Friday of the 1st week of Lent 

🌹 🔥 🌹 🔥 🌹 🔥 🌹

03 Mar 2023

Friday of the 1st week of Lent 

Liturgical Colour: Violet.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ പെസഹാനുഷ്ഠാനങ്ങള്‍
യഥോചിതം അനുവര്‍ത്തിക്കുന്നതിനുള്ള അനുഗ്രഹം
അങ്ങേ വിശ്വാസികള്‍ക്കു നല്കണമേ.
അങ്ങനെ, ഇപ്പോള്‍ ആഘോഷപൂര്‍വം ആരംഭിച്ചിരിക്കുന്ന ശാരീരികശിക്ഷണം
സകല ആത്മാക്കള്‍ക്കും ഫലദായകമായി തീരട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

എസെ 18:21-28
ദുഷ്ടന്റെ മരണത്തില്‍ എനിക്കു സന്തോഷമുണ്ടോ? അവന്‍ ദുര്‍മാര്‍ഗത്തില്‍ നിന്നു പിന്തിരിയുകയും ജീവിക്കുകയും ചെയ്യണമെന്നല്ലേ എന്റെ ആഗ്രഹം?

കര്‍ത്താവ് അരുളിച്ചെയ്യുന്നു: ദുഷ്ടന്‍ താന്‍ ചെയ്ത പാപങ്ങളില്‍ നിന്നെല്ലാം പിന്തിരിയുകയും എന്റെ കല്‍പനകള്‍ അനുസരിക്കുകയും നീതിയും ന്യായവും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അവന്‍ തീര്‍ച്ചയായും ജീവിക്കും; മരിക്കുകയില്ല. അവന്‍ ചെയ്തിട്ടുള്ള അതിക്രമങ്ങള്‍ അവനെതിരായി പരിഗണിക്കപ്പെടുകയില്ല. അവന്‍ പ്രവര്‍ത്തിച്ചിട്ടുള്ള നീതിയെ പ്രതി അവന്‍ ജീവിക്കും. ദൈവമായ കര്‍ത്താവ് ചോദിക്കുന്നു: ദുഷ്ടന്റെ മരണത്തില്‍ എനിക്കു സന്തോഷമുണ്ടോ? അവന്‍ ദുര്‍മാര്‍ഗത്തില്‍ നിന്നു പിന്തിരിയുകയും ജീവിക്കുകയും ചെയ്യണമെന്നല്ലേ എന്റെ ആഗ്രഹം? നീതിമാന്‍ നീതിയുടെ പാതയില്‍ നിന്നു വ്യതിചലിച്ച് തിന്മ പ്രവര്‍ത്തിക്കുകയും, ദുഷ്ടന്‍ പ്രവര്‍ത്തിക്കുന്ന മ്ലേച്ഛതകള്‍തന്നെ ആവര്‍ത്തിക്കുകയും ചെയ്താല്‍ അവന്‍ ജീവിക്കുമോ? അവന്‍ ചെയ്തിട്ടുള്ള നീതിപൂര്‍വകമായ പ്രവൃത്തികളൊന്നും പരിഗണിക്കപ്പെടുകയില്ല. അവന്റെ അവിശ്വസ്ത തയും പാപവുംമൂലം അവന്‍ മരിക്കും. എന്നിട്ടും കര്‍ത്താവിന്റെ വഴി നീതിപൂര്‍വകമല്ല എന്നു നിങ്ങള്‍ പറയുന്നു. ഇസ്രായേല്‍ ഭവനമേ, കേള്‍ക്കുക. എന്റെ വഴി നീതിപൂര്‍വകമല്ലേ? നിങ്ങളുടെ വഴികളല്ലേ നീതിക്കു നിരക്കാത്തത്? നീതിമാന്‍ തന്റെ നീതിമാര്‍ഗം വെടിഞ്ഞു തിന്മ പ്രവര്‍ത്തിച്ചാല്‍ ആ തിന്മകള്‍ നിമിത്തം അവന്‍ മരിക്കും; അവന്‍ ചെയ്ത അകൃത്യങ്ങള്‍ നിമിത്തം അവന്‍ മരിക്കും. ദുഷ്ടന്‍ താന്‍ പ്രവര്‍ത്തിച്ചിരുന്ന തിന്മയില്‍ നിന്നു പിന്തിരിഞ്ഞു നീതിയും ന്യായവും പാലിച്ചാല്‍ അവന്‍ തന്റെ ജീവന്‍ രക്ഷിക്കും. താന്‍ പ്രവര്‍ത്തിച്ചിരുന്ന തിന്മകള്‍ മനസ്സിലാക്കി അവയില്‍ നിന്നു പിന്മാറിയതിനാല്‍ അവന്‍ തീര്‍ച്ചയായും

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 130:1-2,3-4,5-6,7-8

കര്‍ത്താവേ, അങ്ങു പാപങ്ങളുടെ കണക്കുവച്ചാല്‍ ആര്‍ക്കു നിലനില്‍ക്കാനാവും?

കര്‍ത്താവേ, അഗാധത്തില്‍ നിന്നു
ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു.
കര്‍ത്താവേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ!
ചെവി ചായിച്ച് എന്റെ യാചനകളുടെ സ്വരം ശ്രവിക്കണമേ!

കര്‍ത്താവേ, അങ്ങു പാപങ്ങളുടെ കണക്കുവച്ചാല്‍ ആര്‍ക്കു നിലനില്‍ക്കാനാവും?

കര്‍ത്താവേ, അങ്ങു പാപങ്ങളുടെ കണക്കുവച്ചാല്‍
ആര്‍ക്കു നിലനില്‍ക്കാനാവും?
എന്നാല്‍, അങ്ങ് പാപം പൊറുക്കുന്നവനാണ്;
അതുകൊണ്ടു ഞങ്ങള്‍ അങ്ങേ മുന്‍പില്‍
ഭയഭക്തികളോടെ നില്‍ക്കുന്നു.

കര്‍ത്താവേ, അങ്ങു പാപങ്ങളുടെ കണക്കുവച്ചാല്‍ ആര്‍ക്കു നിലനില്‍ക്കാനാവും?

ഞാന്‍ കാത്തിരിക്കുന്നു,
എന്റെ ആത്മാവു കര്‍ത്താവിനെ കാത്തിരിക്കുന്നു.
അവിടുത്തെ വാഗ്ദാനത്തില്‍ ഞാന്‍ പ്രത്യാശയര്‍പ്പിക്കുന്നു.
പ്രഭാതത്തിനുവേണ്ടി കാത്തിരിക്കുന്ന കാവല്‍ക്കാരെക്കാള്‍
ആകാംക്ഷയോടെ ഇസ്രായേല്‍ കര്‍ത്താവിനെ കാത്തിരിക്കട്ടെ.

കര്‍ത്താവേ, അങ്ങു പാപങ്ങളുടെ കണക്കുവച്ചാല്‍ ആര്‍ക്കു നിലനില്‍ക്കാനാവും?

കര്‍ത്താവു കാരുണ്യവാനാണ്;
അവിടുന്ന് ഉദാരമായി രക്ഷ നല്‍കുന്നു.
ഇസ്രായേലിനെ അവന്റെ അകൃത്യങ്ങളില്‍ നിന്ന്
അവിടുന്നു മോചിപ്പിക്കുന്നു.

കര്‍ത്താവേ, അങ്ങു പാപങ്ങളുടെ കണക്കുവച്ചാല്‍ ആര്‍ക്കു നിലനില്‍ക്കാനാവും?

സുവിശേഷ പ്രഘോഷണവാക്യം

കർത്താവായ യേശുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്കു സ്തുതി.

തിൻമയല്ല, നന്മ അന്വേഷിക്കുവിൻ; നിങ്ങൾ ജീവിക്കും. അപ്പോൾ സൈന്യങ്ങളുടെ ദൈവമായ കർത്താവ് നിങ്ങളോട കൂടെ ഉണ്ടായിരിക്കും.

കർത്താവായ യേശുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്കു സ്തുതി.

സുവിശേഷം

മത്താ 5:20-26
സഹോദരനോടു കോപിക്കുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും.

അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്നു ഞാന്‍ നിങ്ങളോടു പറയുന്നു. കൊല്ലരുത്; കൊല്ലുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും എന്നു പൂര്‍വികരോടു പറയപ്പെട്ടതായി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: സഹോദരനോടു കോപിക്കുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും. സഹോദരനെ ഭോഷാ എന്നു വിളിക്കുന്നവന്‍ ന്യായാധിപസംഘത്തിന്റെ മുമ്പില്‍ നില്‍ക്കേണ്ടിവരും; വിഡ്ഢി എന്നു വിളിക്കുന്നവനാകട്ടെ നരകാഗ്നിക്ക് ഇരയായിത്തീരും. നീ ബലിപീഠത്തില്‍ കാഴ്ചയര്‍പ്പിക്കുമ്പോള്‍, നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് ഓര്‍ത്താല്‍, കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുമ്പില്‍ വച്ചിട്ട് പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു കാഴ്ചയര്‍പ്പിക്കുക. നീ പ്രതിയോഗിയോടു വഴിക്കുവച്ചുതന്നെ വേഗം രമ്യതപ്പെട്ടുകൊള്‍ക. അല്ലെങ്കില്‍ പ്രതിയോഗി നിന്നെ ന്യായാധിപനും ന്യായാധിപന്‍ സേവകനും ഏല്‍പിച്ചുകൊടുക്കും. അങ്ങനെ, നീ കാരാഗൃഹത്തില്‍ അടയ്ക്കപ്പെടും. അവസാനത്തെ ചില്ലിക്കാശും കൊടുത്തുവീട്ടുവോളം നീ അവിടെനിന്നു പുറത്തുവരുകയില്ലെന്നു സത്യമായി ഞാന്‍ നിന്നോടു പറയുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങള്‍ അങ്ങയെ പ്രസാദിപ്പിക്കാനും
വൈഭവമാര്‍ന്ന കാരുണ്യത്താല്‍
ഞങ്ങള്‍ക്ക് രക്ഷ പുനഃസ്ഥാപിക്കാനും
അങ്ങു തിരുവുള്ളമാകാന്‍ കാരണമായ,
ഞങ്ങളര്‍പ്പിക്കുന്ന ഈ തിരുമുല്‍ക്കാഴ്ചകള്‍ സ്വീകരിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

എസെ 33:11

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ ആഗ്രഹിക്കുന്നത് പാപി മരിക്കണമെന്നല്ല;
പ്രത്യുത, അവന്‍ പശ്ചാത്തപിച്ച് ജീവിക്കണമെന്നാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കൂദാശയുടെ ദിവ്യഭോജനം
ഞങ്ങളെ നവീകരിക്കുകയും
പഴയജീവിതത്തില്‍നിന്നു ഞങ്ങള്‍ ശുദ്ധീകരിക്കപ്പെട്ട്
രക്ഷാകര രഹസ്യത്തിന്റെ പങ്കാളിത്തത്തിലേക്ക്
ഞങ്ങളെ നയിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s