🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
*ദിവ്യബലി വായനകൾ*
*04-Feb-2023, ശനി*
Saint John de Britto, Martyr on Saturday of week 4 in Ordinary Time
Liturgical Colour: Red. Year: A(I).
________
*ഒന്നാം വായന*
_*ഹെബ്രാ 13:15-17,20-21*_
_യേശുവിനെ, മരിച്ചവരില്‍ നിന്നുയിര്‍പ്പിച്ച സമാധാനത്തിന്റെ ദൈവം നിത്യമായ ഉടമ്പടിയുടെ രക്തത്താല്‍ എല്ലാ നന്മകളും കൊണ്ടു നിങ്ങളെ ധന്യരാക്കട്ടെ!_
സഹോദരരേ, യേശുവിലൂടെ നമുക്ക് എല്ലായ്‌പോഴും ദൈവത്തിനു സ്തുതിയുടെ ബലി – അവന്റെ നാമത്തെ ഏറ്റുപറയുന്ന അധരങ്ങളുടെ ഫലങ്ങള്‍ – അര്‍പ്പിക്കാം. നന്മ ചെയ്യുന്നതിലും നിങ്ങള്‍ക്കുള്ളവ പങ്കുവയ്ക്കുന്നതിലും ഉപേക്ഷ വരുത്തരുത്. അത്തരം ബലികള്‍ ദൈവത്തിനു പ്രീതികരമാണ്. നിങ്ങളുടെ നേതാക്കന്മാരെ അനുസരിക്കുകയും അവര്‍ക്കു വിധേയരായിരിക്കുകയും ചെയ്യുവിന്‍. കണക്കേല്‍പിക്കാന്‍ കടപ്പെട്ട മനുഷ്യരെപ്പോലെ അവര്‍ നിങ്ങളുടെ ആത്മാക്കളുടെ മേല്‍നോട്ടം വഹിക്കുന്നു. അങ്ങനെ അവര്‍ സന്തോഷപൂര്‍വം, സങ്കടം കൂടാതെ, ആ കൃത്യം ചെയ്യുന്നതിന് ഇടയാകട്ടെ. അല്ലെങ്കില്‍ അതു നിങ്ങള്‍ക്കു പ്രയോജനരഹിതമായിരിക്കും. ആടുകളുടെ വലിയ ഇടയനെ, നമ്മുടെ കര്‍ത്താവായ യേശുവിനെ, മരിച്ചവരില്‍ നിന്നുയിര്‍പ്പിച്ച സമാധാനത്തിന്റെ ദൈവം നിത്യമായ ഉടമ്പടിയുടെ രക്തത്താല്‍ എല്ലാ നന്മകളും കൊണ്ടു നിങ്ങളെ ധന്യരാക്കട്ടെ! അങ്ങനെ, യേശുക്രിസ്തുവിലൂടെ നമ്മില്‍ പ്രവര്‍ത്തിക്കുന്ന അവിടുത്തെ ഹിതം അവിടുത്തേക്ക് അഭികാമ്യമായതു നിറവേറ്റാന്‍ നിങ്ങളെ സഹായിക്കട്ടെ. അവന് എന്നും എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ. ആമേന്‍.
കർത്താവിന്റെ വചനം.
________
*പ്രതിവചന സങ്കീര്‍ത്തനം*
_*സങ്കീ 23:1-3a,3b-4,5,6*_
_R. കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല._
കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. പച്ചയായ പുല്‍ത്തകിടിയില്‍ അവിടുന്ന് എനിക്കു വിശ്രമമരുളുന്നു; പ്രശാന്തമായ ജലാശയത്തിലേക്ക് അവിടുന്ന് എന്നെ നയിക്കുന്നു. അവിടുന്ന് എനിക്ക് ഉന്മേഷം നല്‍കുന്നു.
_R. കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല._
തന്റെ നാമത്തെപ്രതി നീതിയുടെ പാതയില്‍ എന്നെ നയിക്കുന്നു. മരണത്തിന്റെ നിഴല്‍വീണ താഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും, അവിടുന്നു കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല; അങ്ങേ ഊന്നുവടിയും ദണ്ഡും എനിക്ക് ഉറപ്പേകുന്നു.
_R. കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല._
എന്റെ ശത്രുക്കളുടെ മുന്‍പില്‍ അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു; എന്റെ ശിരസ്സു തൈലം കൊണ്ട് അഭിഷേകം ചെയ്യുന്നു; എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.
_R. കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല._
അവിടുത്തെ നന്മയും കരുണയും ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും; കര്‍ത്താവിന്റെ ആലയത്തില്‍ ഞാന്‍ എന്നേക്കും വസിക്കും.
_R. കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല._
________
സുവിശേഷ പ്രഘോഷണവാക്യം
യോഹ 10:27
അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ ആടുകള്‍ എന്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു. അല്ലേലൂയാ!
________
*സുവിശേഷം*
_*മാര്‍ക്കോ 6:30-34*_
_അവര്‍ ഇടയനില്ലാത്ത ആട്ടിന്‍പറ്റം പോലെ ആയിരുന്നു._
അക്കാലത്ത്, അപ്പോസ്തലന്മാര്‍ യേശുവിന്റെ അടുത്ത് ഒരുമിച്ചുകൂടി, തങ്ങള്‍ ചെയ്തതും പഠിപ്പിച്ചതും അറിയിച്ചു. അനേകം ആളുകള്‍ അവിടെ വരുകയും പോകുകയും ചെയ്തിരുന്നു. ഭക്ഷണം കഴിക്കാന്‍ പോലും അവര്‍ക്ക് ഒഴിവു കിട്ടിയിരുന്നില്ല. അതിനാല്‍ അവന്‍ പറഞ്ഞു: നിങ്ങള്‍ ഒരു വിജനസ്ഥലത്തേക്കു വരുവിന്‍; അല്‍പം വിശ്രമിക്കാം. അവര്‍ വഞ്ചിയില്‍ കയറി ഒരു വിജനസ്ഥലത്തേക്കു പോയി. പലരും അവരെ കാണുകയും തിരിച്ചറിയുകയും ചെയ്തു. എല്ലാ പട്ടണങ്ങളിലുംനിന്ന് ജനങ്ങള്‍ കരവഴി ഓടി അവര്‍ക്കു മുമ്പേ അവിടെയെത്തി. അവന്‍ കരയ്ക്കിറങ്ങിയപ്പോള്‍ വലിയ ഒരു ജനക്കൂട്ടത്തെ കണ്ടു. അവരോട് അവന് അനുകമ്പ തോന്നി. കാരണം, അവര്‍ ഇടയനില്ലാത്ത ആട്ടിന്‍പറ്റം പോലെ ആയിരുന്നു. അവന്‍ അവരെ പല കാര്യങ്ങളും പഠിപ്പിക്കാന്‍ തുടങ്ങി.
കർത്താവിന്റെ സുവിശേഷം.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