5th Sunday in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹

*05 Feb 2023*

*5th Sunday in Ordinary Time* 

*Liturgical Colour: Green.*

*സമിതിപ്രാര്‍ത്ഥന*

കര്‍ത്താവേ, നിരന്തരകാരുണ്യത്താല്‍
അങ്ങേ കുടുംബത്തെ സംരക്ഷിക്കണമേ.
അങ്ങനെ, സ്വര്‍ഗീയ കൃപയുടെ
ഏകപ്രത്യാശയില്‍ ആശ്രയിച്ചുകൊണ്ട്,
അങ്ങേ സംരക്ഷണത്താല്‍ എപ്പോഴും സുരക്ഷിതരാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

*ഒന്നാം വായന*

ഏശ 58:7-10
നിന്റെ വെളിച്ചം പ്രഭാതംപോലെ പൊട്ടിവിരിയും.

കര്‍ത്താവ് അരുളിച്ചെയ്യുന്നു:

വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും
ഭവനരഹിതനെ വീട്ടില്‍ സ്വീകരിക്കുകയും
നഗ്‌നനെ ഉടുപ്പിക്കുകയും സ്വന്തക്കാരില്‍ നിന്ന്
ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്?

അപ്പോള്‍, നിന്റെ വെളിച്ചം പ്രഭാതംപോലെ പൊട്ടിവിരിയും;
നീ വേഗം സുഖം പ്രാപിക്കും;
നിന്റെ നീതി നിന്റെ മുന്‍പിലും
കര്‍ത്താവിന്റെ മഹത്വം നിന്റെ പിന്‍പിലും
നിന്നെ സംരക്ഷിക്കും.

നീ പ്രാര്‍ഥിച്ചാല്‍ കര്‍ത്താവ് ഉത്തരമരുളും;
നീ നിലവിളിക്കുമ്പോള്‍ ഇതാ ഞാന്‍,
എന്ന് അവിടുന്ന് മറുപടി തരും.
മര്‍ദനവും കുറ്റാരോപണവും ദുര്‍ഭാഷണവും
നിന്നില്‍ നിന്ന് ദൂരെയകറ്റുക.

വിശക്കുന്നവര്‍ക്ക് ഉദാരമായി ഭക്ഷണം കൊടുക്കുകയും
പീഡിതര്‍ക്കു സംതൃപ്തി നല്‍കുകയും ചെയ്താല്‍
നിന്റെ പ്രകാശം അന്ധകാരത്തില്‍ ഉദിക്കും.
നിന്റെ ഇരുണ്ടവേളകള്‍ മധ്യാഹ്‌നം പോലെയാകും.

കർത്താവിന്റെ വചനം.

*പ്രതിവചനസങ്കീർത്തനം*

സങ്കീ 112:4-5,6-7,8-9

പരമാര്‍ഥഹൃദയന് അന്ധകാരത്തില്‍ പ്രകാശമുദിക്കും.
or
അല്ലേലൂയ!

പരമാര്‍ഥഹൃദയന് അന്ധകാരത്തില്‍ പ്രകാശമുദിക്കും;
അവന്‍ ഉദാരനും കാരുണ്യവാനും നീതിനിഷ്ഠനുമാണ്.
ഉദാരമായി വായ്പകൊടുക്കുകയും
നീതിയോടെ വ്യാപരിക്കുകയും ചെയ്യുന്നവനു
നന്മ കൈവരും.

പരമാര്‍ഥഹൃദയന് അന്ധകാരത്തില്‍ പ്രകാശമുദിക്കും.
or
അല്ലേലൂയ!

നീതിമാന് ഒരിക്കലും ഇളക്കം തട്ടുകയില്ല;
അവന്റെ സ്മരണ എന്നേക്കും നിലനില്‍ക്കും.
ദുര്‍വാര്‍ത്തകളെ അവന്‍ ഭയപ്പെടുകയില്ല:
അവന്റെ ഹൃദയം അചഞ്ചലവും
കര്‍ത്താവില്‍ ആശ്രയിക്കുന്നതുമാണ്.

പരമാര്‍ഥഹൃദയന് അന്ധകാരത്തില്‍ പ്രകാശമുദിക്കും.
or
അല്ലേലൂയ!

അവന്റെ ഹൃദയം ദൃഢതയുള്ളതായിരിക്കും;
അവന്‍ ഭയപ്പെടുകയില്ല;
അവന്‍ ദരിദ്രര്‍ക്ക് ഉദാരമായി ദാനം ചെയ്യുന്നു;
അവന്റെ നീതി എന്നേക്കും നിലനില്‍ക്കുന്നു;
അവന്‍ അഭിമാനത്തോടെ ശിരസ്സുയര്‍ത്തി നില്‍ക്കും.

പരമാര്‍ഥഹൃദയന് അന്ധകാരത്തില്‍ പ്രകാശമുദിക്കും.
or
അല്ലേലൂയ!

*രണ്ടാം വായന*

1 കോറി 2:1-5
ക്രൂശിതനായ യേശുക്രിസ്തുവിനെ ഞാന്‍ നിങ്ങളെ അറിയിക്കുന്നു.

