തിരുഹൃദയ ചിന്തകൾ

തിരുഹൃദയ ചിന്തകൾ

മനുഷ്യവംശത്തോടുള്ള ദൈവസ്നേഹത്തിൻ്റെ പ്രണയകാവ്യമാണ് ഈശോയുടെ തിരുഹൃദയം. ഈശോയുടെ ദൈവത്വവും മനുഷ്യത്വവും ഒരിമിച്ചു വെളിപ്പെടുത്തപ്പെട്ട ഈ ഹൃദയം ലോകത്തിനു മുഴുവൻ സൗഖ്യവും വിശുദ്ധിയും പകരുന്ന കൃപയുടെ അനശ്വര കേദാരമാണ്. മാനവരാശിയോടു ക്ഷമിക്കുന്നതിൽ ദൈവം മടിക്കുന്നില്ലെങ്കിൽ അതിനു കാരണം അവൻ്റെ ഹൃദയം പാപികളായ നമ്മെ സ്നേഹിക്കുന്നതിൽ ഒരിക്കലും തളരാത്തതുകൊണ്ടാണ്. ഈശോയുടെ ഹൃദയത്തിലുള്ള അക്ഷയമായ ദൈവസ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക് അവൻ പകർന്നു നൽകുന്നു. “ഈശോയുടെ തിരുഹൃദയത്തിൽ ജ്ഞാനത്തിൻ്റെയും അറിവിൻ്റെയും എല്ലാ നിധികളും മറഞ്ഞിരിക്കുന്നു. ആ ദിവ്യ ഹൃദയത്തിൽ എല്ലാവരോടുമുള്ള ദൈവത്തിൻ്റെ അനന്തമായ സ്നേഹം സ്പന്ദിക്കുന്നു, ” എന്നു വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ സാക്ഷ്യപ്പെടുത്തുന്നു

എല്ലാവരോടുമുള്ള ദൈവത്തിന്റെ സ്നേഹം ഈശോയുടെ തിരുഹൃദയത്തിലൂടെ സമൃദ്ധമായി നമ്മുടെ എല്ലാവരുടെയും ജീവിതത്തിലേക്ക് പകരപ്പെട്ടുകൊണ്ടിരിക്കുന്നു. ഈശോയുടെ തിരുഹൃദയ ഭക്തിയുടെ പ്രചാരകയായ വിശുദ്ധ മാർഗരറ്റ് മേരി അലക്കോക്കിൻ്റെ വാക്കുകളിൽ: “ലോകത്ത് ജീവിക്കുന്ന സകലർക്കും അവരുടെ ജീവിതാവസ്ഥയിൽ ആവശ്യമായ എല്ലാ സഹായങ്ങളും തിരുഹൃദയഭക്തിയിൽ കണ്ടെത്താൻ കഴിയും. ഭവനങ്ങളിൽ സമാധാനം, ജോലിയിൽ ആശ്വാസം, എല്ലാ സംരംഭങ്ങളിലും സ്വർഗ്ഗത്തിന്റെ അനുഗ്രഹം, സങ്കടങ്ങളിൽ സമാശ്വാസം, ജീവിതത്തിലും പ്രത്യേകിച്ച് മരണസമയത്തും സുരക്ഷിതമായ അഭയം. ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിയിൽ പ്രകടമാകുന്ന യഥാർത്ഥ സ്നേഹം നമ്മിൽ ഉണ്ടെങ്കിൽ, എല്ലാത്തരം സ്വർഗ്ഗീയ അനുഗ്രഹങ്ങളും ലഭിക്കാത്ത ആരും ലോകത്തിൽ ഉണ്ടായിരിക്കുകയില്ല. “

ഈശോയുടെ തിരുഹൃദയമാണ് നമ്മുടെ മനുഷ്യത്വത്തിന്റെ അടിസ്ഥാനം. അതിനാൽ പതിനേഴാം നൂറ്റാണ്ടിൽ ഫ്രാൻസിൽ ജീവിച്ചിരുന്ന തിരുഹൃദയ ഭക്തനായ വിശുദ്ധ ജോൺ യൂഡ്സ് ഇപ്രകാരം പ്രാർത്ഥിച്ചിരുന്നു: “ഓ, എന്റെ രക്ഷകന്റെ എല്ലാ സ്നേഹത്തിനു യോഗ്യമായ ഹൃദയമേ, എന്റെ ഹൃദയത്തിന്റെ ഹൃദയവും, എന്റെ ആത്മാവിന്റെ ആത്മാവും, എന്റെ ചൈതന്യത്തിൻ്റെ ചൈതന്യവും, എന്റെ ജീവിതത്തിന്റെ ജീവിതവും, അകത്തും പുറത്തുമുള്ള എന്റെ എല്ലാ ചിന്തകളുടെയും വാക്കുകളുടെയും പ്രവൃത്തികളുടെയും എന്റെ ആത്മാവിന്റെയും എന്റെ എല്ലാ ഇന്ദ്രിയങ്ങളുടെയും കഴിവുകളുടെയും, ഏക തത്വവും നീ ആകണമേ.

ഈശോയുടെ തിരുഹൃദയം നമ്മെ വളരെയധികം സ്നേഹിക്കുന്നുവെങ്കിൽ എന്തുകൊണ്ട് നമ്മുടെ കഴിഞ്ഞ കാലത്തെ, അതു പ്രശ്ന സങ്കീർണ്ണമാണെങ്കിലും, ഈശോയുടെ ഹൃദയത്തിൽ അതിനു അന്തിമ സമാധാനം കണ്ടെത്താൻ നാം അനുവദിക്കുന്നില്ല? കൽക്കട്ടയിലെ വിശുദ്ധ മദർ തെരേസായുടെ സ്നേഹപൂർണ്ണമായ ഓർമ്മപ്പെടുത്തൽ ഇവിടെ പ്രസക്തമാണ് : “കഴിഞ്ഞ കാലം നിങ്ങളെ ശല്യപ്പെടുത്താൻ അനുവദിക്കരുത്. ഈശോയുടെ തിരുഹൃദയത്തിൽ എല്ലാം സമർപ്പിച്ച് സന്തോഷത്തോടെ വീണ്ടും ആരംഭിക്കുക.”

ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യായ്ക്ക് ഈശോയുടെ തിരുഹൃദയം അവളുടെ വൈകാരികവും ആത്മീയവുമായ ആവശ്യങ്ങൾക്കുള്ള സ്‌നേഹപൂർണമായ പരിപൂരകമായിരുന്നു. ഈശോയുടെ തിരുഹൃദയത്തിലേക്ക് എന്ന കവിതയിൽ ചെറുപുഷ്പം ഇപ്രകാരം കുറിക്കുന്നു:

“എന്നേക്കും എന്റെ സഹായം ആയിരിക്കുന്ന, ആർദ്രതയാൽ ജ്വലിക്കുന്ന ഒരു ഹൃദയം എനിക്ക് വേണം. എന്റെ ഉള്ളിലുള്ള എല്ലാറ്റിനെയും എന്റെ ബലഹീനതകൾ പോലും സ്നേഹിക്കുന്ന ഒരുവൻ.

രാവും പകലും എന്നെ വിട്ടുപോകാത്തവൻ.

എന്നെ എപ്പോഴും സ്നേഹിക്കുകയും മരിക്കാതിരിക്കുകയും ചെയ്യുന്ന ഒരു സൃഷ്ടിയെയും എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല,

എന്റെ സ്വഭാവം സ്വീകരിക്കുന്ന ഒരു ദൈവം എനിക്കുണ്ടാകണം.

എന്റെ സഹോദരനായിത്തീരുകയും എനിക്കു വേണ്ടി സഹിക്കുകയും ചെയ്യുന്ന ഒരുവൻ !

ഞാൻ സ്നേഹിക്കുന്ന ഒരേയൊരു സുഹൃത്തായ നീ എന്നെ ശ്രവിച്ചു.

എന്റെ ഹൃദയം കവർന്നെടുക്കാൻ, നീ മനുഷ്യനായി.

നീ നിൻ്റെ രക്തം ചൊരിഞ്ഞു, എന്തൊരു പരാമമായ രഹസ്യം!

അൾത്താരയിൽ നീ ഇപ്പോഴും എന്നെ സ്നേഹിക്കുന്നു.

എനിക്ക് നിൻ്റെ മുഖത്തിന്റെ തിളക്കം കാണാൻ കഴിയുന്നില്ലെങ്കിലും നിൻ്റെ മധുര ശബ്ദം കേൾക്കാൻ കഴിയില്ലെങ്കിലും, ഓ എന്റെ ദൈവമേ, നിന്റെ അനുഗ്രഹത്താൽ എനിക്ക് ജീവിക്കാൻ കഴിയും. എനിക്ക് നിൻ്റെ തിരുഹൃദയത്തിൽ വിശ്രമിക്കാം!

ഓ ഈശോയുടെ ഹൃദയമേ, ആർദ്രതയുടെ നിധിയേ,

നീ തന്നെയാണ് എന്റെ സന്തോഷം, നീ തന്നെയാണ് എന്റെ ഏക പ്രത്യാശ.

എന്റെ ഇളം യൗവനത്തെ എങ്ങനെ ആകർഷിക്കണമെന്ന് അറിയുന്ന നീ, അവസാന രാത്രി വരെ എന്റെ അടുത്ത് നിൽക്കൂ.

കർത്താവേ, നിനക്കു മാത്രമാണ് ഞാൻ എന്റെ ജീവൻ നൽകിയത്. എന്റെ എല്ലാ ആഗ്രഹങ്ങളും നിനക്ക് നന്നായി അറിയാം.

നിൻ്റെ അനന്തമായ നന്മയിൽ, ഈശോയുടെ ഹൃദയമേ, ഞാൻ എന്നെത്തന്നെ നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നു!”

തിരുഹൃദയ ഭക്തിയുടെ നാല് വശങ്ങൾ

1) സ്നേഹവും കാരുണ്യവും: തിരുഹൃദയം എല്ലാ മനുഷ്യർക്കും വേണ്ടിയുള്ള ഈശോയുടെ അനന്തമായ സ്നേഹത്തെയും അനുകമ്പയെയും കരുണയെയും പ്രതിനിധീകരിക്കുന്നു. പാപങ്ങൾ പൊറുക്കാനും മുറിവുകൾ സുഖപ്പെടുത്താനും തന്നിലേക്ക് തിരിയുന്നവർക്ക് രക്ഷ നൽകാനുമുള്ള അവന്റെ സന്നദ്ധതയുടെ ഓർമ്മപ്പെടുത്തലാണിത്.

2) ഐക്യവും അടുപ്പവും: ഈശോയുമായുള്ള അടുപ്പവും ഐക്യവും തേടിക്കൊണ്ട് അവനുമായി വ്യക്തിപരമായ ബന്ധം വളർത്തിയെടുക്കാൻ തിരുഹൃദയം വിശ്വാസികളെ ക്ഷണിക്കുന്നു. അത് അവന്റെ സ്‌നേഹത്തോടുള്ള തുറവിയും സ്‌നേഹപൂർവകവുമായ പ്രതികരണവും പ്രോത്സാഹിപ്പിക്കുന്നു.

3) പാപപരിഹാരവും പ്രായശ്ചിത്തവും: ദൈവസ്നേഹത്തിനെതിരായി ചെയ്യുന്ന കുറ്റങ്ങൾക്കുള്ള പരിഹാര പ്രവൃത്തികൾ തിരു ഹൃദയത്തോടുള്ള ഭക്തിയിൽ ഉൾപ്പെടുന്നു. തങ്ങളുടെ പാപങ്ങൾക്ക് പരിഹാരം ചെയ്യാനും മനുഷ്യത്വത്തിന്റെ നന്ദികേടിനും നിസ്സംഗതയ്ക്കും വേണ്ടി ഈശോയുടെ ഹൃദയത്തെ ആശ്വസിപ്പിക്കാനും ഇത് വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നു.

4) വിശ്വാസവും കീഴടങ്ങലും: തിരുഹൃദയത്തോടുള്ള ഭക്തി ഈശോയുടെ സ്നേഹത്തിലും കരുതലിലും വിശ്വാസം വളർത്തുന്നു. അവന്റെ മാർഗനിർദേശം തേടിയും അവന്റെ കൃപയിൽ ആശ്രയിച്ചും തങ്ങളുടെ ജീവിതം അവനിൽ സമർപ്പിക്കാൻ അത് നമ്മളെ ക്ഷണിക്കുന്നു.

എല്ലായിടത്തും, ഏതു ജീവിത സാഹചര്യത്തിലും, അക്ഷയമായ സ്നേഹത്തിന്റെ ഉറപ്പും ഉറവിടമായ ഈശോയുടെ തിരുഹൃദയത്തിൽ അഭയം തേടാൻ നമുക്കു പഠിക്കാം.

ഫാ. ജയ്സൺ കുന്നേൽ mcbs

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment