The Presentation of the Lord, Feast

🌹 🔥 🌹 🔥 🌹 🔥 🌹

*02 Feb 2023*

*The Presentation of the Lord – Feast* 

*Liturgical Colour: White.*

*സമിതിപ്രാര്‍ത്ഥന*

സര്‍വശക്തനും നിത്യനുമായ ദൈവമേ,
അങ്ങേ മഹിമയ്ക്കായി ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
ഞങ്ങളുടെ മാംസം ധരിച്ച്, അങ്ങേ ജാതനായ ഏകപുത്രന്‍
ഈ ദിനം ദേവാലയത്തില്‍ സമര്‍പ്പിക്കപ്പെട്ടപോലെ,
ഞങ്ങളും ശുദ്ധീകരിക്കപ്പെട്ട മാനസങ്ങളോടെ
അങ്ങേക്ക് സമര്‍പ്പിതരാകാന്‍ അനുഗ്രഹമരുളണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

*ഒന്നാം വായന*

മലാ 3:1-4
നിങ്ങള്‍ തേടുന്ന കര്‍ത്താവ് ഉടന്‍ തന്നെ തന്റെ ആലയത്തിലേക്കു വരും.

കര്‍ത്താവായ ദൈവം അരുളിചെയ്യുന്നു: ഇതാ, എനിക്കുമുന്‍പേ വഴിയൊരുക്കാന്‍ ഞാന്‍ എന്റെ ദൂതനെ അയയ്ക്കുന്നു. നിങ്ങള്‍ തേടുന്ന കര്‍ത്താവ് ഉടന്‍ തന്നെ തന്റെ ആലയത്തിലേക്കു വരും. നിനക്കു പ്രിയങ്കരനായ, ഉടമ്പടിയുടെ ദൂതന്‍ ഇതാ വരുന്നു – സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു. എന്നാല്‍, അവിടുത്തെ വരവിന്റെ ദിനത്തെ അതിജീവിക്കാന്‍ ആര്‍ക്കു കഴിയും? അവിടുന്ന് പ്രത്യക്ഷനാകുമ്പോള്‍ അവിടുത്തെ മുന്‍പില്‍ നില്‍ക്കാന്‍ ആര്‍ക്കു കഴിയും? ഉലയിലെ അഗ്‌നിപോലെയും അലക്കുകാരന്റെ കാരം പോലെയുമാണ് അവിടുന്ന്. വെള്ളി ഉലയില്‍ ശുദ്ധീകരിക്കുന്നവനെപ്പോലെ അവിടുന്ന് ഉപവിഷ്ടനാകും. ലേവിപുത്രന്മാര്‍ യുക്തമായ ബലികള്‍ കര്‍ത്താവിന് അര്‍പ്പിക്കുന്നതിനുവേണ്ടി അവിടുന്ന് അവരെ സ്വര്‍ണവും വെള്ളിയും എന്നപോലെ ശുദ്ധീകരിക്കും. അപ്പോള്‍ യൂദായുടെയും ജറുസലെമിന്റെയും ബലി പഴയകാലത്തെന്ന പോലെ കര്‍ത്താവിന് പ്രീതികരമാകും.

കർത്താവിന്റെ വചനം.

*പ്രതിവചനസങ്കീർത്തനം*

സങ്കീ 24:7,8,9,10

മഹത്വത്തിന്റെ രാജാവ് കര്‍ത്താവുതന്നെ.

കവാടങ്ങളേ, ശിരസ്സുയര്‍ത്തുവിന്‍;
പുരാതന കവാടങ്ങളേ, ഉയര്‍ന്നു നില്‍ക്കുവിന്‍,
മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ!

മഹത്വത്തിന്റെ രാജാവ് കര്‍ത്താവുതന്നെ.

ആരാണ് ഈ മഹത്വത്തിന്റെ രാജാവ്?
പ്രബലനും ശക്തനുമായ കര്‍ത്താവ്,
യുദ്ധവീരനായ കര്‍ത്താവുതന്നെ.

മഹത്വത്തിന്റെ രാജാവ് കര്‍ത്താവുതന്നെ.

കവാടങ്ങളേ, ശിരസ്സുയര്‍ത്തുവിന്‍;
പുരാതന കവാടങ്ങളേ, ഉയര്‍ന്നു നില്‍ക്കുവിന്‍,
മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ!

