✝ കുരിശ് ✝
💐💐 “ഒരിക്കൽ അഭിമാനം ആകും മുൻപ് ഈ കുരിശും അപമാനിക്കപ്പെട്ടിരുന്നു… നിനക്കും എനിക്കും വേണ്ടി…” 💐💐
കുരിശിനെ പ്രണയിച്ചവനും കുരിശിനെ പ്രണയിക്കാൻ പഠിപ്പിച്ചവനും ആയി ഒരുവൻ മാത്രമേ ഉണ്ടായിരുന്നുള്ളു… ക്രിസ്തു. നാം ഒക്കെ ജീവിതയാത്രയിലെ കുരിശുകളിൽ നിന്നും ദൈവത്തോട് തന്നെ രക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കുമ്പോൾ… അനുദിനം കുരിശും വഹിച്ചുകൊണ്ട് പിന്നാലെ വരാൻ പറഞ്ഞവൻ ആയിരുന്നു ക്രിസ്തു… എവിടെയോ ഏതോ വനത്തിൽ നിന്നിരുന്ന ആ മരം ഒരിക്കൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല താൻ ഒരിക്കൽ എല്ലാവരുടെയും അഭിമാനമാകുമെന്ന്.
പക്ഷെ ആ അഭിമാനം ആകും മുൻപ് ഈ മരവും അപമാനിക്കപ്പെട്ടിരിക്കുന്നു… കൊടും കുറ്റവാളികളെ കൊല്ലാൻ ഉപയോഗിച്ചിരുന്ന കൊലമരം പിന്നീട് രക്ഷയുടെ ബലിമരം ആയി മാറുകയായിരുന്നു.
കുരിശിനെ പ്രണയിച്ചവൻ ആയിരുന്നു ക്രിസ്തു. അതുകൊണ്ടാണല്ലോ പ്രിയരെല്ലാം തന്നെ കൈവിട്ട വേളയിലും… ചങ്കോട് ചേർത്തവൻ ഒറ്റികൊടുത്തപ്പോളും… തന്നെ ഏകനായി വിട്ടിട്ടു ശിഷ്യരെല്ലാം ഓടി ഒളിച്ചപ്പോളും… വേദനയുടെ ഗത്സെമനിയിൽ വച്ചും പരിഭവം കൂടാതെ കുരിശിനെ പ്രണയിക്കാൻ അവനു കഴിഞ്ഞത്… കുരിശിനെ ഇഷ്ടപ്പെടാൻ സ്വന്തം ജീവിതം കൊടുത്തു കാണിച്ചു തന്ന നാഥൻ… നിരപരാധി ആയിട്ടുപോലും താൻ ഏറ്റെടുക്കാൻ പോകുന്ന കാൽവരിയുടെ ആഴവും അർത്ഥവും മനസിലാക്കിയവൻ… മാനുഷിക ബലഹീനതയിൽ തന്റെ ഈ “പാനപാത്രം മാറ്റി തരാൻ” പ്രാർത്ഥിച്ചപ്പോളും ദൈവിക ശക്തിയിൽ “എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ” എന്ന് മാത്രം പ്രാർത്ഥിച്ചവൻ… അവനായിരുന്നു ക്രിസ്തു എനിക്ക്…
എന്റെ കുരിശുവഴിയിൽ ഞാൻ വീണപ്പോൾ എന്റെ കുരിശിന്റെ ഭാരം കൂടി സ്നേഹത്തോടെ ഏറ്റെടുത്തവൻ… ഞാൻ കുരിശിൽ നിന്നും രക്ഷപെടാൻ നോക്കിയപ്പോൾ അവയെയും രക്ഷയുടെ അടയാളമാക്കാൻ കഴിയും എന്ന് കാണിച്ചു തന്നവൻ… എന്റെ സഹനത്തിന്റെ കാൽവരിയിൽ രക്ഷയുടെ അടയാളമായി ഉയർന്ന കുരിശിൽ അവനും ഉണ്ടായിരുന്നു… അവനു എന്നോടുള്ള സ്നേഹം ഉണ്ടായിരുന്നു… പ്രിയരെല്ലാം അകന്നപ്പോളും… എന്റെ ഏകാന്തതയുടെ ഇരുണ്ട രാത്രികളിലും കുരിശിനെ പ്രണയിക്കാൻ പഠിപ്പിച്ചവൻ എന്റെ ഈശോ ആയിരുന്നു…
ആത്മ സംഘർഷത്തിന്റ നീണ്ട യാമങ്ങളിൽ തുണയായവൻ ക്രൂശിതൻ ആയിരുന്നു. അവന്റെ കുരിശ് ആയിരുന്നു എന്റെ ആശ്രയം… ഞാൻ തകരാൻ അനുവദിക്കാതെ തകർന്നുപോകാൻ ഇട നൽകാതെ എന്റെ രക്ഷയുടെ അടയാളമായി കൂടെ അവൻ തന്ന സമ്മാനമായിരുന്നു ഈ കുരിശ്. ✝
എന്റെ ഈശോയെ, നിന്നോളം കുരിശിനെ പ്രണയിക്കാൻ ഞാൻ ഇനിയും എന്നെത്തന്നെ എത്രമാത്രം ഒരുക്കേണ്ടിയിരിക്കുന്നു? 🌹
💐നന്ദി ഈശോയെ, കുരിശിലെ രക്ഷയായി കൂടെ ഉണ്ടെന്നുള്ള നിന്റെ ഓർമപ്പെടുത്തലിനു 💐🌹
✍🏻 𝕵𝖎𝖘𝖒𝖆𝖗𝖎𝖆 𝕲𝖊𝖔𝖗𝖌𝖊 ✍🏻💞



Leave a comment