Monday of week 6 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹

*13 Feb 2023*

*Monday of week 6 in Ordinary Time* 

*Liturgical Colour: Green.**സമിതിപ്രാര്‍ത്ഥന*

ദൈവമേ, സംശുദ്ധതയും ആത്മാര്‍ഥതയും നിറഞ്ഞ ഹൃദയങ്ങളില്‍
വസിക്കുമെന്ന് അങ്ങ് അരുള്‍ചെയ്തിട്ടുണ്ടല്ലോ.
അങ്ങു വസിക്കാന്‍ തിരുമനസ്സാകുന്ന,
ഇപ്രകാരമുള്ളവരെ പോലെയാകാന്‍
അങ്ങേ കൃപയാല്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

*ഒന്നാം വായന*

ഉത്പ 4:1-15,25
കായേന്‍ ആബേലിനോടു കയര്‍ത്ത് അവനെ കൊന്നു.

ആദം തന്റെ ഭാര്യയായ ഹവ്വായോടു ചേര്‍ന്നു. അവള്‍ ഗര്‍ഭംധരിച്ചു കായേനെ പ്രസവിച്ചു. അവള്‍ പറഞ്ഞു: കര്‍ത്താവു കടാക്ഷിച്ച് എനിക്ക് പുത്രനെ ലഭിച്ചിരിക്കുന്നു. പിന്നീട് അവള്‍ കായേന്റെ സഹോദരന്‍ ആബേലിനെ പ്രസവിച്ചു. ആബേല്‍ ആട്ടിടയനും കായേന്‍ കൃഷിക്കാരനുമായിരുന്നു. ഒരിക്കല്‍ കായേന്‍ തന്റെ വിളവില്‍ ഒരു ഭാഗം കര്‍ത്താവിനു കാഴ്ച സമര്‍പ്പിച്ചു. ആബേല്‍ തന്റെ ആട്ടിന്‍കൂട്ടത്തിലെ കടിഞ്ഞൂല്‍ക്കുഞ്ഞുങ്ങളെ എടുത്ത് അവയുടെ കൊഴുപ്പുള്ള ഭാഗങ്ങള്‍ അവിടുത്തേക്കു കാഴ്ചവച്ചു. ആബേലിലും അവന്റെ കാഴ്ചവസ്തുക്കളിലും അവിടുന്നു പ്രസാദിച്ചു. എന്നാല്‍ കായേനിലും അവന്റെ കാഴ്ചവസ്തുക്കളിലും അവിടുന്നു പ്രസാദിച്ചില്ല. ഇതു കായേനെ അത്യധികം കോപിപ്പിച്ചു. അവന്റെ മുഖം കറുത്തു. കര്‍ത്താവു കായേനോടു ചോദിച്ചു: നീ കോപിച്ചിരിക്കുന്നതെന്തുകൊണ്ട്? നിന്റെ മുഖം വാടിയിരിക്കുന്നതെന്തുകൊണ്ട്? ഉചിതമായി പ്രവര്‍ത്തിച്ചാല്‍ നീയും സ്വീകാര്യനാവുകയില്ലേ? നല്ലതുചെയ്യുന്നില്ലെങ്കില്‍ പാപം വാതില്‍ക്കല്‍ത്തന്നെ പതിയിരിപ്പുണ്ടെന്ന് ഓര്‍ക്കണം. അതു നിന്നില്‍ താത്പര്യം വച്ചിരിക്കുന്നു; നീ അതിനെ കീഴടക്കണം.
ഒരു ദിവസം കായേന്‍ തന്റെ സഹോദരന്‍ ആബേലിനോടു പറഞ്ഞു: നമുക്കു വയലിലേക്കു പോകാം. അവര്‍ വയലിലായിരിക്കേ കായേന്‍ ആബേലിനോടു കയര്‍ത്ത് അവനെ കൊന്നു. കര്‍ത്താവു കായേനോടു ചോദിച്ചു: നിന്റെ സഹോദരന്‍ ആബേല്‍ എവിടെ? അവന്‍ പറഞ്ഞു: എനിക്കറിഞ്ഞുകൂടാ. സഹോദരന്റെ കാവല്‍ക്കാരനാണോ ഞാന്‍? എന്നാല്‍ കര്‍ത്താവു പറഞ്ഞു: നീയെന്താണു ചെയ്തത്? നിന്റെ സഹോദരന്റെ രക്തം മണ്ണില്‍ നിന്ന് എന്നെ വിളിച്ചു കരയുന്നു. നിന്റെ കൈയില്‍ നിന്നു നിന്റെ സഹോദരന്റെ രക്തം കുടിക്കാന്‍ വായ് പിളര്‍ന്ന ഭൂമിയില്‍ നീ ശപിക്കപ്പെട്ടവനായിരിക്കും. കൃഷിചെയ്യുമ്പോള്‍ മണ്ണു നിനക്കു ഫലംതരുകയില്ല. നീ ഭൂമിയില്‍ അലഞ്ഞുതിരിയുന്നവനായിരിക്കും. കായേന്‍ കര്‍ത്താവിനോടു പറഞ്ഞു: എനിക്കു വഹിക്കാവുന്നതിലും വലുതാണ് ഈ ശിക്ഷ. ഇന്ന് അവിടുന്ന് എന്നെ ഈ സ്ഥലത്തുനിന്ന് ആട്ടിപ്പായിച്ചിരിക്കുന്നു. അവിടുത്തെ സന്നിധിയില്‍ നിന്നു ഞാന്‍ ഒളിച്ചു നടക്കണം. ഞാന്‍ ഭൂമിയില്‍ ഉഴലുന്നവനായിരിക്കും. കാണുന്നവരെല്ലാം എന്നെ കൊല്ലാന്‍ നോക്കും. കര്‍ത്താവു പറഞ്ഞു: ഒരിക്കലുമില്ല. കായേനെ കൊല്ലുന്നവന്റെ മേല്‍ ഏഴിരട്ടിയായി ഞാന്‍ പ്രതികാരം ചെയ്യും. ആരും കായേനെ കൊല്ലാതിരിക്കാന്‍ കര്‍ത്താവ് അവന്റെമേല്‍ ഒരടയാളം പതിച്ചു.
ആദം വീണ്ടും തന്റെ ഭാര്യയോടു ചേര്‍ന്നു. അവള്‍ ഒരു പുത്രനെ പ്രസവിച്ചു. സേത്ത് എന്ന് അവനു പേരിട്ടു. കാരണം, കായേന്‍ കൊന്ന ആബേലിനു പകരം എനിക്കു ദൈവം തന്നതാണ് അവന്‍ എന്ന് അവള്‍ പറഞ്ഞു.