മഹത്വത്തിന്റെ രാജാവ് കര്‍ത്താവുതന്നെ.

ആരാണ് ഈ മഹത്വത്തിന്റെ രാജാവ്?
സൈന്യങ്ങളുടെ കര്‍ത്താവു തന്നെ;
അവിടുന്നാണു മഹത്വത്തിന്റെ രാജാവ്.

മഹത്വത്തിന്റെ രാജാവ് കര്‍ത്താവുതന്നെ.

*സുവിശേഷ പ്രഘോഷണവാക്യം*

അല്ലേലൂയ! അല്ലേലൂയ!

അത് വിജാതീയർക്കുള്ള വെളിപാടിന്റെ പ്രകാശവും അവിടുത്തെ ജനമായ ഇസ്രായേലിന്റെ മഹിമയുമാണ്.

അല്ലേലൂയ!

*സുവിശേഷം*

ലൂക്കാ 2:22-40
അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എന്റെ കണ്ണുകള്‍ കണ്ടുകഴിഞ്ഞു.

മോശയുടെ നിയമമനുസരിച്ച്, ശുദ്ധീകരണത്തിനുള്ള ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, അവര്‍ അവനെ കര്‍ത്താവിനു സമര്‍പ്പിക്കാന്‍ ജറുസലെമിലേക്കു കൊണ്ടുപോയി. കടിഞ്ഞൂല്‍ പുത്രന്മാരൊക്കെയും കര്‍ത്താവിന്റെ പരിശുദ്ധന്‍ എന്നു വിളിക്കപ്പെടണം എന്നും, ഒരു ജോടി ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍ കുഞ്ഞുങ്ങളെയോ ബലി അര്‍പ്പിക്കണം എന്നും കര്‍ത്താവിന്റെ നിയമത്തില്‍ പറഞ്ഞിരിക്കുന്നത് അനുസരിച്ചാണ് അവര്‍ അങ്ങനെ ചെയ്തത്.
ജറുസലെമില്‍ ശിമയോന്‍ എന്നൊരുവന്‍ ജീവിച്ചിരുന്നു. അവന്‍ നീതിമാനും ദൈവഭക്തനും ഇസ്രായേലിന്റെ ആശ്വാസം പ്രതീക്ഷിച്ചിരുന്നവനും ആയിരുന്നു. പരിശുദ്ധാത്മാവ് അവന്റെ മേല്‍ ഉണ്ടായിരുന്നു. കര്‍ത്താവിന്റെ അഭിഷിക്തനെ കാണുന്നതു വരെ മരിക്കുകയില്ല എന്ന് പരിശുദ്ധാത്മാവ് അവന് വെളിപ്പെടുത്തിയിരുന്നു. പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍ അവന്‍ ദേവാലയത്തിലേക്കു വന്നു. നിയമപ്രകാരമുള്ള അനുഷ്ഠാനങ്ങള്‍ക്കായി ശിശുവായ യേശുവിനെ മാതാപിതാക്കന്മാര്‍ ദേവാലയത്തില്‍ കൊണ്ടുചെന്നു. ശിമയോന്‍ ശിശുവിനെ കൈയിലെടുത്ത്, ദൈവത്തെ സ്തുതിച്ചുകൊണ്ട് പറഞ്ഞു:

കര്‍ത്താവേ, അവിടുത്തെ വാഗ്ദാനമനുസരിച്ച്
ഇപ്പോള്‍ ഈ ദാസനെ സമാധാനത്തില്‍ വിട്ടയയ്ക്കണമേ!
എന്തെന്നാല്‍, സകല ജനതകള്‍ക്കും വേണ്ടി
അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ
എന്റെ കണ്ണുകള്‍ കണ്ടുകഴിഞ്ഞു.
അത് വിജാതീയര്‍ക്കു വെളിപാടിന്റെ പ്രകാശവും
അവിടുത്തെ ജനമായ ഇസ്രായേലിന്റെ മഹിമയും ആണ്.

