🌹 🔥 🌹 🔥 🌹 🔥 🌹
14 Feb 2023
Saints Cyril, monk, and Methodius, Bishop
on Tuesday of week 6 in Ordinary Time
Liturgical Colour: White.
സമിതിപ്രാര്‍ത്ഥന
ദൈവമേ, സഹോദരരായ വിശുദ്ധ സിറിളും
വിശുദ്ധ മെത്തോഡിയസും വഴി
സ്ലാവുജനതയെ പ്രകാശിപ്പിച്ചുവല്ലോ.
അങ്ങേ പ്രബോധനത്തിന്റെ വചനങ്ങള്‍ ഗ്രഹിക്കാന്‍
ഞങ്ങളുടെ ഹൃദയങ്ങള്‍ക്ക് അനുഗ്രഹം നല്കുകയും
സത്യവിശ്വാസത്തിലും ശരിയായ പ്രഖ്യാപനത്തിലും
ഹൃദയൈക്യമുള്ള ജനതയായി ഞങ്ങളെ
മാറ്റിയെടുക്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ഉത്പ 6:5-8,7:1-5,10
എന്റെ സൃഷ്ടിയായ മനുഷ്യനെ ഭൂമുഖത്തുനിന്നു ഞാന്‍ തുടച്ചുമാറ്റും.
ഭൂമിയില്‍ മനുഷ്യന്റെ ദുഷ്ടത വര്‍ധിച്ചിരിക്കുന്നെന്നും അവന്റെ ഹൃദയത്തിലെ ചിന്തയും ഭാവനയും എപ്പോഴും ദുഷിച്ചതു മാത്രമാണെന്നും കര്‍ത്താവു കണ്ടു. ഭൂമുഖത്തു മനുഷ്യനെ സൃഷ്ടിച്ചതില്‍ കര്‍ത്താവു പരിതപിച്ചു. അത് അവിടുത്തെ ഹൃദയത്തെ വേദനിപ്പിച്ചു. കര്‍ത്താവ് അരുളിച്ചെയ്തു: എന്റെ സൃഷ്ടിയായ മനുഷ്യനെ ഭൂമുഖത്തു നിന്നു ഞാന്‍ തുടച്ചുമാറ്റും. മനുഷ്യനെയും മൃഗങ്ങളെയും ഇഴജന്തുക്കളെയും ആകാശത്തിലെ പറവകളെയും ഞാന്‍ നാമാവശേഷമാക്കും. അവയെ സൃഷ്ടിച്ചതില്‍ ഞാന്‍ ദുഃഖിക്കുന്നു. എന്നാല്‍, നോഹ കര്‍ത്താവിന്റെ പ്രീതിക്കു പാത്രമായി.
കര്‍ത്താവ് നോഹയോട് അരുളിച്ചെയ്തു: നീയും കുടുംബവും പെട്ടകത്തില്‍ പ്രവേശിക്കുക. ഈ തലമുറയില്‍ നിന്നെ ഞാന്‍ നീതിമാനായി കണ്ടിരിക്കുന്നു. ഭൂമുഖത്ത് അവയുടെ വംശം നിലനിര്‍ത്താന്‍ വേണ്ടി ശുദ്ധിയുള്ള സര്‍വ മൃഗങ്ങളിലും നിന്ന് ആണും പെണ്ണുമായി ഏഴു ജോഡിയും ശുദ്ധിയില്ലാത്ത മൃഗങ്ങളില്‍ നിന്ന് ആണും പെണ്ണുമായി ഒരു ജോഡിയും ആകാശത്തിലെ പറവകളില്‍ നിന്ന് പൂവനും പിടയുമായി ഏഴു ജോഡിയും കൂടെ കൊണ്ടുപോവുക. ഏഴു ദിവസവുംകൂടി കഴിഞ്ഞാല്‍ നാല്‍പതു രാവും നാല്‍പതു പകലും ഭൂമുഖത്തെല്ലാം ഞാന്‍ മഴപെയ്യിക്കും; ഞാന്‍ സൃഷ്ടിച്ച സകല ജീവജാലങ്ങളെയും ഭൂതലത്തില്‍ നിന്നു തുടച്ചു മാറ്റും. കര്‍ത്താവു കല്‍പിച്ചതെല്ലാം നോഹ ചെയ്തു. ഏഴു ദിവസം കഴിഞ്ഞപ്പോള്‍ ഭൂമിയില്‍ വെള്ളം പൊങ്ങിത്തുടങ്ങി.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 29:1-2,3-4,3,9-10
കര്‍ത്താവു തന്റെ ജനത്തെ സമാധാനം നല്‍കി അനുഗ്രഹിക്കട്ടെ!
സ്വര്‍ഗവാസികളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍:
മഹത്വവും ശക്തിയും അവിടുത്തേതെന്നു പ്രഘോഷിക്കുവിന്‍.
കര്‍ത്താവിന്റെ മഹത്വപൂര്‍ണമായ
നാമത്തെ സ്തുതിക്കുവിന്‍;
വിശുദ്ധ വസ്ത്രങ്ങളണിഞ്ഞ്
അവിടുത്തെ ആരാധിക്കുവിന്‍.
കര്‍ത്താവു തന്റെ ജനത്തെ സമാധാനം നല്‍കി അനുഗ്രഹിക്കട്ടെ!
കര്‍ത്താവിന്റെ സ്വരം ജലരാശിക്കുമീതേ മുഴങ്ങുന്നു;
കര്‍ത്താവിന്റെ സ്വരം ശക്തി നിറഞ്ഞതാണ്;
അവിടുത്തെ ശബ്ദം പ്രതാപമുറ്റതാണ്.
കര്‍ത്താവു തന്റെ ജനത്തെ സമാധാനം നല്‍കി അനുഗ്രഹിക്കട്ടെ!
ജലസഞ്ചയങ്ങള്‍ക്കുമീതേ
മഹത്വത്തിന്റെ ദൈവം ഇടിനാദം മുഴക്കുന്നു.
അവിടുത്തെ ആലയത്തില്‍ മഹത്വം
എന്ന് എല്ലാവരും പ്രഘോഷിക്കുന്നു.
കര്‍ത്താവു ജലസഞ്ചയത്തിനുമേല്‍
സിംഹാസനസ്ഥനായിരിക്കുന്നു.
അവിടുന്ന് എന്നേക്കും രാജാവായി
സിംഹാസനത്തില്‍ വാഴുന്നു.
കര്‍ത്താവു തന്റെ ജനത്തെ സമാധാനം നല്‍കി അനുഗ്രഹിക്കട്ടെ!
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ!അല്ലേലൂയ!
കർത്താവേ, അങ്ങയുടെ പുത്രൻ്റെ വചനങ്ങൾ സ്വീകരിക്കാൻ ഞങ്ങളുടെ ഹൃദയം തുറക്കേണമേ.
അല്ലേലൂയ!
Or
അല്ലേലൂയ!അല്ലേലൂയ!
കർത്താവ് അരുൾ ചെയ്യുന്നു: എന്നെ സ്നേഹിക്കുന്നവൻ എൻ്റെ വചനം പാലിക്കും. അപ്പോൾ എൻ്റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങൾ അവൻ്റെ അടുത്ത് വന്ന് അവനിൽ വാസമുറപ്പിക്കുകയും ചെയും.
അല്ലേലൂയ!
സുവിശേഷം
മാര്‍ക്കോ 8:14-21
ഫരിസേയരുടെയും ഹേറോദേസിന്റെയും പുളിപ്പിനെക്കുറിച്ച് കരുതലോടെയിരിക്കുവിന്‍.
അക്കാലത്ത്, ശിഷ്യന്മാര്‍ അപ്പം എടുക്കാന്‍ മറന്നുപോയിരുന്നു. വഞ്ചിയില്‍ അവരുടെ പക്കല്‍ ഒരപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു. യേശു മുന്നറിയിപ്പു നല്‍കി: നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. ഫരിസേയരുടെയും ഹേറോദേസിന്റെയും പുളിപ്പിനെക്കുറിച്ച് കരുതലോടെയിരിക്കുവിന്‍. അവന്‍ ഇങ്ങനെ പറഞ്ഞത്, തങ്ങളുടെ പക്കല്‍ അപ്പം ഇല്ലാത്തതുകൊണ്ടാണെന്ന് അവര്‍ പരസ്പരം പറഞ്ഞു. ഇതു മനസ്സിലാക്കിയ യേശു അവരോടു പറഞ്ഞു: നിങ്ങള്‍ക്ക് അപ്പമില്ലാത്തതിനെക്കുറിച്ച് എന്തിനു തര്‍ക്കിക്കുന്നു? ഇനിയും നിങ്ങള്‍ മനസ്സിലാക്കുകയും ഗ്രഹിക്കുകയും ചെയ്യുന്നില്ലേ? നിങ്ങളുടെ ഹൃദയങ്ങള്‍ മന്ദീഭവിച്ചിരിക്കുന്നുവോ? കണ്ണുണ്ടായിട്ടും നിങ്ങള്‍ കാണുന്നില്ലേ? ചെവിയുണ്ടായിട്ടും നിങ്ങള്‍ കേള്‍ക്കുന്നില്ലേ? നിങ്ങള്‍ ഓര്‍മിക്കുന്നില്ലേ? അഞ്ചപ്പം ഞാന്‍ അയ്യായിരം പേര്‍ക്കായി ഭാഗിച്ചപ്പോള്‍ ശേഷിച്ച കഷണങ്ങള്‍ നിങ്ങള്‍ എത്ര കുട്ട നിറച്ചെടുത്തു? പന്ത്രണ്ട് എന്ന് അവര്‍ പറഞ്ഞു. ഏഴപ്പം നാലായിരം പേര്‍ക്കു വീതിച്ചപ്പോള്‍ മിച്ചം വന്ന കഷണങ്ങള്‍ നിങ്ങള്‍ എത്ര കുട്ട എടുത്തു? ഏഴ് എന്ന് അവര്‍ മറുപടി പറഞ്ഞു. അവന്‍ ചോദിച്ചു: എന്നിട്ടും നിങ്ങള്‍ ഗ്രഹിക്കുന്നില്ലേ?
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, വിശുദ്ധരായ സിറിളിന്റെയും
മെത്തോഡിയസിന്റെയും സ്മരണദിനത്തില്‍
അങ്ങേ മഹിമയുടെ മുമ്പാകെ
ഞങ്ങള്‍ കൊണ്ടുവന്നിരിക്കുന്ന കാണിക്കകള്‍ കടാക്ഷിക്കണമേ.
അങ്ങനെ, ഉപവിയുടെ സ്‌നേഹത്തില്‍
അങ്ങയോട് രമ്യതപ്പെട്ട നവമാനവരാശിയുടെ അടയാളമായി
അവ ആയിത്തീരാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. മര്‍ക്കോ 16:20
ശിഷ്യന്മാര്‍ പോയി സുവിശേഷം പ്രസംഗിച്ചു.
കര്‍ത്താവ് അവരോടു കൂടെ പ്രവര്‍ത്തിക്കുകയും
അടയാളങ്ങള്‍ കൊണ്ട് വചനം സ്ഥിരീകരിക്കുകയും ചെയ്തു.
ദിവ്യഭോജനപ്രാര്‍ത്ഥന
എല്ലാ ജനതകളുടെയും പിതാവായ ദൈവമേ,
അങ്ങ് ഞങ്ങളെ ഒരേ അപ്പത്തിലും ഒരേ ആത്മാവിലും പങ്കുകാരാക്കുകയും
നിത്യമായ വിരുന്നിന് അവകാശികളാക്കുകയും ചെയ്തുവല്ലോ.
വിശുദ്ധരായ സിറിളിന്റെയും മെത്തോഡിയസിന്റെയും ഈ ആഘോഷത്തില്‍,
അങ്ങേ മക്കളുടെ ഗണം അതേവിശ്വാസത്തില്‍ നിലനിന്ന്,
നീതിയുടെയും സമാധാനത്തിന്റെയും രാജ്യം
ഒരുമിച്ച് പടുത്തുയര്‍ത്താന്‍ കനിവാര്‍ന്ന് അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹


Leave a comment