കതകിൽ മുട്ടിക്കലുകൾ

വീടുകളിൽ പത്രം വിതരണം ചെയ്യുന്ന ഒരു പയ്യന്റെ അനുഭവം വളരെ ഹൃദയസ്പർശിയായി തോന്നി. നമ്മളിൽ ഭൂരിഭാഗം പേരും ഇന്നോ നാളെയോ അഭിമുഖീകരിക്കാൻ സാധ്യതയുള്ള ഗതികേടിലേക്ക് വിരൽ ചൂണ്ടുന്ന ഒരു കുറിപ്പ്.

“ഞാൻ പത്രമിടുന്ന ഒരു വീട്ടിലെ മെയിൽ ബോക്സ് അടഞ്ഞിരിക്കുന്നത് കണ്ട് ഞാൻ സൈക്കിളിൽ നിന്നിറങ്ങി അവരുടെ കോളിങ് ബെൽ അമർത്തി. നിലത്തുറക്കാത്ത കാൽവെയ്പ്പുകളോടെ ഒരു വൃദ്ധൻ പതിയെ നടന്നു വന്ന് വാതിൽ തുറന്നു. ഞാൻ ചോദിച്ചു, “സാറേ, എന്താ ഞാൻ പത്രമിടാറുള്ള ബോക്സ് അടഞ്ഞിരിക്കുന്നെ? “

അയാൾ പറഞ്ഞു, “ഞാൻ അത് മനഃപൂർവ്വം പൂട്ടി വെച്ചതാ… ” ചിരിച്ചുകൊണ്ട് അയാൾ തുടർന്നു, “നീ എനിക്ക് എന്നും ന്യൂസ്‌ പേപ്പർ കയ്യിൽ കൊണ്ടുവന്ന് തരണം. കതകിൽ മുട്ടുകയോ ബെൽ അടിക്കുകയോ ചെയ്‌താൽ മതി. ഞാൻ വന്ന് തുറന്നോളാം”.

എനിക്കൊന്നും പിടികിട്ടിയില്ല. ” അത് പിന്നേ… സർ, അത് നമുക്ക് രണ്ടുപേർക്കും ഇരട്ടിപ്പണി അല്ലേ? അത്രേം സമയോം പോവും.”

അദ്ദേഹം പറഞ്ഞു, “അത് സാരല്ല. കതകിൽ മുട്ടുന്നതിന് കൂലിയായി ഞാൻ ഓരോ മാസവും നിന്ക്ക് 500 രൂപ അധികം തരാം”.

ഒന്ന് നിർത്തിയിട്ട് ദൈന്യത തോന്നുന്ന മുഖഭാവത്തോടെ അയാൾ തുടർന്നു, “നിനക്ക് എന്നെങ്കിലും വരാൻ പറ്റില്ലെങ്കിൽ വേറെ ഒരാളെ നിർബന്ധമായും പറഞ്ഞേൽപ്പിക്കണം. പിന്നെ, ഞാൻ വാതിൽ തുറക്കാൻ കുറെ വൈകുകയാണെങ്കിൽ പോലീസിനെ വിളിക്കണം”.

ഞാൻ ഞെട്ടിക്കൊണ്ട് ചോദിച്ചു, “എന്തിനാ? “

അയാൾ പറഞ്ഞു, “എന്റെ ഭാര്യ മരിച്ചുപോയി. ആകെയുള്ള മകൻ വിദേശത്താണ്. ഞാൻ തനിച്ചാണ് ഇവിടെ താമസം. എന്റെ സമയം എപ്പോ വരുമെന്ന് ആർക്കറിയാം”.

അയാളുടെ കണ്ണ് പതിയെ നിറഞ്ഞുവരുന്നത് ഞാൻ കണ്ടു… “ഞാൻ പത്രം വായിക്കാറില്ല മോനെ. ഈ വാതിൽക്കലെ മുട്ട് കേൾക്കാനാണ് ഞാൻ പത്രം വരുത്തുന്നത്. പരിചയമുള്ള ഒരു മുഖം കാണാനും പറ്റിയാൽ രണ്ടു വാക്ക് ചിരിച്ചു സംസാരിക്കാനും…”

പിന്നെ അയാൾ കൈകൂപ്പിക്കൊണ്ട് പറഞ്ഞു, “മോനെ, എനിക്ക് ഒരുപകാരം കൂടി ചെയ്യണം. ഇത് വിദേശത്തുള്ള എന്റെ മകന്റെ ഫോൺ നമ്പറാണ്. എനിക്കെന്തെങ്കിലും പറ്റി എന്ന് തോന്നിയാൽ, നീ അവനെ ഒന്ന് അറിയിക്കണം…”

ഇത് വായിച്ചുതീർന്നപ്പോൾ കണ്ണ് നിറഞ്ഞൂ. നമ്മുടെ ചില വോട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഇതുപോലെ ഏകാന്തതയിൽ ജീവിക്കുന്ന പ്രായമായ ബന്ധുക്കളോ പരിചയക്കാരോ ഉണ്ടാകാം. അവർ എന്നും ഗുഡ് മോർണിംഗ് മെസ്സേജോ, കുറേ വട്ടം നമ്മൾ വായിച്ചിട്ടുള്ള എന്തെങ്കിലുമോ ഫോർവേഡ് ചെയ്യുമ്പോൾ നമുക്ക്‌ തോന്നിയേക്കാം ഇവർക്കൊന്നും വേറെ ഒരു പണിയില്ലേ എന്ന്.

പക്ഷേ ആ ഫോർവേർഡ് മെസ്സേജുകൾ എല്ലാം ചിലപ്പോൾ മറ്റൊരു തരത്തിലുള്ള കതകിൽ മുട്ടൽ, ബെൽ അടിക്കൽ ആയിരിക്കാം. അവർ സുഖമായി ഇരിക്കുന്നു എന്ന് നമ്മൾ അറിയാനുള്ള, അവരുടെ ഏകാന്തതയിൽ നിന്ന് പുറത്തു കടക്കാനുള്ള ചില മാർഗ്ഗങ്ങൾ.

ഇപ്പോഴത്തെ ചുറ്റുപാടിൽ ന്യൂസ്‌ പേപ്പറിനെക്കാൾ എന്തുകൊണ്ടും ചിലവ് കുറവ് വോട്സ്ആപ്പ് തന്നെയാണ്. ഇതുപോലെ തനിച്ചു താമസിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവരെ, പരിചയക്കാരെ, നിങ്ങൾക്ക് സമയവും മനസ്സലിവും ഉണ്ടെങ്കിൽ വോട്സ്ആപ്പ് ഉപയോഗിക്കാൻ പഠിപ്പിക്കുക. ഏതെങ്കിലും ഒരു ദിവസം അവരുടെ മെസ്സേജ് കണ്ടില്ലെങ്കിൽ അന്വേഷിക്കുക എന്താണ് കാര്യമെന്ന്.

ശല്യമാണെന്ന് നമുക്ക് തോന്നാറുള്ള വോട്സ്ആപ്പ് ഗ്രീറ്റിംഗ് മെസ്സേജുകൾ കൊണ്ട് ഇങ്ങനെയും ചില കതകിൽ മുട്ടിക്കലുകൾ നടക്കും കേട്ടോ…

കടപ്പാട്: Whatsapp

വിവർത്തനം: Jilsa Joy

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment