള സ്ഥലത്തേക്കു പോകാന്‍ വിളിക്കപ്പെട്ടപ്പോള്‍ അനുസരിച്ചു. എവിടേക്കാണു പോകേണ്ടതെന്നറിയാതെ തന്നെയാണ് അവന്‍ പുറപ്പെട്ടത്. വിശ്വാസത്തോടെ അവന്‍ വാഗ്ദത്തഭൂമിയില്‍ വിദേശിയെപ്പോലെ കഴിഞ്ഞു. അതേ വാഗ്ദാനത്തിന്റെ അവകാശികളായ ഇസഹാക്കിനോടും യാക്കോബിനോടുമൊത്ത് അവന്‍ കൂടാരങ്ങളില്‍ താമസിച്ചു. ദൈവം സംവിധാനം ചെയ്തതും നിര്‍മിച്ചതും അടിസ്ഥാനമുറപ്പിച്ചതുമായ ഒരു നഗരത്തെ അവന്‍ പ്രതീക്ഷിച്ചിരുന്നു.
തന്നോടു വാഗ്ദാനം ചെയ്തവന്‍ വിശ്വസ്തനാണെന്നു വിചാരിച്ചതുകൊണ്ട്, പ്രായം കവിഞ്ഞിട്ടും സാറാ വിശ്വാസം മൂലം ഗര്‍ഭധാരണത്തിനു വേണ്ട ശക്തിപ്രാപിച്ചു. അതിനാല്‍, ഒരുവനില്‍ നിന്ന് – അതും മൃതപ്രായനായ ഒരുവനില്‍ നിന്ന് – ആകാശത്തിലെ നക്ഷത്രജാലങ്ങള്‍ പോലെയും കടലോരത്തെ സംഖ്യാതീതമായ മണല്‍ത്തരികള്‍ പോലെയും വളരെപ്പേര്‍ ജനിച്ചു. ഇവരെല്ലാം വിശ്വാസത്തോടെയാണ് മരിച്ചത്. അവര്‍ വാഗ്ദാനം ചെയ്യപ്പെട്ടതു പ്രാപിച്ചില്ല; എങ്കിലും, ദൂരെനിന്ന് അവയെക്കണ്ട് അഭിവാദനം ചെയ്യുകയും തങ്ങള്‍ ഭൂമിയില്‍ അന്യരും പരദേശികളുമാണെന്ന് ഏറ്റുപറയുകയും ചെയ്തു. ഇപ്രകാരം പറയുന്നവര്‍ തങ്ങള്‍ പിതൃദേശത്തെയാണ് അന്വേഷിക്കുന്നതെന്നു വ്യക്തമാക്കുന്നു. തങ്ങള്‍ വിട്ടുപോന്ന സ്ഥലത്തെക്കുറിച്ചാണ് അവര്‍ ചിന്തിച്ചിരുന്നതെങ്കില്‍, അവിടേക്കുതന്നെ മടങ്ങിച്ചെല്ലാന്‍ അവസരം ഉണ്ടാകുമായിരുന്നു. ഇപ്പോഴാകട്ടെ, അവര്‍ അതിനെക്കാള്‍ ശ്രേഷ്ഠവും സ്വര്‍ഗീയവുമായതിനെ ലക്ഷ്യം വയ്ക്കുന്നു. അവരുടെ ദൈവം എന്നു വിളിക്കപ്പെടുന്നതില്‍ ദൈവം ലജ്ജിക്കുന്നില്ല. അവര്‍ക്കായി അവിടുന്ന് ഒരു നഗരം തയ്യാറാക്കിയിട്ടുണ്ടല്ലോ.
വിശ്വാസം മൂലമാണ്, പരീക്ഷിക്കപ്പെട്ടപ്പോള്‍ അബ്രാഹം ഇസഹാക്കിനെ സമര്‍പ്പിച്ചത്. ഇസഹാക്കിലൂടെ നിന്റെ സന്തതി വിളിക്കപ്പെടും എന്ന വാഗ്ദാനം സ്വീകരിച്ചിരുന്നിട്ടും, അവന്‍ തന്റെ ഏകപുത്രനെ ബലിയര്‍പ്പിക്കാന്‍ ഒരുങ്ങി. മരിച്ചവരില്‍ നിന്നു മനുഷ്യരെ ഉയിര്‍പ്പിക്കാന്‍ പോലും ദൈവത്തിനു കഴിയുമെന്ന് അവന്‍ വിചാരിച്ചു. അതുകൊണ്ട്, ആലങ്കാരികമായി പറഞ്ഞാല്‍ ഇസഹാക്കിനെ അവനു തിരിച്ചുകിട്ടി.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
ലൂക്കാ 1:69-75
ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെട്ടവന്‍. അവിടുന്ന് തന്റെ ജനത്തെ സന്ദര്‍ശിച്ചു രക്ഷിച്ചു.
നമ്മുടെ ശത്രുക്കളിലും നമ്മെ വെറുക്കുന്നവരിലുംനിന്ന്,
നമ്മെ രക്ഷിക്കുമെന്നും,
നമ്മുടെ പിതാക്കന്മാരോടു കാരുണ്യം കാണിക്കുമെന്നും
തന്റെ വിശുദ്ധമായ ഉടമ്പടി അനുസ്മരിക്കുമെന്നും
ദൈവം അരുളിച്ചെയ്തു.
ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെട്ടവന്‍. അവിടുന്ന് തന്റെ ജനത്തെ സന്ദര്‍ശിച്ചു രക്ഷിച്ചു.
തന്റെ വിശുദ്ധന്മാരായ പ്രവാചകന്മാരുടെ അധരങ്ങളിലൂടെ,
ആദിമുതല്‍ ദൈവം അരുളിച്ചെയ്തതുപോലെ,
തന്റെ ദാസനായ ദാവീദിന്റെ ഭവനത്തില്‍
നമുക്ക് ശക്തനായ ഒരു രക്ഷകനെ ഉയര്‍ത്തി.
ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെട്ടവന്‍. അവിടുന്ന് തന്റെ ജനത്തെ സന്ദര്‍ശിച്ചു രക്ഷിച്ചു.
നമ്മുടെ ശത്രുക്കളുടെ കൈയില്‍ നിന്നു നാം വിമോചിതരായി
ആയുഷ്‌ക്കാലം മുഴുവന്‍ അവിടുത്തേ തിരുമുമ്പില്‍,
വിശുദ്ധിയോടും നീതിയോടുംകൂടെ നിര്‍ഭയം ശുശ്രൂഷ ചെയ്യുവാന്‍
നമുക്ക് കൃപയരുളുമെന്ന്,
നമ്മുടെ പിതാവായ അബ്രാഹത്തിനോടു ചെയ്ത വാഗ്ദാനം
ദൈവം നിറവേറ്റിയിരിക്കുന്നു.
ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെട്ടവന്‍. അവിടുന്ന് തന്റെ ജനത്തെ സന്ദര്‍ശിച്ചു രക്ഷിച്ചു.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ! അല്ലേലൂയ!
അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനു വേണ്ടി തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.
അല്ലേലൂയ!
സുവിശേഷം
മാര്‍ക്കോ 4:35-41
ഇവന്‍ ആരാണ്! കാറ്റും കടലും പോലും ഇവനെ അനുസരിക്കുന്നല്ലോ!
അക്കാലത്ത്, അന്നു സായാഹ്നമായപ്പോള്‍ യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: നമുക്ക് അക്കരയ്ക്കുപോകാം. അവര്‍ ജനക്കൂട്ടത്തെ വിട്ട്, അവന്‍ ഇരുന്ന വഞ്ചിയില്‍ത്തന്നെ അവനെ അക്കരയ്ക്കു കൊണ്ടുപോയി. വേറെ വള്ളങ്ങളും കൂടെയുണ്ടായിരുന്നു. അപ്പോള്‍ ഒരു വലിയ കൊടുങ്കാറ്റുണ്ടായി. തിരമാലകള്‍ വഞ്ചിയിലേക്ക് ആഞ്ഞടിച്ചു കയറി. വഞ്ചിയില്‍ വെള്ളം നിറഞ്ഞുകൊണ്ടിരുന്നു. യേശു അമരത്തു തലയണവച്ച് ഉറങ്ങുകയായിരുന്നു. അവര്‍ അവനെ വിളിച്ചുണര്‍ത്തി പറഞ്ഞു: ഗുരോ, ഞങ്ങള്‍ നശിക്കാന്‍ പോകുന്നു. നീ അതു ഗൗനിക്കുന്നില്ലേ? അവന്‍ ഉണര്‍ന്ന് കാറ്റിനെ ശാസിച്ചുകൊണ്ട് കടലിനോടു പറഞ്ഞു: അടങ്ങുക; ശാന്തമാവുക. കാറ്റു ശമിച്ചു; പ്രശാന്തത ഉണ്ടായി. അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ ഭയപ്പെടുന്നതെന്ത്? നിങ്ങള്‍ക്കു വിശ്വാസമില്ലേ? അവര്‍ അത്യധികം ഭയന്ന് പരസ്പരം പറഞ്ഞു: ഇവന്‍ ആരാണ്! കാറ്റും കടലും പോലും ഇവനെ അനുസരിക്കുന്നല്ലോ!
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
ദൈവമേ, വിശുദ്ധ N ന്റെ തിരുനാളില്‍
സന്തോഷത്തോടെ അര്‍പ്പിക്കുന്ന ഈ ബലി
അങ്ങയെ പ്രസാദിപ്പിക്കുമാറാകട്ടെ.
അദ്ദേഹത്തിന്റെ ഉദ്‌ബോധനത്താല്‍,
അങ്ങയെ പ്രകീര്‍ത്തിച്ചുകൊണ്ട്
ഞങ്ങളെയും പൂര്‍ണമായി അങ്ങേക്ക് സമര്‍പ്പിക്കുന്നു.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. ലൂക്കാ 12:42
യഥാസമയം ആവശ്യമായ ഭക്ഷണം കൊടുക്കേണ്ടതിന്
കര്‍ത്താവ് തന്റെ കുടുംബത്തിനുമേല്‍ നിയമിച്ചവന്‍
വിശ്വസ്തനും വിവേകിയുമായ ഭൃത്യനാണ്.
Or:
cf. സങ്കീ 1:2-3
രാവും പകലും കര്‍ത്താവിന്റെ നിയമം ധ്യാനിക്കുന്നവന്‍,
അതിന്റെ ഫലം യഥാകാലം പുറപ്പെടുവിക്കും.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, ജീവന്റെ അപ്പമായ ക്രിസ്തുവാല്‍
അങ്ങ് പരിപോഷിപ്പിക്കുന്ന ഇവരെ,
ഗുരുനാഥനായ ക്രിസ്തുവഴി പഠിപ്പിക്കണമേ.
അങ്ങനെ, വിശുദ്ധ N ന്റെ തിരുനാളില്‍,
അങ്ങേ സത്യം അവര്‍ ഗ്രഹിക്കുകയും
സ്‌നേഹത്തില്‍ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹


Leave a comment