അവനെക്കുറിച്ചു പറയപ്പെട്ടതെല്ലാം കേട്ട് അവന്റെ പിതാവും മാതാവും അത്ഭുതപ്പെട്ടു. ശിമയോന്‍ അവരെ അനുഗ്രഹിച്ചുകൊണ്ട് അവന്റെ അമ്മയായ മറിയത്തോടു പറഞ്ഞു: ഇവന്‍ ഇസ്രായേലില്‍ പലരുടെയും വീഴ്ചയ്ക്കും ഉയര്‍ച്ചയ്ക്കും കാരണമാകും. ഇവന്‍ വിവാദവിഷയമായ അടയാളവുമായിരിക്കും. അങ്ങനെ, അനേകരുടെ ഹൃദയവിചാരങ്ങള്‍ വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറുകയും ചെയ്യും.
ഫനുവേലിന്റെ പുത്രിയും ആഷേര്‍ വംശജയുമായ അന്നാ എന്നൊരു പ്രവാചികയും അവിടെ ഉണ്ടായിരുന്നു. ഇവള്‍ കന്യകാപ്രായം മുതല്‍ ഏഴു വര്‍ഷം ഭര്‍ത്താവിനോടൊത്തു ജീവിച്ചു. എണ്‍പത്തിനാലു വയസ്സായ ഈ വിധവ ദേവാലയം വിട്ടുപോകാതെ രാപകല്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് ഉപവാസത്തിലും പ്രാര്‍ഥനയിലും കഴിയുകയായിരുന്നു. അവള്‍ അപ്പോള്‍ത്തന്നെ മുമ്പോട്ടുവന്ന് ദൈവത്തെ സ്തുതിക്കുകയും ജറുസലെമില്‍ രക്ഷ പ്രതീക്ഷിച്ചുകൊണ്ടിരുന്ന എല്ലാവരോടും ശിശുവിനെക്കുറിച്ചു സംസാരിക്കുകയും ചെയ്തു.
കര്‍ത്താവിന്റെ നിയമപ്രകാരം എല്ലാം നിവര്‍ത്തിച്ചശേഷം അവര്‍ സ്വനഗരമായ ഗലീലിയിലെ നസറത്തിലേക്കു മടങ്ങി. ശിശു വളര്‍ന്നു. ജ്ഞാനം നിറഞ്ഞു ശക്തനായി; ദൈവത്തിന്റെ കൃപ അവന്റെ മേല്‍ ഉണ്ടായിരുന്നു.

കർത്താവിന്റെ സുവിശേഷം.

*നൈവേദ്യപ്രാര്‍ത്ഥന*
കര്‍ത്താവേ, അങ്ങേ ജാതനായ ഏകപുത്രന്‍
കളങ്കമറ്റ കുഞ്ഞാടായി ലോകത്തിന്റെ ജീവനുവേണ്ടി
അങ്ങേക്ക് സമര്‍പ്പിക്കപ്പെടാന്‍ അങ്ങ് തിരുമനസ്സായല്ലോ.
ആഹ്ളാദത്തിലാറാടുന്ന സഭയുടെ ബലിയര്‍പ്പണം
അങ്ങേക്ക് പ്രീതികരമായിത്തീരട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അവിടന്ന്
ഈ പ്രാര്‍ഥന കേട്ടരുളണമേ.

*ദിവ്യകാരുണ്യപ്രഭണിതം*

ലൂക്കാ 2:30-31

സകല ജനതകള്‍ക്കുംവേണ്ടി നീ ഒരുക്കിയിരിക്കുന്ന രക്ഷ
എന്റെ കണ്ണുകള്‍ കണ്ടുകഴിഞ്ഞു.

*ദിവ്യഭോജനപ്രാര്‍ത്ഥന*

കര്‍ത്താവേ, ശിമയോന്റെ പ്രതീക്ഷ സഫലമാക്കിയ അങ്ങ്,
ഞങ്ങള്‍ സ്വീകരിച്ച ദിവ്യദാനങ്ങള്‍ വഴി,
അങ്ങേ കൃപ ഞങ്ങളില്‍ പൂര്‍ത്തീകരിക്കണമേ.
അങ്ങനെ, ക്രിസ്തുവിനെ സ്വാഗതം ചെയ്യുന്നതുവരെ
മരണം കാണുകയില്ലെന്ന ഭാഗ്യം ലഭിച്ച ശിമയോനെപ്പോലെ,
ഞങ്ങളും കര്‍ത്താവിനെ എതിരേല്ക്കാന്‍ വന്നണഞ്ഞ്
നിത്യജീവന്‍ പ്രാപിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment