ഈ ആഴ്ചയിൽ കേട്ട ഏറ്റവും നല്ല ന്യൂസ്‌

മാറ്റിനിറുത്തലിനോടും വഞ്ചിക്കപ്പെടുന്നതിനോടുമൊക്കെ നമ്മുടെ പ്രതികരണം എങ്ങനെയാണ്? രണ്ട് സംഭവങ്ങൾ കേട്ടാലോ? ശരിക്കും നടന്നതാണ് കേട്ടോ…

റോബർട്ട് ഡി വിൻചെൻസോ (Roberto De Vincenzo) അർജെന്റിനയിലെ പ്രശസ്തനായ ഒരു ഗോൾഫ് കളിക്കാരനായിരുന്നു. ഒരിക്കൽ ഒരു ടൂർണമെന്റ് വിജയത്തിന് ശേഷം സമ്മാനത്തുകയായ ചെക്കും വാങ്ങി, ക്യാമറകൾക്ക് മുൻപിൽ ചിരിച്ചു പോസ് ചെയ്ത്, അദ്ദേഹം മടങ്ങുകയായിരുന്നു. പാർക്ക് ചെയ്തിരിക്കുന്ന കാറിനടുത്തേക്ക് നടക്കുമ്പോൾ ഒരു ചെറുപ്പക്കാരിയായ സ്ത്രീ അദ്ദേഹത്തിനടുത്തേക്ക് വന്നു. വിജയത്തിൽ അഭിനന്ദിച്ചതിന് ശേഷം അസുഖം വന്ന് ഗുരുതരാവസ്ഥയിൽ കിടക്കുന്ന തന്റെ മകനെക്കുറിച്ച് അവൾ പറഞ്ഞു. മരിക്കാറായി കിടക്കുന്ന മകന്റെ ആശുപത്രി ബില്ലടക്കാനും ചികിത്സക്കും ഒരു വഴിയും കാണുന്നില്ലെന്ന് പറഞ്ഞു കരഞ്ഞു.

റോബർട്ടിന് അത് കേട്ട് വളരെ വിഷമം തോന്നി. ഒരു പേനയെടുത്ത് തനിക്ക് സമ്മാനമായി കിട്ടിയ ചെക്കിന്റെ മുഴുവൻ തുകയും ആ സ്ത്രീക്ക് ലഭിക്കുന്ന പോലെ എഴുതിക്കൊടുത്തു. ‘മകനായി ശുഭവാർത്ത ഉണ്ടാകാൻ ഇടയാവട്ടെ’ എന്ന് പറഞ്ഞ് ആ ചെക്ക് അവളെ ഏൽപ്പിച്ചു.

അടുത്ത ആഴ്ച ഒരു കൺട്രി ക്‌ളബ്ബിൽ വെച്ച് റോബർട്ട്‌ ഡി വിൻചെൻസോ ഉച്ചഭക്ഷണം കഴിക്കുമ്പോൾ ഗോൾഫ് അസോസിയേഷനിലെ ഒരു ഉദ്യോഗസ്ഥൻ ചെന്ന് അദ്ദേഹത്തോട് സംസാരിച്ചു. “എന്നോട് പിള്ളേര് പറഞ്ഞു താങ്കൾ കഴിഞ്ഞ ആഴ്ച ടൂർണമെന്റ് വിജയത്തിന് ശേഷം പാർക്കിംഗ് ലോട്ടിൽ വെച്ച് ഒരു സ്ത്രീയെ കണ്ടെന്നും അവൾക്ക് വലിയ ഒരു തുക മകന്റെ ചികിത്സക്കായി നൽകിയെന്നും”. റോബർട്ട്‌ ശരി വെച്ചു, “ഉവ്വ്”. “എന്നാൽ കേട്ടോളു, അവൾ ഒരു കള്ളിയാണ്. അവൾ കല്യാണം കഴിച്ചിട്ടുമില്ല. അവൾക്ക് മക്കളുമില്ല. അവൾ തന്നെ പറ്റിച്ചു സുഹൃത്തേ”, ആ ഉദ്യോഗസ്ഥൻ പറഞ്ഞു.

“അപ്പോൾ താങ്കൾ പറയുന്നത് അങ്ങനെയൊരു കുട്ടി മരിക്കാറായി കിടക്കുന്നില്ലെന്നാണോ?”, ഡി വിൻചെൻസോ ചോദിച്ചു. “അതേ. അതാണ്‌ സത്യം”. അയാൾ മറുപടി പറഞ്ഞു.

