പതിവില്ലാത്ത ചൂടായിരുന്നു അന്ന് പകലിന്. വിയർത്തൊലിച്ച്, ഒരിത്തിരി തണലുള്ള സ്ഥലവും ദാഹജലവും തേടുന്ന മനുഷ്യർ… അപ്പോൾ പിന്നെ ഐസ്ക്രീം പാർലറിൽ നല്ല തിരക്കായിരിക്കുമല്ലോ.
നാടോടിയെപ്പോലെ തോന്നുന്ന ഒരു കൊച്ചു പെൺകുട്ടി, തെല്ലു മുഷിഞ്ഞ വസ്ത്രങ്ങളോടെ, പാറിയ മുടിയോടെ, കയ്യിലുള്ള ചില്ലറപൈസകൾ മുറുക്കി പിടിച്ചു കൊണ്ട് ആ കടയിലേക്ക് വന്നു. അവൾ എന്തോ പറയാൻ വാ അനക്കും മുൻപേ കടയിലെ ഒരു സ്റ്റാഫ് അവളോട് പൊട്ടിത്തെറിച്ചു.
“ബോർഡിൽ എഴുതി വെച്ചിരിക്കുന്ന കണ്ടില്ലേ? പൊയ്ക്കോ പൊയ്ക്കോ. ഓരോ മാരണങ്ങൾ ഇങ്ങോട്ട് കേറി വന്നോളും”..
അവൾ തല താഴ്ത്തി പുറത്തേക്ക് നടക്കുമ്പോൾ, ആ കടയിൽ ഇരുന്നിരുന്ന ഒരാൾ തന്റെ കയ്യിലെ ഐസ്ക്രീം പിടിച്ചുകൊണ്ട് അവളുടെ പിന്നാലെ സാവധാനത്തിൽ നടക്കുന്നുണ്ടായിരുന്നു. “എന്ത് തടിയാണല്ലേ അയാൾക്ക്?” രണ്ട് കോളേജ് വിദ്യാർത്ഥികൾ അയാളെപ്പറ്റി തമ്മിൽ പറഞ്ഞു ചിരിച്ചു.
കുറച്ച് അപ്പുറത്ത് എഴുതി വെച്ചിരിക്കുന്ന ബോർഡിന് മുമ്പിൽ പോയി ആ നാടോടി പെൺകുട്ടി വായിക്കുമ്പോൾ അയാളും അവിടേക്ക് നോക്കി, ‘ചെരുപ്പില്ലാതെ അകത്ത് പ്രവേശനമില്ല’ എന്നായിരുന്നു അതിൽ ഉണ്ടായിരുന്നത്.
കുറച്ചു നേരം അതിൽ നോക്കി നിന്നിട്ട് അവൾ ചെരുപ്പില്ലാത്ത തന്റെ കാലുകളിലേക്കും നോക്കി. ടാറിട്ട, ചൂടുപിടിച്ച റോഡിൽകൂടി ചെരുപ്പില്ലാതെ അവൾ എങ്ങനെ നടക്കുന്നു എന്നയാൾ ചിന്തിച്ചു. തിരിഞ്ഞു നടക്കുമ്പോൾ അവളുടെ കണ്ണുകൾ തുളുമ്പുന്നുണ്ടായിരുന്നു. ആശിച്ചുണ്ടാക്കിയ പൈസ കൊണ്ട് ഐസ്ക്രീം വാങ്ങാൻ വന്നതാവണം.
“മോളേ, ഇങ്ങ് വന്നേ”. അയാൾ ഒരു ബെഞ്ചിൽ ഇരുന്നുകൊണ്ട് അവളെ വിളിച്ചു. ആജാനുബാഹു ആയ ആ മനുഷ്യൻ തന്റെ വലിയ സൈസിലുള്ള ചെരിപ്പൂരി അവളുടെ മുന്നിൽ ഇട്ടിട്ട് പറഞ്ഞു, “ഇന്നാ ഇതിട്ടോ. നിന്ക്ക് നടക്കാൻ കൊറച്ചു പ്രയാസാവും, സാരല്ല്യ വലിച്ചു വലിച്ചു നടന്നാ മതി, പോയി ഐസ്ക്രീം മേടിച്ചു വാ”.
അയാൾ അവളെ എടുത്തുയർത്തി ആ ചെരുപ്പുകളിൽ അവളുടെ കുഞ്ഞിക്കാലുകൾ കൊണ്ട് വെച്ചു. “സാവധാനം വന്നാൽ മതി, തെരക്കടിക്കണ്ട കേട്ടോ. എനിക്ക് നടന്ന് മടുത്തു. ഞാനീ ഐസ്ക്രീം ഒക്കെ കഴിച്ച് ഇവിടെ കൊറച്ചു നേരം ഇരിക്കാൻ പോവാ”. ആ വലിയ ചെരിപ്പുകൾ നിരക്കിയും വലിച്ചും ഐസ്ക്രീം കൗണ്ടറിലേക്ക് പോവുമ്പോൾ എന്ത് തിളക്കമായിരുന്നെന്നോ അവളുടെ കണ്ണുകൾക്ക്.
അയാൾ നല്ല തടിയുള്ള ഒരു മനുഷ്യൻ ആയിരിക്കാം… വലിയ വയറ്, വലിയ രൂപം, വലിയ ചെരുപ്പ്. പക്ഷേ.. മറ്റ് പലർക്കും ഇല്ലാത്ത ഒരു കാര്യമുണ്ടായിരുന്നു അയാൾക്ക്… വലിയൊരു മനസ്സ്! ![]()
(Idea Translation & Expansion : Jilsa Joy )


Leave a comment