6- മാർച്ച്-2023
Monday of the 2nd week of Lent
Liturgical Colour: Violet.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
ഒന്നാം വായന
ദാനിയേൽ പ്രവാചകൻ്റെ പുസ്തകത്തിൽ നിന്ന്.
9:4b-10
കര്‍ത്താവേ, അങ്ങയെ സ്‌നേഹിക്കുകയും അങ്ങേ കല്‍പനകള്‍ പാലിക്കുകയും ചെയ്യുന്നവരുമായി ഉടമ്പടി പാലിക്കുകയും അവരെ നിത്യമായി സ്‌നേഹിക്കുകയും ചെയ്യുന്ന ഉന്നതനും ഭീതിദനുമായ ദൈവമേ, ഞങ്ങള്‍ അങ്ങേ കല്‍പനകളിലും ചട്ടങ്ങളിലും നിന്ന് അകന്ന്, അകൃത്യങ്ങളും അപരാധങ്ങളും ചെയ്യുകയും ദുഷ്ടതയോടെ വര്‍ത്തിക്കുകയും അങ്ങയെ ധിക്കരിക്കുകയും ചെയ്തു. ഞങ്ങളുടെ രാജാക്കന്മാരോടും പ്രഭുക്കന്മാരോടും പിതാക്കന്മാരോടും ദേശത്തെ ജനത്തോടും അങ്ങേ നാമത്തില്‍ സംസാരിച്ച അങ്ങേ ദാസന്മാരായ പ്രവാചകരുടെ വാക്കു ഞങ്ങള്‍ ചെവിക്കൊണ്ടില്ല. കര്‍ത്താവേ, നീതി അങ്ങയുടേതാണ്. എന്നാല്‍, ഞങ്ങളുടെ മുഖത്ത് അങ്ങേക്കെതിരേ ചെയ്ത വഞ്ചന നിമിത്തം, അങ്ങ് വിവിധ ദേശങ്ങളില്‍ ചിതറിച്ചു കളഞ്ഞ യൂദായിലെയും ജറുസലെമിലെയും നിവാസികളുടെയും, സമീപസ്ഥരും ദൂരസ്ഥരുമായ ഇസ്രായേല്‍ ജനത്തിന്റെയും മുഖത്ത്, ഇന്നു കാണപ്പെടുന്നതുപോലെ, ലജ്ജയാണ് നിഴലിക്കുന്നത്. കര്‍ത്താവേ, അങ്ങേക്കെതിരേ പാപം ചെയ്തതിനാല്‍ ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പിതാക്കന്മാരും ലജ്ജിതരാണ്. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, കാരുണ്യവും പാപമോചനവും അങ്ങയുടേതാണ്; എന്നാല്‍, ഞങ്ങള്‍ അങ്ങയോടു മത്സരിച്ചു. ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ സ്വരം ഞങ്ങള്‍ ചെവിക്കൊണ്ടില്ല. അവിടുന്ന് തന്റെ ദാസന്മാരായ പ്രവാചകന്മാര്‍ വഴി ഞങ്ങള്‍ക്കു നല്‍കിയ നിയമം ഞങ്ങള്‍ അനുസരിച്ചില്ല.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചന സങ്കീർത്തനം
സങ്കീ 79:8,9,11,13
കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ക്കനുസരിച്ച് ഞങ്ങളോടു പ്രവര്‍ത്തിക്കരുതേ.
ഞങ്ങളുടെ പൂര്‍വ്വികന്മാരുടെ അകൃത്യങ്ങള്‍
ഞങ്ങള്‍ക്കെതിരായി ഓര്‍ക്കരുതേ! അങ്ങേ കൃപ അതിവേഗം ഞങ്ങളുടെമേല്‍ ചൊരിയണമേ! ഞങ്ങള്‍ തീര്‍ത്തും നിലംപറ്റിയിരിക്കുന്നു.
കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ക്കനുസരിച്ച് ഞങ്ങളോടു പ്രവര്‍ത്തിക്കരുതേ.
ഞങ്ങളുടെ രക്ഷയായ ദൈവമേ,
അങ്ങേ നാമത്തിന്റെ മഹത്വത്തെപ്രതി ഞങ്ങളെ സഹായിക്കണമേ! അങ്ങേ നാമത്തെപ്രതി ഞങ്ങളെ മോചിപ്പിക്കുകയും ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കുകയും ചെയ്യണമേ!
കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ക്കനുസരിച്ച് ഞങ്ങളോടു പ്രവര്‍ത്തിക്കരുതേ.
ബന്ധിതരുടെ ഞരക്കം അങ്ങേ സന്നിധിയില്‍ എത്തട്ടെ!
വിധിക്കപ്പെട്ടവരെ അങ്ങേ ശക്തി രക്ഷിക്കട്ടെ! അപ്പോള്‍, അങ്ങേ ജനമായ ഞങ്ങള്‍, അങ്ങേ മേച്ചില്‍പുറങ്ങളിലെ ആടുകള്‍,
എന്നേക്കും അങ്ങേക്കു കൃതജ്ഞത അര്‍പ്പിക്കും.
തലമുറകളോളം ഞങ്ങള്‍ അങ്ങേ സ്തുതികള്‍ ആലപിക്കും.
കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ക്കനുസരിച്ച് ഞങ്ങളോടു പ്രവര്‍ത്തിക്കരുതേ.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷ പ്രഘോഷണവാക്യം
യോഹന്നാന്‍ 6 : 63-68
കർത്താവായ യേശുവേ അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും
കർത്താവേ അങ്ങേ വാക്കുകൾ ആത്‌മാവും ജീവനുമാണ്.
നിത്യജീവന്റെ വചനങ്ങള്‍ അങ്ങേ പക്കലുണ്ട്.
കർത്താവായ യേശുവേ അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
ലൂക്കാ എഴുതിയ വിശുദ്ധ സുവിശേഷത്തിൽ നിന്നുള്ള വായന.
6:36-38
അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു: നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍.
നിങ്ങള്‍ വിധിക്കരുത്; നിങ്ങളും വിധിക്കപ്പെടുകയില്ല. കുറ്റാരോപണം നടത്തരുത്; നിങ്ങളുടെമേലും കുറ്റം ആരോപിക്കപ്പെടുകയില്ല, ക്ഷമിക്കുവിന്‍; നിങ്ങളോടും ക്ഷമിക്കപ്പെടും. കൊടുക്കുവിന്‍; നിങ്ങള്‍ക്കും കിട്ടും. അമര്‍ത്തിക്കുലുക്കി നിറച്ചളന്ന് അവര്‍ നിങ്ങളുടെ മടിയില്‍ ഇട്ടുതരും. നിങ്ങള്‍ അളക്കുന്ന അളവു കൊണ്ടുതന്നെ നിങ്ങള്‍ക്കും അളന്നു കിട്ടും.
കർത്താവിൻ്റെ സുവിശേഷം
ക്രിസ്തുവേ അങ്ങേയ്ക്കു സ്തുതി.