“ഓ, ഞാൻ ഈ ആഴ്ചയിൽ കേട്ട ഏറ്റവും നല്ല ന്യൂസ്‌ ആണിത്. നന്ദി…” ഡി വിൻചെൻസോ സന്തോഷത്തോടെ പറഞ്ഞു.

നോക്കൂ. നമ്മളായിരുന്നെങ്കിലോ ആളുടെ സ്ഥാനത്ത്? ആശ്വാസത്തിന് പകരം എന്തായേനെ വിഷമവും ദേഷ്യവും.

പിന്നിലേക്ക് തഴയപ്പെടുന്നത് ഓർത്ത് പലപ്പോഴും ദുഖിക്കുന്നവരാണ് നമ്മൾ. അപ്പൊ നമ്ക്ക് ജെയ്മി സ്ക്കോട്ട് എന്ന കുട്ടിയെപ്പറ്റി കേൾക്കാം. അവൻ സ്കൂളിലെ ഒരു നാടകത്തിൽ ചെറിയൊരു റോൾ കിട്ടാൻ വളരെ ആഗ്രഹിച്ചിരുന്നു. അവന്റെ അതിയായ ആഗ്രഹം കാണുമ്പോൾ, അവന് റോൾ കിട്ടിയില്ലെങ്കിൽ എന്താവും അവസ്ഥ എന്നോർത്ത് അവന്റെ അമ്മക്ക് ചെറിയ ടെൻഷൻ തോന്നിയിരുന്നു.

റോളുകളും അഭിനയിക്കുന്നവരുടെ വിവരങ്ങളും ടീച്ചർമാർ പ്രഖ്യാപിച്ച ദിവസം വൈകുന്നേരം അവന്റെ അമ്മ ജെയ്മിയെ സ്കൂളിൽ നിന്ന് എടുക്കാൻ പോയി. അമ്മയെ കണ്ടതും അവൻ അടക്കാനാവാത്ത സന്തോഷത്തിൽ ഓടി വന്ന് കെട്ടിപ്പിടിച്ചു. എന്നിട്ട് പറഞ്ഞു, “Guess What Mum”, എന്നിട്ട് നമുക്കെല്ലാം പാഠമാകുന്ന പോലെ അവൻ ഉറക്കെ പറഞ്ഞു, “എന്നെ കയ്യടിക്കാനും ചിയർ ചെയ്യാനും തെരഞ്ഞെടുത്തമ്മേ…”

എത്ര നല്ല പ്രതികരണങ്ങൾ അല്ലേ?

നമ്മൾ ചിലപ്പോൾ നിരുപദ്രവകരമായ തമാശ ആയിരിക്കും ലക്ഷ്യമിടുന്നത്. ഞാൻ എന്റെ മോളോട് പറഞ്ഞത് പോലെ. അവൾ ഇന്നലെ ഉച്ച തിരിഞ്ഞ് എന്റടുത്തു ഓടിവന്ന് പറഞ്ഞു,

“Mamma, guess what? 😍 ഇന്ന് ഞാനാ ഡ്രൈവ് ചെയ്യണേ മ്മള് പള്ളീൽ പോവുമ്പോ”.

Amma: പള്ളീൽക്ക് ‘പോവുമ്പോ തന്നെ’ വേണോ? കുമ്പസാരിച്ചു, കുർബ്ബാന കൂടി, തിരിച്ചു് വരുമ്പോ പോരെ? 😬😛 (തിരിച്ചു് വരുമ്പോ എന്തേലും പറ്റിയാലും സാരല്ല്യ, എന്നാണ് ഞാൻ ഉദ്ദേശിച്ചത്)

ഒന്ന് തമാശിക്കാൻ ശ്രമിക്കുന്നതാണെങ്കിലും ചിലപ്പോൾ മറ്റുള്ളവരുടെ സന്തോഷത്തിന്റെ ശോഭ കളയുകയാവും നമ്മൾ ചെയ്യുന്നത്.

സോഷ്യൽ മീഡിയയിൽ പോലും നെഗറ്റിവിറ്റി വഴിഞ്ഞൊഴുകുന്ന ഇക്കാലത്ത്, കുറച്ചു കൂടി മറ്റുള്ളവരെ മനസ്സിലാക്കാനും motivate ചെയ്യാനും നമുക്ക് ശ്രമിച്ചാലോ? സംസാരത്തിൽ കുറച്ചൂടെ encouragement കൊണ്ടുവരാം അല്ലേ? പ്രവൃത്തിയിൽ കാരുണ്യവും.

ജിൽസ ജോയ് ✍️

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment