Monday of the 3rd week of Lent

🌹 🔥 🌹 🔥 🌹 🔥 🌹

13 Mar 2023

Monday of the 3rd week of Lent – Proper Readings 
(see also The Samaritan Woman)

Liturgical Colour: Violet.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, നിരന്തരമായ കാരുണ്യത്താല്‍
അങ്ങേ സഭയെ ശുദ്ധീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യണമേ;
അങ്ങയെ കൂടാതെ സുരക്ഷിതമായി
നിലനില്ക്കാന്‍ സാധ്യമല്ലാത്തതുകൊണ്ട്
സഭ അങ്ങേ ശക്തിയാല്‍ നിരന്തരം ഭരിക്കപ്പെടുകയും ചെയ്യട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

2 രാജാ 5:1-15
ഏലീശാപ്രവാചകന്റെ കാലത്ത് ഇസ്രായേലില്‍ അനേകം കുഷ്ഠരോഗികള്‍ ഉണ്ടായിരുന്നെങ്കിലും അവരില്‍ സിറിയാക്കാരനായ നാമാന്‍ അല്ലാതെ മറ്റാരും സുഖമാക്കപ്പെട്ടില്ല. (ലൂക്കാ 4: 27)

സിറിയാ രാജാവിന്റെ സൈന്യാധിപനായിരുന്നു നാമാന്‍. രാജാവിന് അവനോടു പ്രീതിയും ബഹുമാനവുമായിരുന്നു. കാരണം, അവന്‍ മുഖാന്തരം കര്‍ത്താവ് സിറിയായ്ക്കു വിജയം നല്‍കി. ധീരനും പരാക്രമിയും ആയിരുന്നെങ്കിലും അവന്‍ കുഷ്ഠരോഗിയായിരുന്നു. ഇസ്രായേലിനെ ആക്രമിച്ചപ്പോള്‍ സിറിയാക്കാര്‍ ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയിരുന്നു. അവള്‍ നാമാന്റെ ഭാര്യയുടെ പരിചാരികയായി. അവള്‍ തന്റെ യജമാനത്തിയോടു പറഞ്ഞു: എന്റെ യജമാനന്‍ സമരിയായിലെ പ്രവാചകന്റെ അടുത്തായിരുന്നെങ്കില്‍! അവന്‍ യജമാനന്റെ കുഷ്ഠം മാറ്റുമായിരുന്നു. ഇസ്രായേല്‍ക്കാരി പെണ്‍കുട്ടി പറഞ്ഞവിവരം നാമാന്‍ രാജാവിനെ അറിയിച്ചു. സിറിയാരാജാവു പറഞ്ഞു: ഉടനെ പോവുക. ഞാന്‍ ഇസ്രായേലില്‍ രാജാവിന് ഒരു കത്തു തരാം. നാമാന്‍ പത്തു താലന്ത് വെള്ളിയും ആറായിരം ഷെക്കല്‍ സ്വര്‍ണവും പത്തു വിശിഷ്ടവസ്ത്രങ്ങളും എടുത്തു യാത്രയായി. അവന്‍ കത്ത് ഇസ്രായേല്‍ രാജാവിനെ ഏല്‍പിച്ചു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: എന്റെ ദാസന്‍ നാമാനെ കുഷ്ഠരോഗത്തില്‍ നിന്നു സുഖപ്പെടുത്തണമെന്ന് അപേക്ഷിക്കാനാണ് ഈ എഴുത്ത്. ഇസ്രായേല്‍ രാജാവു കത്തു വായിച്ചിട്ട് വസ്ത്രം കീറിക്കൊണ്ടു പറഞ്ഞു: കുഷ്ഠരോഗിയെ സുഖപ്പെടുത്താന്‍ എന്നോടാവശ്യപ്പെടുന്നു! ജീവന്‍ എടുക്കാനും കൊടുക്കാനും ഞാന്‍ ദൈവമാണോ? കണ്ടോ എന്നോടു മല്ലിടാന്‍ അവന്‍ പഴുതു നോക്കുന്നു!
ഇസ്രായേല്‍ രാജാവു വസ്ത്രം കീറിയെന്നു കേട്ട് ദൈവപുരുഷനായ എലീഷാ രാജാവിനെ അറിയിച്ചു: നീ എന്തിനാണ് വസ്ത്രം കീറിയത്? അവന്‍ എന്റെ അടുത്തുവരട്ടെ! ഇസ്രായേലില്‍ ഒരു പ്രവാചകന്‍ ഉണ്ടെന്ന് അറിയട്ടെ! നാമാന്‍ രഥങ്ങളും കുതിരകളുമായി എലീഷായുടെ വീട്ടുപടിക്കല്‍ എത്തി. എലീഷാ ദൂതനെ അയച്ച് അവനോടു പറഞ്ഞു: നീ ജോര്‍ദാനില്‍ പോയി ഏഴു പ്രാവശ്യം കുളിക്കുക; നീ ശുദ്ധനായി, ശരീരം പൂര്‍വസ്ഥിതിയെ പ്രാപിക്കും. എന്നാല്‍ നാമാന്‍ കുപിതനായി മടങ്ങിപ്പോയി. അവന്‍ പറഞ്ഞു: എലീഷാ എന്റെ അടുത്ത് ഇറങ്ങിവന്ന് തന്റെ ദൈവമായ കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുമെന്നും കരംവീശി കുഷ്ഠം സുഖപ്പെടുത്തുമെന്നും ഞാന്‍ വിചാരിച്ചു. ദമാസ്‌ക്കസിലെ അബാനായും ഫാര്‍പാറും ഇസ്രായേലിലെ നദികളെക്കാള്‍ ശ്രേഷ്ഠമല്ലേ? അവയില്‍ കുളിച്ച് എനിക്കു ശുദ്ധി പ്രാപിച്ചുകൂടേ? അങ്ങനെ, അവന്‍ ക്രുദ്ധനായി അവിടെനിന്നു തിരിച്ചുപോയി. എന്നാല്‍, ഭൃത്യന്മാര്‍ അടുത്തുചെന്നു പറഞ്ഞു: പിതാവേ, പ്രവാചകന്‍ ഭാരിച്ച ഒരു കാര്യമാണു കല്‍പിച്ചിരുന്നതെങ്കില്‍ അങ്ങ് ചെയ്യുമായിരുന്നില്ലേ? അപ്പോള്‍, കുളിച്ചു ശുദ്ധനാകുക എന്നു പറയുമ്പോള്‍ എത്രയോ കൂടുതല്‍ താത്പര്യത്തോടെ അങ്ങ് അതു ചെയ്യേണ്ടതാണ്. അങ്ങനെ, ദൈവപുരുഷന്റെ വാക്കനുസരിച്ച് അവന്‍ ജോര്‍ദാനിലിറങ്ങി ഏഴുപ്രാവശ്യം മുങ്ങി. അവന്‍ സുഖം പ്രാപിച്ചു; ശരീരം ശിശുവിന്റേതുപോലെയായി.
അവന്‍ ഭൃത്യന്മാരോടൊത്ത് ദൈവപുരുഷന്റെ അടുത്തു തിരിച്ചുചെന്നു പറഞ്ഞു: ഭൂമിയില്‍ ഇസ്രായേലിന്റേതല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ഞാന്‍ ഇപ്പോള്‍ അറിയുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 42:1-2; 43:3,4

എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു; എപ്പോഴാണ് എനിക്കു ദൈവസന്നിധിയിലെത്തി അവിടുത്തെ കാണാന്‍ കഴിയുക!

നീര്‍ച്ചാല്‍ തേടുന്ന മാന്‍പേടയെപ്പോലെ,
ദൈവമേ, എന്റെ ഹൃദയം അങ്ങയെ തേടുന്നു.

എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു; എപ്പോഴാണ് എനിക്കു ദൈവസന്നിധിയിലെത്തി അവിടുത്തെ കാണാന്‍ കഴിയുക!

എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു;
ജീവിക്കുന്ന ദൈവത്തിനു വേണ്ടി ത്തന്നെ.
എപ്പോഴാണ് എനിക്കു ദൈവസന്നിധിയിലെത്തി
അവിടുത്തെ കാണാന്‍ കഴിയുക!

എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു; എപ്പോഴാണ് എനിക്കു ദൈവസന്നിധിയിലെത്തി അവിടുത്തെ കാണാന്‍ കഴിയുക!

അങ്ങേ പ്രകാശവും സത്യവും അയയ്ക്കണമേ!
അവ എന്നെ നയിക്കട്ടെ,
അവിടുത്തെ വിശുദ്ധ ഗിരിയിലേക്കും നിവാസത്തിലേക്കും
അവ എന്നെ നയിക്കട്ടെ.

എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു; എപ്പോഴാണ് എനിക്കു ദൈവസന്നിധിയിലെത്തി അവിടുത്തെ കാണാന്‍ കഴിയുക!

അപ്പോള്‍ ഞാന്‍ ദൈവത്തിന്റെ ബലിപീഠത്തിങ്കലേക്കു ചെല്ലും,
എന്റെ പരമാനന്ദമായ ദൈവത്തിങ്കലേക്കു തന്നെ;
ദൈവമേ, എന്റെ ദൈവമേ,
കിന്നരംകൊണ്ട് അങ്ങയെ ഞാന്‍ സ്തുതിക്കും.

എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു; എപ്പോഴാണ് എനിക്കു ദൈവസന്നിധിയിലെത്തി അവിടുത്തെ കാണാന്‍ കഴിയുക!

സുവിശേഷ പ്രഘോഷണവാക്യം

കർത്താവായ യേശുവേ, അങ്ങേയ്ക്കു സ്തുതിയും പുകഴ്ചയും.

ഇതാ, ഇപ്പോൾ സ്വീകാര്യമായ സമയം. ഇതാ, ഇപ്പോൾ രക്ഷയുടെ ദിവസം.

കർത്താവായ യേശുവേ, അങ്ങേയ്ക്കു സ്തുതിയും പുകഴ്ചയും.

സുവിശേഷം

ലൂക്കാ 4:24-30
ഏലിയായെയും ഏലിശായെയും പോലെ യേശുവും യഹൂദര്‍ക്ക് വേണ്ടി മാത്രമല്ല അയക്കപ്പെട്ടത്.

യേശു നസറത്തിലെ സിനഗോഗില്‍ വച്ച് പറഞ്ഞു: ഒരു പ്രവാചകനും സ്വന്തം നാട്ടില്‍ സ്വീകരിക്കപ്പെടുന്നില്ല. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: ഏലിയാ പ്രവാചകന്റെ കാലത്ത് ഇസ്രായേലില്‍ അനേകം വിധവകള്‍ ഉണ്ടായിരുന്നു. അന്ന് മൂന്നു വര്‍ഷവും ആറു മാസവും ആകാശം അടയ്ക്കപ്പെടുകയും ഭൂമിയിലെങ്ങും രൂക്ഷമായ ക്ഷാമം ഉണ്ടാവുകയും ചെയ്തു. എന്നാല്‍, സീദോനില്‍ സറെപ്തായിലെ ഒരു വിധവയുടെ അടുക്കലേക്കല്ലാതെ മറ്റാരുടെ അടുക്കലേക്കും ഏലിയാ അയയ്ക്കപ്പെട്ടില്ല. ഏലീശാ പ്രവാചകന്റെ കാലത്ത് ഇസ്രായേലില്‍ അനേകം കുഷ്ഠരോഗികള്‍ ഉണ്ടായിരുന്നു. എന്നാല്‍, അവരില്‍ സിറിയാക്കാരനായ നാമാന്‍ അല്ലാതെ മറ്റാരും സുഖമാക്കപ്പെട്ടില്ല. ഇതു കേട്ടപ്പോള്‍ സിനഗോഗില്‍ ഉണ്ടായിരുന്ന എല്ലാവരും കോപാകുലരായി. അവര്‍ അവനെ പട്ടണത്തില്‍ നിന്നു പുറത്താക്കുകയും തങ്ങളുടെ പട്ടണം സ്ഥിതിചെയ്യുന്ന മലയുടെ ശൃംഗത്തില്‍ നിന്നു താഴേക്കു തള്ളിയിടാനായികൊണ്ടുപോവുകയും ചെയ്തു. എന്നാല്‍, അവന്‍ അവരുടെ ഇടയിലൂടെ നടന്ന് അവിടം വിട്ടുപോയി.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ഞങ്ങളുടെ ദാസ്യത്തിന്റെ കാഴ്ചദ്രവ്യം
ഞങ്ങള്‍ അങ്ങേക്ക് അര്‍പ്പിക്കുന്നു.
അതിനെ അങ്ങ് രക്ഷയുടെ കൂദാശയായി രൂപാന്തരപ്പെടുത്തണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

സങ്കീ 117:1,2

സകലജനതകളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍.
എന്തെന്നാല്‍, നമ്മുടെ മേലുള്ള അവിടത്തെ കാരുണ്യം ഉറപ്പുള്ളതാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ കൂദാശയുടെ സ്വീകരണം
ഞങ്ങള്‍ക്ക് ശുദ്ധീകരണം നല്‍കുകയും ഐക്യം തരുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment