നിനക്ക് എന്റെ കൃപ മതി

നമ്മൾ പലപ്പോഴും നമ്മുടെ ഇല്ലായ്മകളെയും കുറവുകളെയും നോക്കി പരിഭവപ്പെടാറുണ്ട്. നമ്മുടെ ബലഹീനതകളെക്കുറിച്ചും കഴിവുകേടുകളെക്കുറിച്ചുമോർത്തു വിഷമിക്കാറുണ്ട്. നമ്മൾ മാറ്റാൻ ആഗ്രഹിക്കുന്ന ചില ദുശീലങ്ങൾ ഉണ്ടാവാം. ചില രോഗാവസ്ഥകൾ, കുറ്റപ്പെടുത്തലുകൾ, ഒറ്റപ്പെടലുകൾ ഒക്കെ ജീവിതത്തിലെ ചില നിർണായ നിമിഷങ്ങളാണ്. ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നതിൽ ഇത്തരം അനുഭവങ്ങൾക്ക് വലിയ സ്ഥാനമുണ്ട്.

ദൈവൈക്യത്തിലേക്കുള്ള യാത്രയിൽ നമ്മുടെ ബലഹീനതകൾ തടസ്സമായി നമുക്ക് അനുഭവപ്പെട്ടേക്കാം. ‘എനിക്ക് അതിന് പറ്റുന്നില്ലല്ലോ’.. ‘ഞാനെന്താ അങ്ങനെ…’, ‘എനിക്ക് മാത്രം എന്താ ഇങ്ങനെ ഒരു അവസ്ഥ…’ എന്നൊക്കെ ചില സന്ദർഭങ്ങളിൽ നമ്മൾ പറയാറില്ലേ..?

പൗലോസ് ശ്ലീഹാ പറയുന്നപോലെ “ഇച്ഛിക്കുന്ന നന്മയല്ല, ഇച്ഛിക്കാതെ തിന്മയാണ്” പലപ്പോഴും നാം പ്രവർത്തിക്കുന്നത്. ഇത് നമ്മുടെ മാനുഷിക ബലഹീനതയാണ്. ഇവിടെയാണ് ദൈവ കൃപ പ്രവർത്തിക്കുന്നത്.” മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് ” എന്ന തിരുവചനം ഹൃദയത്തിൽ സ്വീകരിക്കുമ്പോൾ ദൈവത്തിന്റെ ശക്തി നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കുന്നത് കാണാനാവും.

വിശുദ്ധ ജോൺ മരിയ വിയാനി പറയുന്നുണ്ട്: “വിശുദ്ധർ എല്ലാവരും നന്നായി ആരംഭിച്ചവർ അല്ല. പക്ഷേ എല്ലാവരുംനന്നായി അവസാനിപ്പിച്ചു. നമ്മുടെയും തുടക്കം നന്നായിട്ടല്ല എങ്കിലും നന്നായി അവസാനിപ്പിക്കാൻ നമുക്ക് പരിശ്രമിക്കാം.”

വിശുദ്ധരായി ഉയർത്തപ്പെട്ട ആരും ബലഹീനതകളോ കുറവുകളോ ഇല്ലാത്തവരായിരുന്നില്ല. ദൈവകൃപയിൽ ശരണപ്പെട്ട് വിശുദ്ധമായി തീർന്നതാണ് ഈ ജീവിതങ്ങൾ. തിരുസഭയുടെ നെടുംതൂണുകളായി ഉയർന്നുനിൽക്കുന്ന വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ജീവിതം നമുക്കറിയാം. ഗുരുവിനെ തള്ളിപ്പറഞ്ഞ…, വിശ്വാസക്കുറവ് കൊണ്ട് വെള്ളത്തിലേക്ക് മുങ്ങി പോവാൻ തുടങ്ങിയ ശിഷ്യൻ. ക്രിസ്തുവിന്റെ സഭയെ നശിപ്പിക്കാൻ തുനിഞ്ഞിറങ്ങിയ.., പാപികളിൽ ഒന്നാമനാണ് ഞാൻ എന്ന് തന്നെ വിശേഷിപ്പിക്കുന്ന ശ്ലീഹ.

“ബലഹീനരെ നേടേണ്ടതിന് ഞാൻ അവർക്ക് ബലഹീനനായി. എല്ലാത്തരത്തിലും എല്ലാവരെയും നേടേണ്ടതിന് ഞാൻ എല്ലാവർക്കും എല്ലാമായി”. (1 കൊറി. 9:22)

പൗലോസ് ശ്ലീഹായുടെ ഈ വചനം നമ്മുടെ ജീവിതത്തിലും മാംസം ധരിക്കേണ്ടതുണ്ട്. നമ്മുടെ ചില ബലഹീനതകൾ, ചില ആത്മാക്കളെ എങ്കിലും ദൈവത്തിലേക്ക് ഉയർത്താനുള്ള വഴികൾ ആയിരിക്കാം. മാത്രമല്ല അത് നമ്മെ തന്നെ ദൈവത്തിലേക്ക് ഉയർത്തുന്നു… തന്റെ ജീവിതത്തിലെ ഒരു മുള്ള് ഓർത്ത് ദൈവത്തോട് പ്രാർത്ഥിച്ചപ്പോൾ പൗലോസ് ശ്ലീഹായ്ക്ക് ലഭിച്ച ഉത്തരം ജീവിത വഴികളിൽ നമുക്ക് ബലമേകട്ടെ. “നിനക്കെന്റെ കൃപ മതി. എന്തെന്നാൽ ബലഹീനതയിലാണ് എന്റെ ശക്തി പൂർണ്ണമായും പ്രകടമാകുന്നത്.” (2 കൊറി.12:9)

അതിനാൽ ബലഹീനതകളെ കുറിച്ച് പരാതിപ്പെടാതെ ദൈവകൃപയിൽ ശരണപ്പെട്ട് നമുക്ക് മുമ്പോട്ട് പോകാം… ബലഹീനരാക്കപ്പെടുമ്പോഴാണ് നാം കൂടുതൽ ശക്തരാകുന്നത്…

Linu Sebastian CMC

Advertisements
Advertisements

One thought on “നിനക്ക് എന്റെ കൃപ മതി

Leave a comment