കർത്താവിന്റെ വചനം.

*പ്രതിവചനസങ്കീർത്തനം*

സങ്കീ 50:1,8,16bc-17,20-21

കൃതജ്ഞതയായിരിക്കട്ടെ നീ ദൈവത്തിനര്‍പ്പിക്കുന്ന ബലി.

കര്‍ത്താവായ ദൈവം, ശക്തനായവന്‍, സംസാരിക്കുന്നു;
കിഴക്കു മുതല്‍ പടിഞ്ഞാറുവരെയുള്ള
ഭൂമി മുഴുവനെയും അവിടുന്നു വിളിക്കുന്നു.
നിന്റെ ബലികളെക്കുറിച്ചു ഞാന്‍നിന്നെ ശാസിക്കുന്നില്ല;
നിന്റെ ദഹനബലികള്‍ നിരന്തരം എന്റെ മുന്‍പിലുണ്ട്.

കൃതജ്ഞതയായിരിക്കട്ടെ നീ ദൈവത്തിനര്‍പ്പിക്കുന്ന ബലി.

എന്റെ നിയമങ്ങള്‍ ഉരുവിടാനോ
എന്റെ ഉടമ്പടിയെക്കുറിച്ച് ഉരിയാടാനോ നിനക്കെന്തു കാര്യം?
നീ ശിക്ഷണത്തെ വെറുക്കുന്നു;
എന്റെ വചനത്തെ നീ അവഗണിക്കുന്നു.

കൃതജ്ഞതയായിരിക്കട്ടെ നീ ദൈവത്തിനര്‍പ്പിക്കുന്ന ബലി.

നീ നിന്റെ സഹോദരനെതിരായി സംസാരിച്ചുകൊണ്ടിരിക്കുന്നു;
സ്വന്തം സഹോദരനെതിരേ നീ അപവാദം പരത്തുന്നു.
നീ ഇതെല്ലാം ചെയ്തിട്ടും ഞാന്‍ മൗനം ദീക്ഷിച്ചു;
നിന്നെപ്പോലെയാണു ഞാനും എന്നു നീ കരുതി;
എന്നാല്‍ ഇപ്പോള്‍ ഞാന്‍ നിന്നെ ശാസിക്കുന്നു;
നിന്റെ മുന്‍പില്‍ ഞാന്‍ കുറ്റങ്ങള്‍ നിരത്തിവയ്ക്കുന്നു.

കൃതജ്ഞതയായിരിക്കട്ടെ നീ ദൈവത്തിനര്‍പ്പിക്കുന്ന ബലി.

*സുവിശേഷ പ്രഘോഷണവാക്യം*

അല്ലേലൂയ!അല്ലേലൂയ!

ഇന്നു നിങ്ങൾ ഹൃദയം കഠിനമാക്കാതെ അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കിൽ!

അല്ലേലൂയ!

Or

അല്ലേലൂയ! അല്ലേലൂയ!

യേശു പറഞ്ഞു വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേയ്ക്കു വരുന്നില്ല.

അല്ലേലൂയ!

*സുവിശേഷം*

മാര്‍ക്കോ 8:11-13
എന്തുകൊണ്ടാണ് ഈ തലമുറ അടയാളം അന്വേഷിക്കുന്നത്?

അക്കാലത്ത്, ഫരിസേയര്‍ വന്ന് യേശുവുമായി തര്‍ക്കിക്കാന്‍ തുടങ്ങി. അവര്‍ അവനെ പരീക്ഷിച്ചുകൊണ്ട് സ്വര്‍ഗത്തില്‍ നിന്ന് ഒരു അടയാളം ആവശ്യപ്പെട്ടു. അവന്‍ ആത്മാവില്‍ അഗാധമായി നെടുവീര്‍പ്പിട്ടുകൊണ്ടു പറഞ്ഞു: എന്തുകൊണ്ടാണ് ഈ തല മുറ അടയാളം അന്വേഷിക്കുന്നത്? സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ തലമുറയ്ക്ക് അടയാളം നല്‍കപ്പെടുകയില്ല. അവന്‍ അവരെ വിട്ട്, വീണ്ടും വഞ്ചിയില്‍ കയറി മറുകരയിലേക്കുപോയി.

കർത്താവിന്റെ സുവിശേഷം.

*നൈവേദ്യപ്രാര്‍ത്ഥന*

കര്‍ത്താവേ, ഈ അര്‍പ്പണം ഞങ്ങളെ ശുദ്ധീകരിക്കുകയും
നവീകരിക്കുകയും ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങേ തിരുമനസ്സ് നിറവേറ്റുന്നവര്‍ക്ക്
അത് നിത്യമായ പ്രതിഫലത്തിന് നിദാനമായി തീരുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

*ദിവ്യകാരുണ്യപ്രഭണിതം*

cf. സങ്കീ 78:29-30

അവര്‍ ഭക്ഷിച്ചു തൃപ്തരായി,
അവര്‍ ആഗ്രഹിച്ചത് കര്‍ത്താവ് അവര്‍ക്കു നല്കി.
അവരുടെ ആഗ്രഹത്തില്‍ അവര്‍ നിരാശരായില്ല.


Or:
യോഹ 3:16

അവനില്‍ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ
നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി,
തന്റെ ഏകജാതനെ നല്കാന്‍ തക്കവിധം
ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.

*ദിവ്യഭോജനപ്രാര്‍ത്ഥന*

കര്‍ത്താവേ, സ്വര്‍ഗീയഭോജനത്താല്‍ പരിപോഷിതരായി
ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, ഞങ്ങള്‍ യഥാര്‍ഥത്തില്‍ ജീവിക്കുന്ന അതേ ഭോജനം
എന്നും തേടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s