Thursday of the 4th week of Lent 

🌹 🔥 🌹 🔥 🌹 🔥 🌹

23 Mar 2023

Thursday of the 4th week of Lent 
(optional commemoration of Saint Turibius of Mongrovejo, Bishop)

Liturgical Colour: Violet.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കരുണയ്ക്കായി ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
പ്രായശ്ചിത്തംവഴി തെറ്റുതിരുത്തിയവരും
സല്‍പ്രവൃത്തികളില്‍ പരിശീലനം നേടിയവരുമായ അങ്ങേ ദാസരെ,
അങ്ങേ കല്പനകളില്‍ ആത്മാര്‍ഥമായി നിലനില്ക്കുന്നവരും
പെസഹാ ആഘോഷങ്ങളില്‍ എത്തിച്ചേരുന്നവരും ആക്കിത്തീര്‍ക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

പുറ 32:7-14
കര്‍ത്താവു ശാന്തനായി. തന്റെ ജനത്തിനെതിരായുള്ള തീരുമാനത്തില്‍ നിന്ന് അവിടുന്നു പിന്മാറി.

കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഉടനെ താഴേക്കുചെല്ലുക. നീ ഈജിപ്തില്‍ നിന്നു കൂട്ടിക്കൊണ്ടുവന്ന നിന്റെ ജനം തങ്ങളെത്തന്നെ ദുഷിപ്പിച്ചിരിക്കുന്നു. ഞാന്‍ നിര്‍ദേശിച്ച മാര്‍ഗത്തില്‍ നിന്ന് അവര്‍ പെട്ടെന്നു വ്യതിചലിച്ചിരിക്കുന്നു. അവര്‍ ഒരു കാളക്കുട്ടിയെ വാര്‍ത്തെടുത്ത് അതിനെ ആരാധിക്കുകയും അതിനു ബലിയര്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. ഇസ്രായേലേ, നിന്നെ ഈ ജിപ്തില്‍ നിന്നു കൊണ്ടുവന്ന ദേവന്മാര്‍ ഇതാ എന്ന് അവര്‍ പറഞ്ഞിരിക്കുന്നു. കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഇവര്‍ ദുശ്ശാഠ്യക്കാരായ ഒരു ജനമാണെന്ന് ഞാന്‍ കണ്ടുകഴിഞ്ഞു. അതിനാല്‍, എന്നെ തടയരുത്; എന്റെ ക്രോധം ആളിക്കത്തി അവരെ വിഴുങ്ങിക്കളയട്ടെ. എന്നാല്‍, നിന്നില്‍ നിന്ന് ഒരു വലിയ ജനതയെ ഞാന്‍ പുറപ്പെടുവിക്കും. മോശ ദൈവമായ കര്‍ത്താവിനോടു കാരുണ്യം യാചിച്ചുകൊണ്ടു പറഞ്ഞു: കര്‍ത്താവേ, വലിയ ശക്തിയോടും കരബലത്തോടും കൂടെ അങ്ങുതന്നെ ഈജിപ്തില്‍ നിന്നു പുറത്തു കൊണ്ടുവന്ന അങ്ങേ ജനത്തിനെതിരേ അവിടുത്തെ ക്രോധം ജ്വലിക്കുന്നതെന്ത്? മലകളില്‍വച്ചു കൊന്നുകളയുന്നതിനും ഭൂമുഖത്തുനിന്നു തുടച്ചുമാറ്റുന്നതിനുമുള്ള ദുരുദ്ദേശ്യത്തോടു കൂടിയാണ് അവന്‍ അവരെ കൊണ്ടുപോയത് എന്ന് ഈജിപ്തുകാര്‍ പറയാന്‍ ഇടവരുത്തുന്നതെന്തിന്? അവിടുത്തെ ഉഗ്രകോപം കൈവെടിയണമേ! അങ്ങേ ജനത്തിനെതിരായുള്ള തീരുമാനത്തില്‍ നിന്നു പിന്മാറണമേ! അവിടുത്തെ ദാസന്മാരായ അബ്രാഹത്തെയും ഇസഹാക്കിനെയും ഇസ്രായേലിനെയും ഓര്‍ക്കണമേ! നിങ്ങളുടെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ഞാന്‍ വര്‍ധിപ്പിക്കും, ഞാന്‍ വാഗ്ദാനം ചെയ്തിട്ടുള്ള ഈ നാടു മുഴുവന്‍ നിങ്ങളുടെ സന്തതികള്‍ക്കു ഞാന്‍ നല്‍കും, അവര്‍ അത് എന്നേക്കും കൈവശമാക്കുകയും ചെയ്യും എന്ന് അവിടുന്നു തന്നെ ശപഥം ചെയ്തു പറഞ്ഞിട്ടുണ്ടല്ലോ.
കര്‍ത്താവു ശാന്തനായി. തന്റെ ജനത്തിനെതിരായുള്ള തീരുമാനത്തില്‍ നിന്ന് അവിടുന്നു പിന്മാറി.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 106:19-20,21-22,23

കര്‍ത്താവേ, അവിടുന്നു ജനത്തോടു കാരുണ്യം കാണിക്കുമ്പോള്‍ എന്നെ ഓര്‍ക്കണമേ.

അവര്‍ ഹോറബില്‍ വച്ചു കാളക്കുട്ടിയെ ഉണ്ടാക്കി;
ആ വാര്‍പ്പുവിഗ്രഹത്തെ അവര്‍ ആരാധിച്ചു.
അങ്ങനെ അവര്‍ ദൈവത്തിനു നല്‍കേണ്ട മഹത്വം
പുല്ലുതിന്നുന്ന കാളയുടെ ബിംബത്തിനു നല്‍കി.

കര്‍ത്താവേ, അവിടുന്നു ജനത്തോടു കാരുണ്യം കാണിക്കുമ്പോള്‍ എന്നെ ഓര്‍ക്കണമേ.

ഈജിപ്തില്‍വച്ചു വന്‍കാര്യങ്ങള്‍ ചെയ്ത
തങ്ങളുടെ രക്ഷകനായ ദൈവത്തെ അവര്‍ മറന്നു.
ഹാമിന്റെ നാട്ടില്‍വച്ചു വിസ്മയനീയമായ പ്രവൃത്തികളും
ചെങ്കടലില്‍വച്ചു ഭീതിജനകമായ കാര്യങ്ങളും ചെയ്തവനെ
അവര്‍ വിസ്മരിച്ചു.

കര്‍ത്താവേ, അവിടുന്നു ജനത്തോടു കാരുണ്യം കാണിക്കുമ്പോള്‍ എന്നെ ഓര്‍ക്കണമേ.

അവരെ നശിപ്പിക്കുമെന്ന് അവിടുന്ന് അരുളിച്ചെയ്തു;
അവിടുന്ന് തിരഞ്ഞെടുത്ത മോശ ജനത്തിനു മറയായി.
അവിടുത്തെ മുന്‍പില്‍ നിന്നു തടഞ്ഞില്ലായിരുന്നെങ്കില്‍
ക്രോധം അവരെ നശിപ്പിക്കുമായിരുന്നു.

കര്‍ത്താവേ, അവിടുന്നു ജനത്തോടു കാരുണ്യം കാണിക്കുമ്പോള്‍ എന്നെ ഓര്‍ക്കണമേ.

സുവിശേഷ പ്രഘോഷണവാക്യം

കർത്താവായ യേശുവേ, ദൈവത്തിൻ്റെ വചനമേ, അങ്ങേയ്ക്കു മഹത്വം.

കർത്താവേ, അങ്ങേ വാക്കുകൾ ആത്മാവും ജീവനുമാണ്. നിത്യജീവന്റെ വചനങ്ങൾ അങ്ങേ പക്കലുണ്ട്.

കർത്താവായ യേശുവേ, ദൈവത്തിൻ്റെ വചനമേ, അങ്ങേയ്ക്കു മഹത്വം.

സുവിശേഷം

യോഹ 5:31-47
നിങ്ങള്‍ പ്രത്യാശ അര്‍പ്പിച്ചിരിക്കുന്ന മോശയായിരിക്കും നിങ്ങളെ കുറ്റപ്പെടുത്തുക.

യേശു യഹൂദരോടു പറഞ്ഞു: ഞാന്‍ എന്നെക്കുറിച്ചുതന്നെ സാക്ഷ്യപ്പെടുത്തുന്നെങ്കില്‍ എന്റെ സാക്ഷ്യം സത്യമല്ല. എന്നെക്കുറിച്ചു സാക്ഷ്യം നല്‍കുന്ന വേറൊരാളുണ്ട്. എന്നെക്കുറിച്ചുള്ള അവന്റെ സാക്ഷ്യം സത്യമാണെന്ന് എനിക്കറിയാം. നിങ്ങള്‍ യോഹന്നാന്റെ അടുത്തേക്ക് ആളയച്ചു. അവന്‍ സത്യത്തിനു സാക്ഷ്യം നല്‍കുകയും ചെയ്തു. ഞാന്‍ മനുഷ്യരുടെ സാക്ഷ്യം സ്വീകരിക്കുന്നു എന്നു വിചാരിക്കേണ്ടാ; നിങ്ങള്‍ രക്ഷിക്കപ്പെടേണ്ടതിനാണ് ഞാന്‍ ഇതെല്ലാം പറയുന്നത്. കത്തിജ്വലിക്കുന്ന ഒരു വിളക്കായിരുന്നു അവന്‍ . അല്‍പസമയത്തേക്ക് അവന്റെ പ്രകാശത്തില്‍ ആഹ്‌ളാദിക്കാന്‍ നിങ്ങള്‍ ഒരുക്കവുമായിരുന്നു. എന്നാല്‍, യോഹന്നാന്റെതിനേക്കാള്‍ വലിയ സാക്ഷ്യം എനിക്കുണ്ട്. എന്തെന്നാല്‍, ഞാന്‍ പൂര്‍ത്തിയാക്കാനായി പിതാവ് എന്നെ ഏല്‍പിച്ച ജോലികള്‍ – ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലികള്‍തന്നെ – പിതാവാണ് എന്നെ അയച്ചതെന്നു സാക്ഷ്യപ്പെടുത്തുന്നു. എന്നെ അയച്ച പിതാവു തന്നെ എന്നെക്കുറിച്ചു സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അവിടുത്തെ സ്വരം നിങ്ങള്‍ ഒരിക്കലും കേട്ടിട്ടില്ല, രൂപം കണ്ടിട്ടുമില്ല. അവിടുന്ന് അയച്ചവനെ നിങ്ങള്‍ വിശ്വസിക്കാത്തതുകൊണ്ട് അവിടുത്തെ വചനം നിങ്ങളില്‍ വസിക്കുന്നില്ല. വിശുദ്ധ ലിഖിതങ്ങള്‍ നിങ്ങള്‍ പഠിക്കുന്നു, എന്തെന്നാല്‍, അവയില്‍ നിത്യജീവന്‍ ഉണ്ടെന്നു നിങ്ങള്‍ വിചാരിക്കുന്നു. അവതന്നെയാണ് എന്നെക്കുറിച്ചു സാക്ഷ്യം നല്‍കുന്നത്. എന്നിട്ടും നിങ്ങള്‍ക്കു ജീവന്‍ ഉണ്ടാകേണ്ടതിന് എന്റെ അടുത്തേക്കു വരാന്‍ നിങ്ങള്‍ വിസമ്മതിക്കുന്നു. മനുഷ്യരില്‍ നിന്നു ഞാന്‍ മഹത്വം സ്വീകരിക്കുന്നില്ല. എനിക്കു നിങ്ങളെ അറിയാം. നിങ്ങളില്‍ ദൈവസ്‌നേഹമില്ല. ഞാന്‍ എന്റെ പിതാവിന്റെ നാമത്തില്‍ വന്നിരിക്കുന്നു. എന്നിട്ടും നിങ്ങള്‍ എന്നെ സ്വീകരിക്കുന്നില്ല. എന്നാല്‍, മറ്റൊരുവന്‍ സ്വന്തം നാമത്തില്‍ വന്നാല്‍ നിങ്ങള്‍ അവനെ സ്വീകരിക്കും. പരസ്പരം മഹത്വം സ്വീകരിക്കുകയും ഏകദൈവത്തില്‍ നിന്നു വരുന്ന മഹത്വം അന്വേഷിക്കാതിരിക്കുകയും ചെയ്യുന്ന നിങ്ങള്‍ക്ക് എങ്ങനെ വിശ്വസിക്കാന്‍ കഴിയും? പിതാവിന്റെ സന്നിധിയില്‍ ഞാനായിരിക്കും നിങ്ങളെ കുറ്റപ്പെടുത്തുന്നത് എന്നു നിങ്ങള്‍ വിചാരിക്കേണ്ടാ. നിങ്ങള്‍ പ്രത്യാശ അര്‍പ്പിച്ചിരിക്കുന്ന മോശയായിരിക്കും നിങ്ങളെ കുറ്റപ്പെടുത്തുക. നിങ്ങള്‍ മോശയെ വിശ്വസിച്ചിരുന്നെങ്കില്‍ എന്നെയും വിശ്വസിക്കുമായിരുന്നു. കാരണം, എന്നെക്കുറിച്ച് അവന്‍ എഴുതിയിരിക്കുന്നു. എന്നാല്‍, അവന്‍ എഴുതിയവ നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ പിന്നെ എന്റെ വാക്കുകള്‍ എങ്ങനെ വിശ്വസിക്കും?

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന
സര്‍വശക്തനായ ദൈവമേ,
സമര്‍പ്പിക്കപ്പെട്ട ഈ ബലിയുടെ കാഴ്ചവസ്തു
ഞങ്ങളുടെ ബലഹീനതയെ എല്ലാ തിന്മകളിലും നിന്ന്
നിരന്തരം ശുദ്ധീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യാന്‍ കനിയണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

ജെറ 31:33

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
എന്റെ നിയമം ഞാന്‍ അവരുടെ ഉള്ളില്‍ നിക്ഷേപിക്കും;
അവരുടെ ഹൃദയങ്ങളില്‍ ഞാന്‍ അവ ഉല്ലേഖനം ചെയ്യും.
ഞാന്‍ അവര്‍ക്ക് ദൈവവും അവര്‍ എനിക്ക് ജനവുമായിരിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങള്‍ സ്വീകരിച്ച കൂദാശകള്‍
ഞങ്ങളെ ശുദ്ധീകരിക്കുകയും
അങ്ങേ ദാസരെ
എല്ലാ പാപങ്ങളിലുംനിന്നു മോചിതരാക്കുകയും ചെയ്യട്ടെ.
അങ്ങനെ, കുറ്റബോധം നിമിത്തം ഞെരുങ്ങുന്നവര്‍
സ്വര്‍ഗീയൗഷധത്തിന്റെ സമ്പൂര്‍ണതയാല്‍
മഹത്ത്വപ്പെടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s