💔💔💔 മുറിവിൽ നിന്നും തിരുമുറിവിലേക്ക് 💔💔❤️
“🪄ചില മുറിവുകളൊക്കെ വേണം; എന്തിനെന്നോ നസ്രായന്റെ തിരുമുറിവുകൾ സ്വന്തമാക്കാൻ…”🪄
ക്രിസ്തു സ്നേഹത്തിന്റെ മറ്റൊരടയാളം അവന്റെ മുറിവുകൾ… നമൊക്കെ ഏതെങ്കിലും വിധത്തിൽ മുറിവേറ്റ മനുഷ്യരാണ്… സ്നേഹിക്കുന്നവരിൽ നിന്നും കിട്ടിയ മുറിവുകൾ… പ്രിയപെട്ടവരിൽ നിന്നും ഏറ്റെടുത്ത മുറിവുകൾ… അങ്ങനെ നീളുന്നു നമ്മുടെയൊക്കെ മുറിവേറ്റ അവസരങ്ങളുടെ നീണ്ട നിരതന്നെ…
എന്നാൽ സ്നേഹത്തിന്റെ പേരിൽ… അധികമായി സ്നേഹിച്ചു എന്നതിന്റെ പേരിൽ മുറിവേറ്റവനാണ് ക്രിസ്തു… എന്റെ മുറിവുകളിലേക്ക് നോക്കി ഞാൻ പരിഭവം പറഞ്ഞപ്പോൾ അവയെ സ്നേഹിക്കാൻ പറഞ്ഞവൻ ആയിരുന്നു ക്രിസ്തു.
കൊല്ലാൻ കൊണ്ടുപോകുന്ന കുഞ്ഞാടാകാനും… രോമം കത്രിക്കുന്നവരുടെ മുൻപിൽ നിശബ്ദനായി നിൽക്കാനും അവനു കഴിഞ്ഞു. അതുകൊണ്ടാണ്… സ്നേഹം.
ഈ സ്നേഹം മുറിയപ്പെട്ടതിന്റെ പേരാണ് ക്രിസ്തു…
ഈ ലോകത്തിൽ തനിക്കു സ്വന്തമായവരെ അവസാനം വരെ അവൻ സ്നേഹിച്ചു എന്ന് പറയുമ്പോൾ അവൻ അത്രമേൽ മുറിവേറ്റവൻ ആയിരുന്നു…
ഏശയ്യ പ്രവാചകൻ പറഞ്ഞപോലെ “അവനെ കണ്ടവർ അമ്പരന്ന് പോയി മനുഷ്യനെന്നു തോന്നാത്ത വിധം അവൻ വിരൂപനായിരുന്നു…” എന്തിനാ ഈശോ അങ്ങനെ ആയത് എന്ന് എപ്പോളെങ്കിലും നാം ചിന്തിച്ചിട്ടുണ്ടോ?
നമുക്ക് വേണ്ടി ആയിരുന്നു… നമ്മളോടുള്ള അവിടുത്തെ ആഴമേറിയ സ്നേഹം കാരണം ആയിരുന്നു…
ക്രിസ്തു സ്നേഹത്തിന്റെ ആഴം അറിഞ്ഞപ്പോൾ എന്നിൽ ഉണ്ടായിരുന്ന മുറിവുകളുടെ പരാതിയും പരിഭവവും മെല്ലെ പടിയിറങ്ങി… കാരണം സ്നേഹത്തെ പ്രതി മുറിവേറ്റുകൊണ്ടാണ് ക്രിസ്തു എന്നെയും സ്വന്തമാക്കിയത്… ആ സ്വന്തമാക്കലിൽ എന്റെ മുറിവുകളെയും തിരുമുറിവുകൾ ആക്കാൻ കഴിയും എന്നവൻ പഠിപ്പിച്ചു തന്നു…
അവന്റെ ജീവിതം എന്നും എനിക്കൊരു അത്ഭുതം ആയിരുന്നു… അവനോളം മുറിവുകളെ സ്നേഹിച്ചവൻ ആരും ഉണ്ടാകില്ല… ഈ വേദനകളുടെയും സഹനങ്ങളുടെയും അപ്പുറം നന്മയുടെ ഒരു തിരുമുറിവുമായി അവൻ കൂടെ ഉണ്ടെന്ന് വിശ്വസിക്കാൻ കഴിഞ്ഞാൽ ജീവിതം ധന്യമായി…
ക്രിസ്തു…, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്നെകിൽ മുറിയപ്പെടാൻ ഞാൻ ഒരുക്കം ആകണം എന്നവൻ കാണിച്ചു തന്നു… അതിന്റെ വലിയ അടയാളം ആണല്ലോ ഇപ്പോളും ഉണങ്ങാത്ത അവന്റെ ആ അഞ്ചു തിരുമുറിവുകൾ… ആ നസ്രായന്റെ കൈകളിൽ നിന്റെ മുറിവുകളെ നൽകുമ്പോൾ ഒന്നോർക്കുക, അവയെല്ലാം സ്നേഹത്തിന്റെ തിരുമുറിവുകൾ ആക്കി അവൻ നിനക്ക് നൽകും; എന്തിനെന്നോ അവൻ നിന്നെ വീണ്ടും വീണ്ടും സ്നേഹിക്കുന്നു എന്ന് മനസിലാക്കി തരാൻ… കാരണം, സ്നേഹത്തിന്റെ തിരുമുറിവുകൾ നിനക്ക് കാണാൻ കഴിയുക ക്രിസ്തുവിൽ മാത്രം ആണ്. കാരണം അവൻ സ്നേഹം മാത്രം ആയിരുന്നു ചങ്കു കുത്തി തുറന്നവനെയും തന്റെ സ്നേഹത്തിന്റെ മുറിവിലേക്കു ആനയിച്ച സ്നേഹം…
എന്റെ ഈശോയെ, നിന്നെ പോലെ മുറിവുകളെ തിരുമുറിവുകൾ ആണെന്ന് മനസിലാക്കി നിന്നോട് ചേർന്ന് നിൽക്കാൻ ഞാൻ ഇനിയും എത്രകണ്ട് നിന്നിലേക്ക് വളറേണ്ടിയിരിക്കുന്നു.
🪄 നന്ദി ഈശോയെ, മുറിവിൽ ഒളിപ്പിച്ച സ്നേഹമായി കൂടെ ഉണ്ടെന്നുള്ള നിന്റെ ഓർമപ്പെടുത്തലിന്. 🪄
ᴊɪꜱᴍᴀʀɪᴀ ɢᴇᴏʀɢᴇ✍🏻



Leave a comment