🌹 🔥 🌹 🔥 🌹 🔥 🌹
18 Mar 2023
Saturday of the 3rd week of Lent
with a commemoration of Saint Cyril of Jerusalem, Bishop, Doctor
Liturgical Colour: Violet.
സമിതിപ്രാര്‍ത്ഥന
ദൈവമേ, മെത്രാനായ ജറുസലേമിലെ വിശുദ്ധ സിറിള്‍ വഴി,
രക്ഷാകരരഹസ്യങ്ങളുടെ കൂടുതല്‍ ആഴത്തിലുള്ള
അര്‍ഥതലങ്ങളിലേക്ക് അങ്ങേ സഭയെ
വിസ്മയകരമായി അങ്ങ് നയിച്ചുവല്ലോ.
അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍,
ഞങ്ങള്‍ക്ക് സമൃദ്ധമായ ജീവന്‍ ഉണ്ടാകുന്നതിന്
അങ്ങേ പുത്രനെ ഏറ്റുപറയാനുള്ള
അനുഗ്രഹം ഞങ്ങള്‍ക്കു നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ഹോസി 5:15b-6:6
ബലിയല്ല സ്‌നേഹമാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
അവര്‍ തങ്ങളുടെ തെറ്റുകള്‍ ഏറ്റുപറഞ്ഞ് എന്റെ സാന്നിധ്യം തേടുകയും
തങ്ങളുടെ വ്യഥയില്‍ എന്നെ അന്വേഷിക്കുകയും ചെയ്യുന്നതുവരെ
ഞാന്‍ എന്റെ വാസസ്ഥലത്തേക്കു മടങ്ങും.
അവര്‍ പറയും: വരുവിന്‍, നമുക്കു കര്‍ത്താവിങ്കലേക്കു മടങ്ങിപ്പോകാം.
അവിടുന്ന് നമ്മെ ചീന്തിക്കളഞ്ഞു; അവിടുന്നു തന്നെ സുഖപ്പെടുത്തും.
അവിടുന്ന് നമ്മെ പ്രഹരിച്ചു; അവിടുന്നു തന്നെ മുറിവുകള്‍ വച്ചുകെട്ടും.
രണ്ടു ദിവസത്തിനു ശേഷം അവിടുന്ന് നമുക്കു ജീവന്‍ തിരിച്ചുതരും.
മൂന്നാം ദിവസം അവിടുന്ന് നമ്മെ ഉയിര്‍പ്പിക്കും.
നാം അവിടുത്തെ സന്നിധിയില്‍ ജീവിക്കേണ്ടതിനു തന്നെ.
കര്‍ത്താവിനെ അറിയാന്‍ നമുക്ക് ഏകാഗ്രതയോടെ ശ്രമിക്കാം.
അവിടുത്തെ ആഗമനം പ്രഭാതം പോലെ സുനിശ്ചിതമാണ്.
മഴപോലെ, ഭൂമിയെ നനയ്ക്കുന്ന വസന്തവൃഷ്ടിപോലെ,
അവിടുന്ന് നമ്മുടെമേല്‍ വരും.
എഫ്രായിം, ഞാന്‍ നിന്നോടെന്തു ചെയ്യും?
യൂദാ, ഞാന്‍ നിന്നോടെന്തു ചെയ്യും?
നിന്റെ സ്‌നേഹം പ്രഭാതമേഘം പോലെയും
മാഞ്ഞുപോകുന്ന മഞ്ഞുതുള്ളി പോലെയുമാണ്.
അതുകൊണ്ട്, പ്രവാചകന്മാര്‍ വഴി അവരെ ഞാന്‍ വെട്ടിവീഴ്ത്തി.
എന്റെ അധരങ്ങളില്‍ നിന്നു പുറപ്പെടുന്ന വാക്കുകളാല്‍
അവരെ ഞാന്‍ വധിച്ചു.
എന്റെ വിധി പ്രകാശം പോലെ പരക്കുന്നു.
ബലിയല്ല സ്‌നേഹമാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
ദഹനബലികളല്ല ദൈവജ്ഞാനമാണ് എനിക്കിഷ്ടം.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 51:1-2,16-17,18-19
ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
ദൈവമേ, അങ്ങേ കാരുണ്യത്തിനൊത്ത്
എന്നോടു ദയ തോന്നണമേ!
അങ്ങേ കാരുണ്യാതിരേകത്തിനൊത്ത്
എന്റെ അതിക്രമങ്ങള്‍ മായിച്ചുകളയണമേ!
എന്റെ അകൃത്യം നിശ്ശേഷം കഴുകിക്കളയണമേ!
എന്റെ പാപത്തില്‍ നിന്ന് എന്നെ ശുദ്ധീകരിക്കണമേ!
ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
ബലികളില്‍ അങ്ങു പ്രസാദിക്കുന്നില്ല;
ഞാന്‍ ദഹനബലി അര്‍പ്പിച്ചാല്‍
അങ്ങു സന്തുഷ്ടനാവുകയുമില്ല.
ഉരുകിയ മനസ്സാണു ദൈവത്തിനു സ്വീകാര്യമായ ബലി;
ദൈവമേ, നുറുങ്ങിയ ഹൃദയത്തെ അങ്ങു നിരസിക്കുകയില്ല.
ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
അങ്ങു പ്രസാദിച്ചു സീയോനു നന്മ ചെയ്യണമേ!
ജറുസലെമിന്റെ കോട്ടകള്‍ പുതുക്കിപ്പണിയണമേ!
അപ്പോള്‍ അവിടുന്നു നിര്‍ദിഷ്ട ബലികളിലും ദഹനബലികളിലും
സമ്പൂര്‍ണ ദഹനബലികളിലും പ്രസാദിക്കും;
അപ്പോള്‍ അങ്ങേ ബലിപീഠത്തില്‍ കാളകള്‍ അര്‍പ്പിക്കപ്പെടും.
ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
സുവിശേഷ പ്രഘോഷണവാക്യം
കർത്താവായ യേശുവേ, അങ്ങേയ്ക്കു സ്തുതിയും പുകഴ്ചയും.
ഇന്നു നിങ്ങൾ ഹൃദയം കഠിനമാക്കാതെ അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കിൽ!
കർത്താവായ യേശുവേ, അങ്ങേയ്ക്കു സ്തുതിയും പുകഴ്ചയും.
സുവിശേഷം
ലൂക്കാ 18:9-14
ചുങ്കക്കാരന്‍ ആ ഫരിസേയനെക്കാള്‍ നീതികരിക്കപ്പെട്ടവനായി വീട്ടിലേക്കു മടങ്ങി.
തങ്ങള്‍ നീതിമാന്മാരാണ് എന്ന ധാരണയില്‍ തങ്ങളില്‍ത്തന്നെ ആശ്രയിക്കുകയും മറ്റുള്ളവരെ പുച്ഛിക്കുകയും ചെയ്യുന്നവരോട് യേശു ഈ ഉപമ പറഞ്ഞു: രണ്ടു പേര്‍ പ്രാര്‍ഥിക്കാന്‍ ദേവാലയത്തിലേക്കു പോയി – ഒരാള്‍ ഫരിസേയനും മറ്റേയാള്‍ ചുങ്കക്കാരനും. ഫരിസേയന്‍ നിന്നുകൊണ്ട് ഇങ്ങനെ പ്രാര്‍ഥിച്ചു: ദൈവമേ, ഞാന്‍ നിനക്കു നന്ദി പറയുന്നു. എന്തെന്നാല്‍, ഞാന്‍ അക്രമികളും നീതിരഹിതരും വ്യഭിചാരികളുമായ മറ്റു മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ അല്ല. ഞാന്‍ ആഴ്ചയില്‍ രണ്ടു പ്രാവശ്യം ഉപവസിക്കുന്നു. ഞാന്‍ സമ്പാദിക്കുന്ന സകലത്തിന്റെയും ദശാംശം കൊടുക്കുന്നു. ആ ചുങ്കക്കാരനാകട്ടെ, ദൂരെനിന്നു സ്വര്‍ഗത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്താന്‍ പോലും ധൈര്യപ്പെടാതെ, മാറത്തടിച്ചുകൊണ്ട്, ദൈവമേ, പാപിയായ എന്നില്‍ കനിയണമേ എന്നു പ്രാര്‍ഥിച്ചു. ഞാന്‍ നിങ്ങളോടു പറയുന്നു, ഇവന്‍ ആ ഫരിസേയനെക്കാള്‍ നീതികരിക്കപ്പെട്ടവനായി വീട്ടിലേക്കു മടങ്ങി. എന്തെന്നാല്‍, തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടുകയും ചെയ്യും.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
അനുഗ്രഹത്തിന്റെ സ്രോതസ്സായ ദൈവമേ,
സംശുദ്ധമായ മനസ്സോടെ അങ്ങേ രഹസ്യങ്ങളിലേക്കു
വന്നണയാന്‍ അനുഗ്രഹിക്കണമേ.
അങ്ങനെ, അവയുടെ അനുഷ്ഠാനം ആഘോഷപൂര്‍വം ആദരിക്കുന്നതില്‍
അര്‍ഹമായ ബഹുമാനം ഞങ്ങള്‍ നല്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
ലൂക്കാ 18:13
ചുങ്കക്കാരന്‍ ദൂരെനിന്ന് മാറത്തടിച്ചുകൊണ്ടു പറഞ്ഞു:
ദൈവമേ, പാപിയായ എന്നില്‍ കനിയണമേ.
ദിവ്യഭോജനപ്രാര്‍ത്ഥന
കാരുണ്യവാനായ ദൈവമേ,
ഞങ്ങളെ നിരന്തരം പരിപോഷിപ്പിക്കുന്ന അങ്ങേ ദിവ്യദാനങ്ങള്‍
ഞങ്ങള്‍ തികഞ്ഞ ബഹുമാനത്തോടെ കൈകാര്യം ചെയ്യുന്നതിനും
വിശ്വസ്തമായ മനസ്സോടെ എപ്പോഴും സ്വീകരിക്കുന്നതിനും ഇടയാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