അൾത്താര ബാലന്മാരുടെ മധ്യസ്ഥനായ വിശുദ്ധ ജോൺ ബെർക്ക്മൻസിന്റെ തിരുന്നാളാണ് ഇന്ന്. ചെറുപ്പത്തിൽ തന്നെ ഒരു വിശുദ്ധനാകാൻ കഴിഞ്ഞില്ലെങ്കിൽ തനിക്കൊരിക്കലും അതിന് പിന്നെ കഴിയില്ലെന്ന് അവൻ പറഞ്ഞത് ഒരു പ്രവചനം പോലെ യാഥാർത്ഥ്യമായി, കാരണം 22 വയസ്സ് വരെ മാത്രമേ അവൻ ജീവിച്ചിരുന്നുള്ളു.
ഈ വിശുദ്ധനെ അൾത്താര ശുശ്രൂഷികളുടെ മധ്യസ്ഥനാക്കാൻ കാരണം എന്താണ്? അത്രമേൽ തീക്ഷ്‌ണതയോടെയാണ് വിശുദ്ധ ജോൺ ബെർക്ക്മൻസ് വിശുദ്ധ കുർബ്ബാനക്ക് അണഞ്ഞതും ശുശ്രൂഷി ആയതും. എഴുവയസ്സുള്ളപ്പോൾ പുലരുന്നതിനും വളരെ മുൻപേ ചാടിപെടഞ്ഞെണീറ്റ് പള്ളിയിലേക്ക് പോകുന്ന അവനെ കണ്ട് അവന്റെ അമ്മൂമ്മ ചോദിക്കും, “എന്തിനാ മോനെ നീ ഇത്ര നേരത്തെ എണീക്കുന്നെ?” “അത് പിന്നെ അമ്മൂമ്മേ, ഈശോയുടെ അനുഗ്രഹം ഒരുപാട് എന്റെ പഠനത്തിന് വേണം. അതിനുവേണ്ടി, ഞാൻ സ്കൂളിൽ പോകുന്നതിന് മുൻപ് രണ്ടോ മൂന്നോ കുർബ്ബാനക്ക് സഹായിക്കാൻ കൂടും”. ഇതായിരുന്നു ഉത്തരം.
അങ്ങേയറ്റത്തെ ഭക്തിയോടെ അവൻ പ്രാർത്ഥിച്ചൊരുങ്ങി കുർബ്ബാനയിൽ സംബന്ധിക്കാൻ. വിശുദ്ധ കുർബ്ബാന സ്വീകരിച്ചു കഴിഞ്ഞ് അവനെ കണ്ടാൽ സ്വർഗ്ഗീയമായ ഒരു കാഴ്ചയാണ്. ആദരവോടെ മുട്ടുകുത്തി കൈകൂപ്പി കണ്ണുകളടച്ചു പ്രാർത്ഥനയിൽ മുഴുകി ഏറെനേരം അവൻ ചിലവഴിക്കും. പുരോഹിതരെ ഈശോയുടെ പ്രതിപുരുഷന്മാരായി കണ്ട് അത്രമേൽ ബഹുമാനത്തോടെയാണ് അവൻ പെരുമാറിയിരുന്നത്. എത്ര തണുപ്പുള്ള കാലാവസ്ഥയാണെങ്കിലും അവരുടെ സാന്നിധ്യത്തിൽ അവൻ തൊപ്പി ധരിച്ചിരുന്നില്ല.
പണമില്ലാതെ കുടുംബചിലവ് കൊണ്ട് നട്ടം തിരിഞ്ഞ പിതാവ് അവന്റെ വിദ്യാഭ്യാസം നിർത്താൻ തുനിഞ്ഞപ്പോഴൊക്കെ, പഠിച്ചു പുരോഹിതനാകാൻ ആഗ്രഹിച്ചിരുന്ന ജോൺ വളരെ വിഷമിച്ചു. അവന്റെ അമ്മ സുഖമില്ലാതെ കിടപ്പിലായിരുന്നു. ദൈവം ഇടപെട്ട് വഴി കാണിച്ചുകൊടുത്തപോലെ, ഒരു വൈദികൻ അദ്ദേഹത്തിന്റെ ഭവനത്തിൽ സഹായിയായി നിന്നാൽ അവന്റെ പഠനച്ചിലവും നോക്കിക്കോളാമെന്ന് പറഞ്ഞു.
ബെൽജിയത്തിലെ ഒരു സാധാരണ ചെരുപ്പുകുത്തിയുടെ മൂത്ത മകനായിരുന്ന അവനിൽ പിതാവ് വളരെ പ്രതീക്ഷ വെച്ചിരുന്നു, വലുതാകുമ്പോൾ തനിക്ക് തുണയാവുമെന്ന്. പക്ഷേ പിതാവിന്റെ പ്രതീക്ഷകൾ കാറ്റിൽ പറത്തിക്കൊണ്ടാണ് അവൻ ഈശോസഭാവൈദികനാകാൻ ആഗ്രഹിച്ചത്. വിദ്യാഭ്യാസത്തിനിടയിൽ ജെസ്യൂട്ട് പിതാക്കന്മാരെ കണ്ട് പരിചയിച്ചതും ഈശോസഭയിൽ തന്നെ ആയിരുന്ന അലോഷ്യസ് ഗോൺസാഗയുടെ ജീവചരിത്രം വായിച്ചതുമൊക്കെ അതിന് കാരണമായി. അലോഷ്യസ് ഗോൺസാഗയുമായി ഏറെകാര്യങ്ങളിൽ ജോൺ ബർക്ക്മൻസിന് സാമ്യമുണ്ടായിരുന്നു. വിശുദ്ധകുർബ്ബാനയോടും പരിശുദ്ധ അമ്മയോടുമുള്ള ഭക്തി മുതൽ, ചെറുപ്പത്തിൽ തന്നെ മരിക്കുന്നതടക്കം.
ദൈവവിളി തീർച്ചപ്പെടുത്താൻ അവൻ ഏറെ പ്രാർത്ഥിച്ചു, കുമ്പസ്സാരക്കാരനോടും ഉപദേശം ആരാഞ്ഞു, കുർബ്ബാനകൾ ആ നിയോഗത്തിനായി ചൊല്ലിച്ചു, കയ്യിൽ ബാക്കിയുണ്ടായിരുന്ന ചില്ലറപൈസകൾ പാവങ്ങളുടെ പിച്ചപാത്രത്തിലിട്ടു, തന്റെ ഇഷ്ടത്തിൽ ദൈവത്തിന്റെ തീരുമാനം അറിയാനായി. അവസാനം, ഈശോസഭയിൽ ചേരാൻ തന്നെയാണ് ദൈവഷ്ടമെന്ന് അനുമാനിച്ചു.
സെമിനാരിയിൽ ചേരാൻ അനുവാദത്തിനായി പതിനഞ്ചു വയസ്സുള്ളപ്പോൾ അവൻ തന്റെ മാതാപിതാക്കൾക്ക് എഴുതിയ എഴുത്തിലെ വാചകങ്ങൾ ഹൃദയസ്പർശിയാണ്. “ഇതൊട്ടും എളുപ്പമല്ലെന്ന് എനിക്കറിയാം മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കും അവരുടെ മക്കളെ വിട്ടുകൊടുക്കാൻ. പക്ഷേ ദൈവം അവരുടെ മക്കളെ തന്നിലേക്ക് വിളിക്കാൻ ആഗ്രഹിച്ചുകൊണ്ടാണ് ഇത്രയും കാലം അവരെ ജീവിക്കാൻ അനുവദിച്ചതെങ്കിൽ എന്തുചയ്യാൻ കഴിയും അവർക്ക്? ഇടക്കൊക്കെ ഞാനും കാണുന്നു : ഒരു ഭാഗത്ത് അപ്പനും അമ്മയും സഹോദരിയും എല്ലാം ; മറുഭാഗത്ത് ഈശോ അവന്റെ മാത്രമല്ല എന്റെയും കൂടെ അനുഗ്രഹീത അമ്മയായ പരിശുദ്ധ മറിയത്തിന്റെ കൂടെ ; ആദ്യത്തെ കൂട്ടർ എന്നോട് പറയുന്നു, ‘ പ്രിയമകനെ, നിന്നോട് ഞങ്ങൾ യാചിക്കുകയാണ്, ഞങ്ങൾ നിനക്ക് വേണ്ടി സഹിച്ച കഷ്ടപ്പാടുകൾ ഓർത്ത് ഞങ്ങളുടെ കൂടെ നിൽക്കൂ ‘ അപ്പുറത്ത് യേശുക്രിസ്തു എന്നോട് പറയുന്നു, ‘ മകനെ, ഞാൻ ജനിച്ചതും ചമ്മട്ടിയടിയേറ്റതും മുൾമുടി ധരിച്ചതും അവസാനം കുരിശിൽ മരിച്ചതും എല്ലാം നിനക്ക് വേണ്ടിയാണ്. എന്റെ അഞ്ച് തിരുമുറിവുകൾ നോക്കൂ, ഇതെല്ലാം നിനക്ക് വേണ്ടിയായിരുന്നില്ലേ?ഇത്രയും നാൾ നിന്റെ ആത്മാവിനെ എന്റെ ശരീരത്താൽ പോഷിപ്പിച്ചതും എന്റെ രക്തത്താൽ അതിന്റെ ദാഹം മാറ്റിയതുമൊന്നും നീ ഓർക്കുന്നില്ലേ? എന്നിട്ടിപ്പോൾ നീ നന്ദിയില്ലാത്തവനാകുകയാണോ? ‘ ഇങ്ങനൊക്കെ ഞാൻ ചിന്തിക്കുമ്പോൾ എന്റെ പ്രിയരേ, എന്റെ ഹൃദയം നിന്ന് കത്തുകയാണ് , എനിക്ക് സാധിക്കുമെങ്കിൽ ഈ നിമിഷം തന്നെ ഞാൻ പൗരോഹിത്യത്തിലേക്ക് പറന്നുപോയേനെ. എന്റെ ഹൃദയവും ആത്മാവും അതിന്റെ പ്രിയയജമാനനിൽ എത്തിച്ചേരും വരെ സ്വസ്ഥമാകുകയില്ല. ഒരുപക്ഷെ നിങ്ങൾ പറയും ഇത് വളരെ തിടുക്കത്തിലാണ്. നിനക്ക് ബിരുദം ലഭിക്കുന്നവരെയെങ്കിലും കാത്തിരിക്കൂ എന്ന്. ഞാൻ നിങ്ങളോട് ചോദിക്കട്ടെ, ഒരു യാചകൻ നിങ്ങളുടെ വാതിൽക്കൽ ഭിക്ഷ യാചിക്കാൻ വന്നെന്ന് വിചാരിക്കുക, നിങ്ങൾക്ക് സന്തോഷമേയുള്ളൂ അയാൾക്ക് ഭിക്ഷ കൊടുക്കാൻ. പക്ഷേ അയാൾ പറയുകയാണ്, ഞാൻ പോയി രണ്ട് വർഷം കഴിഞ്ഞുവന്ന് മേടിച്ചോളാമെന്ന്. അപ്പോൾ അയാൾക്ക് അത് ലഭിക്കുമോ എന്നുറപ്പില്ലാതിരിക്കെ, ഇങ്ങനെ ചെയ്യുന്നതിന് അയാൾക്ക് ഭ്രാന്താണെന്ന് നിങ്ങൾ പറയില്ലേ? നമ്മളെല്ലാം ദൈവത്തിന്റെ മുന്നിൽ യാചകരെപ്പോലെയല്ലേ? അനേകം നാളത്തെ പ്രാർത്ഥനക്ക് ശേഷം എനിക്ക് ഏറ്റവും നല്ല ഭിക്ഷ തരാൻ ദൈവം തീരുമനസ്സായിരിക്കുകയാണ്, ദൈവവിളി, അതും പാഷണ്ഡതകളെ ഞെരിക്കുന്ന ചുറ്റികയും, നന്മക്കും പൂർണ്ണതക്കും പാത്രവുമായ ഈശോസഭയിലേക്ക്. ഇതിപ്പോൾ വേണ്ടെന്ന് ഞാൻ നല്ലവനായ ദൈവത്തോട് പറയണമെന്നാണോ? രണ്ട് കൊല്ലം കഴിഞ്ഞാൽ ഇതിനവസരം ലഭിക്കുമെന്ന് എന്താണുറപ്പ്? “
ഇങ്ങനെയൊക്കെ വിവരിച്ച് അവൻ എഴുതിയെങ്കിലും പിതാവിന് ഒട്ടും സമ്മതമായിരുന്നില്ല അവൻ വൈദികനാകുന്നത്, പ്രത്യേകിച്ച് ഈശോസഭാ വൈദികനാകുന്നത്. ഇടവകവൈദികനാണ് ആകുന്നതെങ്കിൽ പിതാവിന് സാമ്പത്തികകാര്യങ്ങളിൽ സഹായമാകുമെന്ന് കരുതിയിട്ടായിരുന്നു അത്. ഇടവകവൈദികരിൽ വിവാഹം കഴിച്ചവരും ഉണ്ടായിരുന്നു അക്കാലത്ത്. കഠിനമായ, നീണ്ട ഒരുകൊല്ലത്തെ പിതാവിന്റെ ശ്രമങ്ങളെ മറികടന്ന് ജോൺ ബെർക്ക്മൻസ് ഈശോസഭയുടെ നോവീഷ്യേറ്റിൽ പ്രവേശിച്ചു.
