അപ്പക്കഷണം!

രാത്രി ഒരു ഏഴ് മണിയായിട്ടുണ്ടാവും സാവൂൾ എന്ന പേഷ്യന്റിനെ കണ്ട് ബുധനാഴ്ചയിലെ എന്റെ റൗണ്ട്സ് അവസാനിപ്പിക്കുമ്പോൾ. ആശുപത്രിക്കിടക്കയിൽ നാല് തലയിണക്ക് മേൽ ചാരിവെക്കപ്പെട്ട, പേടിച്ചിരിക്കുന്ന ഒരു ആൺകുട്ടി. നാളെ അവന്റെ ഹൃദയം തുറന്നുള്ള മേജർ ശസ്ത്രക്രിയ ആണ്. (open- heart surgery).

16 വയസ്സുണ്ടെങ്കിലും 30 കിലോ തൂക്കമേ അവനുള്ളു. ജീവിതകാലം മുഴുവൻ അസുഖങ്ങളായിരുന്നു അവന് കൂട്ട്, ദാരിദ്യവും. രക്തവാതമാണ് അവന്റെ ഹൃദയത്തെയും ശരീരത്തെയും ഇങ്ങനെയാക്കിയത്. ആരിൽ നിന്നൊക്കെയോ കൈമാറിക്കിട്ടുന്ന പാകമല്ലാത്ത വസ്ത്രങ്ങളും മറ്റേതോ ലോകത്തിലെ എന്ന് തോന്നുന്ന പൊട്ടിയ കളിപ്പാട്ടങ്ങളുമായിരുന്നു അവൻ ഉപയോഗിച്ചിരുന്നത്. ഐസ്ക്രീം അവന്റെ ചുണ്ടിൽ ഇതുവരേക്കും സ്പർശിച്ചിട്ടില്ല. അവന്റമ്മക്ക്, മക്കൾക്ക് മൂന്ന് നേരം വയറ് നിറച്ചുണ്ണാൻ കൊടുക്കാനുള്ള ഗതിയുണ്ടായിരുന്നില്ല

വീട്ടിലേക്ക് ഡ്രൈവ് ചെയ്യുമ്പോൾ അവന്റെ പ്രകാശമുള്ള മുഖം ഇടക്കിടക്ക് എന്റെ കണ്മുന്നിൽ വന്നു. പരിചയമില്ലാത്ത സാഹചര്യത്തിൽ, ആ പരുപരുത്ത വെളുത്ത ഷീറ്റിൽ, എനിക്കവന്റെ ഒറ്റപ്പെടൽ അറിയാൻ പറ്റുന്നുണ്ടായിരുന്നു. കുറച്ചു കൂടി സമയമുണ്ടായിരുന്നെങ്കിൽ ഞാൻ അവനോട്‌ ഇത്തിരി നേരം കൂടി മിണ്ടിയേനെ.

പിറ്റേ ദിവസം കാലത്ത് ഞാൻ സാവൂളിനെ കണ്ടത്, അനസ്തേഷ്യ കൊടുത്ത നിലയിൽ അഞ്ച് മണിക്കൂർ നേരത്തെ സർജറിക്ക് റെഡിയായി ഓപ്പറേറ്റിംഗ് ടേബിളിലാണ്, അവന്റെ ഹൃദയവാൽവ് മാറ്റിവെക്കാൻ. ഓപ്പറേഷൻ കഴിഞ്ഞ് അവനെ ICU ലേക്ക് മാറ്റി. അന്ന് രാത്രി പക്ഷേ അവന്റെ BP താഴ്ന്നു മന്ദഗതിയിലായി. പരിശോധന കഴിഞ്ഞപ്പോൾ അവന്റെ ജീവൻ രക്ഷപ്പെടാൻ നേരിയ പ്രതീക്ഷ ഇനി ബാക്കിയുള്ളത് ഇനിയുള്ള രണ്ട് വാൽവ് കൂടി മാറ്റി വെക്കുന്നതാണെന്ന് മനസ്സിലായി.

