തപസ്സു ചിന്തകൾ 45

തപസ്സു ചിന്തകൾ 45

കറുത്ത ബുധനെ വിശുദ്ധ ബുധനായി മാറ്റം

“ഇരുളിനെ ദൂരെയകറ്റിയ വെളിച്ചം ഈശോയാണ്, ആ വെളിച്ചം ഇപ്പോഴും ലോകത്തിലും വ്യക്തികളിലുമുണ്ട്. ഈശോയുടെ പ്രകാശം കാണുമാറാക്കിക്കൊണ്ടും അവിടത്തെ സുവിശേഷം പ്രഘോഷിച്ചുകൊണ്ടും ആ വെളിച്ചം പരത്തുക ക്രൈസ്തവന്‍റെ ധര്‍മ്മമാണ്. ” ഫ്രാൻസീസ് പാപ്പ

ഈശോയെ ഒറ്റിക്കൊടുക്കുന്നതിൻ്റെ തലേ ദിവസം യൂദാസ് പ്രധാന പുരോഹിതന്മാരെ സന്ദർശിക്കുകയും 30 വെള്ളിക്കാശിന് പകരമായി ഈശോയെ ഒറ്റിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയുന്നു. ലോക ചരിത്രത്തിലെ ഏറ്റവും വഞ്ചന നിറത്ത പ്രവർത്തിക്കു വേണ്ടി ഡീൽ ഉറപ്പിക്കപ്പെട്ട ദിനം. ദൈവത്തെ ഒറ്റിനൽകാൻ മനുഷ്യൻ കരാർ ഒപ്പിട്ട ദിനം . ലോകത്തിൻ്റെ പ്രകാശമായവനെ അന്ധത നിറത്ത മനുഷ്യൻ നിഷേധിച്ചു പറയാൻ അന്ധകാരശക്തികളുമായി ഉടമ്പടി ഉണ്ടാക്കിയ ദിനം. “കറുത്ത ബുധനാഴ്ച” എന്നും ഈ ദിവസം അറിയപ്പെടാറുണ്ട്. പാശ്ചാത്യ സഭയിലെ ചില ഇടവകളിലും സന്യാസസഭകളിലും വിശുദ്ധവാരത്തിലെ മൂന്നു ദിനങ്ങളിലോ അല്ലെങ്കിൽ ചാര ബുധനാഴ്ച മാത്രമോ ടെനെബ്രേ (Tenebrae) എന്നറിയപ്പെടുന്ന സായാഹ്ന പ്രാർത്ഥന നടത്തുന്ന പതിവുണ്ട്. ടെനെബ്രേ എന്ന ലത്തീൻ വാക്കിൻ്റെ അർത്ഥം അന്ധകാരം എന്നാണ്. ഈ പ്രാർത്ഥനയിൽ ഈശോയുടെ പീഡാനുഭവത്തെക്കുറിച്ചുള്ള വിശുദ്ധ ഗ്രന്ഥ ഭാഗങ്ങൾ വായിക്കുകയും ഒരാ വായനയ്ക്കു ശേഷം മെഴുകുതിരി കെടുത്തുകയും ചെയ്യും അവസാനം ദൈവാലയം പൂർണ്ണ ഇരുട്ടാകുന്നതുവരെ ഇതു തുടരും.

വിശുദ്ധ തോമസ് അക്വീനാസിൻ്റെ അഭിപ്രായത്തിൽ യൂദാസ് ദൈവത്തെക്കുറിച്ച് വളരെ മോശമായി ചിന്തിച്ച ഒരാളായിരുന്നു. കാരണം ഒരുവൻ താൻ ഇഷ്ടപ്പെട്ട ഒരു വസ്തു വിൽക്കാൻ ആഗ്രഹിക്കുമ്പോൾ അവൻ അതിനു വില നിശ്ചയിക്കുന്നു. എന്നാൽ ഒരു വസ്തുവിൽ നിന്നു സ്വയം മോചിതനാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ മറ്റുള്ളവർ പറയുന്ന വ്യവസ്ഥകൾ അംഗീകരിച്ച് സമ്മതം മൂളുന്നു. മറ്റൊരൊർത്ഥത്തിൽ പറഞ്ഞാൽ യൂദാസിനെ സംബന്ധിച്ചടത്തോളം പണമായിരുന്നില്ല പ്രശ്നം ഈശോയിൽ നിന്നു മോചിതനാവുകയായിരുന്നു അവൻ്റെ ലക്ഷ്യം. അതവനെ നാശത്തിൻ്റെ പടുകുഴിയിലേക്കു തള്ളി വിടുന്നു.

ഈ വിശുദ്ധവാരം നമുക്കൊരു അവസരവും പാഠവുമാണ്. ഈശോയിൽ നിന്നു മോചിതനാകാൻ ഒരുവൻ തീരുമാനിക്കുമ്പോൾ അവൻ്റെ അസ്തിത്വത്തെതന്നെ അവൻ നിഷേധിക്കാൻ തുടങ്ങുകയും അവൻ്റെ പടിവാതിൽക്കൽ കാത്തുനിൽക്കുന്ന പാപത്തിൻ്റെ ചായ്‌വുകളിലേക്ക് തെന്നി വീഴുകയും ചെയ്യുന്നു. കറുത്ത ബുധനാഴ്ചയെ വിശുദ്ധ ബുധനാഴ്ചയാക്കാൻ ഒരു വഴിയെ ഉള്ളു ഈശോയെ ഉള്ളുതുറന്നു സ്നേഹിക്കുക അവനിൽ ബന്ധിക്കപ്പെട്ടു ജീവിതത്തെ പടുത്തുയർത്തുക.

ഫാ. ജയ്സൺ കുന്നേൽ mcbs

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment