തിരുഹൃദയ ദിനത്തിൽ ഹൃദയങ്ങൾ കൈമാറിയാലോ?

ഹൃദയങ്ങൾ കൈമാറുക എന്നത് പ്രണയത്തിൻ്റെ അഗാധമായ ഭാവമാണ്. ഹൃദയങ്ങൾ കൈമാറ്റം ചെയ്യപ്പെടുമ്പോൾ സ്നേഹം ഉച്ചസ്ഥായിലാകും. ഹൃദയങ്ങൾ കൈമാറുമ്പോഴേ പ്രണയികള്‍ക്ക് പങ്കാളികളുടെ കണ്ണികളിലൂടെ അവരുടെ ലോകവും അവൻ്റെയോ അവളുടെ ലോകവും കാണാൻ കഴിയു.

ഇന്ന് തിരുഹൃദയ തിരുനാൾ ദിനമാണ് ഈശോയുടെ തിരുഹൃദയവും എൻ്റെ ഹൃദയവും കൈമാറേണ്ട പ്രണയ ദിനം. കത്തോലിക്കാ സഭയുടെ വാലന്റൈൻസ് ഡേയാണ് (പ്രണയ ദിനം) തിരുഹൃദയ തിരുനാൾ ദിനം. ഇത്തരത്തിൽ ഈശോയുടെ തിരുഹൃദയവുമായി സ്വന്തം ഹൃദയം കൈമാറിയ ഒരു സന്യാസിനി ബെൽജിയത്തു ജീവിച്ചിരുന്നു അയ്‌വേഴ്‌സിലെ വിശുദ്ധ ലുട്ട്ഗാർഡിസ്. സഭയിൽ പഞ്ചക്ഷത ധാരിയായി അറിയപ്പെട്ട ആദ്യ വനിതയായിരുന്നു അവൾ.

ബെൽജിയത്തിലെ ടോംഗ്രെസ് എന്ന പട്ടണത്തിൽ ഒരു സമ്പന്ന കുടുംബത്തിൽ 1182 ൽ ലുട്ട്‌ഗാർഡിസ് പന്ത്രണ്ടാം വയസ്സിൽ അവളുടെ വിവാഹത്തിനായി കരുതിവച്ചിരുന്ന സ്ത്രീധനം ഒരു കപ്പലപകടത്തിൽ നഷ്ടപ്പെട്ടതിനാൽ മനസ്സില്ലാ മനസ്സോടെ ബെനഡിക്ടൈൻ സഭയിൽ അവൾ ചേർന്നു. എന്നാൽ പതിനേഴാം വയസ്സിൽ അവൾക്കുണ്ടായ ഒരു അലൗകികമായ അനുഭവം അവളുടെ ജീവിതത്തെ സമൂലം മാറ്റി. അവൾ സന്ദർശന മുറിയിലായിരിക്കുരുമ്പോൾ ഈശോ തൻ്റെ പിളർക്കപ്പെട്ട ഹൃദയവും തിരുമുറിവുകളുമായി ലുട്ട്‌ഗാർഡിസിൻ്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. മധ്യകാലഘട്ടത്തിലുണ്ടായ ആദ്യ തിരുഹൃദയ ദർശനമായാണ് ഈ പ്രത്യക്ഷീകരണത്തെ മനസ്സിലാക്കുന്നത്. തുടർന്നും നിരവധി തവണ ഈശോയുടെ തിരുഹൃദയ ദർശനങ്ങൾ അവൾക്കു ലഭിച്ചു.

ഒരു ദർശനത്തിൽ ഈശോയുമായി ഹൃദയം കൈമാറുന്നതായി അവൾ അനുഭവിച്ചു.

ആ സന്ദർഭത്തിൽ ഈശോ അവളോട് ചോദിച്ചു: “അപ്പോൾ നിനക്കെന്താണ് വേണ്ടത്?”

“എനിക്കു നിൻ്റെ ഹൃദയം വേണം” അവൾ മറുപടി നൽകി.

“നിനക്ക് എൻ്റെ ഹൃദയം വേണോ? എങ്കിൽ എനിക്കു നിൻ്റെ ഹൃദയവും വേണം. “ഇതായിരുന്നു ഈശോയുടെ പ്രത്യുത്തരം.

ഇതുകേട്ട ലുട്ട്ഗാർഡിസ് ഇങ്ങനെ മറുപടി പറഞ്ഞു: “എൻ്റെ പ്രാണപ്രിയാ, എൻ്റെ ഹൃദയം നീ എടുത്തു കൊള്ളുക. പക്ഷേ നിൻ്റെ ഹൃദയത്തിലെ സ്നേഹം എൻ്റെ ഹൃദയത്തോട് അലിഞ്ഞു ചേരുന്ന വിധത്തിൽ അത് സ്വീകരിക്കുക. അങ്ങനെ ഞാൻ എൻ്റെ ഹൃദയത്തെ നിന്നിൽ സ്വന്തമാക്കും. നിൻ്റെ സംരക്ഷണത്തിൽ അത് എപ്പോഴും സുരക്ഷിതമായി നിലകൊള്ളുകയും ചെയ്യും.”

അഗാധമായ പ്രാർത്ഥനാ ജീവിതവും താപസും നയിച്ചിരുന്ന ലുട്ട്ഗാർഡിസ് മൂന്നു പ്രാവശ്യം ഏഴു വർഷക്കാലം വീതം ഉപവസിച്ചു, ഈക്കാലയളവിൽ അപ്പവും വെള്ളവും മാത്രമായിരുന്നു ഭക്ഷണം . വിശുദ്ധ ഓരോ ഉപവാസവും ഈശോയുടെ നിയോഗങ്ങൾക്കായി സമർപ്പിച്ചു: ആദ്യത്തേതു പാഷണ്ഡികളുടെ മാനസാന്തരമായിരുന്നെങ്കിൽ , രണ്ടാമത്തേതു പാപികളുടെ രക്ഷയ്ക്കും, മൂന്നാമത്തേത് സഭയെ ഭീഷണിപ്പെടുത്തിയ ഫ്രെഡറിക് രണ്ടാമൻ ചക്രവർത്തിക്ക് വേണ്ടിയുമായിരുന്നു .

1246 ജൂൺ 16-ന് നിര്യാതയായ ലുട്ട്ഗാർഡിസിനെ 1793-ൽ ക്ലെമന്റ് പന്ത്രണ്ടാമൻ മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. ലുട്ട്ഗാർഡിസ് ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിയാൽ ഇന്നും ഓർമ്മിക്കപ്പെടുന്നു. തിരുഹൃദയ ഭക്തയായ അവളുടെ ഓർമ്മ ദിനം ഈ വർഷം തിരുഹൃദയ തിരുനാൾ ദിനത്തിൽത്തന്നെ (ജൂൺ 16) വന്നതിൽ ഈ ദിനത്തിൻ്റെ സന്തോഷം വർദ്ധിതമാകുന്നു.

ഈ തിരുഹൃദയ തിരുനാൾ ദിനത്തിൽ നമ്മുടെ ഹൃദയത്തെ ഈശോയുടെ തിരുഹൃദയത്തിനു കൈമാറാം. ഈശോയുടെ തിരുഹൃദയം നമ്മിലേക്കും നമ്മുടേത് അവനിലേക്കും. എത്ര അകന്നാലും അണയാത്ത സ്നേഹവും എത്ര അടുത്താലും പിടികിട്ടാത്ത സ്നേഹവുമായ ഈശോയുടെ തിരുഹൃദയത്തിലേക്ക് പുഴ കടലിൽ ചേരുന്നതുപോലെ നമുക്കൊഴുകാം.

ഫാ. ജയ്സൺ കുന്നേൽ MCBS

Advertisements
Fediverse reactions
June 2023
S M T W T F S
 123
45678910
11121314151617
18192021222324
252627282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading