ജൂലൈ-13 സ്വ൪ഗ്ഗീയ മധ്യസ്ഥയായ പരിശുദ്ധ റോസാമിസ്റ്റിക്കാ മാതാവി൯െറ തിരുന്നാൾ ആശ൦സകൾ🌹🌹🌹
1947 – 1976 വരെയുള്ള വർഷങ്ങളിൽ വടക്കേ ഇറ്റലിയിലെ ‘പ്രകാശപൂർണമായ മല’ എന്ന് അർത്ഥം വരുന്ന ‘മോണ്ടികിയാരി’ എന്ന സ്ഥലത്ത് പിയറിന എന്ന നേഴ്സിന് പരിശുദ്ധ കന്യകാമറിയം നൽകിയ ദർശനം ”റോസാ മിസ്റ്റിക്ക” എന്നാൽ എന്ത്? എന്നതിലേയ്ക്ക് സൂചനയും നൽകി. അമ്മ പറഞ്ഞു, “ഞാൻ യേശുവിന്റെ മൗതീക ശരീരത്തിന്റെ അമ്മയാണ്! അതായത് സഭയുടെ അമ്മ…
1947 മെയ് 13 നാണ് അമ്മ അവൾക്ക് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. വയലറ്റ് നിറമുള്ള ഉടുപ്പും വെളുത്ത ശിരോവസ്ത്രവും അണിഞ്ഞ് സുന്ദരിയായ ഒരു സ്ത്രീയായിട്ടാണ് അമ്മ പ്രത്യക്ഷപ്പെട്ടത്…
അമ്മ ഏറെ ദു:ഖിതയായിരുന്നു. കണ്ണുകളിൽ നിന്നും കണ്ണുനീർ തുള്ളികൾ ഇറ്റു വീണുകൊണ്ടിരുന്നു…
അമ്മയുടെ ഹൃദയത്തിൽ മൂന്നു വലിയ വാളുകൾ തുളച്ചുകയറിയിരുന്നു…
അമ്മ പറഞ്ഞു. “പ്രാർത്ഥന, ഉപവാസം, പരിത്യാഗപ്രവർത്തികൾ” ഇത്രയും പറഞ്ഞശേഷം അമ്മ അപ്രത്യക്ഷയായി…
1947 ജൂൺ 17ന് അമ്മ 2-ാം വട്ടവും പ്രത്യക്ഷപ്പെട്ടു. ഈ പ്രത്യക്ഷപ്പെടലിൽ അമ്മയുടെ ഹൃദയത്തിൽ മൂന്നു വാളുകൾക്കുപകരം മൂന്ന് റോസാപൂക്കളുണ്ടായിരുന്നു.
അവ വെള്ള, ചുവപ്പ്, സുവർണ്ണം ഈ മൂന്ന് നിറങ്ങളിലായിരുന്നു. “ഞാൻ യേശുവിന്റെ അമ്മയാണ്” എന്ന് പരിശുദ്ധ മാതാവ് സ്വയം വെളിപ്പെടുത്തി…
അമ്മ പറഞ്ഞു: “ലോകമെമ്പാടുമുള്ള മുഴുവൻ വൈദികർക്കും സന്യാസിനി – സന്യാസികൾക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം, അതിനുവേണ്ടി മരിയ ഭക്തിയുടെ പുതിയരൂപം ആരംഭിക്കണം ഇത് നിന്നെ അറിയിക്കാനാണ് ദൈവം എന്നെ അയച്ചത്…”
“എല്ലാ മാസവും 13-ാം തിയ്യതി എന്റെ ദിനമായി കൊണ്ടാടുക. ജൂലൈ 13 ‘റോസാ മിസ്റ്റിക്ക’ ദിനമായി ആചരിക്കുക.” അമ്മ അവളോട് ആവശ്യപ്പെട്ടു…
അമ്മയുടെ ഹൃദയത്തിലെ മൂന്നു റോസാ പൂക്കളുടെയും മൂന്ന് വാളുകളുടെയും അർത്ഥവും അമ്മതന്നെ അവൾക്ക് പറഞ്ഞുകൊടുത്തു.
🗡 ഒന്നാമത്തെ വാൾ ദൈവവിളി നഷ്ടപ്പെടുത്തുന്ന വൈദികരെ സൂചിപ്പിക്കുന്നു…
🗡 രണ്ടാമത്തെ വാൾ മാരക പാപത്തിൽ ജീവിക്കുന്ന സന്യാസിനി – സന്യാസികളെ സൂചിപ്പിക്കുന്നു…
🗡 മൂന്നാമത്തെ വാൾ യൂദാസിനെപ്പോലെ യേശുവിനെ ഒറ്റിക്കൊടുക്കുന്ന വൈദികരെയും സമർപ്പിതരെയും സൂചിപ്പിക്കുന്നു…
🌹വെളുത്ത റോസാപൂവ് പ്രാർത്ഥനയെ സൂചിപ്പിക്കുന്നു.
🌹 ചുവന്ന റോസാപൂവ് പാപപരിഹാരത്തെ സൂചിപ്പിക്കുന്നു.
🌹 സുവർണ്ണ റോസാപൂവ് ഉപവാസത്തെ സൂചിപ്പിക്കുന്നു.
ഡിസംബർ 8-ാം തിയതി മന്ദസ്മിതം തൂകി പ്രത്യക്ഷയായ അമ്മ പറഞ്ഞു, “ഞാൻ അമലോത്‌ഭവയാണ്, പ്രസാദവരത്തിന്റെ മേരിയാണ്, വരപ്രസാദ പൂർണയാണ്. എന്റെ ദിവ്യ പുത്രൻ ഈശോ മിശിഹായുടെ മാതാവാണ്…”
റോസാ മിസ്റ്റിക്കാ മാതാവേ അമോത്‌ഭവയേ, ഈശോയുടെ അമ്മേ പ്രസാദവര പൂർണ്ണേ, തിരുസഭയുടെ മാതാവേ, ഞങ്ങൾ പൂർണ്ണമായും അമ്മയുടേതാകുന്നു…
വൈദീകരുടെ രാജ്ഞി, വൈദീകരെ പാപവഴികളില്‍ പെടാതെ കാക്കണമേ…
ഞങ്ങളെ അമ്മയുടെ നീല അങ്കിക്കുള്ളിൽ പൊതിഞ്ഞു കാത്തുകൊള്ളണമേ.
ആമ്മേൻ



Leave a comment