ഞാൻ സാവൂളിന്റെ അടുത്തുപോയി, ഒരു സർജറി കൂടെ വേണമെന്നുള്ളത് പതിയെ അവനോട് വിവരിച്ചു. അവന്റെ വായിലെ ട്യൂബ് കാരണം അവന് മിണ്ടാൻ സാധിക്കില്ലായിരുന്നു. ആന്റിബയോട്ടിക്സും മറ്റ് ദ്രാവകങ്ങളും കയറ്റുന്ന പ്ലാസ്റ്റിക് ട്യൂബുകൾ അനങ്ങാതിരിക്കാൻ വെച്ച് കെട്ടിയിട്ടുള്ളതിനാൽ കയ്യും കാര്യമായി അനക്കാൻ പറ്റില്ല. അവനെ ധൈര്യപ്പെടുത്താൻ ഒന്ന് പുഞ്ചിരിച്ചിട്ട് ഞാൻ ഓപ്പറേഷൻ തിയേറ്ററിന് നേരെ തിരിഞ്ഞു. എന്തോ എന്നെ പിടിച്ചുനിർത്തി, ഞാൻ വീണ്ടും അവനരികിലേക്ക് നടന്നു. അവന്റെ അടുത്തേക്ക് കുനിഞ്ഞു നിന്ന് ചോദിച്ചു, “നിനക്കെന്തെങ്കിലും പറയാനുണ്ടോ? ” അവൻ ഒന്ന് മൂളി. ഒരു നഴ്‌സ് പോയി പേപ്പറും പെൻസിലും കൊണ്ടുവന്നു. അവ്യക്തമായി അതിൽ സാവൂൾ കോറിയ വാക്കുകൾ കണ്ട്, എന്ത് വേണമെന്നറിയാതെ നിർന്നിമേഷനായി ഞാൻ നിന്നു. “ഒരു റൊട്ടിക്കഷ്ണം കഴിക്കാൻ തരുമോ?” അതായിരുന്നു അവൻ എഴുതിയത്. നാളെ വലിയൊരു സർജറി ഇനിയും നടക്കാനിരിക്കുന്നു, ശരീരത്തിലാകെ ട്യൂബുകൾ, ആകെ അസ്വസ്ഥത, ഭയം, ഒറ്റപ്പെടൽ… ഇതിനൊക്കെ ഇടയിലും അവനിപ്പോൾ വേണ്ടത് ആകെയൊരു അപ്പക്കഷണമാണ്. “സാവൂൾ “, ഞാൻ പറഞ്ഞു,” ഓപ്പറേഷന് മുൻപ് കഴിക്കാൻ പറ്റില്ലല്ലോ മോനെ, പക്ഷേ അത് കഴിഞ്ഞാൽ എത്ര വേണമെങ്കിലും അപ്പം നമുക്ക് കഴിക്കാം, കേട്ടോ”

സാവൂളിന്റെ അവസ്ഥ വളരെ സീരിയസായി. ഓപ്പറേഷൻ തിയേറ്ററിലേക്ക് അവനെ കൊണ്ടുവന്നു. വലിയ ലൈറ്റുകളും തിളങ്ങുന്ന യന്ത്രങ്ങളും പച്ച സർജിക്കൽ ഗൗൺ ധരിച്ച് മാസ്കിട്ട അപരിചിതരെയുമൊക്കെ കണ്ട് അവൻ വീണ്ടും പകച്ചു. ടീം വേഗം പണി തുടങ്ങി. സാവൂളിനെ ബോധം കെടുത്തി. പക്ഷേ എല്ലാറ്റിനുമൊടുവിൽ, എത്ര ശ്രമിച്ചിട്ടും അവന്റേ ഹൃദയമിടിപ്പ് സാവധാനമായി, BP താഴ്ന്നു. ആകുംപോലൊക്കെ ശ്രമിച്ചിട്ടും അത് താണുകൊണ്ടേ ഇരുന്നു. അരമണിക്കൂറോളം ഞങ്ങൾ വീണ്ടും പൊരുതി, പക്ഷേ… താളം തെറ്റിയ കുറച്ചു മിടിപ്പുകൾക്ക് ശേഷം സാവൂളിന്റെ ഹൃദയം നിലച്ചു.

തിയേറ്റർ നിശബ്ദമായിരുന്നു. ഞാൻ തിരിഞ്ഞ് എന്റെ ഗൗണും മാസ്കും ക്യാപ്പും അഴിച്ചു. എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. പക്ഷേ സാവൂൾ എന്റെ മനസ്സിന്റെ വിങ്ങലായി നിറഞ്ഞു.

ഓർമ്മ വെച്ച കാലം മുതൽ അസുഖങ്ങളും ദാരിദ്ര്യവും മാത്രമറിഞ്ഞ ഒരു കുട്ടി. അവനെ ആരൊക്കെയോ ഇടപെട്ട്, എല്ലാ സൗകര്യങ്ങളുമുള്ള ഈ ആശുപത്രിയിൽ കൊണ്ടുവന്നു. ഏറെക്കാലത്തെ ചികിത്സപാരമ്പര്യമുള്ളവർ നോക്കി, വിലപിടിച്ച ആധുനിക ഉപകരണങ്ങളുടെ സഹായമുണ്ടായിരുന്നു, ആയിരക്കണക്കിന് ഡോളർ വിലയുള്ള വാൽവുകൾ അവന്റെ ഹൃദയത്തിൽ പിടിപ്പിച്ചു.

ചുരുക്കത്തിൽ, ഈ ലോകം കൊട്ടിഘോഷിക്കുന്ന ആധുനിക ടെക്നിക്കുകളും ഏറ്റവും നല്ല അറിവുകളും ഉപകരണങ്ങളും വിദഗ്ധരെയും അവന് കിട്ടി. പക്ഷേ അവന്റെ ലളിതമായ ഒരേയൊരു ആഗ്രഹം, ആവശ്യം നിറവേറ്റാൻ ആർക്കും കഴിഞ്ഞില്ല. ഒരു ചെറിയ അപ്പക്കഷണം!

Written by : Dr. മാരിയസ് ബെർനാർഡ്

Translated by : ജിൽസ ജോയ്

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment