“എന്റെ ഹൃദയത്തിനിണങ്ങിയ ഒരു വൈദികനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പരിശ്രമങ്ങളിൽ ഞാൻ സംപ്രീതനാണ്….ദൈവകരുണയോടുള്ള ഭക്തി പ്രചരിപ്പിക്കുന്ന പ്രവർത്തനങ്ങളിലൂടെ ലോകാവസാനം വരെ അവൻ സദാ പ്രവർത്തനനിരതനായിരിക്കും”..
വിശുദ്ധ ഫൗസ്റ്റീനയോട് അവളുടെ ആത്മീയപിതാവും കുമ്പസ്സാരക്കാരനുമായ ഫാദർ മൈക്കിൾ സൊപോക്കോ (സൊപോച്ച്കോ )യെ പറ്റി ഓഗസ്റ് 30, 1937ൽ ഈശോ പറഞ്ഞതാണീ വാക്കുകൾ.
“ഈശോ നേരിട്ട് അദ്ദേഹത്തെ നാമകരണം ചെയ്യുന്നതായി തോന്നും ഇത് കേട്ടാൽ”!! സെപ്റ്റംബർ 28, 2008 ന് ഫാദർ മൈക്കിൾ സൊപോക്കോ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തപ്പെടുന്ന വേളയിൽ, വിശുദ്ധ ഫൗസ്റ്റീനയുടെ നാമകരണപ്രക്രിയയിൽ വൈസ് പോസ്റ്റുലേറ്റർ ആയി വർത്തിച്ചിരുന്ന ഫാദർ സെറാഫിം മൈക്കളെങ്കോ ഈശോയുടെ ആ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു.
വിശുദ്ധ ഫൗസ്റ്റീനയെപോലെ തന്നെ നിരവധി സഹനങ്ങളിലൂടെ കടന്നു പോകേണ്ടി വന്ന ഒരു ബലിയാത്മാവായിരുന്നു ഫാദർ മൈക്കിൾ സൊപോക്കോയും. ആശ്വാസവും അംഗീകാരവും കിട്ടേണ്ടിടത്ത് കുരിശുകളായിരുന്നു അദ്ദേഹത്തിന് കിട്ടിക്കൊണ്ടിരുന്നത്. അദ്ദേഹത്തിന്റെ തീക്ഷ്‌ണമായ സഹനം കൂടുതലും മാനസിക തലത്തിലായിരുന്നു. എന്തിനാണ് അദ്ദേഹത്തെ ഇത്രയും കഷ്ടപ്പെടുത്തുന്നത് എന്ന് ചോദിച്ച ഫൗസ്റ്റീനയോട് ഈശോ പറഞ്ഞു, “അദ്ദേഹത്തിന് ലഭിക്കാൻ പോകുന്ന ബ്രഹ്മചര്യം, പൗരോഹിത്യം, രക്തസാക്ഷിത്വം എന്നീ ത്രിവിധ കിരീടങ്ങൾക്ക് വേണ്ടിയാണിത്”. ഈ ലോകത്തിൽ ഈശോയുടെ സഹനങ്ങളോട് അനുരൂപപ്പെടുന്ന ആത്മാവിന് സ്വർഗ്ഗത്തിൽ ലഭിക്കാൻ പോകുന്നത് അളവില്ലാത്ത മഹത്വം ആയിരിക്കുമെന്ന അറിവ് ഈശോ അവൾക്ക് കൊടുത്തിരുന്നു.
1959ൽ ദൈവകാരുണ്യ ഭക്തി വത്തിക്കാൻ നിരോധിച്ചതിനൊപ്പം ഫാദർ മൈക്കിൾ സൊപോക്കോയെയും കർശനമായി താക്കീത് ചെയ്തു. ഏകദേശം ഇരുപതു വർഷത്തോളം നീണ്ടുനിന്ന ആ നിരോധനം എടുത്തുമാറ്റപ്പെട്ടത് കർദ്ദിനാൾ കരോൾ വോയ്‌റ്റിവ( വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ) യുടെ ശ്രമഫലമായി 1978 ൽ ആയിരുന്നു. അപ്പോഴേക്കും ഫാദർ സൊപോക്കോ ഈ ലോകം വിട്ട് ദൈവസന്നിധിയിലെത്തിയിരുന്നു.
വിശുദ്ധ ഫൗസ്റ്റീനയോട് എല്ലാ കാര്യങ്ങളും എഴുതിവെക്കാൻ പറഞ്ഞത് ഫാദർ സൊപോക്കോ ആയിരുന്നു. അതുകൊണ്ട് ആ ഡയറിയിലൂടെ, കത്തോലിക്കാ മിസ്റ്റിസിസത്തിന്റെ ഒരു അമൂല്യനിധി തന്നെ നമുക്കെല്ലാം കിട്ടി.