സഹോദരരേ, ഞാന്‍ നിങ്ങളുടെ അടുക്കല്‍ വന്നപ്പോള്‍ ദൈവത്തെപ്പറ്റി സാക്ഷ്യപ്പെടുത്തിയത് വാഗ്വിലാസത്താലോ വിജ്ഞാനത്താലോ അല്ല. നിങ്ങളുടെയിടയില്‍ ആയിരുന്നപ്പോള്‍ യേശുക്രിസ്തുവിനെക്കുറിച്ചല്ലാതെ, അതും ക്രൂശിതനായവനെ കുറിച്ചല്ലാതെ, മറ്റൊന്നിനെക്കുറിച്ചും അറിയേണ്ടതില്ലെന്നു ഞാന്‍ തീരുമാനിച്ചു. നിങ്ങളുടെ മുമ്പില്‍ ഞാന്‍ ദുര്‍ബലനും ഭയചകിതനുമായിരുന്നു. എന്റെ വചനവും പ്രസംഗവും വിജ്ഞാനംകൊണ്ട് വശീകരിക്കുന്നതായിരുന്നില്ല. പ്രത്യുത, ആത്മാവിന്റെയും ശക്തിയുടെയും വെളിപ്പെടുത്തലായിരുന്നു. നിങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം മാനുഷിക വിജ്ഞാനമാകാതെ, ദൈവശക്തിയാകാനായിരുന്നു അത്.

കർത്താവിന്റെ വചനം.

*സുവിശേഷ പ്രഘോഷണവാക്യം*

അല്ലേലൂയ!അല്ലേലൂയ!

യേശു അവരോടു പറഞ്ഞു: ഞാൻ ലോകത്തിൻ്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവനു ജീവൻ്റെ പ്രകാശമുണ്ടായിരിക്കും.

അല്ലേലൂയ!

*സുവിശേഷം*

മത്താ 5:13-16
നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാണ്.

അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്. ഉറകെട്ടുപോയാല്‍ ഉപ്പിന് എങ്ങനെ വീണ്ടും ഉറകൂട്ടും? പുറത്തേക്കു വലിച്ചെറിഞ്ഞ് മനുഷ്യരാല്‍ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും അതു കൊള്ളുകയില്ല.
നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാണ്. മലമുകളില്‍ പണിതുയര്‍ത്തിയ പട്ടണത്തെ മറച്ചുവയ്ക്കുക സാധ്യമല്ല. വിളക്കു കൊളുത്തി ആരും പറയുടെ കീഴില്‍ വയ്ക്കാറില്ല, പീഠത്തിന്മേലാണു വയ്ക്കുക. അപ്പോള്‍ അത് ഭവനത്തിലുള്ള എല്ലാവര്‍ക്കും പ്രകാശം നല്‍കുന്നു. അപ്രകാരം, മനുഷ്യര്‍ നിങ്ങളുടെ സത്പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ.

കർത്താവിന്റെ സുവിശേഷം.

*നൈവേദ്യപ്രാര്‍ത്ഥന*

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
ഞങ്ങളുടെ ബലഹീനതയില്‍ സഹായമായി
ഈ സൃഷ്ടവസ്തുക്കളെ അങ്ങ് രൂപപ്പെടുത്തിയല്ലോ.
അങ്ങനെ, ഇവ നിത്യതയുടെ കൂദാശയായിത്തീരാന്‍
അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

*ദിവ്യകാരുണ്യപ്രഭണിതം*

cf. സങ്കീ 107:8-9

കര്‍ത്താവിന് അവിടത്തെ കാരുണ്യത്തെ പ്രതിയും
മനുഷ്യമക്കള്‍ക്കായി അവിടന്നു ചെയ്ത അദ്ഭുതങ്ങളെ പ്രതിയും
അവര്‍ നന്ദിപറയട്ടെ.
എന്തെന്നാല്‍, അവിടന്ന് ദാഹാര്‍ത്തന് തൃപ്തിവരുത്തുകയും
വിശപ്പുള്ളവന് വിശിഷ്ടവിഭവങ്ങള്‍ കൊണ്ട്
സംതൃപ്തി ഉളവാക്കുകയും ചെയ്യുന്നു.


Or:
മത്താ 5:5-6

വിലപിക്കുന്നവര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍ അവര്‍ ആശ്വസിപ്പിക്കപ്പെടും.
നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും
ചെയ്യുന്നവര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍ അവര്‍ സംതൃപ്തരാകും.

*ദിവ്യഭോജനപ്രാര്‍ത്ഥന*

ദൈവമേ, ഒരേ അപ്പത്തില്‍ നിന്നും ഒരേ പാനപാത്രത്തില്‍ നിന്നും
ഞങ്ങള്‍ പങ്കുകൊള്ളാന്‍ അങ്ങ് തിരുമനസ്സായല്ലോ.
ക്രിസ്തുവില്‍ ഒന്നായിത്തീര്‍ന്നുകൊണ്ട്,
ലോകരക്ഷയ്ക്കായി ആനന്ദത്തോടെ
ഫലം പുറപ്പെടുവിക്കാന്‍ തക്കവിധം ജീവിക്കുന്നതിന്
ഞങ്ങളെ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s