മിടുക്കനായ വിദ്യാർത്ഥിയായിരുന്ന അവൻ എല്ലാ വിദ്യാർത്ഥികൾക്കും മാതൃകയായിരുന്നു. വലിയ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുകയല്ല, നമ്മൾക്ക് ചെയ്യാനുള്ളവ നന്നായി ചെയ്യുകയാണ് വേണ്ടത് എന്നവൻ പറയാറുണ്ടായിരുന്നു. എത്ര നിസ്സാരമായ ജോലിയും സന്തോഷത്തോടെ അവൻ ചെയ്തു. വിശ്രമത്തിന് പകരം അദ്ധ്വാനം; ആശ്വാസങ്ങൾക്ക് പകരം നിന്ദനം ; ഇതായിരുന്നു അവൻ ആഗ്രഹിച്ചിരുന്നത്. ഒരുഭാഗത്ത് രാജ്യവും മറ്റേ ഭാഗത്ത് പാത്രം കഴുകാനുള്ള ക്ഷണവും വന്നാൽ താൻ പാത്രം കഴുകാനിരിക്കുമെന്നാണ് അവൻ പറയാറുള്ളത്.
1618ൽ പ്രഥമവ്രതവാഗ്ദാനത്തിന് ശേഷം റോമിലെ കോളേജിലേക്ക് തത്വശാസ്ത്രം പഠിക്കാനായി ജോണിനെ അയച്ചു. 25 കൊല്ലം മുൻപ് റോമിൽ പഠിച്ചിരുന്ന വിശുദ്ധ അലോഷ്യസ് വീണ്ടും പഠിക്കാനായി വന്നതുപോലെയാണ് അവിടെയുള്ളവർക്ക് തോന്നിയത്. കോളേജിൽ വിളക്കുകൾ ഒരുക്കുന്ന പണി കിട്ടിയപ്പോൾ അവന് സന്തോഷമായി. കാരണം അത് അലോഷ്യസ് ചെയ്തിരുന്ന പണി ആയിരുന്നു. പ്രഭാതത്തിൽ ഏറെ നേരം എടുത്തുള്ള കുർബ്ബാനയിൽ സഹായിയായി നിൽക്കുന്നത് അവന്റെ പഠിത്തതിന് ബുദ്ധിമുട്ടായിരുന്നു. എങ്കിലും അവൻ അതിന് ഒരു മാറ്റവും വരുത്താൻ പറഞ്ഞില്ല. പിന്നീട് അതിനൊരു ചെറിയ മാറ്റം ഉണ്ടായത്, അവിടെ സുഖമില്ലാതിരുന്ന ഒരു വൈദികനെ സഹായിക്കാൻ വേണ്ടിയായിരുന്നു. നിശ്ചിതസമയം കുർബ്ബാനക്ക് കണ്ടെത്താൻ കഴിയാതിരുന്ന ആ വൈദികൻ, പ്രഭാതത്തിൽ തനിക്ക് എപ്പോഴാണോ കുർബ്ബാന അർപ്പിക്കാൻ സാധിക്കുന്നത് അപ്പോഴൊക്കെ ജോണിനെ സഹായിയായി വിളിച്ചു. ഏതു നേരത്തും ഒരു വൈമനസ്യവും കൂടാതെ അദ്ദേഹത്തെ പോയി സഹായിക്കുന്ന ജോണിനെ കണ്ട് സാക്രിസ്റ്റിയൻ വിഷമം പ്രകടിപ്പിച്ചപ്പോൾ ജോൺ പറഞ്ഞു,
“അനുസരിക്കുന്നത് നമുക്ക് ഒരിക്കലും ബുദ്ധിമുട്ടാകില്ല പ്രിയപ്പെട്ട സഹോദരാ, പ്രത്യേകിച്ച് അത് ഒരാൾക്ക് വിശുദ്ധ കുർബ്ബാനയിൽ സഹായിക്കാനുള്ള ഭാഗ്യം തരുമ്പോൾ”
