5th Sunday of Lent 

🌹 🔥 🌹 🔥 🌹 🔥 🌹

26 Mar 2023

5th Sunday of Lent 

Liturgical Colour: Violet.

സമിതിപ്രാര്‍ത്ഥന

ഞങ്ങളുടെ കര്‍ത്താവായ ദൈവമേ,
അങ്ങേ പ്രിയസുതന്‍ ലോകത്തെ സ്‌നേഹിച്ചുകൊണ്ട്
തന്നത്തന്നെ മരണത്തിന് ഏല്പ്പിച്ചു കൊടുത്ത അതേ സ്‌നേഹത്തില്‍,
ഞങ്ങളും അങ്ങേ സഹായത്താല്‍
ഉത്സാഹപൂര്‍വം ചരിക്കുന്നവരായി കാണപ്പെടാന്‍
ഇടയാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന
എസെ 37:12b-14
എന്റെ ആത്മാവിനെ ഞാന്‍ നിങ്ങളില്‍ നിവേശിപ്പിക്കും.

ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ ജനമേ, ഞാന്‍ കല്ലറകള്‍ തുറന്ന് നിങ്ങളെ ഉയര്‍ത്തും, ഇസ്രായേല്‍ദേശത്തേക്ക് ഞാന്‍ നിങ്ങളെ തിരികെകൊണ്ടുവരും. എന്റെ ജനമേ, കല്ലറകള്‍ തുറന്നു നിങ്ങളെ ഞാന്‍ ഉയര്‍ത്തുമ്പോള്‍ ഞാനാണ് കര്‍ത്താവ് എന്ന് നിങ്ങള്‍ അറിയും. എന്റെ ആത്മാവിനെ ഞാന്‍ നിങ്ങളില്‍ നിവേശിപ്പിക്കും. നിങ്ങള്‍ ജീവിക്കും. ഞാന്‍ നിങ്ങളെ നിങ്ങളുടെ സ്വന്തം ദേശത്ത് വസിപ്പിക്കും. കര്‍ത്താവായ ഞാനാണ് ഇതു പറഞ്ഞതെന്നും പ്രവര്‍ത്തിച്ചതെന്നും അപ്പോള്‍ നിങ്ങള്‍ അറിയും. കര്‍ത്താവ് അരുളിച്ചെയ്യുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 130:1-2,3-4,5-6,7-8

കര്‍ത്താവു കാരുണ്യവാനാണ്; അവിടുന്ന് ഉദാരമായി രക്ഷ നല്‍കുന്നു.

കര്‍ത്താവേ, അഗാധത്തില്‍ നിന്നു
ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു.
കര്‍ത്താവേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ!
ചെവി ചായിച്ച് എന്റെ യാചനകളുടെ സ്വരം ശ്രവിക്കണമേ!

കര്‍ത്താവു കാരുണ്യവാനാണ്; അവിടുന്ന് ഉദാരമായി രക്ഷ നല്‍കുന്നു.

കര്‍ത്താവേ, അങ്ങു പാപങ്ങളുടെ കണക്കുവച്ചാല്‍
ആര്‍ക്കു നിലനില്‍ക്കാനാവും?
എന്നാല്‍, അങ്ങ് പാപം പൊറുക്കുന്നവനാണ്;
അതുകൊണ്ടു ഞങ്ങള്‍ അങ്ങേ മുന്‍പില്‍
ഭയഭക്തികളോടെ നില്‍ക്കുന്നു.

കര്‍ത്താവു കാരുണ്യവാനാണ്; അവിടുന്ന് ഉദാരമായി രക്ഷ നല്‍കുന്നു.

ഞാന്‍ കാത്തിരിക്കുന്നു,
എന്റെ ആത്മാവു കര്‍ത്താവിനെ കാത്തിരിക്കുന്നു.
അവിടുത്തെ വാഗ്ദാനത്തില്‍ ഞാന്‍ പ്രത്യാശയര്‍പ്പിക്കുന്നു.
പ്രഭാതത്തിനുവേണ്ടി കാത്തിരിക്കുന്ന കാവല്‍ക്കാരെക്കാള്‍
ആകാംക്ഷയോടെ ഇസ്രായേല്‍ കര്‍ത്താവിനെ കാത്തിരിക്കട്ടെ.

കര്‍ത്താവു കാരുണ്യവാനാണ്; അവിടുന്ന് ഉദാരമായി രക്ഷ നല്‍കുന്നു.

കര്‍ത്താവു കാരുണ്യവാനാണ്;
അവിടുന്ന് ഉദാരമായി രക്ഷ നല്‍കുന്നു.
ഇസ്രായേലിനെ അവന്റെ അകൃത്യങ്ങളില്‍ നിന്ന്
അവിടുന്നു മോചിപ്പിക്കുന്നു.

കര്‍ത്താവു കാരുണ്യവാനാണ്; അവിടുന്ന് ഉദാരമായി രക്ഷ നല്‍കുന്നു.

രണ്ടാം വായന

റോമാ 8:8-11
യേശുവിനെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിച്ചവന്റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നു.

ജഡികപ്രവണതകളനുസരിച്ചു ജീവിക്കുന്നവര്‍ക്കു ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല. ദൈവത്തിന്റെ ആത്മാവ്‌യഥാര്‍ഥമായി നിങ്ങളില്‍ വസിക്കുന്നെങ്കില്‍ നിങ്ങള്‍ ജഡികരല്ല, ആത്മീയരാണ്. ക്രിസ്തുവിന്റെ ആത്മാവില്ലാത്തവന്‍ ക്രിസ്തുവിനുള്ളവനല്ല. എന്നാല്‍, നിങ്ങളുടെ ശരീരം പാപംനിമിത്തം മൃതമാണെങ്കിലും ക്രിസ്തു നിങ്ങളിലുണ്ടെങ്കില്‍ നിങ്ങളുടെ ആത്മാവ് നീതിനിമിത്തം ജീവനുള്ളതായിരിക്കും. യേശുവിനെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിച്ചവന്റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നുണ്ടെങ്കില്‍, യേശുക്രിസ്തുവിനെ ഉയിര്‍പ്പിച്ചവന്‍ നിങ്ങളുടെ മര്‍ത്യശരീരങ്ങള്‍ക്കും നിങ്ങളില്‍ വസിക്കുന്നതന്റെ ആത്മാവിനാല്‍ ജീവന്‍ പ്രദാനം ചെയ്യും.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം

കർത്താവായ യേശുവേ, അങ്ങേയ്ക്കു സ്തുതിയും പുകഴ്ചയും.

കർത്താവ് അരുളി ചെയ്യുന്നു: ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നിൽ വിശ്വസിക്കുന്നവൻ ഒരിക്കലും മരിക്കുകയില്ല.

കർത്താവായ യേശുവേ, അങ്ങേയ്ക്കു സ്തുതിയും പുകഴ്ചയും.

സുവിശേഷം

യോഹ 11:1-45
ഞാനാണ് പുനരുത്ഥാനവും ജീവനും.

ലാസര്‍ എന്നു പേരായ ഒരുവന്‍ രോഗബാധിതനായി. ഇവന്‍ മറിയത്തിന്റെയും അവളുടെ സഹോദരിയായ മര്‍ത്തായുടെയും ഗ്രാമമായ ബഥാനിയായില്‍ നിന്നുള്ളവനായിരുന്നു. ഈ മറിയമാണു സുഗന്ധതൈലം കൊണ്ടു കര്‍ത്താവിനെ പൂശുകയും തന്റെ തലമുടികൊണ്ട് അവന്റെ പാദങ്ങള്‍ തുടയ്ക്കുകയും ചെയ്തത്. ഇവളുടെ സഹോദരന്‍ ലാസറാണു രോഗബാധിതനായത്. കര്‍ത്താവേ, ഇതാ, അങ്ങു സ്‌നേഹിക്കുന്നവന്‍ രോഗിയായിരിക്കുന്നു എന്നു പറയാന്‍ ആ സഹോദരിമാര്‍ അവന്റെ അടുക്കലേക്ക് ആളയച്ചു. അതു കേട്ടപ്പോള്‍ യേശു പറഞ്ഞു: ഈ രോഗം മരണത്തില്‍ അവസാനിക്കാനുള്ളതല്ല; പ്രത്യുത, ദൈവത്തിന്റെ മഹത്വത്തിനും അതുവഴി ദൈവപുത്രന്‍ മഹത്വം പ്രാപിക്കുന്നതിനും വേണ്ടിയുള്ളതാണ്. യേശു മര്‍ത്തായെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്‌നേഹിച്ചിരുന്നു. എങ്കിലും, അവന്‍ രോഗിയായി എന്നു കേട്ടിട്ടും യേശു താന്‍ താമസിച്ചിരുന്ന സ്ഥലത്തുതന്നെ രണ്ടു ദിവസം കൂടി ചെലവഴിച്ചു. അനന്തരം, അവന്‍ ശിഷ്യന്മാരോടു പറഞ്ഞു: നമുക്ക് വീണ്ടും യൂദയായിലേക്കു പോകാം. ശിഷ്യന്മാര്‍ ചോദിച്ചു: ഗുരോ, യഹൂദര്‍ ഇപ്പോള്‍ത്തന്നെ നിന്നെ കല്ലെറിയാന്‍ അന്വേഷിക്കുകയായിരുന്നല്ലോ. എന്നിട്ട് അങ്ങോട്ടു പോവുകയാണോ? യേശു പ്രതിവചിച്ചു: പകലിനു പന്ത്രണ്ടു മണിക്കൂറില്ലേ? പകല്‍ നടക്കുന്നവന്‍ കാല്‍തട്ടി വീഴുന്നില്ല. ഈ ലോകത്തിന്റെ പ്രകാശം അവന്‍ കാണുന്നു. രാത്രി നടക്കുന്നവന്‍ തട്ടിവീഴുന്നു. കാരണം, അവനു പ്രകാശമില്ല. അവന്‍ തുടര്‍ന്നു: നമ്മുടെ സ്‌നേഹിതനായ ലാസര്‍ ഉറങ്ങുകയാണ്. അവനെ ഉണര്‍ത്താന്‍ ഞാന്‍ പോകുന്നു. ശിഷ്യന്മാര്‍ പറഞ്ഞു: കര്‍ത്താവേ, ഉറങ്ങുകയാണെങ്കില്‍ അവന്‍ സുഖം പ്രാപിക്കും. യേശു അവന്റെ മരണത്തെക്കുറിച്ചാണു സംസാരിച്ചത്. എന്നാല്‍, നിദ്രയുടെ വിശ്രമത്തെക്കുറിച്ചാണ് അവന്‍ പറഞ്ഞതെന്ന് അവര്‍ വിചാരിച്ചു. അപ്പോള്‍ യേശു വ്യക്തമായി അവരോടു പറഞ്ഞു: ലാസര്‍ മരിച്ചുപോയി. നിങ്ങള്‍ വിശ്വസിക്കേണ്ടതിന്, ഞാന്‍ അവിടെ ഇല്ലാഞ്ഞതില്‍ നിങ്ങളെപ്രതി ഞാന്‍ സന്തോഷിക്കുന്നു. നമുക്ക് അവന്റെ അടുത്തേക്കു പോകാം. ദീദിമോസ് എന്ന തോമസ് അപ്പോള്‍ മറ്റു ശിഷ്യന്മാരോടു പറഞ്ഞു: അവനോടൊപ്പം മരിക്കാന്‍ നമുക്കും പോകാം.
ലാസര്‍ സംസ്‌കരിക്കപ്പെട്ടിട്ടു നാലു ദിവസമായെന്ന് യേശു അവിടെയെത്തിയപ്പോള്‍ അറിഞ്ഞു. ബഥാനിയാ ജറുസലെമിന് അടുത്ത് ഏകദേശം പതിനഞ്ചു സ്താദിയോണ്‍ ദൂരത്തായിരുന്നു. അനേകം യഹൂദര്‍ മര്‍ത്തായെയും മറിയത്തെയും അവരുടെ സഹോദരനെപ്രതി ആശ്വസിപ്പിക്കാന്‍ വന്നിരുന്നു. യേശു വരുന്നുണ്ടെന്നു കേട്ടപ്പോള്‍ മര്‍ത്താ ചെന്ന് അവനെ സ്വീകരിച്ചു. എന്നാല്‍, മറിയം വീട്ടില്‍ത്തന്നെ ഇരുന്നു. മര്‍ത്താ യേശുവിനോടു പറഞ്ഞു: കര്‍ത്താവേ, നീ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു. എന്നാല്‍, നീ ചോദിക്കുന്നതെന്തും ദൈവം നിനക്കു തരും എന്ന് എനിക്കറിയാം. യേശു പറഞ്ഞു: നിന്റെ സഹോദരന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. മര്‍ത്താ പറഞ്ഞു: അന്ത്യദിനത്തിലെ പുനരുത്ഥാനത്തില്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് എനിക്കറിയാം. യേശു അവളോടു പറഞ്ഞു: ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. അങ്ങനെ ജീവിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ ഒരിക്കലും മരിക്കുകയില്ല. ഇതു നീ വിശ്വസിക്കുന്നുവോ? അവള്‍ പറഞ്ഞു: ഉവ്വ്, കര്‍ത്താവേ! നീ ലോകത്തിലേക്കു വരാനിരുന്ന ദൈവപുത്രനായ ക്രിസ്തു ആണെന്നു ഞാന്‍ വിശ്വസിക്കുന്നു.
ഇതു പറഞ്ഞിട്ട് അവള്‍ പോയി തന്റെ സഹോദരിയായ മറിയത്തെ വിളിച്ച്, ഇതാ, ഗുരു ഇവിടെയുണ്ട്; നിന്നെ വിളിക്കുന്നു എന്നു സ്വകാര്യമായിപ്പറഞ്ഞു. ഇതു കേട്ടയുടനെ അവള്‍ എഴുന്നേറ്റ് അവന്റെ അടുത്തേക്കു ചെന്നു. യേശു അപ്പോഴും ഗ്രാമത്തില്‍ പ്രവേശിച്ചിട്ടില്ലായിരുന്നു. മര്‍ത്താ കണ്ട സ്ഥലത്തുതന്നെ അവന്‍ നില്‍ക്കുകയായിരുന്നു. മറിയം തിടുക്കത്തില്‍ എഴുന്നേറ്റു പുറത്തേക്കു പോകുന്നതു കണ്ട്, വീട്ടില്‍ അവളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്ന യഹൂദര്‍ അവളെ അനുഗമിച്ചു. അവള്‍ ശവകുടീരത്തിങ്കല്‍ കരയാന്‍ പോവുകയാണെന്ന് അവര്‍ വിചാരിച്ചു. മറിയം യേശു നിന്നിരുന്നിടത്തു വന്ന്, അവനെക്കണ്ടപ്പോള്‍ കാല്‍ക്കല്‍ വീണു പറഞ്ഞു: കര്‍ത്താവേ, നീ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്റെ സഹോദരന്‍ മരിക്കുമായിരുന്നില്ല. അവളും അവളോടുകൂടെ വന്ന യഹൂദരും കരയുന്നതു കണ്ടപ്പോള്‍ യേശു ആത്മാവില്‍ നെടുവീര്‍പ്പിട്ടുകൊണ്ട് അസ്വസ്ഥനായി ചോദിച്ചു: അവനെ അടക്കിയിരിക്കുന്നത് എവിടെയാണ്? അവര്‍ അവനോടു പറഞ്ഞു: കര്‍ത്താവേ, വന്നു കാണുക. യേശു കണ്ണീര്‍ പൊഴിച്ചു. അപ്പോള്‍ യഹൂദര്‍ പറഞ്ഞു: നോക്കൂ, അവന്‍ എത്ര മാത്രം അവനെ സ്‌നേഹിച്ചിരുന്നു! എന്നാല്‍ അവരില്‍ ചിലര്‍ പറഞ്ഞു: അന്ധന്റെ കണ്ണു തുറന്ന ഈ മനുഷ്യന് ഇവനെ മരണത്തില്‍ നിന്നു രക്ഷിക്കാന്‍ കഴിയുമായിരുന്നില്ലേ?
യേശു വീണ്ടും നെടുവീര്‍പ്പിട്ടുകൊണ്ടു ശവകുടീരത്തിങ്കല്‍ വന്നു. അത് ഒരു ഗുഹയായിരുന്നു. അതിന്മേല്‍ ഒരു കല്ലും വച്ചിരുന്നു. യേശു പറഞ്ഞു: ആ കല്ലെടുത്തു മാറ്റുവിന്‍. മരിച്ചയാളുടെ സഹോദരിയായ മര്‍ത്താ പറഞ്ഞു: കര്‍ത്താവേ, ഇപ്പോള്‍ ദുര്‍ഗന്ധം ഉണ്ടായിരിക്കും. ഇത് നാലാം ദിവസമാണ്. യേശു അവളോടു ചോദിച്ചു: വിശ്വസിച്ചാല്‍ നീ ദൈവമഹത്വം ദര്‍ശിക്കുമെന്നു ഞാന്‍ നിന്നോടു പറഞ്ഞില്ലേ? അവര്‍ കല്ലെടുത്തു മാറ്റി. യേശു കണ്ണുയര്‍ത്തി പറഞ്ഞു: പിതാവേ, അങ്ങ് എന്റെ പ്രാര്‍ഥന ശ്രവിച്ചതിനാല്‍ ഞാന്‍ അങ്ങേക്കു നന്ദി പറയുന്നു. അങ്ങ് എന്റെ പ്രാര്‍ഥന എപ്പോഴും ശ്രവിക്കുമെന്നും എനിക്കറിയാം. എന്നാല്‍, എന്നെ അയച്ചത് അവിടുന്നാണെന്ന് ചുറ്റും നില്‍ക്കുന്ന ജനം വിശ്വസിക്കുന്നതിനു വേണ്ടിയാണ് ഞാനിതു പറയുന്നത്. ഇതു പറഞ്ഞിട്ട് അവന്‍ ഉച്ചത്തില്‍ പറഞ്ഞു: ലാസറേ, പുറത്തു വരുക. അപ്പോള്‍ മരിച്ചവന്‍ പുറത്തു വന്നു. അവന്റെ കൈകാലുകള്‍ നാടകള്‍കൊണ്ട് ബന്ധിക്കപ്പെട്ടും മുഖം തുണികൊണ്ട് ആവരണം ചെയ്യപ്പെട്ടുമിരുന്നു. യേശു അവരോടു പറഞ്ഞു: അവന്റെ കെട്ടുകളഴിക്കുവിന്‍. അവന്‍ പോകട്ടെ.
മറിയത്തിന്റെ അടുക്കല്‍ വന്നിരുന്ന യഹൂദരില്‍ വളരെപ്പേര്‍ അവന്‍ പ്രവര്‍ത്തിച്ചതു കണ്ട് അവനില്‍ വിശ്വസിച്ചു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
ഞങ്ങളെ ശ്രവിക്കുകയും
ക്രൈസ്തവ വിശ്വാസത്തിന്റെ പ്രബോധനങ്ങളാല്‍
അങ്ങു നിവേശിപ്പിച്ച അങ്ങേ ദാസരെ
ഈ ബലിയുടെ പ്രവര്‍ത്തനംവഴി
ശുദ്ധീകരിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
എന്നില്‍ ജീവിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരാരും
നിത്യമായി മരിക്കുകയില്ല.

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
ക്രിസ്തുവിന്റെ ശരീരരക്തങ്ങള്‍ സ്വീകരിക്കുന്ന ഞങ്ങള്‍,
എപ്പോഴും അവിടത്തെ അംഗങ്ങളുടെ ഗണത്തില്‍
എണ്ണപ്പെടാന്‍ ഇടയാക്കണമേ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ജനങ്ങളുടെ മേലുള്ള പ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കാരുണ്യത്തിന്റെ ദാനം പ്രതീക്ഷിക്കുന്ന
അങ്ങേ ജനത്തെ ആശീര്‍വദിക്കുകയും
അങ്ങേ പ്രചോദനത്താല്‍ അവര്‍ ആഗ്രഹിക്കുന്നത്,
അങ്ങേ ഔദാര്യത്താല്‍ പ്രാപിക്കാന്‍ കനിയുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ആമേന്‍.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s