🌹 🔥 🌹 🔥 🌹 🔥 🌹
23 Feb 2023
Thursday after Ash Wednesday
(optional commemoration of Saint Polycarp, Bishop, Martyr)
Liturgical Colour: Violet.
സമിതിപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ പ്രേരണയാല്‍
ഞങ്ങളുടെ പ്രവൃത്തികള്‍ സമാരംഭിക്കുന്നതിനും
അങ്ങേ സഹായത്താല്‍ പൂര്‍ത്തീകരിക്കുന്നതിനും
ഞങ്ങളെ സഹായിക്കണമേ.
അങ്ങനെ, ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും
എപ്പോഴും അങ്ങില്‍നിന്ന് ആരംഭിക്കാനും
ആരംഭിച്ചവ അങ്ങു വഴി പൂര്‍ത്തീകരിക്കാനും ഇടയാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
നിയ 30:15-20
ഇന്നേദിവസം നിങ്ങളുടെ മുന്‍പില്‍ ഞാനൊരു അനുഗ്രഹവും ശാപവും വയ്ക്കുന്നു. (നിയമാവര്‍ത്തനം 11:26).
അക്കാലത്ത് മോശ ജനക്കൂട്ടത്തോടു പറഞ്ഞു: ഇതാ, ഇന്നു ഞാന്‍ നിന്റെ മുന്‍പില്‍ ജീവനും നന്മയും, മരണവും തിന്മയും വച്ചിരിക്കുന്നു. ഇന്നു ഞാന്‍ നിന്നോട് ആജ്ഞാപിക്കുന്നതനുസരിച്ച്, നിന്റെ ദൈവമായ കര്‍ത്താവിനെ സ്‌നേഹിക്കുകയും അവിടുത്തെ മാര്‍ഗത്തില്‍ ചരിക്കുകയും അവിടുത്തെ കല്‍പനകളും ചട്ടങ്ങളും പാലിക്കുകയും ചെയ്താല്‍ നീ ജീവിക്കും; നീ കൈവശമാക്കാന്‍ പോകുന്ന ദേശത്ത് നിന്റെ ദൈവമായ കര്‍ത്താവു നിന്നെ അനുഗ്രഹിച്ചു വര്‍ധിപ്പിക്കും. എന്നാല്‍, ഇവയൊന്നും കേള്‍ക്കാതെ നിന്റെ ഹൃദയം വ്യതിചലിക്കുകയും അന്യദേവന്മാരെ ആരാധിക്കുന്നതിനും അവരെ സേവിക്കുന്നതിനും ആയി വശീകരിക്കപ്പെടുകയും ചെയ്താല്‍ നീ തീര്‍ച്ചയായും നശിക്കുമെന്നും, ജോര്‍ദാന്‍ കടന്ന് കൈവശമാക്കാന്‍ പോകുന്ന ദേശത്തു ദീര്‍ഘകാലം ജീവിക്കുകയില്ലെന്നും ഇന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു. ജീവനും മരണവും, അനുഗ്രഹവും ശാപവും ഞാന്‍ നിന്റെ മുന്‍പില്‍ വച്ചിരിക്കുന്നു എന്നതിന് ആകാശത്തെയും ഭൂമിയെയും ഞാനിന്നു നിനക്കെതിരായി സാക്ഷിയാക്കുന്നു. നീയും നിന്റെ സന്തതികളും ജീവിക്കേണ്ടതിനു ജീവന്‍ തിരഞ്ഞെടുക്കുക. നിന്റെ ദൈവമായ കര്‍ത്താവിനെ സ്‌നേഹിച്ച്, അവിടുത്തെ വാക്കുകേട്ട്, അവിടുത്തോടു ചേര്‍ന്നു നില്‍ക്കുക; നിനക്കു ജീവനും ദീര്‍ഘായുസ്സും ലഭിക്കും. നിന്റെ പിതാക്കന്മാരായ അബ്രാഹത്തിനും ഇസഹാക്കിനും യാക്കോബിനും നല്‍കുമെന്നു കര്‍ത്താവു ശപഥം ചെയ്ത ദേശത്തു നീ വസിക്കുകയും ചെയ്യും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 1:1-2,3,4,6
കര്‍ത്താവിനെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.
ദുഷ്ടരുടെ ഉപദേശം സ്വീകരിക്കുകയോ
പാപികളുടെ വഴിയില്‍ വ്യാപരിക്കുകയോ
പരിഹാസകരുടെ പീഠങ്ങളിലിരിക്കുകയോ
ചെയ്യാത്തവന്‍ ഭാഗ്യവാന്‍.
അവന്റെ ആനന്ദം കര്‍ത്താവിന്റെ നിയമത്തിലാണ്;
രാവും പകലും അവന്‍ അതിനെക്കുറിച്ചു ധ്യാനിക്കുന്നു.
കര്‍ത്താവിനെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.
നീര്‍ച്ചാലിനരികേ നട്ടതും യഥാകാലം ഫലം തരുന്നതും
ഇലകൊഴിയാത്തതുമായ വൃക്ഷം പോലെയാണ് അവന്‍;
അവന്റെ പ്രവൃത്തികള്‍ സഫലമാകുന്നു.
കര്‍ത്താവിനെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.
ദുഷ്ടര്‍ ഇങ്ങനെയല്ല,
കാറ്റു പറത്തുന്ന പതിരുപോലെയാണ് അവര്‍.
കര്‍ത്താവു നീതിമാന്മാരുടെ മാര്‍ഗം അറിയുന്നു;
ദുഷ്ടരുടെ മാര്‍ഗം നാശത്തില്‍ അവസാനിക്കും.
കര്‍ത്താവിനെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.
സുവിശേഷ പ്രഘോഷണവാക്യം
കർത്താവായ യേശുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്കു സ്തുതി.
ദൈവമേ, നിർമ്മലമായ ഹൃദയം എന്നിൽ സൃഷ്ടിക്കേണമേ! അങ്ങേ രക്ഷയുടെ സന്തോഷം എനിക്കു വീണ്ടും തരേണമേ.
കർത്താവായ യേശുവേ, അങ്ങേയ്ക്കു സ്തുതിയും പുകഴ്ചയും.
സുവിശേഷം
ലൂക്കാ 9:22-25
എന്നെപ്രതി സ്വജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍ അതിനെ രക്ഷിക്കും.
അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു: മനുഷ്യപുത്രന്‍ വളരെയേറെ സഹിക്കുകയും, ജനപ്രമാണികള്‍, പുരോഹിത പ്രമുഖന്മാര്‍, നിയമജ്ഞര്‍ എന്നിവരാല്‍ തിരസ്‌കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നാംദിവസം ഉയിര്‍പ്പിക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു.
അവന്‍ എല്ലാവരോടുമായി പറഞ്ഞു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് അനുദിനം തന്റെ കുരിശുമെടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ. സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും; എന്നെപ്രതി സ്വജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍ അതിനെ രക്ഷിക്കും. ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും തന്നെത്തന്നെ നഷ്ടപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്താല്‍ അവന് എന്തു പ്രയോജനം?
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ഈ വിശുദ്ധ അള്‍ത്താരയില്‍
ഞങ്ങള്‍ നിവേദിക്കുന്ന ബലിവസ്തുക്കള്‍
ദയാപൂര്‍വം തൃക്കണ്‍പാര്‍ക്കണമേ.
അങ്ങനെ, ഞങ്ങള്‍ക്ക് പാപമോചനം പ്രദാനം ചെയ്തുകൊണ്ട്
അവ അങ്ങേ നാമത്തിന് മഹത്ത്വം നല്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 51:12
ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ;
നേരായ ചൈതന്യം എന്റെയുള്ളില്‍ നവീകരിക്കണമേ.
ദിവ്യഭോജനപ്രാര്‍ത്ഥന
സര്‍വശക്തനായ ദൈവമേ,
സ്വര്‍ഗീയദാനത്തിന്റെ അനുഗ്രഹം സ്വീകരിച്ച
ഞങ്ങള്‍ അങ്ങയോടു പ്രാര്‍ഥിക്കുന്നു:
ഇത് എന്നും ഞങ്ങളുടെ പാപമോചനത്തിനും രക്ഷയ്ക്കും
കാരണമായി ഭവിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