കാവൽമാലാഖയോടുള്ള പ്രാർത്ഥന

എന്നെ കാത്തുപാലിക്കാൻ ദൈവം പ്രത്യേകം നിയോഗിച്ച എന്റെ കാവൽമാലാഖേ, അങ്ങയെ ഞാൻ വണങ്ങുന്നു. എന്നെ കൈപിടിച്ചു നടത്തുന്നതിനെ ഓർത്ത് അങ്ങേക്ക് ഞാൻ നന്ദി പറയുന്നു. അങ്ങയുടെ മധുരസ്വരം എന്നെ കേൾപ്പിക്കണമേ. ഞാൻ ആയിരിക്കുന്ന ഈ സ്ഥലത്ത് സമാധാനം സ്ഥാപിക്കണമേ. അപകട സാഹചര്യങ്ങളിൽ നിന്ന് എന്നെ രക്ഷിക്കണമേ. പാപ പ്രവണത ഉണ്ടാകുമ്പോൾ അതിൽ പെട്ടുപോകാതിരിക്കാൻ എന്നെ തടയണമേ. ചെയ്തുപോയ തെറ്റുകൾക്ക് അനുതാപവും തെറ്റേറ്റുപറയുവാനുള്ള ശക്തിയും പ്രചോദനവും നല്കണമേ. ഒരിക്കലും ആരോടും വെറുപ്പുമൂലം അകന്നിരിക്കാൻ എന്നെ അനുവദിക്കരുതേ. ആരോടെങ്കിലും ദേഷ്യം വന്നു പോയാൽ ഏത്രയും വേഗം രമ്യതപെടുവാൻ എന്നെ സഹായിക്കണമേ. പ്രതികാരചിന്തയും, പ്രതികാരപ്രവൃത്തിയും വെടിയുവാൻ എന്നെ സഹായിക്കണമേ. ദൈവസ്നേഹം എന്നിൽ നിറയുവാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ.

എല്ലാം വിവേകത്തോടെ ചെയ്യാൻ എന്നെ സഹായിക്കണമേ. ഓരോ നിമിഷവും ചെയ്യേണ്ടതെല്ലാം ഓർമിപ്പിച്ചു തരണമേ. എന്നിലും മറ്റുള്ളവരിലുമുള്ള ദൈവത്തെ ദർശിക്കുവാനും നന്മയെ വളർത്താനും സഹായിക്കണമേ. മോശമായ കാഴ്ചകൾ കാണാതിരിക്കാൻ എന്റെ മുമ്പിൽ ചിറകുവിരിച്ചു നിൽക്കണമേ. ദൈവത്തിന്റെ തിരുവിഷ്ടം അറിഞ്ഞു പ്രവർത്തിക്കാൻ എന്നെ സഹായിക്കണമേ. എന്റെ കൂടെ ഇരുന്ന് എന്നെ പ്രാർത്ഥിക്കാൻ സഹായിക്കണമേ. അങ്ങ് ദൈവത്തിന്റെ തിരുമുഖം സദാസമയം കണ്ടു കൊണ്ടിരിക്കുന്നതുപോലെ എനിക്കും ദൈവത്തിന്റെ തിരുമുഖം ദർശിക്കുവാനും ദൈവസ്വരം കേൾക്കുവാനും ഇടയാകതക്കവിധം എന്റെ ജീവിതത്തെ ഏറ്റെടുത്തു എന്നെ നിയന്ത്രിക്കണമേ. ഹൃദയം കൊണ്ട് എപ്പോഴും ദൈവത്തിലായിരിക്കുവാനും ദൈവത്തെ സ്തുതിക്കുവാനും എന്നെ പഠിപ്പിക്കണമേ. ദൈവത്തെ കുറിച്ചും സ്വർഗീയ കാര്യങ്ങളെ കുറിച്ചും ജ്ഞാനവും അറിവും ലഭിക്കുവാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കുകയും അവ പ്രസരിപ്പിക്കുന്ന ക്രോവേൻ മാലാഖ, തത്വകന്മാർ എന്നി നവ വൃന്ദം മാലാഖാമാരോടും സ്വർഗവാസികളോടും എന്നെ ബന്ധപ്പെടുത്തണമേ.

ഇന്റർനെറ്റ്‌ മൊബൈൽ ഫോൺ, ഫിലിംസ്, തുടങ്ങി എല്ലാ മാധ്യമങ്ങളിലൂടെയും വരുന്ന ഭവിഷ്യത്തുക്കളെ ഒഴിവാക്കി ജീവിക്കുവാൻ എന്നെ സഹായിക്കണമേ. ദൈവം ദാനമായി എനിക്കുതന്ന ഈ കൊച്ചു ജീവിതം ദൈവത്തോടുകൂടി ചരിക്കുവാനും അതിനുവേണ്ട വിശ്വാസത്തിൽ വളരുവാനും എന്നെ സഹായിക്കണമേ. അവസാനം എന്റെ ആത്മാവിനെ തിരിച്ചു വിളിക്കുന്നസമയം എനിക്കുവേണ്ട മുന്നറിയിപ്പുകൾ നൽകുകയും അതിനായി ഒരുങ്ങുവാൻ എനിക്ക് അവസരം നൽകുകയും ചെയ്യണമെ. എന്റെ മരണസമയം പിശാചിന്റെ പരീക്ഷണത്തിന് അവസരം കൊടുക്കാതെ എന്റെ കൂടെ ആയിരിക്കുകയും, മറ്റനേകം മാലാഖമാരുടെ സാന്നിധ്യം നൽകി കൊണ്ട് സന്തോഷത്തോടെ മരിക്കുവാനും, മരണശേഷം എന്റെ ആത്മാവിനെ ദൈവസന്നിധിയിലേക്ക് ആനയിക്കുകയും ചെയ്യണമെ. ലോകം മുഴുവനിലുമുള്ള എല്ലാ മനുഷ്യരും ഇനി ജനിക്കുവാനിരിക്കുന്നവരും ദൈവത്തെ അനുഭവിച്ചറിയുവാനും ദൈവത്തിലെത്തിച്ചേരുവാനും ഇടവരുത്തണമേ.
ആമേൻ.

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment