Saturday of week 6 in Ordinary Time / Saint Kuriakose Elias Chavara

🌹 🔥 🌹 🔥 🌹 🔥 🌹

18 Feb 2023

Saturday of week 6 in Ordinary Time 
or Saint Kuriakose Elias Chavara, Priest 
or Saturday memorial of the Blessed Virgin Mary 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

ദൈവമേ, സംശുദ്ധതയും ആത്മാര്‍ഥതയും നിറഞ്ഞ ഹൃദയങ്ങളില്‍
വസിക്കുമെന്ന് അങ്ങ് അരുള്‍ചെയ്തിട്ടുണ്ടല്ലോ.
അങ്ങു വസിക്കാന്‍ തിരുമനസ്സാകുന്ന,
ഇപ്രകാരമുള്ളവരെ പോലെയാകാന്‍
അങ്ങേ കൃപയാല്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഹെബ്രാ 11:1-7
ദൈവത്തിന്റെ വചനത്താല്‍ ലോകം സൃഷ്ടിക്കപ്പെട്ടെന്ന് വിശ്വാസംമൂലം നാം അറിയുന്നു.

സഹോദരരേ, വിശ്വാസം എന്നതു പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്. ഇതു മൂലമാണ് പൂര്‍വികന്മാര്‍ അംഗീകാരത്തിന് അര്‍ഹരായത്.ദൈവത്തിന്റെ വചനത്താല്‍ ലോകം സൃഷ്ടിക്കപ്പെട്ടെന്നും കാണപ്പെടുന്നവ കാണപ്പെടാത്തവയില്‍ നിന്നുണ്ടായി എന്നും വിശ്വാസം മൂലം നാം അറിയുന്നു. വിശ്വാസം മൂലം ആബേല്‍ കായേന്റെതിനെക്കാള്‍ ശ്രേഷ്ഠമായ ബലി ദൈവത്തിനു സമര്‍പ്പിച്ചു. അതിനാല്‍, അവന്‍ നീതിമാനായി അംഗീകരിക്കപ്പെട്ടു. അവന്‍ സമര്‍പ്പിച്ച കാഴ്ചകളെക്കുറിച്ചു ദൈവം തന്നെ സാക്ഷ്യം നല്‍കി. അവന്‍ മരിച്ചെങ്കിലും തന്റെ വിശ്വാസത്തിലൂടെ ഇന്നും സംസാരിക്കുന്നു. വിശ്വാസം മൂലം ഹെനോക്ക് മരണം കാണാതെ സംവഹിക്കപ്പെട്ടു. ദൈവം അവനെ സംവഹിച്ചതുകൊണ്ട് പിന്നീട് അവന്‍ കാണപ്പെട്ടുമില്ല. അപ്രകാരം എടുക്കപ്പെടുന്ന തിനു മുന്‍പ് താന്‍ ദൈവത്തെ പ്രസാദിപ്പിച്ചുവെന്ന് അവനു സാക്ഷ്യം ലഭിച്ചു.
വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല. ദൈവസന്നിധിയില്‍ ശരണം പ്രാപിക്കുന്നവര്‍ ദൈവം ഉണ്ടെന്നും തന്നെ അന്വേഷിക്കുന്നവര്‍ക്ക് അവിടുന്നു പ്രതിഫലം നല്‍കുമെന്നും വിശ്വസിക്കണം. വിശ്വാസം മൂലമാണ് നോഹ അന്നുവരെ കാണപ്പെടാതിരുന്നവയെപ്പറ്റി ദൈവം മുന്നറിയിപ്പു കൊടുത്തപ്പോള്‍, തന്റെ വീട്ടുകാരുടെ രക്ഷയ്ക്കുവേണ്ടി ഭയഭക്തിയോടെ പെട്ടകം നിര്‍മിച്ചത്. ഇതുമൂലം അവന്‍ ലോകത്തെ കുറ്റം വിധിക്കുകയും വിശ്വാസത്തില്‍ നിന്നുളവാകുന്ന നീതിയുടെ അവകാശിയാവുകയും ചെയ്തു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 145:2-3,4-5,10-11

കര്‍ത്താവേ, ഞാന്‍ അങ്ങേ നാമത്തെ എന്നേക്കും വാഴ്ത്തും.

അനുദിനം ഞാന്‍ അങ്ങയെ പുകഴ്ത്തും;
അങ്ങേ നാമത്തെ എന്നേക്കും വാഴ്ത്തും.
കര്‍ത്താവു വലിയവനും
അത്യന്തം സ്തുത്യര്‍ഹനുമാണ്;
അവിടുത്തെ മഹത്വം അഗ്രാഹ്യമാണ്.

കര്‍ത്താവേ, ഞാന്‍ അങ്ങേ നാമത്തെ എന്നേക്കും വാഴ്ത്തും.

തലമുറ തലമുറയോട് അങ്ങേ
പ്രവൃത്തികളെ പ്രകീര്‍ത്തിക്കും;
അങ്ങേ ശക്തമായ പ്രവൃത്തികളെപ്പറ്റി പ്രഘോഷിക്കും.
അവിടുത്തെ പ്രതാപത്തിന്റെ
മഹത്വപൂര്‍ണമായ തേജസ്സിനെപ്പറ്റിയും
അങ്ങേ അദ്ഭുത പ്രവൃത്തികളെപ്പറ്റിയും
ഞാന്‍ ധ്യാനിക്കും.

കര്‍ത്താവേ, ഞാന്‍ അങ്ങേ നാമത്തെ എന്നേക്കും വാഴ്ത്തും.

കര്‍ത്താവേ, അവിടുത്തെ എല്ലാ സൃഷ്ടികളും
അവിടുത്തേക്കു കൃതജ്ഞതയര്‍പ്പിക്കും;
അങ്ങേ വിശുദ്ധര്‍ അങ്ങയെ വാഴ്ത്തും.
അവിടുത്തെ രാജ്യത്തിന്റെ മഹത്വത്തെപ്പറ്റി
അവര്‍ സംസാരിക്കും;
അവിടുത്തെ ശക്തിയെ അവര്‍ വര്‍ണിക്കും.

കര്‍ത്താവേ, ഞാന്‍ അങ്ങേ നാമത്തെ എന്നേക്കും വാഴ്ത്തും.

അല്ലേലൂയ! അല്ലേലൂയ!

ജറുസലേമേ, കർത്താവിനെ സ്തുതിക്കുക: അവിടുന്നു ഭൂമിയിലേയ്ക്ക് കൽപന അയക്കുന്നു.

അല്ലേലൂയ!

സുവിശേഷം

മാര്‍ക്കോ 9:2-13
അവന്‍ അവരുടെ മുമ്പില്‍വച്ചു രൂപാന്തരപ്പെട്ടു.

അക്കാലത്ത്, പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നിവരെ മാത്രം കൂട്ടിക്കൊണ്ട് യേശു ഒരു ഉയര്‍ന്ന മലയിലേക്കു പോയി. അവന്‍ അവരുടെ മുമ്പില്‍വച്ചു രൂപാന്തരപ്പെട്ടു. അവന്റെ വസ്ത്രങ്ങള്‍ ഭൂമിയിലെ ഏതൊരു അലക്കുകാരനും വെളുപ്പിക്കാന്‍ കഴിയുന്നതിനെക്കാള്‍ വെണ്‍മയും തിളക്കവുമുള്ളവയായി. ഏലിയായും മോശയും പ്രത്യക്ഷപ്പെട്ട് യേശുവിനോടു സംസാരിച്ചുകൊണ്ടിരുന്നു. അപ്പോള്‍, പത്രോസ് യേശുവിനോടു പറഞ്ഞു: ഗുരോ, നാം ഇവിടെയായിരിക്കുന്നതു നല്ലതാണ്. ഞങ്ങള്‍ മൂന്നു കൂടാരങ്ങള്‍ ഉണ്ടാക്കാം: ഒന്ന് നിനക്ക്, ഒന്ന് മോശയ്ക്ക്, ഒന്ന് ഏലിയായ്ക്ക്. എന്താണ് പറയേണ്ടതെന്ന് അവന് അറിഞ്ഞുകൂടായിരുന്നു. അവര്‍ അത്രയ്ക്ക് ഭയപ്പെട്ടിരുന്നു. അപ്പോള്‍ ഒരു മേഘം വന്ന് അവരെ ആവരണം ചെയ്തു. മേഘത്തില്‍ നിന്ന് ഒരു സ്വരം പുറപ്പെട്ടു: ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവന്റെ വാക്കു ശ്രവിക്കുവിന്‍. അവര്‍ ചുറ്റുംനോക്കി. യേശുവിനെയല്ലാതെ മറ്റാരെയും തങ്ങളോടുകൂടെ അവര്‍ കണ്ടില്ല.
അവര്‍ കണ്ട കാര്യങ്ങള്‍ മനുഷ്യപുത്രന്‍ മരിച്ചവരില്‍ നിന്ന് ഉയിര്‍ക്കുന്നതുവരെ ആരോടും പറയരുതെന്ന്, മലയില്‍ നിന്നിറങ്ങിപ്പോരുമ്പോള്‍ അവന്‍ അവരോടു കല്‍പിച്ചു. മരിച്ചവരില്‍ നിന്ന് ഉയിര്‍ക്കുകയെന്നത് എന്താണെന്നു ചിന്തിച്ചുകൊണ്ട് അവര്‍ ഈ വചനം രഹസ്യമായി സൂക്ഷിച്ചു. അവര്‍ അവനോടു ചോദിച്ചു: ഏലിയാ ആദ്യം വരണമെന്ന് നിയമജ്ഞര്‍ പറയുന്നത് എന്തുകൊണ്ടാണ്? അവന്‍ പറഞ്ഞു: ഏലിയാ ആദ്യമേ വന്ന് എല്ലാം പുനഃസ്ഥാപിക്കും. മനുഷ്യപുത്രന്‍ വളരെ പീഡകള്‍ സഹിക്കുകയും നിന്ദനങ്ങള്‍ ഏല്‍ക്കുകയും ചെയ്യണമെന്ന് എഴുതപ്പെട്ടിരിക്കുന്നത് എന്തുകൊണ്ട്? ഞാന്‍ നിങ്ങളോടു പറയുന്നു: ഏലിയാ വന്നുകഴിഞ്ഞു. അവനെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതു പോലെതന്നെ, തങ്ങള്‍ക്കിഷ്ടമുള്ളതെല്ലാം അവര്‍ അവനോടു ചെയ്തു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ഈ അര്‍പ്പണം ഞങ്ങളെ ശുദ്ധീകരിക്കുകയും
നവീകരിക്കുകയും ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങേ തിരുമനസ്സ് നിറവേറ്റുന്നവര്‍ക്ക്
അത് നിത്യമായ പ്രതിഫലത്തിന് നിദാനമായി തീരുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 78:29-30

അവര്‍ ഭക്ഷിച്ചു തൃപ്തരായി,
അവര്‍ ആഗ്രഹിച്ചത് കര്‍ത്താവ് അവര്‍ക്കു നല്കി.
അവരുടെ ആഗ്രഹത്തില്‍ അവര്‍ നിരാശരായില്ല.

Or:
യോഹ 3:16

അവനില്‍ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ
നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി,
തന്റെ ഏകജാതനെ നല്കാന്‍ തക്കവിധം
ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയഭോജനത്താല്‍ പരിപോഷിതരായി
ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, ഞങ്ങള്‍ യഥാര്‍ഥത്തില്‍ ജീവിക്കുന്ന അതേ ഭോജനം
എന്നും തേടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s