അവസാനപരീക്ഷക്ക് വേണ്ടി അധ്വാനിച്ചത് അവന്റെ ആരോഗ്യത്തെ വളരെയധികം ബാധിച്ചിരുന്നു. പരീക്ഷ കഴിഞ്ഞ് ഒന്ന് വിശ്രമിക്കാൻ കഴിയുമ്പോഴേക്കും ഗ്രീക്ക് കോളേജിലേക്ക് തത്വശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു സംവാദത്തിന് അവൻ അയക്കപ്പെട്ടു. അവിടെയും തന്റെ കർത്തവ്യം നന്നായി നിർവഹിക്കാൻ പരമാവധി ശ്രമിച്ചതുകൊണ്ട് പനി പിടിപെട്ട് ഓഗസ്റ് മാസത്തിൽ ആരോഗ്യം വളരെ മോശമായി. വിശുദ്ധ ലോറെൻസിന്റെ തിരുന്നാളിന്റെ ദിവസം ശ്വാസകോശങ്ങളെപ്പോലും അസുഖം ബാധിച്ചു മരണാസന്നനായി. എന്നിട്ടുപോലും വിശുദ്ധ കുർബ്ബാന കൊണ്ടുവന്നപ്പോൾ മറ്റുള്ളവരുടെ സഹായത്തോടെ മുട്ടുകുത്തി, ഈശോയുടെയും അവന്റെ പിതാവിന്റെയും സാന്നിധ്യത്തെയും മാതാവിനോടുള്ള സ്നേഹത്തെയും ഏറ്റുപറഞ്ഞ്, തിരുസഭയോടും ഈശോസഭയോടുമുള്ള വിധേയത്വം ഏറ്റുപറഞ്ഞ്, അങ്ങേയറ്റത്തെ ഭക്തിയോടെ സ്വീകരിച്ചു.
ഓഗസ്റ് 13, 1621ൽ ഒരു ക്രൂശിതരൂപവും ജപമാലയും സഭാനിയമപുസ്തകവും കയ്യിൽ പിടിച്ച് ഈശോയുടെയും പരിശുദ്ധ അമ്മയുടെയും നാമങ്ങൾ ഉരുവിട്ട് ജോൺ ബെർക്ക്മൻസ് നിത്യസന്നിധിയിലേക്ക് യാത്രയായി. മരണശേഷം അനേകം പേർ വിശുദ്ധനെ കാണാനും തിരുശേഷിപ്പിൽ തൊടാനുമൊക്കെയായി തടിച്ചുകൂടി. ബെൽജിയത്തിലും റോമിലും വിശുദ്ധന്റെ മാധ്യസ്ഥത്തിൽ അനേകം അത്ഭുതങ്ങൾ നടന്നു. ജനുവരി 15, 1888 ൽ ലിയോ പതിമൂന്നാമൻ പാപ്പ ജോൺ ബെർക്ക്മൻസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. പീയൂസ് ഒൻപതാം പാപ്പയാണ് അവനെ അൾത്താര ശുശ്രൂഷികളുടെ മധ്യസ്ഥനാക്കിയത്.
വിശുദ്ധ കുർബ്ബാനയെ അത്യധികം സ്നേഹിച്ച്, തന്നെ ഏല്പിക്കുന്ന ഉത്തരവാദിത്വങ്ങൾ നന്നായി നിർവഹിച്ച്, അൾത്താര ശുശ്രൂഷികളുടെ മധ്യസ്ഥനായി മാറിയ വിശുദ്ധ ജോൺ ബെർക്ക്മൻസ്.
Feast Day : ഓഗസ്റ്റ് 13
ജിൽസ ജോയ് ![]()



Leave a comment