ദൈവകരുണയുടെ ചിത്രം വരക്കാൻ ആളെ ഏർപ്പാടാക്കിയതും അതിന് വേണ്ടതെല്ലാം ചെയ്തുകൊടുത്തതും ഫാദർ സൊപോക്കോ ആയിരുന്നു.ആർട്ടിസ്റ്റുമായുള്ള എല്ലാ മീറ്റിംഗുകൾക്കും ഫൗസ്റ്റീനയുടെ കൂടെ പോയി.ഫൗസ്റ്റീന പറഞ്ഞ പോലെ കാണിച്ചുകൊടുക്കാൻ ആർട്ടിസ്റ്റിനു മുമ്പിൽ സ്വയം ഒരു മോഡൽ ആയി.
ദൈവകരുണയുടെ തിരുന്നാൾ ആദ്യം ആഘോഷിച്ചത് ഫാദർ സൊപോക്കോ ആയിരുന്നു, പോളണ്ടിലും ലിത്വേനിയയിലും ഇത്ര പ്രാധാന്യമുള്ള ഒരു തിരുന്നാൾ ആയി ആ ദിവസം മാറാനും കാരണക്കാരൻ അദ്ദേഹം ആയിരുന്നു.
ഈശോ ഫൗസ്റ്റീനക്ക് പറഞ്ഞുകൊടുത്ത പ്രാർത്ഥനകൾ ദൈവകരുണയുടെ പടത്തിന് അപ്പുറത്ത് അച്ചടിപ്പിച്ചതും ലോകം മുഴുവൻ അത് അറിയാൻ കാരണമായതും ഫാദർ സൊപോക്കോ തന്നെ.
ദൈവകരുണയുടെ സന്ദേശം ആദ്യമായി ലോകത്തെ അറിയിക്കുക, എന്ന നിയോഗം നിറവേറ്റിയത് ഫാദർ സൊപോക്കോ ആണ്. 1934ൽ ഈസ്റ്റർ കഴിഞ്ഞുവരുന്ന ദൈവകാരുണ്യഞായറിൽ, കാരുണ്യമാതാവിന്റെ തീർത്ഥാടനകേന്ദ്രത്തിൽ വിൽനിയൂസിൽ വെച്ചായിരുന്നു അത്.അദ്ദേഹം പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ ഈശോ സജീവനായി കാരുണ്യകതിരുകൾ ചൊരിയുന്നത് ഫൗസ്റ്റീന കണ്ടു.
ദൈവകരുണയുടെ ചിത്രം അതേ സ്ഥലത്തു വെച്ച് ആദ്യമായി അനാവരണം ചെയ്തതും അദ്ദേഹം തന്നെ. ഈശോ പറഞ്ഞ പ്രകാരം കന്യസ്ത്രീകൾക്കായി ഒരു പുതിയ സഭയും അദ്ദേഹം സ്ഥാപിച്ചു.
1888 ൽ ജനിച്ച ഫാദർ മൈക്കിൾ സൊപൊക്കോ എന്ന പുരോഹിതൻ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് എടുത്ത മികച്ച ഒരു പ്രൊഫസറും സെമിനാരി അധ്യാപകനും നല്ലൊരു ദൈവശാസ്ത്രജ്ഞനുമൊക്കെ ആയിരുന്നു. ചെറുപ്പത്തിൽ 11 മൈലോളം അകലെയുള്ള പള്ളിയിൽ പോയാണ് കുർബ്ബാന കൂടി കൊണ്ടിരുന്നത്. ഒരു ചെറിയ ബലിപീഠം തന്നെ തന്റെ വീട്ടിൽ അവൻ പണിതുണ്ടാക്കി. വലുതായപ്പോൾ സെമിനാരിയിൽ ചേരാൻ ആഗ്രഹിച്ചെങ്കിലും പണമില്ലാഞ്ഞതിനാൽ വിൽനിയൂസിലെ ഒരു സെമിനാരി റെക്ടർ ആണ് മുഴുവൻ ചിലവും വഹിച്ചത്.
25 വയസുള്ളപ്പോൾ പുരോഹിതനായ അദ്ദേഹം രണ്ട് ലോകമഹായുദ്ധങ്ങളുടെ ഭീകരതകൾക്കും സാക്ഷ്യം വഹിച്ചു. മിലിട്ടറി ചാപ്ലൈൻ ആയി മുന്നിൽ തന്നെ ഉണ്ടായിരുന്നു. മതത്തെയും രാജ്യസ്നേഹത്തെയും സംബന്ധിച്ച അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ യുവാക്കൾക്ക് ആവേശം പകർന്നു. 1927ൽ വിൽനിയൂസ് യൂണിവേഴ്സിറ്റിയിൽ പാസ്റ്ററൽ തിയോളജി ഡിപ്പാർട്മെന്റിന്റെ ഡയറക്ടർ ആയും വിൽനിയൂസ് സെമിനാരി ഡയറക്ടർ ആയും നിയമിക്കപ്പെട്ടു. പിന്നീട് ദൈവപദ്ധതിപ്രകാരം കാരുണ്യമാതാവിന്റെ കോൺവെന്റിൽ കുമ്പസാരക്കാരനായപ്പോഴാണ് സിസ്റ്റർ മരിയ ഫൗസ്റ്റീന കോവാൽസ്കയെ കാണുന്നത്. ഭൂമിയിൽ ഫൗസ്റ്റീനയെ സഹായിക്കാൻ ദൈവത്താൽ അയക്കപ്പെട്ട ഫാദർ സൊപോക്കോ.
1944 ൽ ഗെസ്റ്റപ്പോ ( ഹിറ്റ്ലറുടെ രഹസ്യപോലീസ് ) യുടെ നോട്ടപ്പുള്ളിയായ ഫാദർ സൊപോക്കോക്ക് പലപ്പോഴും ഒളിവിൽ പോകേണ്ടിയും വേഷപ്രഛന്നനാകേണ്ടിയും വന്നു. അദ്ദേഹത്തിന്റെ ശ്രമഫലമായി തിരുക്കുടുംബത്തിന്റെ നാമത്തിൽ ഒരു ചാപ്പൽ 1957ൽ സ്ഥാപിതമായി, ക്രിസ്തുരാജാവിന്റെ തിരുന്നാൾ ദിവസം. റിട്ടയർ ആയി കഴിഞ്ഞ് അവിടുള്ള കെട്ടിടത്തിലാണ് പിന്നീട് കഴിഞ്ഞതും.
ജീവിതകാലം മുഴുവൻ അദ്ദേഹം പ്രവർത്തിച്ചുകൊണ്ടേയിരുന്നു, ആത്മീയ അടിത്തറയിൽ പണിതുയർത്തിയ പ്രവർത്തനങ്ങൾ. ആരോഗ്യം വല്ലാതെ ക്ഷയിച്ചപ്പോഴും രോഗങ്ങൾ കീഴടക്കിയപ്പോഴും , പ്രാർത്ഥനയിലൂന്നിയ ആത്മീയതലമായി പിന്നീട് പോരാട്ടത്തിനും ദൈവത്തോടും മനുഷ്യരോടുമുള്ള പ്രതിബദ്ധത കാണിക്കാനുമുള്ള വേദി.
അദ്ദേഹം ഡയറിയിൽ എഴുതിയ ചില വാചകങ്ങൾ അത് വ്യക്തമാക്കുന്നു. “വാർദ്ധക്യം ദൈവത്തോടും മനുഷ്യരോടും കൂടുതൽ സ്നേഹം കാണിക്കാനുള്ള ദൈവവിളി ആയി ആണ് കാണേണ്ടത്. വൃദ്ധർക്കായി ദൈവത്തിന് പുതിയ പദ്ധതികളുണ്ട്, അവന്റെ ആന്തരികജീവിതത്തെ വെളിപ്പെടുത്തികൊടുത്ത് സാമൂഹ്യ ജീവിയായി അവനെ ആഴപെടുത്താനുള്ള പദ്ധതികൾ. നമുക്ക് ഏറ്റവും നന്നായി അപ്പോൾ പ്രവർത്തിക്കാൻ കഴിയുന്നത് പ്രാർത്ഥനയിലൂടെ മാത്രമാണ്. ഈ സജീവ നിഷ്‌ക്രിയത്വത്തിൽ എല്ലാം നമ്മെ ഒരുക്കുന്നു, എല്ലാം കണക്കിലെടുക്കപ്പെടുന്നു, എല്ലാം നന്മക്കായി തീരുന്നു….”
86 വയസുള്ളപ്പോൾ ഫെബ്രുവരി 15, 1975 ന് അദ്ദേഹം നിത്യസമ്മാനത്തിനായി യാത്രയായി. ഈശോ പറഞ്ഞപോലെ, ലോകാവസാനം വരെ പ്രവർത്തനനിരതനായിരിക്കാൻ വേണ്ടി… ജീവിച്ചിരിക്കുമ്പോഴേ കുരിശിലെ ഈശോയോട് അനുരൂപപ്പെട്ട അദ്ദേഹത്തിന് ഈശോയെ കവിഞ്ഞു മറ്റൊരു സ്നേഹിതനും ഇല്ലായിരുന്നു.
Happy Feast of Blessed Michael Sopocko
ജിൽസ ജോയ് ![]()



Leave a comment