Easter Monday

🌹 🔥 🌹 🔥 🌹 🔥 🌹

*10 Apr 2023*

*Easter Monday* 

*Liturgical Colour: White.*


*സമിതിപ്രാര്‍ത്ഥന*
ദൈവമേ, നവസന്തതികളാല്‍
അങ്ങേ സഭയെ അങ്ങ് നിരന്തരം വര്‍ധമാനമാക്കുന്നുവല്ലോ.
വിശ്വാസത്താല്‍ ഇവര്‍ സ്വീകരിച്ച കൂദാശ,
ജീവിതത്തില്‍ അനുവര്‍ത്തിക്കാന്‍
അങ്ങേ ദാസര്‍ക്ക് അനുഗ്രഹം നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
*ഒന്നാം വായന*
അപ്പോ. പ്രവ. 2:14,22-33
യേശുവിനെ ദൈവം ഉയിര്‍പ്പിച്ചു. ഞങ്ങളെല്ലാവരും അതിനു സാക്ഷികളാണ്.

പന്തക്കുസ്താദിനം പത്രോസ് മറ്റു പതിനൊന്നുപേരോടുമൊപ്പം എഴുന്നേറ്റു നിന്ന് ഉച്ചസ്വരത്തില്‍ യഹൂദരോടു പറഞ്ഞു: യഹൂദജനങ്ങളേ, ജറുസലെമില്‍ വസിക്കുന്നവരേ, ഇതു മനസ്സിലാക്കുവിന്‍; എന്റെ വാക്കുകള്‍ ശ്രദ്ധിക്കുവിന്‍: നിങ്ങള്‍ക്കറിയാവുന്നതുപോലെ, ദൈവം, നസറായനായ യേശുവിനെ, താന്‍ അവന്‍ വഴി നിങ്ങളുടെയിടയില്‍ പ്രവര്‍ത്തിച്ച മഹത്തായ കാര്യങ്ങള്‍കൊണ്ടും തന്റെ അദ്ഭുതകൃത്യങ്ങളും അടയാളങ്ങളും കൊണ്ടും നിങ്ങള്‍ക്കു സാക്ഷ്യപ്പെടുത്തിത്തന്നു. അവന്‍ ദൈവത്തിന്റെ നിശ്ചിത പദ്ധതിയും പൂര്‍വജ്ഞാനവും അനുസരിച്ചു നിങ്ങളുടെ കൈകളില്‍ ഏല്‍പിക്കപ്പെട്ടു. അധര്‍മികളുടെ കൈകളാല്‍ അവനെ നിങ്ങള്‍ കുരിശില്‍ തറച്ചുകൊന്നു. എന്നാല്‍, ദൈവം അവനെ മൃത്യുപാശത്തില്‍ നിന്നു വിമുക്തനാക്കി ഉയിര്‍പ്പിച്ചു. കാരണം, അവന്‍ മരണത്തിന്റെ പിടിയില്‍ കഴിയുക അസാധ്യമായിരുന്നു. ദാവീദ് അവനെക്കുറിച്ചു പറഞ്ഞിരിക്കുന്നു: ഞാന്‍ കര്‍ത്താവിനെ എപ്പോഴും കണ്‍മുമ്പില്‍ ദര്‍ശിച്ചിരുന്നു. ഞാന്‍ പതറിപ്പോകാതിരിക്കാന്‍ അവിടുന്ന് എന്റെ വലത്തുവശത്തുണ്ട്. എന്റെ ഹൃദയം സന്തോഷിച്ചു; എന്റെ നാവു സ്‌തോത്രമാലപിച്ചു; എന്റെ ശരീരം പ്രത്യാശയില്‍ നിവസിക്കും. എന്തെന്നാല്‍, എന്റെ ആത്മാവിനെ അവിടുന്നു പാതാളത്തില്‍ ഉപേക്ഷിക്കുകയില്ല. അവിടുത്തെ പരിശുദ്ധന്‍ ജീര്‍ണിക്കാന്‍ അവിടുന്ന് അനുവദിക്കുകയുമില്ല. ജീവന്റെ വഴികള്‍ അവിടുന്ന് എനിക്കു കാണിച്ചുതന്നു. തന്റെ സാന്നിധ്യത്താല്‍ അവിടുന്ന് എന്നെ സന്തോഷഭരിതനാക്കും.
സഹോദരരേ, ഗോത്രപിതാവായ ദാവീദിനെക്കുറിച്ചു നിങ്ങളോടു ഞാന്‍ വ്യക്തമായിപ്പറഞ്ഞുകൊള്ളട്ടെ. അവന്‍ മരിക്കുകയും സംസ്‌കരിക്കപ്പെടുകയും ചെയ്തു. അവന്റെ ശവകുടീരം ഇന്നും നമ്മുടെയിടയില്‍ ഉണ്ടല്ലോ. അവന്‍ പ്രവാചകനായിരുന്നു; തന്റെ അനന്തരഗാമികളില്‍ ഒരാളെ തന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനാക്കും എന്നു ദൈവം അവനോടു ചെയ്ത ശപഥം അവന്‍ അറിയുകയും ചെയ്തിരുന്നു. അതുകൊണ്ടാണ്, അവന്‍ പാതാളത്തില്‍ ഉപേക്ഷിക്കപ്പെട്ടില്ല; അവന്റെ ശരീരം ജീര്‍ണിക്കാന്‍ ഇടയായതുമില്ല എന്നു ക്രിസ്തുവിന്റെ പുനരുത്ഥാനത്തെ മുന്‍കൂട്ടി ദര്‍ശിച്ചുകൊണ്ട് അവന്‍ പറഞ്ഞത്. ആ യേശുവിനെ ദൈവം ഉയിര്‍പ്പിച്ചു. ഞങ്ങളെല്ലാവരും അതിനു സാക്ഷികളാണ്. ദൈവത്തിന്റെ വലത്തുഭാഗത്തേക്ക് ഉയര്‍ത്തപ്പെടുകയും പിതാവില്‍ നിന്നു പരിശുദ്ധാത്മാവിന്റെ വാഗ്ദാനം സ്വീകരിക്കുകയും ചെയ്ത അവന്‍ ഈ ആത്മാവിനെ വര്‍ഷിച്ചിരിക്കുന്നു. അതാണു നിങ്ങളിപ്പോള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്.
കർത്താവിന്റെ വചനം.
*പ്രതിവചനസങ്കീർത്തനം*
സങ്കീ 16:1-2a,5,7-8,9-10,11

ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാന്‍ അങ്ങയില്‍ ശരണംവച്ചിരിക്കുന്നു.
or
അല്ലേലൂയ, അല്ലേലൂയ, അല്ലേലൂയ!

ദൈവമേ, എന്നെ കാത്തുകൊള്ളണമേ!
ഞാന്‍ അങ്ങയില്‍ ശരണംവച്ചിരിക്കുന്നു.
അവിടുന്നാണ് എന്റെ കര്‍ത്താവ്;
അങ്ങില്‍ നിന്നല്ലാതെ എനിക്കു നന്മയില്ല
എന്നു ഞാന്‍ കര്‍ത്താവിനോടു പറയും.

ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാന്‍ അങ്ങയില്‍ ശരണംവച്ചിരിക്കുന്നു.
or
അല്ലേലൂയ, അല്ലേലൂയ, അല്ലേലൂയ!

എനിക്ക് ഉപദേശം നല്‍കുന്ന
കര്‍ത്താവിനെ ഞാന്‍ വാഴ്ത്തുന്നു;
രാത്രിയിലും എന്റെ അന്തരംഗത്തില്‍
പ്രബോധനം നിറയുന്നു.
കര്‍ത്താവ് എപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്;
അവിടുന്ന് എന്റെ വലത്തുഭാഗത്തുള്ളതു കൊണ്ടു
ഞാന്‍ കുലുങ്ങുകയില്ല.

ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാന്‍ അങ്ങയില്‍ ശരണംവച്ചിരിക്കുന്നു.
or
അല്ലേലൂയ, അല്ലേലൂയ, അല്ലേലൂയ!

അതിനാല്‍, എന്റെ ഹൃദയം സന്തോഷിക്കുകയും
അന്തരംഗം ആനന്ദം കൊള്ളുകയും ചെയ്യുന്നു.
എന്റെ ശരീരം സുരക്ഷിതമായി വിശ്രമിക്കുന്നു.
അവിടുന്ന് എന്നെ പാതാളത്തില്‍ തള്ളുകയില്ല;
അങ്ങേ പരിശുദ്ധന്‍ ജീര്‍ണിക്കാന്‍ അനുവദിക്കുകയില്ല.

ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാന്‍ അങ്ങയില്‍ ശരണംവച്ചിരിക്കുന്നു.
or
അല്ലേലൂയ, അല്ലേലൂയ, അല്ലേലൂയ!

അങ്ങ് എനിക്കു ജീവന്റെ മാര്‍ഗം കാണിച്ചുതരുന്നു;
അങ്ങേ സന്നിധിയില്‍ ആനന്ദത്തിന്റെ പൂര്‍ണതയുണ്ട്;
അങ്ങേ വലത്തുകൈയില്‍ ശാശ്വതമായ സന്തോഷമുണ്ട്.

ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാന്‍ അങ്ങയില്‍ ശരണംവച്ചിരിക്കുന്നു.
or
അല്ലേലൂയ, അല്ലേലൂയ, അല്ലേലൂയ!


അനുക്രമഗീതം


വഴിതെറ്റി നശിക്കാറായ ആടുകളെ
കുഞ്ഞാട് വീണ്ടെടുത്തു;
പാപികളായ നമ്മെ നിഷ്കളങ്കനായ ക്രിസ്തു
പിതാവുമായി രമ്യപ്പെടുത്തി.

മരണവും ജീവനും തമ്മില്‍ നടന്ന സമരം;
എത്ര വിചിത്രമായൊരു മല്ലയുദ്ധം

ജീവന്റെ നായകന്‍ മരിച്ചു,
മരണം കൊണ്ട് മരണത്തെ ജയിച്ചു;
ഇനിയെന്നും ജീവനോടെ വാഴുന്നു.

ഹാ മറിയമേ, നില്‍ക്കുക;
നീ പോകുംവഴി എന്തുകണ്ടെന്നു പറയുക.

ജീവിച്ചിരിക്കുന്നവന്റെ കല്ലറ ഞാന്‍ കണ്ടു.
ഉയിര്‍ത്തെഴുന്നെല്‍ക്കുന്ന
ക്രിസ്തുവിന്റെ കല്ലറ ഞാന്‍ കണ്ടു.

സാക്ഷ്യം വഹിക്കുന്ന മാലാഖമാരെ കണ്ടു;
തിരുമുഖം മറച്ചയുറുമാലും
തിരുമേനി പൊതിഞ്ഞ ശീലയും ഞാന്‍ കണ്ടു.

ക്രിസ്തു ഉയിര്‍ത്തിരിക്കുന്നു;
എന്റെ പ്രത്യാശ ജീവിച്ചിരിക്കുന്നു;
അവിടന്നു നിങ്ങള്‍ക്കു മുമ്പേ
ഗലീലിക്കു പുറപ്പെട്ടുപോകും.

ക്രിസ്തു ഉയിര്‍ത്തുവെന്നു ഞങ്ങള്‍ക്കറിയാം;
അവിടന്നു മരിച്ചവരില്‍ നിന്നുയിര്‍ത്തു
എന്നു ഞങ്ങള്‍ക്കറിയാം;

ഹാ! ജയശാലിയായ മഹാരാജന്‍!
ഞങ്ങളില്‍ കനിയുക.
ഞങ്ങളെ രക്ഷിക്കുക! ആമേന്‍.
*സുവിശേഷ പ്രഘോഷണവാക്യം*
അല്ലേലൂയ! അല്ലേലൂയ!
കർത്താവ് ഒരുക്കിയ ദിവസമാണിന്ന്; ഇന്ന് സന്തോഷിച്ചുല്ലസിക്കാം.
അല്ലേലൂയ!
*സുവിശേഷം*
മത്താ 28:8-15
നിങ്ങള്‍ ചെന്ന് എന്റെ സഹോദരന്മാരോടു ഗലീലിയിലേക്കു പോകണമെന്നും അവിടെ അവര്‍ എന്നെ കാണുമെന്നും പറയുക.

അക്കാലത്ത് സ്ത്രീകള്‍ കല്ലറവിട്ട് ഭയത്തോടും വലിയ സന്തോഷത്തോടും കൂടെ ശിഷ്യന്മാരെ വിവരം അറിയിക്കാന്‍ ഓടി. അപ്പോള്‍ യേശു എതിരേ വന്ന് അവരെ അഭിവാദനംചെയ്തു. അവര്‍ അവനെ സമീപിച്ച് പാദങ്ങളില്‍ കെട്ടിപ്പിടിച്ച് ആരാധിച്ചു. യേശു അവരോട് പറഞ്ഞു: ഭയപ്പെടേണ്ടാ; നിങ്ങള്‍ ചെന്ന് എന്റെ സഹോദരന്മാരോടു ഗലീലിയിലേക്കു പോകണമെന്നും അവിടെ അവര്‍ എന്നെ കാണുമെന്നും പറയുക.
അവര്‍ പോയപ്പോള്‍ കാവല്‍ക്കാരില്‍ ചിലര്‍ പട്ടണത്തില്‍ ചെന്ന് സംഭവിച്ചതെല്ലാം പ്രധാന പുരോഹിതന്മാരെ അറിയിച്ചു. അവരും പ്രമാണികളും കൂടിയാലോചിച്ചതിനുശേഷം പടയാളികള്‍ക്കു വേണ്ടത്ര പണം കൊടുത്തിട്ടു പറഞ്ഞു: ഞങ്ങള്‍ ഉറങ്ങിയപ്പോള്‍ രാത്രിയില്‍ അവന്റെ ശിഷ്യന്മാര്‍ വന്ന് അവനെ മോഷ്ടിച്ചു കൊണ്ടുപോയി എന്നുപറയുവിന്‍. ദേശാധിപതി ഇതറിഞ്ഞാല്‍, ഞങ്ങള്‍ അവനെ സ്വാധീനിച്ച് നിങ്ങള്‍ക്ക് ഉപദ്രവമുണ്ടാക്കാതെ നോക്കിക്കൊള്ളാം. അവര്‍ പണം വാങ്ങി, നിര്‍ദേശമനുസരിച്ചു പ്രവര്‍ത്തിച്ചു. ഇത് ഇന്നും യഹൂദരുടെയിടയില്‍ പ്രചാരത്തിലിരിക്കുന്നു.
കർത്താവിന്റെ സുവിശേഷം.
*നൈവേദ്യപ്രാര്‍ത്ഥന*
കര്‍ത്താവേ, അങ്ങേ ജനത്തിന്റെ കാഴ്ചദ്രവ്യങ്ങള്‍
കനിവാര്‍ന്ന് സ്വീകരിക്കണമേ.
അങ്ങേ നാമത്തിന്റെ പ്രഖ്യാപനത്താലും
ജ്ഞാനസ്‌നാനത്താലും നവീകൃതരായി,
അവര്‍ നിത്യാനന്ദം പ്രാപിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

*ദിവ്യകാരുണ്യപ്രഭണിതം*
റോമാ 6:9

മരിച്ചവരില്‍ നിന്ന് ഉയിര്‍ത്ത ക്രിസ്തു
ഇനിയൊരിക്കലും മരിക്കുകയില്ല എന്നു നമുക്കറിയാം.
മരണം ഇനിമേല്‍ അവനെ ഭരിക്കുകയില്ല, അല്ലേലൂയാ.

*ദിവ്യഭോജനപ്രാര്‍ത്ഥന*
കര്‍ത്താവേ, പെസഹാരഹസ്യത്തിന്റെ കൃപ
ഞങ്ങളുടെ മനസ്സുകളില്‍ വര്‍ധമാനമാക്കണമേ.
അങ്ങനെ, നിത്യരക്ഷാ മാര്‍ഗത്തിലേക്കു പ്രവേശിക്കാന്‍
അങ്ങ് ഇടയാക്കിയവരെ
അങ്ങേ ദാനങ്ങള്‍ക്ക് അര്‍ഹരാകാനും അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s